ഉന്മേഷത്തിന്റെ അത്യുന്നതങ്ങളിൽ വിരാജിച്ച്
ഉന്മാദത്തിന്റെ മനസ്സാഴങ്ങളിൽ
നങ്കൂരമിടും,
നിഗൂഢതകളുടെ പൊരുൾതേടാൻ
ചിന്തകളെ തുറന്നുവിട്ട്
ആകാംക്ഷയുടെ
പൊക്കം വർദ്ധിപ്പിക്കും,
സങ്കടങ്ങളെ ഇരുളിലേക്ക് തള്ളിവിട്ട്
സന്തോഷങ്ങളുടെ
നിലയില്ലാക്കയങ്ങളിലേക്കൂർന്നിറങ്ങും,
സ്നേഹത്തെ തൊടാൻ
ദൂരമളക്കാതെയുള്ള ഓട്ടത്തിൽ
പ്രണയമെന്തെന്നറിഞ്ഞ നാമ്പ് പൊന്തും,
യുവത്വത്തിലേക്കെത്തിയെന്ന തോന്നലിൽ
പക്വതയുടെ മുഖംമൂടിയണിയാൻ
ശരീരത്തെ പാകപ്പെടുത്തും,
പെൺമനസ്സുകളുടെ
ശരീരഭാഷയറിയാനുള്ള വ്യഗ്രതയിൽ
ഭോഗമനസ്സിന്റെ നെടുവീർപ്പുകളുടെ
വേഗം കൂട്ടും,
മനസ്സിന്റെയിഷ്ടങ്ങൾ രാകിമിനുക്കി
മൂർച്ചകൂട്ടിയിട്ട് ന്യായ,സത്യങ്ങളെ
ധർമ്മസങ്കടത്തിലാക്കും,
അനുഭവസമ്പത്തിന്റെ യാഥാർഥ്യങ്ങളെ
കളിയാക്കി വാർദ്ധക്യത്തിനുമുമ്പിൽ
ശിഥിലാശയങ്ങൾ മൃതിയടയും
ചിത്രശലഭങ്ങളെ ഹൃദയത്തിൽ പാറിച്ചുകൊണ്ട്
ഭൂമിയെ കൈവെള്ളയിലൊതുക്കി
കൗമാരാന്ത്യത്തിൽ തെറ്റുകളിലെ
ശരികൾ തേടിയലയും,
മേൽക്കോയ്മകളെ ഇകഴ്ത്തിയിട്ടിട്ട്,
കണ്ണടച്ചിരൂട്ടാക്കി നേടിയ നക്ഷത്രങ്ങളെണ്ണാൻ,
സാങ്കൽപ്പീക രഹസ്യ ലോകത്തേയറിയാൻ
ഞാനും തിരിച്ചു നടക്കുന്നു
കൗമാരത്തിലേക്ക്.