ക്ഷണക്കത്ത്

ആകാശത്ത്, അദൃശ്യനായ കലാകാരൻ കടും നിറങ്ങളാൽ അമൂർത്ത ചിത്രങ്ങൾ വരച്ചു കൊണ്ടിരുന്ന സായാഹ്നസമയം. ഗിരി വീടിന്റെ ഉമ്മറപ്പടിയിൽ അലസചിന്തകൾ താലോലിച്ച്, ആകാശം നോക്കി ഇരിക്കുകയായിരുന്നു. തന്റെ മനോവ്യാപാരങ്ങളെ നിറങ്ങളാൽ, അതിശയമാം വിധം പകർത്തിവെയ്ക്കാൻ പലപ്പോഴും ആ അജ്ഞാത കലാകാരന്‌ കഴിയുന്നതെങ്ങനെയെന്ന് അയാൾ അന്നും ആശ്ചര്യപ്പെട്ടു.

ചിന്തകളുടെ ചിലന്തിവലകൾ ഉലഞ്ഞത് ഗേറ്റിന്റെ ഓടാമ്പൽ തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ്‌. ഇരുമ്പിനോട് ഇരുമ്പ് കലഹിക്കുന്ന ശബ്ദം. ഗേറ്റ് തുറന്ന് ഒരു യുവതി മുറ്റത്തേക്ക് വരുന്നത് കണ്ടു. പരിസരം പരിചിതമല്ലാത്തത് കൊണ്ടാവണം, ഇടംവലം തല തിരിച്ച്, വീടും പരിസരവും നോക്കി സാവധാനമാണ്‌ നടക്കുന്നത്. തോളിലൊരു തുണി സഞ്ചിയുണ്ട്. വീടിനു സമീപമെത്തിയപ്പോൾ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കാനായി. മെലിഞ്ഞ ശരീരം. ഉയരമുണ്ട്. നെറ്റിയിൽ ചന്ദനതൊടുകുറി. പേരിന്‌ മാത്രം ആഭരണങ്ങൾ. നടപ്പും ശരീരഭാഷയും കണ്ടാൽ, ആദ്യമായിട്ടാണവിടെ വരുന്നതെന്നും, ആരെയോ തിരക്കി വരുന്നതാണെന്നും വ്യക്തം. വീട് മാറി പോയതാവാനാകും സാധ്യത. ഇനി…അകന്ന ഏതെങ്കിലും ബന്ധുവോ മറ്റോ ആവുമോ? അയാൾ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. അടുത്തേക്ക് വന്ന അവൾ ചോദിച്ചു,
‘ഗിരി…അല്ലെ?’
‘അതെ…’ എന്നും പറഞ്ഞ് അയാൾ പതിയെ എഴുന്നേറ്റു. അയാൾ അതിവേഗം ഓർമ്മയിൽ ആ മുഖം തിരഞ്ഞു. ഇനി സ്കൂളിൽ തന്റെ കൂടെ പഠിച്ച, അതോ കോളേജിൽ…അതോ ആരെങ്കിലും എന്തെങ്കിലും ശുപാർശയ്ക്കായി…
‘എനിക്ക്…മനസ്സിലായില്ല…’
‘ഞാൻ…ഞാൻ സുധയാണ്‌’
‘ഏത് സുധ?’ അയാൾ ഓർമ്മയിലേക്ക് ആ ചോദ്യമെറിഞ്ഞു. തനിക്ക് രണ്ടു സുധമാരെ അറിയാം. ആ രണ്ടു പേരുടേയും മുഖം ഇതല്ല.
‘സോറി…എനിക്ക് മനസ്സിലായില്ല…’ അയാൾ ജാള്യതയോടെ പറഞ്ഞു.
‘ഞാൻ…’ അവൾ കൈയ്യിലിരുന്ന ഒരു ചെറിയ കവർ അയാളുടെ നേർക്ക് നീട്ടി.
വാങ്ങി നോക്കിയപ്പോൾ മനസ്സിലായി. വിവാഹക്ഷണക്കത്ത്.
അയ്യോ…ഏതോ അകന്ന ബന്ധുവാകും! അല്ലെങ്കിൽ പരിചയം മുറിഞ്ഞു പോയ പഴയ ഏതോ ഒരു സുഹൃത്ത്.
സാമാന്യമര്യാദ മറന്ന്, വീട്ടിൽ വിവാഹം ക്ഷണിക്കാൻ വന്ന ഒരു സ്ത്രീയെ പുറത്ത് നിർത്തിയത് മോശമായി പോയി.
ക്ഷമാപണം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു,
‘വരൂ…അകത്ത് വരൂ…’ അയാൾ വീട്ടിനുള്ളിലേക്ക് കയറി. ഒരു നിമിഷം മടിച്ച് നിന്ന ശേഷം പിന്നാലെ അവളും.
‘ഇരിക്കൂ’
അയാൾ മുറിയിലെ ലൈറ്റ് ഓൺ ചെയ്തു. അപ്പോഴെല്ലാം തിരക്കിട്ട് ഓർമ്മയിൽ ആ മുഖം പരതുകയായിരുന്നു. വീട്ടിലേക്ക് വന്ന ബന്ധുവിനോട് അപമര്യാദ കാട്ടിയെന്ന പേരുദോഷത്തിൽ നിന്നും താൻ കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു! അതൊരാശ്വാസം.
അവൾ കസേരയിൽ ഇരിക്കാതെ നിന്നതേയുള്ളൂ.
അയാൾ കവർ തുറന്ന് ഉള്ളിൽ നിന്നും കാർഡ് പുറത്തേക്കെടുത്തു. കാർഡിൽ എന്തായാലും പേരുകളുണ്ടാവും. ആരാണെന്ന ഒരു സൂചന…
‘സുധ വെഡ്സ് സുരേഷ്’
അയാൾ ബാക്കിയുള്ള എഴുത്തുകളിലൂടെ കണ്ണോടിച്ചു.

ഒരു പേരിൽ കാഴ്ച്ചയുടക്കി നിന്നു. സംശയം തീർക്കാനെന്നവണ്ണം അയാൾ ആ പേര്‌ ഒരിക്കൽ കൂടി വായിച്ചു. സ്വന്തം അച്ഛന്റെ പേര്‌ ഇൻഷ്യലടക്കം അതു പോലെ തന്നെ പ്രിന്റ് ചെയ്തിരിക്കുന്നു! ഇരച്ചു കയറി വന്ന കോപം നിയന്ത്രിച്ച് അയാൾ പേരുകൾ വായിച്ചു. സ്ത്രീയുടെ പേര്‌… കേട്ടു മറന്ന് ആ പേര്‌. ആ പേരുമായി കൂട്ടിക്കെട്ടിവെച്ചിരുന്ന കുറെ പഴയ ഓർമ്മകൾക്ക് വീണ്ടും ജീവൻ വെച്ചത് പോലെ തോന്നി. അവ്യക്തമായ ചില മുഖങ്ങൾ, സന്ദർഭങ്ങൾ. ഒക്കെയും എന്നോ കണ്ട ഒരു സ്വപ്നം പോലെ പടർന്ന അവ്യക്തമായത്.
ഈ പേരിന്റെ ഉടമയായ ആ സ്ത്രീയെ കണ്ടതും ഒരു സന്ധ്യക്ക് തന്നെയായിരുന്നില്ലെ?

കാലിന്റെ തള്ളവിരലുകൾ കൂട്ടിക്കെട്ടിയ അച്ഛന്റെ ജീവനറ്റ ശരീരത്തിനടുത്ത് കരഞ്ഞ് തളർന്ന് ഇരിക്കുമ്പോഴായിരുന്നു അത്. അമ്മയുടെ ശാപവാക്കുകൾ… ഉച്ചത്തിലുള്ള ശകാരങ്ങൾ… ബന്ധുക്കൾ പിടിച്ച് മാറ്റുന്നത്… അവരെ ഒരു ടാക്സി കാറിൽ പറഞ്ഞു വിട്ടത്… എല്ലാം ഇന്നലത്തേത് പോലെ. ആ സ്ത്രീയുടെ പിന്നിൽ പാതി മറഞ്ഞ് നിന്ന ഒരു ചെറിയ പെൺകുട്ടി നില്പ്പുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോൾ ഓർത്തെടുക്കാനായി. ആ കുട്ടിയുടെ മുഖം… അതിനും മുൻപ് എവിടെയോ വെച്ച് താൻ കണ്ടിട്ടുണ്ട്. ഒരിക്കൽ അച്ഛന്റെ കൂടെ, നടക്കാൻ പോയപ്പോഴായിരുന്നു. അന്ന് അവൾ തന്നെ നോക്കി ചിരിച്ചുവോ? ഉണ്ടാവണം. അന്ന് സന്ധ്യക്ക് അമ്മയ്ക്കൊപ്പം അവൾ വന്നത് അവളുടെ അച്ഛനെ അവസാനമായി കാണാനായിരുന്നു എന്ന് മനസ്സിലാക്കിയത് പിന്നീട് ഒരുപാട് കാലം കഴിഞ്ഞായിരുന്നു. മനസ്സിലാക്കിയത് ആരോടും ചോദിച്ച് ഉറപ്പാക്കാൻ പോയില്ല. അമ്മയോട് പോലും വെറുമൊരു സംശയം പോലെ ചോദിക്കാൻ തോന്നിയിട്ടുമില്ല.

അയാൾ മുഖം കുനിച്ച് ഇരുന്നു. ഒന്നും തന്നെ മിണ്ടിയില്ല. അവൾ നിശ്ശബ്ദം നിശ്ചലയായി നില്ക്കുന്നത് അറിയുന്നുണ്ടായിരുന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ്‌ ശ്വാസം മന്ദഗതിയിലായത്.  മുഖമുയർത്തി നോക്കുമ്പോൾ കണ്ടു, തന്നെ ഭയം നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി നില്ക്കുന്നത്.
‘ഇരിക്കൂ…’ അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
‘അണ്ണാ… ഞാൻ… അണ്ണന്‌ വിഷമം ആയെങ്കിൽ ഞാൻ പൊയ്ക്കോളാം. ഇനി ഇവിടെ ഒരിക്കലും വരില്ല..’
അയാൾ തല തിരിച്ച് ജനൽ വഴി ഗേറ്റിനരികിലേക്ക് നോക്കി. ഇവൾ ഒറ്റയ്ക്കായിരിക്കില്ല വന്നത്. ആ സ്ത്രീ… തന്റെ അമ്മയുടെ സകല സമാധാനവും തകർത്ത അവർ.. അവരവിടെ ഗേറ്റിനപ്പുറം നില്പ്പുണ്ടാവും. തന്റെയോ തന്റെ അമ്മയുടെയോ പ്രതികരണമെന്തെന്ന് അറിയാനാവാതെ ഭയന്ന്..
‘അമ്മ…?’ അയാൾ ഗേറ്റിലേക്ക് തന്നെ നോക്കി കൊണ്ട് ചോദിച്ചു.
‘അമ്മ…മരിച്ചു പോയി…മൂന്ന് വർഷമായി..’
അയാൾ സംശയത്തോടെ അവളുടെ നേർക്ക് മുഖം തിരിച്ചു. ഇവൾ ഇപ്പോൾ എന്തിനാവും വന്നത്? ബന്ധം സ്ഥാപിക്കാനോ? സാമ്പത്തികമായി എന്തെങ്കിലും സഹായം? അതോ… അവകാശം ചോദിച്ച്..
അയാളുടെ സംശയത്തോടുള്ള നോട്ടം ശ്രദ്ധിച്ചിട്ടാവണം അവൾ പറഞ്ഞു,
‘ഇവിടെ വരാൻ പാടില്ലെന്ന്… എനിക്കറിയാം… എനിക്ക് എന്തോ… ഇവിടെ വന്ന് അണ്ണനെ വിളിക്കണമെന്ന് തോന്നി… ഞാൻ ആരോടും… ഒന്നും പറഞ്ഞിട്ടില്ല..’
അയാൾ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുന്നു.
കുറച്ച് നേരം അവളെ സൂക്ഷിച്ച് നോക്കിയ ശേഷം അയാൾ ചോദിച്ചു,
‘തനിക്ക്…അമ്മേ…കാണണ്ടെ?’
എന്തിനാണ്‌ താൻ അങ്ങനെ ചോദിച്ചതെന്ന് അയാൾക്കറിയില്ലായിരുന്നു. പെട്ടെന്ന് എന്തോ ഒരു ചോദനയിൽ ചോദിച്ചു പോയതാണ്‌.
അവൾ പതിയെ എഴുന്നേല്ക്കാൻ ഭാവിച്ചു. ആ മുഖത്ത് പരിഭ്രമം പ്രകടമായിരുന്നു.
‘പേടിക്കണ്ട, വന്നോളൂ…’
അവൾ എന്തോ പറയാൻ ഭാവിച്ചെങ്കിലും മൗനം പാലിച്ചു നിന്നു.
അയാൾ നടന്ന് ചെന്ന് അകത്തെ മുറിയിലേക്ക് കയറി. അയാളെ പിന്തുടന്ന് അവളും.
കർട്ടന്റെ വിരി മാറ്റി അവൾ മുറിക്കകത്തേക്ക് കാലെടുത്തു വെച്ചു.
അവിടെ ജനലിനോട് ചേർത്തിട്ടൊരു തടിക്കട്ടിലിൽ പ്രായമായൊരു സ്ത്രീ കിടപ്പുണ്ട്.
കാല്പ്പെരുമാറ്റം കേട്ടത് കൊണ്ടാവണം അവർ വാതിലിനു നേർക്ക് മുഖം തിരിച്ചു. ക്ഷീണം നിറഞ്ഞ മുഖം. അവശത പ്രകടമായ ശരീരം. അപരിചിതയായ ഒരു സ്ത്രീ ഗിരിയുടെ പിന്നിൽ നില്ക്കുന്നത് കണ്ട്,
‘ഇത്…ആരാ ഗിരി?’ എന്ന് ക്ഷീണം നിറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
‘അമ്മാ…ഇത് സുധ.. എന്റെ ഫ്രണ്ടാ.. അടുത്ത മാസം കല്ല്യാണമാണ്‌. ക്ഷണിക്കാൻ വന്നതാ’
അവൾ മുന്നിലേക്ക് നീങ്ങി നിന്നു.
അമ്മെ വണങ്ങും മട്ടിൽ അവൾ ചെറുതായി തല കുനിച്ചു. അമ്മ അവളെ നോക്കി ക്ഷീണം മറച്ച് വെച്ച് ചെറുതായി ചിരിച്ചു. വലതു കൈ ഉയർത്തി അവളെ അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി.
ഒരു നിമിഷം മടിച്ച ശേഷം അവൾ കട്ടിലിനരികിലേക്ക് നീങ്ങി നിന്നു. അമ്മ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി കിടന്നു. അവളും അമ്മയെ ഉറ്റുനോക്കി നിന്നു.
‘വയ്യ മോളെ…അമ്മയ്ക്ക് വയ്യ…’
അവൾ മുന്നോട്ട് വന്ന് അമ്മയുടെ കൈയ്യിൽ മൃദുവായി പിടിച്ചു.
‘ഇരിക്ക്…’
അവൾ മെത്തയിൽ അവർക്ക് സമീപമായി ഇരുന്നു.
‘ഓ… മര്യാദ മറന്നു!… ഞാൻ ചായ കൊണ്ടു വരാം. താൻ അമ്മയുടെ അടുത്ത് ഇരുന്നോളൂ… ഇപ്പോ വരാം’
അവൾ ‘വേണ്ട’ എന്ന് പറയും മുൻപ് അയാൾ അകത്തേക്ക് പോയി.
മുറിയിൽ അവർ രണ്ടുപേരും മാത്രമായി.

അടുക്കളയിലേക്ക് നടക്കുമ്പോഴും, ചായ തയ്യാറാക്കുമ്പോഴും അയാൾ അവളെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. അവയ്ക്തമായ ഓർമ്മകൾ… അമ്മയും അച്ഛനും തമ്മിൽ വഴക്കുണ്ടാക്കുന്നത്… തന്നെ കാണുമ്പോഴൊക്കെയും നിശ്ശബ്ദരാവുന്നത്… അമ്മ മൗനവാത്മീകത്തിൽ ഇരിക്കുന്നത്… അച്ഛൻ ഒരു വാക്കും മിണ്ടാതെ ഇറങ്ങി പോകുന്നത്… അസമയത്ത് തിരികെ വരുന്നത്. പലതും ആ പ്രായത്തിൽ മനസ്സിലാക്കാനായില്ല. ശ്രമിച്ചിരുന്നെങ്കിൽ പോലും കഴിയുമായിരുന്നില്ല. വിട്ടുപോയ കണ്ണികളെക്കുറിച്ചും, സംശയങ്ങളുയർത്തുന്ന അസുഖകരമായ ചോദ്യങ്ങളേയും സൗകര്യപൂർവ്വം അവഗണിച്ചത് സ്വാർത്ഥത കൊണ്ടു തന്നെ. എന്തിന്‌ വെറുതെ അനാവശ്യമായ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചറിഞ്ഞ് തന്റെ ജീവിതം അസ്വസ്ഥത കൊണ്ട് നിറയ്ക്കണം? അതേക്കാരണത്താൽ തന്നെ അമ്മയോട് ഒരു തവണ പോലും ഒരു ചോദ്യം പോലും ചോദിച്ചതുമില്ല.

ചായയുമായി തിരികെ മുറിയിൽ ചെന്നപ്പോഴും അവർ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
‘ലേറ്റായി…നേരമിരുട്ടി…ഞാൻ ഇറങ്ങട്ടെ…’ ചായ കുടിച്ച ശേഷം അവൾ പറഞ്ഞു.
‘മോള്‌…ഇനിയും വരണം..’
എഴുന്നേറ്റ നിന്ന അവൾ അവരുടെ കാല്ക്കലിൽ തൊട്ടു തൊഴുതു.
‘എന്താ മോളെ…’
‘ശരി അമ്മെ…ഞാൻ പോവാണ്‌’
‘പോയിട്ട് വാ…’

അവൾ മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ തിരിഞ്ഞ് നോക്കി. അമ്മ കൈ ഉയർത്തി കാണിച്ചു. അനുഗ്രഹിക്കും പോലെയോ, യാത്ര പറയും പോലെയോ..
അവൾ തല കുലുക്കി യാത്ര പറഞ്ഞു പുറത്തിറങ്ങി.
‘അണ്ണാ…അണ്ണൻ ഉറപ്പായും വരണം…’
‘വരാം’
അവൾ ഗേറ്റ് ചാരിയ ശേഷം നടന്നു പോകുന്നത്, ഗിരി പടിക്കലിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നു. യാത്ര പറയുമ്പോൾ അവളുടെ കണ്ണ്‌ നിറഞ്ഞിരുന്നോ എന്നയാൾക്ക് ഒരു നിമിഷം തോന്നി. തോന്നലാവും..

രാത്രി അമ്മയ്ക്കായി കഞ്ഞി ഉണ്ടാക്കണം. അതേക്കുറിച്ച് ആലോചിച്ചു കൊണ്ട് ഗിരി അകത്തേക്ക് അയറി പോയി. നേരം ഇരുട്ടിയിരിക്കുന്നു. അവൾ എങ്ങനെയാവും തിരികെ പോയിരിക്കുക? ഒരു ഓട്ടോ പിടിച്ച് കൊടുക്കാമായിരുന്നു…

താൻ ചായ തയ്യാറാക്കുന്ന നേരം അവർ എന്തായിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്? ചായ എടുക്കാം എന്ന് പറയാൻ തോന്നിയത് അബദ്ധം.. അല്ല, ഒരു ചായ സ്വന്തം കൈ കൊണ്ട് തയ്യാറാക്കി കൊടുക്കാനായത് നന്നായി. അവൾ എത്ര നന്നായിട്ടാണ്‌ തന്റെ സുഹൃത്ത് എന്ന ഭാവത്തിൽ അമ്മയോട് സംസാരിച്ചത്. നന്നായി. അല്ലെങ്കിൽ അമ്മയുടെ സ്ഥിതി കൂടുതൽ മോശമായേനെ. മാനസിക സംഘർഷം താങ്ങാൻ കഴിയുന്ന പ്രായം അല്ലല്ലോ. സുധ…ആ മുഖത്ത് എവിടെയോക്കെയോ അച്ഛന്റെ ഏതൊക്കെയോ അംശങ്ങൾ ഉണ്ടായിരുന്നു.

അമ്മയ്ക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു അയാൾ. അമ്മ പതിവിലും സന്തോഷത്തിലായിരുന്നു. ആരെങ്കിലും കാണാൻ വന്നിട്ടെത്ര നാളായി. ഒരാളോട് അല്പസമയം സംസാരിക്കാൻ കഴിഞ്ഞതിന്റെ  സന്തോഷമാണ്‌ അമ്മയുടെ മുഖം നിറയെ.
‘നീ ആ കുട്ടീടെ കല്ല്യാണത്തിന്‌ പോവില്ലെ?’
‘ഉം…’
‘പോകണം…’
കുറച്ച് നേരം എന്തോ ആലോചിച്ച് ഇരുന്ന ശേഷം അമ്മ മുകളിലേക്ക് നോക്കി ആത്മഗതം കണക്കെ പറഞ്ഞു തുടങ്ങി.
‘നന്നായി… ആ കുട്ടി വന്നത് നന്നായി. എനിക്ക് കാണണമെന്നുണ്ടായിരുന്നു…’
ഗിരി കഞ്ഞി പാത്രത്തിലേക്ക് തന്നെ നോക്കി സ്പൂൺ കൊണ്ടിളക്കിക്കൊണ്ടിരുന്നു.
അമ്മ തുടർന്നു,
‘പാവം… അല്ലെങ്കിൽ തന്നെ… അവളെന്ത് തെറ്റാ ചെയ്തത്?’
ഗിരി അമ്മയുടെ മുഖത്ത് തന്നെ നോക്കി ഇരുന്നു.

വീണ്ടും സ്പൂൺ ചുണ്ടോട് ചേർത്തപ്പോൾ മതി എന്ന മട്ടിൽ കൈ ഉയർത്തി ശേഷം അവർ ചുണ്ടുകൾ തുടച്ചു. ഉറങ്ങാൻ തയ്യാറെടുക്കും മട്ടിൽ കണ്ണടച്ചു. ഗിരി ഒരു നിമിഷം അമ്മയെ നോക്കി ഇരുന്ന ശേഷം എഴുന്നേറ്റു. മുറിക്ക് പുറത്തേക്ക് നടക്കും മുൻപ് ഒരു വട്ടം തിരിഞ്ഞു നോക്കുമ്പോൾ കണ്ടു, അമ്മയുടെ ചുണ്ടിൽ ചെറിയൊരു ചിരി തങ്ങി നില്ക്കുന്നത്. ഇന്ന് അമ്മ സമാധാനമായി കിടന്നുറങ്ങും, ഉറപ്പ്.

എന്തെന്നറിയില്ല, തനിക്കിന്ന് ഉറങ്ങാനാവുമെന്ന് തോന്നുന്നില്ല. അയാൾ അതോർത്ത് കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.

നിയോഗങ്ങൾ ,ഉടൽദാനം എന്നീ എന്ന കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. രസതന്ത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. ന്യൂസീലാന്റിൽ താമസം.