ഒരു പ്രണയം…
നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകാം. അത് എന്തിനോടും ആകാം.. !! ആരോടുമാകാം… !!
യൂക്കാലിപ്റ്റസ് മരങ്ങൾ കൊണ്ട് തണുത്ത പ്രഭാതങ്ങളിൽ ചെറിയ വയലറ്റ് പൂക്കൾക്കിടയിലൂടെ എന്നും തന്റെ വയലിൻ കൊണ്ട് മാസ്മര സംഗീതം പൊഴിച്ചു നടന്ന ക്ളീറ്റസ്.
അതിലൂടെ എന്നും പ്രഭാതങ്ങളിൽ മുന്തിരി കുലകളുമായി പോയിരുന്നു ജെന്നി.
അവർക്കിടയിൽ അറിയാത്ത ഒരു പ്രണയം ഉണ്ടായിരുന്നു, അവർ പോലും അറിയാതെ.
തന്റെ വയലിനെ പോലെ അവന്റെ ഒറ്റകുതിര കുളമ്പടിയെയും ഏറെ സ്നേഹിച്ചിരുന്നു ക്ലീറ്റസ്. അതിനേക്കാൾ ഏറെ അവളെയും സ്നേഹിച്ചിരുന്നു.
ഗ്രാമങ്ങളിലൂടെ അതുമായി സായാഹ്നങ്ങൾ ചിലവഴിച്ചിടുമ്പോൾ എന്നോ മനസിൽ ഉടക്കിയ ഒരു മുന്തിരി വള്ളി പോലെയാണ് ജെന്നി.
അതിലെ കയ്പ്പും മധുരവും ഏറെ ആസ്വദിച്ചിരുന്നു അയാൾ, അവളറിയാതെ.
അവന്റെ ഓർമകളിൽ അവളുടെ പാറിപ്പറക്കുന്ന സ്വർണ തലമുടിയും നീളൻ ഫ്രോക്കും കുഞ്ഞു മുഖത്തെ മായാത്ത പുഞ്ചിരിയും മാത്രം ആയിരുന്നു.
അവനറിയാതെ അവനിലേക്കു ഇറങ്ങി വന്നവൾ. അവളുടെ ലോകം വളരെ ചെറുതും ഇടുങ്ങിയതുമായിരുന്നു. സങ്കടങ്ങൾ നിറഞ്ഞ കൗതുക ലോകം. ആകെയുണ്ടായിരുന്ന ഒരു ബന്ധം കിടപ്പിലായ അവളുടെ പപ്പയാണ്.
അന്നന്നത്തെ അപ്പത്തിനായി പഴങ്ങൾ വിറ്റു ജീവിച്ചവൾ.
പൈന്മാരക്കാടുകളുടെ വശ്യത വിളിച്ചോതുന്ന യൂറോപ്യൻ സംസ്കാരത്തെ തെല്ലും ആശ്ചര്യപ്പെടുത്തുന്ന പറയാതെ പറഞ്ഞ ചില പ്രണയങ്ങൾ ഉണ്ടായിരുന്നു… എന്നും.
ഒറ്റയ്ക്കായിരുന്ന ക്ലീറ്റസ്…
അതുകൊണ്ട് തന്നെ ജെന്നിയിലേക്ക് എത്താൻ അധിക സമയമൊന്നും വേണ്ടിയിരുന്നില്ല. അവൾ അറിയാതെ അവന്റെ കുതിരവണ്ടി എന്നും അവളുടെ കുഞ്ഞു വീടിന്റെ അരികിൽ സായാഹ്നംങ്ങൾ ചിലവഴിച്ചിരുന്നു.
അവൾക്കായി അവന്റെ വയലിൻ പാടിക്കൊണ്ടേയിരുന്നു.
ഇരുണ്ട രാത്രികളിൽ ഒഴുകിവരുന്ന വയലിൻ സംഗീതം അവളും ആസ്വദിച്ചിരുന്നു. അതുകേട്ടാണ് അവൾ എന്നും രാത്രികളിൽ ഉറങ്ങിയിരുന്നതും. എന്നും തന്നെ അവൾ അത് കാത്തിരുന്നു. അവനായി..
അ സംഗീതത്തിൽ നിന്നും ഒഴുകി വരുന്ന നാണയ തുട്ടുകൾ ആയിരുന്നു അവന്റെ വിശപ്പടക്കിയിരുന്നത്.
എന്നും പതിവുള്ള പുലരിയിൽ ഒരു ദിവസം അവളെ കാണാതെ ആയപ്പോൾ അറിയാതെ അവന്റ വയലിന്റെ സംഗീതം നിലയ്ക്കുകയും മനസു അവളെ തേടുകയും ചെയ്തു.അന്ന് വൈകുന്നേരം വരെ അവൻ കാത്തിരിക്കാൻ തയാറായില്ല.എത്രയും വേഗം അവൻ അവളുടെ കുടിലിന്റെ മുന്നിൽ എത്തി. കലങ്ങിയ കണ്ണുകളും പാറിപറന്നു കിടക്കുന്ന ചെമ്പൻ മുടികളും മുഷിഞ്ഞ ഫ്രോക്കും കണ്ടപ്പോൾ അവനു എന്തെന്നില്ലാത്ത സങ്കടം.
അവൻ അവളുടെ അടുത്തേക്ക് ചെന്നു. ഒന്നും മിണ്ടാതെ അവളോടൊപ്പം ആ മരഭിത്തിയിൽ അവനും ചേർന്നിരുന്നു. അവനെ കണ്ടതും അവന്റെ തോളിലേയ്ക്കവൾ തല ചായ്ച്ചു കണ്ണീരൊഴുക്കി.
അവൾ ഏറെ സ്നേഹിച്ച അവളുടെ പപ്പ അവളെ വിട്ടു പോയിരുന്നു, അവളെ തനിച്ചാക്കി. ആ സങ്കടം അവൾ പറയാതെ അവനോടു പറഞ്ഞു തീർത്തു.
അതുവരെ അവളോട് പറയാത്ത പ്രണയത്തിന്റെ മുന്തിരി വള്ളികൾ അവിടെ തളിർത്തു.
ജീവിതത്തിന്റെ വീഞ്ഞ് നുണയാൻ അവളെ അവൻ ആ വൈകുന്നേരം മുതൽ കൂടെ കൂട്ടുകയും അവന്റെ വയലിന്റെ സംഗീതം അവർ അന്ന് മുതൽ ചേർന്നിരുന്നു ആസ്വദിക്കുകയും ചെയ്തു.
പൂത്തു തളിർത്ത മുന്തിരിവള്ളികളും യൂക്കാലിപ്റ്റസ് മരങ്ങളും വയലറ്റ് പൂക്കളും അവർക്കായി സംഗീതം പൊഴിച്ചിരുന്ന രാത്രികളിൽ അവർ ഒന്നായി ചേർന്നുറങ്ങി.