കർമ്മഫലം

പായും നദികളെ നിശ്ചലമാക്കിയീ
പ്ലാസ്റ്റിക്കു കുപ്പിയിൽ തടവിലാക്കാം.

മേനിയിൽ വാസന പൂശി നാം വാനത്തിൻ
ഓസോൺ പടലം കിഴിച്ചെടുക്കാം.

കീടങ്ങളെക്കൊല്ലും ഘോരവിഷം ചിന്തി
മണ്ണിതു വാല്മീകമാക്കി മാറ്റാം.

കട്ടക്കരിപ്പുകയൂതി പ്രപഞ്ചത്തിൻ
ശ്വാസകോശത്തെ കരിച്ചൊടുക്കാം.

ധാതുക്കളൊക്കെക്കവർന്നെടുക്കാം തപ്ത
യാകുമീ ഭൂമിയെ വന്ധ്യയാക്കാം.

നന്നായ് സിമന്റുകുഴച്ചു പ്രകൃതി തൻ
ഗർഭപാത്രത്തെയടച്ചു വയ്ക്കാം

കാടുകളെല്ലാമകറ്റി ധരിത്രിയെ
കത്തും മരുഭൂമിയാക്കി മാറ്റാം.

മൃഗമാംസമെന്നും ഭുജിക്കാം മനസ്സിന്റെ
മനുഷ്യത്വമെല്ലാം മറന്നു വാഴാം

കത്തുന്ന സൂര്യക്കനലടുപ്പിൽ വീണു
ചുറ്റും ചുഴലവും ചാമ്പലാക്കാം.

ഉരുകുമന്റാർട്ടിക്കക്കടൽ ജലത്തിൽ
അതു കലക്കിക്കരംകൂപ്പിനില്ക്കാം.

പാപങ്ങളൊക്കെയും ചെയ്തിട്ടു വിണ്ണിന്റെ
ക്രൂരതയെന്നു വൃഥാ ശപിക്കാം.

( വിവർത്തനം: ബാബുരാജ് കളമ്പൂർ )

അദ്ധ്യാപകൻ,കവി, പരിഭാഷകൻ, പ്രഭാഷകൻ, പ്രസാധകൻ, ഷോർട്ട് ഫിലിം ,ഡോക്യുമെൻററി സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പത്തു പുസ്തകങ്ങൾ രചിച്ചു. 10 ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തു. നീലഗിരി ജില്ലയിലെ കുന്താ സ്വദേശി. ഇദ്ദേഹത്തിന്റെ 'പെയ്ത നൂൽ' എന്ന കൃതി കേരളപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.