എല്ലാം സ്വാഭാവികമാണ്
കാലത്തിന്റെ കണ്ണാടിയിൽ.
കൈവിരൽ
വരയ്ക്കുന്ന
എല്ലാം ചിത്രങ്ങളും മാഞ്ഞുപോകും.
മഴവില്ലിന്റെ പുഞ്ചിരിയിൽ,
മേഘത്തിന്റെ ഗർജ്ജനത്തിൽ,
കാറ്റിന്റെ ചടുലതയിൽ,
സ്നേഹത്തിന്റെ താരാട്ടിൽ,
വെറുപ്പിന്റെ പൊള്ളലിൽ,
യുദ്ധത്തിന്റെ മുറിവുകളിൽ,
സ്വേച്ഛാധിപതികളുടെ രക്തക്കറപുരണ്ട സിംഹാസനങ്ങളിൽ,
ഒരുനാൾ
പൂനിലാവുദിക്കും…
കാലം എല്ലാം മായ്ക്കും.
തിരമാലകളുടെ താളത്തിൽ
മലകളെയും പുഴകളെയും
മാനഭംഗപെടുത്തുന്ന നാട്ടിൽ
പെണ്ണുടലുകൾ വെറും മാംസം മാത്രമാകുന്നു.
മദം ചുടലനൃത്തം
ചെയ്യുമ്പോൾ
ഭോഗത്തിന്റെ വിയർപ്പുകണങ്ങളിൽ
എരിഞ്ഞമരുന്ന കുരുന്നു ശലഭങ്ങൾ…
ജ്വലിച്ചുനിൽക്കുന്ന സൂര്യനെ
മറയ്ക്കാൻ ശ്രമിക്കുന്ന ഇരുട്ടിനുമുന്നിൽ
അണഞ്ഞുപോകുന്നു.
കാലത്തിന്റെ കണ്ണാടിയിൽ
തെറിക്കുന്ന ഈ ചോരതുള്ളികൾ
പഞ്ചക്ഷതങ്ങളായ്
എന്നും ഇറ്റുകൊണ്ടെയിരിക്കും.
ഏത് കാലത്തിനാണ്
ഈ വടുക്കൾ മായ്ക്കാനാവുക?