ക്രമം തെറ്റിയെത്തുന്ന മനുഷ്യർ

ഡിസംബർ 31, 2018

പത്നിയുടെ അസാന്നിദ്ധ്യം തീവ്രമായി മഥിക്കുമ്പോഴെല്ലാം വേദ് ബഹാദൂർ അവരെ ബോട്ടിമിൽ വിളിക്കും. സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് ലോപിക മന്ദഹസിക്കുമ്പോൾ, അയാളുടെ മുഖം പ്രകാശമാനമാകും.

“എന്താണിന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കാൻ..!” പുഞ്ചിരിച്ച് ലോപിക ചോദിച്ചു.

“എനിക്കിപ്പോൾ സൃഷ്ടിവൈഭവമുള്ള ശാസ്ത്രജ്ഞരോട് അധികമായി അമർഷം തോന്നുന്നുണ്ട്.” വേദ് ബഹാദൂർ മറുപടി പറഞ്ഞു.

ലോപിക ചിരിച്ചുകൊണ്ട് അതെന്തുകൊണ്ടാണെന്ന് ആരാഞ്ഞു.

“എന്‍റെ പെണ്ണേ… എനിക്ക് നിന്നെ കാണാൻ മാത്രമല്ലേ സാധിക്കുന്നുള്ളൂ. എപ്പോഴാണ് മിഴികൾ ചിമ്മി തുറക്കുമ്പോഴേക്കും നിന്‍റെയടുത്തെത്താനാവുക! നിന്നെയൊന്ന് പുണർന്ന്, ചുംബിച്ച് പ്രകാശവേഗത്തിലെന്നെ തിരിച്ചെത്തിക്കുന്ന സാങ്കേതികവിദ്യയെന്തേ അവർ വൈകിക്കുന്നു..?” മറുഭാഗത്ത് ലോപിക ചിരിയടക്കാൻ പ്രയാസപ്പെട്ടു.

“അത്യധികം പ്രണയപരവശനായിരിക്കുന്നല്ലോ ഇന്ന്!” അവൾ ചോദിച്ചു.

“എന്തിനാണ് ഇങ്ങനെ അസത്യം പറയുന്നത് നാനൂ..! ഇയാളെ ആദ്യമായി കണ്ടനേരം തൊട്ടെന്ന് മാറ്റിപ്പറയൂ”

“എന്നെയിങ്ങനെ അമ്പരപ്പിക്കുന്നതത്രയും ഇഷ്ടമാണോ.. ക്രൂരനാണ് നീ” തന്‍റെ പ്രിയതമന്‍റെ മറുപടി ഹൃദ്യമായിട്ടും അവൾ നീരസം നടിച്ചു.

“സത്യമാണ് പെണ്ണേ… ഫേവാ തടാകത്തെക്കാളും അഴകാണ്, ആഴമാണ് നിന്‍റെ നയനങ്ങൾക്ക്. എപ്പോഴുമേ അതെന്‍റെ ആവാസവ്യവസ്ഥയാവണം, തടാകത്തിലെ മീനിനെന്ന പോലെ…”

“എങ്കിൽ വരൂ, എനിക്കുമീ വിരഹം താങ്ങാനാവുന്നില്ല. വന്ന്, ഒരിക്കൽക്കൂടിയെന്നെ പൊഖാരയിലേക്ക് കൊണ്ടു പോകൂ. മധുവിധു നാളിലേതുപോലെ നമ്മളിരുവരും മാത്രമായാ തടാകത്തിൽ വീണ്ടുമൊരു നൗകാസവാരി ചെയ്യണം…. “

“എന്തിന്..? തടാകമദ്ധ്യത്തിൽ വെച്ച് ഞാനൊരു ചുംബനം തരുമ്പോൾ മേഘങ്ങൾ കാണുമെന്ന് പറഞ്ഞെന്നെ വെള്ളത്തിൽ തള്ളിയിടാനോ ..?” മറുഭാഗത്ത് ചിരിയുടെ വിസ്ഫോടനമുണ്ടായി.

“ആ കഠിനമായ അനുഭവം സമ്മാനിച്ചതിന് എന്നോട് ക്ഷമിക്കൂ…” കൈകളാൽ മുഖം മറച്ച് ലോപിക പറഞ്ഞു.

“കഠിനമോ.! രസകരമെന്ന് പറയൂ…” വേദ്ബഹാദൂറും ചിരിയിൽ പങ്കുചേർന്നു.

“നോക്കൂ… എനിക്ക് പ്രായശ്ചിത്തം ചെയ്യണമെന്നുണ്ട്. ഫേവാ തടാകത്തിന്‍റെ മദ്ധ്യത്തിൽ തോണി തുഴയാൻ ഇനിയുമെത്ര നാൾ ഞാൻ കാത്തിരിക്കണം!”

ആറുമാസം കഴിഞ്ഞാൽ അവധി കിട്ടുമെന്ന് അയാൾ മറുപടി പറഞ്ഞു. തീർച്ചയായും ഫേവാതടാകം സന്ദർശിക്കാമെന്നും അസ്തമയം വരെ തോണി തുഴഞ്ഞ്, പൊന്നിൻനിറമാവുന്ന ഹിമാലയം നോക്കിയിരിക്കാമെന്നും അയാൾ വാക്കു കൊടുത്തു. ആറേഴു മാസങ്ങളേ ആയുള്ളൂ അവർ വിവാഹിതരായിട്ട്. വേദ്ബഹാദൂർ ദുബായിലെത്തിയിട്ട് വർഷങ്ങൾ അഞ്ച് കഴിഞ്ഞു. ആദ്യത്തെ ഒരു വർഷം വാഹനങ്ങൾ കഴുകുന്ന ജോലിയിലും പിന്നീട് മൂന്ന് വർഷത്തോളം ടാക്സി ഡ്രൈവറുമായിരുന്നു. ലോപികയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ ഉടനെയാണ് ഒരു സപ്തനക്ഷത്ര ഹോട്ടലിൽ ലിമൗസിൻ ഡ്രൈവറായി ജോലി ലഭിക്കുന്നത്.

“നീ വന്നതോടെ എനിക്ക് ഭാഗ്യം വന്നു” വെന്ന് പുതിയ യൂണിഫോമിലുള്ള തന്‍റെ ചിത്രമയച്ച് വേദ്ബഹാദൂർ പറഞ്ഞു. ലോകത്തെ അതിസമ്പന്നരുടേയും സിലിബ്രിറ്റികളുടേയും സാരഥിയായി, ദുബായ് എന്ന വിസ്മയത്തെ അനാവരണം ചെയ്തു നൽകുന്ന തന്‍റെ പ്രവൃത്തിയിൽ വേദ്ബഹാദൂർ അതീവസന്തുഷ്ടനായിരുന്നു. സുരക്ഷിതമായി അവരെ ഹോട്ടലിൽ തിരിച്ചെത്തിക്കുമ്പോൾ കിട്ടുന്ന പാരിതോഷികത്തുക അയാളുടെ സന്തോഷം പതിൻമടങ്ങാക്കി. താരങ്ങൾക്കൊപ്പം ചിത്രങ്ങൾ എടുത്ത ഉടനെ ലോപികയ്ക്ക്, അവളുടെ മുന്നിൽ താരമാവുക എന്ന ലക്ഷ്യത്തോടെ അയച്ചുകൊടുക്കുക പതിവാണ്.

“എന്‍റെ നായകനെ ഇവർ തട്ടിയെടുത്തേക്കുമോ..?” ഒരിക്കൽ, ഹോളിവുഡ് നടിക്കൊപ്പമുള്ള ചിത്രമയച്ചപ്പോൾ ലോപിക ഹാസ്യരൂപേണ ചോദിച്ചു.

“ഇല്ല പെണ്ണേ.. എനിക്ക്, ഞാൻ തന്നെയൊരു വരം നൽകിയിട്ടുണ്ട്. അങ്ങനെയാരെങ്കിലും എന്നെ തൊടുന്ന പക്ഷം ഞാൻ സ്വയം ആവിയാവും. ഹിമാലയം കടന്നു വരുന്ന മേഘങ്ങൾക്ക് എന്‍റെ ഛായയുണ്ടോന്ന് നീ നോക്കിക്കൊള്ളുക.. “

“എങ്കിൽ മേഘമായി ഞാനിയാളോടൊപ്പം ചേരും’’ കോപം കൊണ്ട് ലോപിക പറഞ്ഞു.

അടുത്ത വർഷം വിവാഹവേദിയിൽ “മേഘത്തെ വിവാഹം ചെയ്യേണ്ടി വന്നില്ലല്ലോ! സന്തോഷമുണ്ട് ” എന്ന് വേദ്ബഹാദൂറിനോട് സ്വകാര്യം പറയവേ അവൾ പ്രണയപരവശയായി അയാളെ ചേർന്ന് നിന്നു.

“ഇനിയും ജോലി കഴിഞ്ഞില്ലേ..?” വീഡിയോ കോളിനൊടുവിൽ ലോപിക ചോദിച്ചു. ഇപ്പോൾ ജോലി തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നും, പുതുവത്സരരാത്രിയിൽ നഗരവീഥികളിലൂടെ വാഹനമോടിക്കുക എന്നത് ആനന്ദകരമായ അനുഭവമാവുമെന്നും അയാൾ മറുപടി പറഞ്ഞു.

മയ്ബ കാറിന്‍റെ ചാവിയും ഡ്യൂട്ടിഷീറ്റും കൈമാറുമ്പോൾ, താരീഖ്ഭായ് അത്യധികം ആഹ്ലാദത്തിൽ കാണപ്പെട്ടു. പകൽ ആ കാറോടിച്ചത് പാക്കിസ്ഥാൻ സ്വദേശി താരീഖ്ഭായ് ആയിരുന്നു. സഹോദരനെപ്പോലെ തന്നെ ചേർത്തുപിടിക്കുന്ന ആൾ.

രാവിലെ മുതൽ സ്യൂട്ട് നാലിലെ അതിഥിക്കൊപ്പമാണെന്നും, അവർക്ക് പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാൻ രാത്രിയിലും തന്നോട് തുടരാനാവശ്യപ്പെട്ട കാര്യവും പറഞ്ഞു. പന്ത്രണ്ട് മണിക്കൂറിലധികം ജോലി ചെയ്യാൻ അനുവാദമില്ലെന്നും പകരം നല്ലൊരാളെ തന്നെ ഡ്യൂട്ടി ഏൽപ്പിക്കാമെന്നും പറഞ്ഞതനുസരിച്ചാണ് താരീഖ്ഭായ് ഡ്യൂട്ടിഷീറ്റ് വേദ്ബഹാദൂറിനെ ഏൽപ്പിക്കുന്നത്. അതിഥിയിൽ നിന്നും പാരിതോഷികമായി കിട്ടിയ നൂറ് പൗണ്ടിന്‍റെ നോട്ടെടുത്ത് കാണിച്ച് താരീഖ്ഭായ് തന്‍റെ സന്തോഷത്തിന്‍റെ രഹസ്യം വെളിപ്പെടുത്തി. താരീഖ്ഭായ് പൊതുവേ ഭാഗ്യമുള്ളയാളാണ്. മഹാമനസ്കരായ അതിഥികളെ മാത്രമാണ് സ്വാഭാവികമായും അദ്ദേഹത്തിന് ലഭിക്കുക. ഇന്നിപ്പോൾ തുല്യമായൊരു തുക സമ്മാനമായി വേദ്ബഹാദൂറിന് തന്നെ ലഭിച്ചോട്ടെന്നു കരുതിയാണ് സൂപ്പർവൈസറോട് പറഞ്ഞ് ഡ്യൂട്ടി അയാളെ ഏൽപ്പിക്കുന്നത്. രാത്രിയാത്രയ്ക്ക് ഫോർവീൽ ഡ്രൈവ് വേണമെന്ന അതിഥിയുടെ താൽപര്യമനുസരിച്ച് മെയ്ബ ഹോട്ടലിന്‍റെ പിറകിലുള്ള ഗരാജിൽ പാർക്കു ചെയ്ത് പകരം ജിഎംസി ഡെനാലിയുമായി അതിഥിയെ കാത്തിരിക്കുമ്പോഴാണ് വേദ്ബഹാദൂർ ലോപികയ്ക്ക് വീഡിയോ കോൾ ചെയ്തത്.

”വേദ്.. സ്യൂട്ട് നാലിലെ അതിഥി റെഡിയാണ് ” കോൺഷ്യേജിൽ നിന്നും ശ്രീലങ്കക്കാരൻ ചന്ദ്രസിരിയുടെ സന്ദേശം ലഭിച്ച ഉടനെ വേദ്ബഹാദൂർ ഹോട്ടലിന്‍റെ പ്രധാനകവാടം ലക്ഷ്യമാക്കി വാഹനമോടിക്കാനാരംഭിച്ചു. ചില്ലുകളടക്കം കറുത്ത നിറമുള്ള ഡെനാലി, തലയെടുപ്പുള്ള ഗജവീരനെപ്പോലെ, ഇരുവശങ്ങളിലും ബഹുവർണ്ണ ദീപങ്ങളാൽ അലങ്കരിച്ച ഈന്തപ്പനകളുള്ള വീഥിയിലൂടെ പതിയെ നീങ്ങി. ഹോട്ടലിന്‍റെ പ്രധാനകവാടത്തിൽ അഭൂതപൂർവ്വമായ തിരക്കാണ്. നൂറുശതമാനം മുറികളിലും അതിഥികൾ ഉള്ളതാണ്. അതിനുമുപരി, പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി റസ്റ്റോറൻ്റുകളിലേക്കും ബാങ്ക്യുറ്റ് ഹാളിലേക്കും പുറമേ നിന്നും അതിഥികളെത്തുന്നതിന്‍റെ തിരക്കും. ആഡംബരത്തിന് ഇത്രമേൽ പേര് കേട്ട ഹോട്ടൽ വേറെയില്ല. എന്നിട്ടും ഇവിടത്തെ ആഘോഷങ്ങൾ ആസ്വദിക്കുന്നതുപേക്ഷിച്ച് തന്‍റെ അതിഥി മറ്റെവിടേക്കാവും പോകാനാഗ്രഹിക്കുകയെന്ന് വേദ്ബഹാദൂർ വെറുതേ ആലോചിച്ചു.

പ്രധാനകവാടത്തിനരികെ ചന്ദ്രസിരിയോടൊപ്പം നിൽക്കുന്ന സ്ത്രീയായിരിക്കും തന്‍റെ അതിഥിയെന്ന് വേദ്ബഹാദൂർ അനുമാനിച്ചു. പ്രായം, നാൽപതിന്‍റെ ആദ്യപകുതിയിലെത്തിരിക്കണം അവർക്ക്. സ്വർണ്ണനിറമുള്ള മുടിയുള്ള സ്ത്രീ, മുന്തിരിച്ചാറിന്‍ നിറമുള്ള സാറ്റിൻ ഗൗണിന് മുകളിൽ, നീലനിറത്തിൽ ലേസ് കൊണ്ടുള്ള കാർഡിഗൻ ധരിച്ചിരുന്നു. സ്വർണ്ണനിറമുള്ള നീളൻ ചങ്ങലയുള്ള പേഴ്സ് അവരുടെ തനുവിനെ തഴുകിക്കിടന്നു.

ചന്ദ്രസിരി അവരെ വാഹനത്തിനടുത്തേക്ക് ആനയിച്ചു. അവർക്കായി വലതുഭാഗത്തെ ഡോർ തുറന്നുകൊടുത്ത് അവർക്ക് വാഹനത്തിൽ കയറാനായി മാറിനിന്നു. കാറിൽ ഇരുന്ന ഉടൻ അവർ അമ്പത് പൗണ്ടിന്‍റെ നോട്ടെടുത്ത് ചന്ദ്രസിരിക്ക് നൽകി.

“താങ്ക്യൂ… നല്ലൊരു സായാഹ്നമായിരിക്കട്ടെ.” അപ്രതീക്ഷിതമായി ലഭിച്ച പാരിതോഷികത്തിൽ ചന്ദ്രസിരി അത്യധികം സന്തോഷവാനായി.

“ഗുഡ് ഈവ്നിങ്… എങ്ങോട്ടാണ് നമുക്ക് പോകാനുള്ളത്…’’ വേദ്ബഹാദൂർ അതിഥിയോട് ചോദിച്ചു.

“ആദ്യം എനിക്കീ ഈ നഗരത്തിന്‍റെ രാത്രിഭംഗിയൊന്ന് ആസ്വദിക്കണം …” അവർ പുറത്തേക്ക് നോക്കിപ്പറഞ്ഞു.

ശിശിരകാലത്തു മാത്രം വിരിയുന്ന പൂക്കളുടെ അഴകും വിവിധ വർണ്ണങ്ങളിൽ തെളിയുന്ന ബൾബുകളുടെ പ്രഭയും കടംപറ്റി ബീച്ച്റോഡൊരു പൊങ്ങച്ചക്കാരിയെപ്പോലെ അണിഞ്ഞൊരുങ്ങി നിന്നു. ശ്രദ്ധയോടെ വേദ്ബഹാദൂർ ഷെയ്ക്ക് സയദ് റോഡ് ലക്ഷ്യമാക്കി വാഹനമോടിച്ചു.

“ക്രമം തെറ്റിയെത്തിയ ആളിന്‍റെ പേരെന്താണ്..?” അവർ ചോദിച്ചു.

“വേദ്ബഹാദൂർ…” റിയർവ്യൂ മിററിൽ നോക്കി അയാൾ പറഞ്ഞു.

”വേദ്..അതാണെളുപ്പം… “ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.

“ഏത് രാജ്യക്കാരനാണ്.. ” അവർ ചോദിച്ചു.

“നേപ്പാൾ”

“അതെയോ..! ഞാനൊരിക്കൽ പോയിട്ടുണ്ട്. ഇതുപോലൊരു പുതുവത്സരരാത്രി ചിലവഴിച്ചത് ഹിമാലയത്തിലായിരുന്നു “

ഇത് കേട്ടപ്പോൾ അവർ സഞ്ചാരം ഇഷ്ടപ്പെടുന്ന ആളാണെന്ന് വേദ്ബഹാദൂറിന് തോന്നി.

“താരീഖിനോട് തുടരാനാവശ്യപ്പെട്ടതാണ്. പക്ഷേ, അത് അനുവദനീയമല്ലെന്നറിഞ്ഞു”

“പന്ത്രണ്ട് മണിക്കൂറിലധികം ജോലി ചെയ്യാൻ ഡ്രൈവർമാർക്ക് നിർവ്വാഹമില്ല. അതിഥികളുടെ സുരക്ഷയാണ് പ്രധാനം”

“ശരിയാണ്, ക്ഷീണിച്ച ഒരാൾക്ക് ഈ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഇന്നത്തെ രാത്രിയിൽ.”

ഷേയ്ക്ക് സയ്ദ് റോഡിൽ, വാഹനങ്ങളുടെ ഉൽക്കാപ്രവാഹത്തിൽ പ്രവേശിച്ച ഡെനാലി, സമയത്തെ കീഴടക്കാനുള്ള മനുഷ്യന്‍റെ അടങ്ങാത്ത വാഞ്ഛയുടെ പ്രതീകമായി. വേഗസീമയുടെ ഇരുപുറങ്ങൾ മാറിമാറി തൊട്ട് ഋജുരേഖയിൽ സഞ്ചരിക്കവേ വീഥിക്കിരുവശമുള്ള കാഴ്ചയിൽ അവർ അത്ഭുതം കൂറി. നിരനിരയായി നിൽക്കുന്ന അംബരചുംബികൾ നോക്കി അവർ പറഞ്ഞു.

“എത്രമാത്രം മനോഹരമായ നിർമ്മിതികളാണ്… ഓരോന്നും അതുല്യം” അതിശയപ്പെട്ട് അവർ പറഞ്ഞു

“അത് കാണൂ… സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് ഈ നഗരം കുതികൊണ്ട ലോഞ്ച്പാഡാണത്” ബൂർജ് ഖലീഫ ചൂണ്ടിക്കാണിച്ച് വേദ്ബഹാദൂർ പറഞ്ഞു.

“ശരിയാണ്. വിസ്മയമാണ്, നിങ്ങളുടെ ഈ നഗരം.”

വിനോദസഞ്ചാരികൾക്ക് പ്രിയമുള്ള ഇടങ്ങളിലിലൂടെയെല്ലാം അവരുടെ വാഹനം സഞ്ചരിച്ചു. എങ്ങും അഭൂതപൂർവ്വമായ ജനപ്രവാഹമാണ്. കുവൈറ്റിസ്ട്രീറ്റിൽ വാഹനങ്ങൾ ഒച്ചുകളെപ്പോലെ ക്രമത്തിൽ ഇഴഞ്ഞു നീങ്ങി.

“എനിക്കൊരല്പം ഷോപ്പിംഗ് ചെയ്യാനുണ്ട്…” അവർ വേദ്ബഹാദൂറിനോട് പറഞ്ഞു.

വാഫിമാളിന്‍റെ പാർക്കിംഗിൽ കാത്തിരിക്കുമ്പോൾ വേദ്ബഹാദൂർ വീണ്ടും തന്‍റെ പത്നിക്ക് ഫോൺ ചെയ്തു. നേപ്പാളിൽ പുതുവത്സരം പിറക്കുമ്പോൾ താൻ ഒരു പക്ഷേ വാഹനമോടിക്കുകയാവും എന്നയാൾ ലോപികയോട് പറഞ്ഞു. അവർ പരസ്പരം ആശംസകൾ കൈമാറി, ചുംബനങ്ങളും. ഇരുകൈകളിലും, അതിസമ്പന്നർക്ക് മാത്രം പ്രാപ്യമായ ആഢംബരസാധനങ്ങളുമായി അവർ തിരിച്ചെത്താൻ രണ്ട് മണിക്കൂർ എടുത്തിരിക്കുമെന്ന് അയാൾ ഓർത്തു. ഓടിച്ചെന്ന് അവരിൽ നിന്നും സാധനങ്ങൾ വാങ്ങി ബൂട്ടിൽ വെച്ച് വാഹനമോടിക്കാനാരംഭിക്കുമ്പോൾ ഡാഷ്ബോഡിൽ സമയം രാത്രി ഒൻപത് എന്ന് തെളിഞ്ഞു.

“എന്നെ ഹത്തയിലേക്ക് കൊണ്ടു പോകൂ. എന്‍റെ പുതുവത്സരാഘോഷം അവിടെയാണ്. “
അസാധാരണമെങ്കിലും ഇങ്ങനേയും അതിഥികൾ ഉണ്ടെന്ന് വേദ്ബഹാദൂർ മുൻ അനുഭവങ്ങളുലൂടെ അറിഞ്ഞതാണ്. ചിലർക്ക് ആഘോഷങ്ങളെല്ലാം ശബ്ദമുഖരിതമാവണം. നിശ്ശബ്ദത ആഘോഷമാക്കുന്ന മനുഷ്യരുമുണ്ട്. വേഗത ത്രസിപ്പിക്കുന്നവർ, ഏകാന്തതയെ പ്രണയിക്കുന്നവർ, വായനയിൽ മാത്രം വസിക്കുന്നവർ, ഹൃദയങ്ങളിൽ അധിനിവേശം ചെയ്ത് സൗഹൃദങ്ങൾ സൃഷ്ടിച്ച് അഭിരമിക്കുന്നവർ; എത്ര വിവിധങ്ങളായ ജനുസ്സുകളാണ് ഓരോ മനുഷ്യനും!

ഹത്തയിലേക്ക് നൂറ്റിനാൽപത് കിലോമീറ്ററോളം ദൂരമുണ്ട്. ഒന്നര മണിക്കൂറോളം യാത്ര ചെയ്യണം. അൽഅവീർ പിന്നിട്ടപ്പോൾ, യാത്രക്കാരിയുടെ നിർദ്ദേശമനുസരിച്ച് വേദ്ബഹാദൂർ വാഹനത്തിന്‍റെ വേഗം കുറച്ചു. പ്രിയമുള്ള ഏതോ ഗാനത്തിന്‍റെ കർണ്ണപടങ്ങളിലേക്ക് നേരിട്ടുള്ള പ്രവാഹത്തിൽ ലയിച്ചും പിറകിലേക്ക് ഓടിമറയുന്ന മൺകൂനകളിൽ കണ്ണുനട്ടും ചിലപ്പോഴൊക്കെ മങ്ങിയ നിലാവെളിച്ചത്തിൽ ദൃശ്യമായ വരയാടുകളെ അത്ഭുതത്തോടെ നോക്കിയും അവർ സമയം ചിലവഴിച്ചു.

“അൽ ബിദായർലേക്കുള്ള വഴിയേ പോകൂ..” ബിദായർ എക്സിറ്റ് അടുക്കാറായപ്പോൾ അവർ പറഞ്ഞു.

ഹത്തയിലേക്കുള്ള യാത്ര, ഇപ്പോൾ ബിദായറിലേക്ക് മാറ്റാൻ എന്താവും കാരണം? മാത്രമല്ല, ബിദായറിലേക്കുള്ള പാത അരികെയാണെന്ന് കൃത്യമായി ഒരു വിനോദസഞ്ചാരിക്ക് എങ്ങനെ പറയാനാവും? ചോദ്യങ്ങൾ വേദ്ബഹാദൂർ സ്വയം ചോദിച്ചു കൊണ്ടിരുന്നു.

ബിദായറിന് സമീപം പെട്രോൾ സ്റ്റേഷനിൽ തന്‍റെ അതിഥിയുടെ നിർദ്ദേശമനുസരിച്ച് വാഹനം നിർത്തിയിട്ടു. ഇരുപത്തിനാല് മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കടയിലേക്ക് അവർ കയറി. അപ്രതീക്ഷിതമായി കിട്ടിയ അവസരത്തിൽ അയാൾ വീണ്ടും ലോപികയെ വിളിച്ചു. ആ സമയം അവർ കുടുംബത്തോടൊപ്പം എൻടിവി പ്ലസ്സിൽ പുതുവത്സര പരിപാടികൾ കാണുകയായിരുന്നു. വേദ്ബഹാദൂർ ഓരോരുത്തരോടും സ്നേഹഭാഷണം നടത്തി, ആശംസകൾ നേർന്നു.

”നമുക്ക് പോകാം “താൻ കൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗിൽ നിന്നും ഒരു കുപ്പി വെള്ളവും ചിപ്സുമെടുത്ത് അയാൾക്ക് നൽകുമ്പോൾ അവർ പറഞ്ഞു.

നഗരത്തിന്‍റെ കാന്തികപ്രഭാവം ഭേദിച്ച പ്രയാണം വേദ്ബഹാദൂർ ആസ്വദിക്കാൻ തുടങ്ങി. എണ്ണത്തിൽ കുറഞ്ഞ വാഹനങ്ങൾ മാത്രം, വേഗത കുറച്ച്, തനിക്ക് മുന്നിലും പിറകിലുമായി. ഇരുവശങ്ങളിലും കുഞ്ഞു ടെൻ്റുകളിൽ കുടുംബങ്ങൾ സംഗമിക്കുന്നു. അകലെയായി നിർത്തിയിട്ട വാഹനത്തിൽ നിന്നും ഷെബ് ഖാലിദ് ഉറക്കെ പാടി.

…ദർനാ അൽമെൽഖാ ഫിഅൽജബാലുഅൽഗാംഖ
ദർനാ അൽമുൽഖാഅൻദ എൽസൂസീ ജർഹാ
റഖദ് അഹ്ത്വ അ മോൾ എൽ താക്സീ
വ ദീ ദീ.. ദീ ദീ..
ദീ ദീ ദീ ദീ എൽസൈൻ ദീ വാഹ്
ദീ ദീ വാഹ് ദീ ദീ
ദീ ദീ ദീ ഹാ എൽസൈൻ ദീഏയ്….

“വലത്തോട്ടുള്ള വഴി പോകൂ…” പെട്രോൾ സ്റ്റേഷനിൽ നിന്നും ഏകദേശം മുന്നോ നാലോ മൈൽ ദൂരം പിന്നിട്ടപ്പോൾ യാത്രക്കാരി ആവശ്യപ്പെട്ടു. വലത്തോട്ട് പക്ഷേ മണ്ണും ചരലുകളും ഉറച്ചുണ്ടായ പാത മാത്രമാണ്. ഫാം ഹൗസുകളിലേക്കാണ് ഇത്തരം പാതകൾ എത്തിച്ചേരുക.

ഏറെ ശ്രദ്ധയോടെ, വേദ്ബഹാദൂർ വാഹനം വലത്തോട്ടിറക്കി. ചക്രങ്ങൾക്കടിയിൽ ചരലുകൾ അമരുന്ന ശബ്ദം കേൾക്കാം. നിലാവെളിച്ചത്തിൽ മാത്രമാണ് മുന്നോട്ടുള്ള പാത കാണാനാവുക. ഇടതുവശം മുളകൊണ്ട് കെട്ടിയ വേലിക്കകത്ത് ഒട്ടകങ്ങൾ വിശ്രമിച്ചു. പൊടുന്നനെയാണ് വലതുവശത്തു നിന്നും ഒട്ടകക്കൂട്ടങ്ങൾ കയറിവന്നത്. അവയെ തൊട്ടു തൊട്ടില്ല എന്ന പോൽ വാഹനം നിന്നു. മുഷിഞ്ഞ കന്ദൂര ധരിച്ച ഒരാൾ വാഹനത്തിനുള്ളിലേക്ക് നോക്കി സലാം പറഞ്ഞ് ഒട്ടകങ്ങളെ മുളവേലിക്കകത്തേക്ക് തെളിച്ചു.
ഏകദേശം ഒരു മൈൽ പിന്നിട്ടപ്പോൾ വലതുഭാഗത്ത് മരുഭൂമിയിലേക്ക് വാഹനങ്ങൾ പോയതിന്‍റെ അടയാളങ്ങൾ കാണപ്പെട്ടു.

“നമ്മുടേത് ഈ വഴിയാണ്..” എന്ന യാത്രക്കാരിയുടെ നിർദ്ദേശം കേട്ട്, സംശയനിവാരണത്തിനെന്ന പോലെ റിയർവ്യൂ മിററിലൂടെ അവരെ നോക്കി.

“അതെ… മരുഭൂമിയിലാണ് ഇന്നത്തെ ആഘോഷം.” എന്ന് അവർ വ്യക്തമാക്കിയതും, വേദ്ബഹാദൂർ വാഹനം പാതയോരം ചേർന്ന് നിറുത്തി, അവരോട് ഇപ്രകാരം പഞ്ഞു.

“ക്ഷമിക്കണം. മരുഭൂമിയിലേക്ക് വാഹനവുമായി പോവാനുള്ള അനുവാദമില്ല. തന്നെയുമല്ല, മൺകൂനകളിൽ വാഹനമോടിക്കാനുള്ള പ്രാവീണ്യവും എനിക്കില്ല”

വേദ്ബഹാദൂറിന്‍റെ മറുപടി കേട്ടിട്ടും തന്‍റെ യാത്ര ലക്ഷ്യമെത്താതാവുമെന്ന നിരാശ അവരെ സ്പർശിച്ചതേ ഇല്ല. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം, അല്ലം മുമ്പ് താൻ വാങ്ങിയ സാധനങ്ങൾക്കിടയിൽ നിന്നും ചെറിയ ഉപകരണമെടുത്ത് വളരെ പെട്ടെന്ന് വാഹനത്തിന്‍റെ ഡോർ തുറന്ന് പുറത്തിറങ്ങി. വേദ്ബഹാദൂർ സൈഡ് വ്യൂ മിററിൽ നോക്കുമ്പോഴേക്കും അവർ വാഹനത്തിന്‍റെ പിറകിലെ ചക്രത്തിന് സമീപം ഇരുന്നു കഴിഞ്ഞിരുന്നു. തിടുക്കത്തിൽ അയാൾ വാഹനത്തിൽ നിന്നും ഇറങ്ങി അവരുടെ അടുത്തെത്തി.

അപ്പോഴേക്കും അവർ ടയറിലെ മർദ്ദം നേർപകുതിയാക്കിക്കഴിഞ്ഞിരുന്നു. വേദ്ബഹാദൂറിന്‍റെ സാമീപ്യം കൂസാതെ അവർ ഓരോ ടയറിന്‍റെയും മർദ്ദം തന്‍റെ കൈവശമുള്ള ഉപകരണമുപയോഗിച്ച് കുറച്ചുകൊണ്ടിരുന്നു. നാലാമതായി, ഇടതുമുൻഭാഗത്തെ മർദ്ദം കുറച്ച ഉടൻ, മുന്നിലെ ഡോർ തുറന്ന് ഡ്രൈവറുടെ ഇരിപ്പിടത്തിൽ ഇരുന്ന് സ്റ്റിയറിംഗിൽ കൈ രണ്ടുമുറപ്പിച്ചു. ഗ്ലാസ്സ് താഴ്ത്തി പുറത്ത് അന്ധാളിച്ച് നിൽക്കുന്ന വേദ്ബഹാദൂറിനോട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“കയറൂ.. സൗജന്യ മരുഭൂമിസവാരി ആസ്വദിക്കൂ”

എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സ്തബ്ദ്ധനായ വേദ്ബഹാദൂറിനോട് “താങ്കൾക്ക് മറ്റു മാർഗ്ഗമൊന്നുമില്ല” എന്നവർ വീണ്ടും ഓർമ്മിപ്പിച്ചു.

വേദ്ബഹാദൂർ വലതുഭാഗത്തെ മുൻസീറ്റിൽ കയറി സീറ്റ് ബെൽറ്റിട്ടതും അവർ ആക്സിലേറ്റർ ശക്തിയായി അമർത്തി. അതിവേഗത്തിൽ വാഹനം മുന്നോട്ട് കുതിച്ചു. നിമിഷനേരം കൊണ്ട് മരുഭൂമിയിൽ പ്രവേശിച്ച വാഹനം അതിവിദഗ്ദ്ധമായി അവർ മൺകൂനകളിലൂടെ കയറ്റിയിറക്കി. വാഹനത്തിന്‍റെ പ്രവേഗം ഇരട്ടിപ്പിച്ച് മണ്ണിൻമലയുടെ മുകളിലെത്ത് താഴേക്ക് നിരങ്ങി നീങ്ങുന്നത് അവരെ ത്രസിപ്പിച്ചു. അവർ ആർത്തുവിളിച്ച് പൊട്ടിച്ചിരിച്ചു. അപ്പോഴെല്ലാം അതിയായ പിരിമുറുക്കത്തോടെ വേദ്ബഹാദൂർ സൈഡ്ബാറിൽ പിടിച്ചിരുന്നു. നിലാവിന്‍റെ പ്രഭയിൽ, ഒന്നിന് പിറകെ ഒന്നായി തിരമാലകൾ അലയടിക്കുന്ന സാഗരം പോലെ മരുഭൂമി വ്യാപിച്ചുകിടന്നു. വരിവരിയായി മൺകൂനകൾ കയറി ഇറങ്ങുന്ന വാഹനവ്യൂഹങ്ങൾ അകലെ കാണാം. മറ്റൊരു ഭാഗത്ത് ചെറുതമ്പുകൾ മിന്നാമിനുങ്ങുകളെപ്പോലെ ധാരാളമായി ചിതറിക്കിടന്നു. അവയ്ക്ക് സമീപം തീ കാഞ്ഞും പാട്ടുപാടിയും നൃത്തം ചെയ്തും അനേകം പേർ പുത്തൻ പ്രതീക്ഷകളെ ആഘോഷിച്ചുകൊണ്ടിരുന്നു.

ആഡംബരവാഹനവുമായി മരുഭൂമിയിൽ സവാരി ചെയ്യാനോ അതിഥിക്ക് വാഹനം കൈമാറാനോ പാടില്ല എന്ന നിബന്ധന ലംഘിച്ചുവെന്ന യാഥാർത്യത്തിൽ അസ്വസ്ഥനായി അയാൾ ആ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു.

“ഇനിയുമെത്ര ദൂരമുണ്ട്…?” എന്ന അയാളുടെ ചോദ്യം കൂസാതെ അവർ മരുഭൂമിയുടെ അകം തേടിയുള്ള പ്രയാണത്തിന് വേഗം കൂട്ടി. ഒടുവിൽ, നാലുഭാഗത്തും കോട്ടകൾ പോലെ ഉയർന്നുനിൽക്കുന്ന മൺകൂനകൾ സംഗമിച്ച സമതലത്തിൽ അവർ യാത്രയവസാനിപ്പിച്ചു. പൂർണ്ണചന്ദ്രൻ പകുത്തുനൽകിയ വെളിച്ചത്തിൽ ചുറ്റുപാടും വീക്ഷിച്ച് വേദ്ബഹാദൂർ ചോദിച്ചു.

“പുതുവത്സര ആഘോഷത്തിന് ഇവിടെയെങ്ങും ആരുമില്ലല്ലോ…!”

മറുപടി അവർ ഒരു പുഞ്ചിരിയിലൊതുക്കി. ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ വേദ്ബഹാദൂറിനോട് അനുഗമിക്കാൻ പറഞ്ഞു. നിർവ്വാഹമില്ലാതെ അയാൾ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. മരുഭൂമിയിലെ അതിശൈത്യം കരുണയില്ലാതെ അയാളെ പൊതിഞ്ഞു. വിറകൊണ്ട അയാൾ, തണുപ്പിനെ കൂസാതെയുള്ള അവരുടെ ശരീരഭാഷയിൽ അതിശയിച്ചു. ഏതാനും ചുവടുകൾ വെച്ച്, തന്‍റെ പേഴ്സിൽ നിന്നും ഒരു സിഗരറ്റെടുത്ത് അലസമായി വലിച്ചൂതി. പിന്നീട് അവർ, കാറിന്‍റെ പിറകിലെ ഡോറിൽ ചാരിനിൽക്കുകയായിരുന്ന അയാളുടെ സമീപത്തേക്ക് മന്ദം നടന്നുകൊണ്ട് പറഞ്ഞു.

“കൂടെ താങ്കളുണ്ടല്ലോ…!”

“എനിക്ക് മനസ്സിലായില്ല..” അല്പം നീരസത്തോടെ വേദ് പറഞ്ഞു.

“എനിക്കിന്ന് പുതുവത്സരം ആഘോഷിക്കാൻ വേദ് ഉണ്ടല്ലോ കൂടെ, എന്ന്..”

വേദ്ബഹാദൂർ അവരെ ചോദ്യരൂപേണ നോക്കി.

“നോക്കൂ… എനിക്കൊരു ശീലമുണ്ട്… “അയാളുടെ അടുത്തെത്തി, മരുഭൂമിയിലെ തണുത്ത കാറ്റേറ്റ് ക്രമംതെറ്റിയ അയാളുടെ തലമുടി തന്‍റെ വിരലുകളാൽ ചീകിയൊതുക്കിക്കൊണ്ട് അവർ തുടർന്നു,

“ക്രമമില്ലാത്തെ ചെന്നെത്തുന്ന ഇടത്ത്, ക്രമമില്ലാതെയെത്തുന്ന ആൾക്കൊപ്പം രതി. അതാണെന്‍റെ പുതുവത്സരാഘോഷം.”

വേദ്ബഹാദൂർ അവരെ അവിശ്വസനീയമായി നോക്കി.

“ക്രമം തെറ്റിയെത്തിയ ഇടമാണിത്. ക്രമം തെറ്റി എത്തിയ ആളാണ് വേദ്.. അതുകൊണ്ട്…” അത്രയും പറഞ്ഞ്, കണ്ണുകളടച്ച് കാൽവിരലുകളിലുയർന്ന്, വികാരാധീനയായി അയാളുടെ ശിരസ്സിൽ ചുംബിച്ചു.

അപ്രതീക്ഷിതമായ അവരുടെ ചലനം അയാളെ തീർത്തും നിഷ്ക്രിയനാക്കി. പ്രതികരണമില്ലായ്മയിൽ കൂസാതെ തന്‍റെ തനുവിനോട് ചേർത്തു പിടിച്ച് അയാളുടെ അധരങ്ങളിൽ അധരങ്ങൾ ചേർത്തു. അപ്പോൾ വേദ്ബഹാദൂർ തന്‍റെ ഇരുകൈകളും അവരുടെ തോളെല്ലിൽ അമർത്തി പിൻവലിയാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“എനിക്കിത് ചെയ്യാനാവില്ല… ഞാൻ കൊടുത്തൊരു വാക്കുണ്ട്, എന്‍റെ പെണ്ണിന്. അത് തെറ്റില്ല… ഉറപ്പ്.”

അപ്പോൾ, വേദ്ബഹാദൂറിന്‍റെ ശിരസ്സിൽ തഴുകിക്കൊണ്ടിരുന്ന അവരുടെ ഇടതുകൈ അയാളുടെ കഴുത്തിന്‍റെ പിൻഭാഗത്തേക്ക് നീക്കി തന്നോടടുപ്പിച്ചു. തീഷ്ണമായി അയാളുടെ കണ്ണുകളിലേക്ക് നോട്ടമെറിയുമ്പോൾ അവരുടെ കൃഷ്ണമണി ഇടംവലം ചലിച്ചു കൊണ്ടിരുന്നു. കാഠിന്യമേറിയ സ്വരത്തിൽ പറഞ്ഞു.

“ഇതറിയൂ… ഈയനുഷ്ഠാനനിർവ്വഹണം നടന്നേ തീരൂ. അല്ലാതെ പുതുവർഷം പിറക്കില്ല. ഈ രാവിന് പുലരാനാകില്ല…”

ഭ്രാന്തമായ അഭിനിവേശത്തോടെ അവർ തന്‍റെ കവിളുകളിൽ ചുംബിക്കവേ സർവ്വശക്തിയുമെടുത്ത് കുതറിമാറാൻ വേദ്ബഹാദൂർ ശ്രമിച്ചു. പ്രതിരോധിച്ചപ്പോൾ അവരെ മണൽമെത്തയിലേക്ക് തള്ളിയിട്ട് വേദ്ബഹാദൂർ ധൃതിയിൽ വാഹനത്തിൽ കയറി. ലോക്ക് സിലിണ്ടറിൽ താക്കോൽ കാണാഞ്ഞ് വാഹനത്തിന്‍റെ ഉൾവശമാകെ തിരഞ്ഞു. പൊടുന്നനെ, സൈഡ് വ്യൂ മിററിൽ താക്കോലും തന്‍റെ ഫോണും ഉയർത്തി, പുഞ്ചിരിച്ച് നിൽക്കുന്ന സ്ത്രീയുടെ പ്രതിബിംബം കണ്ട് ഭയചകിതനായി. അതയാളെ വാഹനത്തിൽ നിന്നും ഇറങ്ങി ഓടാൻ പ്രേരിപ്പിച്ചു. തൊട്ടടുത്തുള്ള മൺകൂന ഓടിക്കയറുമ്പോൾ ദൂരെ നിന്നുമുയരുന്ന സംഗീതം കേട്ട്, സമാശ്വസിച്ച്, ആ ദിക്കിലേക്ക് പോകാൻ തീരുമാനിച്ചു. മണൽക്കൂനയുടെ മുകളിലെത്തിയതും, സംഗീതത്തിന്‍റെ ഉറവിടം മൈലുകൾ ദൂരെയാണെന്നും ഈ മൺസാഗരം കടന്ന് അവിടെയെത്തുക അസാദ്ധ്യമെന്നുമുള്ള തിരിച്ചറിവിൽ അയാൾ അസ്വസ്ഥനായി.

മരുഭൂമിയിലെ ദിശകളറിയാതെയുള്ള ഓട്ടം, കാലുകൾ മണലിൽ താഴ്ന്നും തെന്നിവീണും ദുഷ്കരമായി. മുന്നോ നാലോ മണൽക്കൂനകൾ പിന്നിട്ടപ്പോഴേക്കും ക്ഷീണിതനായ അയാൾ, ഇലകൾ പൊഴിഞ്ഞ് ഒറ്റയാൻ പോലെ നിന്നിരുന്ന ഖാഫ് മരത്തിൻ കീഴെ വിശ്രമിക്കാനിരുന്നു. തിരയൽ വെളിച്ചം പോലെ ഉയർന്നും താണും നീങ്ങിയ പ്രകാശരശ്മികൾ കണ്ടപ്പോൾ, ആ സ്ത്രീ വാഹനവുമായി തന്നെ തേടി പുറപ്പെട്ടുവെന്ന് വേദ്ബഹാദൂർ അറിഞ്ഞു. ആകാശത്ത് പൂർണ്ണചന്ദ്രനെ നോക്കി അയാൾ പ്രാർത്ഥിച്ചു. തത്സമയം, പാദങ്ങളിൽ പ്രത്യേകതരം തണുവ് ഇഴഞ്ഞു കയറുന്നതായി അയാൾക്ക് അനുഭവപ്പെട്ടു. അതിന്‍റെ ഹേതു തിരഞ്ഞുള്ള നോട്ടത്തിൽ താനേറ്റവും ഭയപ്പെടുന്ന വിഷധാരിയെ കണ്ട മനോഭയം നിമിത്തം ശരീരം വിറച്ചു. തണുപ്പ് ഇറങ്ങിപ്പോകും വരെ പാദങ്ങൾ അനക്കാതെ, കണ്ണുകളും ചുണ്ടുകളും ഇറുക്കിപ്പിടിച്ചിരിക്കുമ്പോൾ അയാൾ കരഞ്ഞുകൊണ്ടിരുന്നു.

അതിവേഗം പിടഞ്ഞെഴുന്നേറ്റ് മറ്റൊരു ദിശയിൽ അയാൾ ഓടാനാരംഭിച്ചു. അങ്ങകലെയായി കാണപ്പെട്ട വെളിച്ചം മറ്റൊരു വാഹനത്തിന്‍റെതാകാമെന്ന ചിന്ത അയാൾക്ക് സ്വയം സ്വാന്തനമായി. അടുക്കുന്തോറും പ്രകാശത്തിന്‍റെ തീവ്രത ഏറി വന്നു. മലയിറങ്ങി വന്ന തെളിവിന്‍റെ പ്രവാഹത്തിന് മുന്നിൽ അയാളൊരു നിഴലായ് കിതച്ചുകൊണ്ടിരുന്നു. തന്‍റെ ദേഹത്ത് നിന്നും ഇഞ്ചുകൾ മാത്രം അകലെ വാഹനം വന്നുനിന്നപ്പോൾ അയാൾ നിരാശയുടെ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വേദ്ബഹാദൂറിന്‍റെയും ഡെനാലിയിലെ സ്ത്രീയുടേയും മിഴികൾ തമ്മിലുടക്കി. അവർ വേദ്ബഹാദൂറിനെ നോക്കി പുഞ്ചിരിച്ചു.

“ഇത്ര നിർമ്മലമാണോ ഇയാൾ..! എന്നോട് ക്ഷമിക്കൂ. ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു.. “

മറുപടി പറയാതെ, അവിശ്വസനീയമായി അയാൾ തന്നെ നോക്കുക മാത്രം ചെയ്തപ്പോൾ അവർ തുടർന്നു.

“എന്നെ വിശ്വസിക്കൂ. വരൂ… സമയമായി, എയർപ്പോർട്ടിൽ വിട്ട് പോയ്ക്കോളൂ. അതുവരെ ഞാൻ ഓടിച്ചോട്ടെ…”

ഒരു നിമിഷത്തെ ആലോചനയിൽ, അന്യഗതിയില്ലെന്ന തിരിച്ചറിവുണ്ടായപ്പോൾ വാഹനത്തിൽ കയറാൻ അയാൾ തീരുമാനിച്ചു. നിർവികാരനായി അയാൾ പിറകിലെ സീറ്റിൽ കയറി വലതുഭാഗം ചേർന്നിരുന്നു.

“അല്പം വെള്ളം കുടിക്കൂ…” കൂൾബോക്സിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് അയാൾക്ക് നൽകിക്കൊണ്ട് അവർ പറഞ്ഞു. തനിക്ക് അതിയായി ദാഹിക്കുന്നുവെന്നത് അയാൾക്ക് അപ്പോഴാണ് ഓർമ്മ വന്നത്. ജലത്തിന്‍റെ ലവണരസം തിരിച്ചറിയാനാവത്ത വിധം അയാളുടെ നാവ് വരണ്ടിരുന്നു.

“ആശ്വാസം തോന്നുന്നുവോ.. എങ്കിൽ നമുക്ക് പുറപ്പെടാം?” റിയർവ്യൂ മിററിൽ നോക്കി അവർ ചേദിച്ചു.

ഏതാനും മണിക്കൂറിനുള്ളിൾ ഹോട്ടലിൽ തിരികെയെത്താമെന്ന വിശ്വാസത്തിൽ അയാൾ കണ്ണുകളടച്ച്, പിറകോട്ട് ചാരിയിരുന്നു. വലതുഭാഗത്തേക്ക് ഏതാനും മൈലുകൾ കടന്നാലാണ് ഹൈവേയെത്തുക. വാഹനം, ഇടത്തോട്ട് തിരിഞ്ഞ് മരുഭൂമിയുടെ മദ്ധ്യഭാഗത്ത്, ചന്ദ്രനെ വിരലുകളാൽ തൊടാനും നക്ഷത്രങ്ങളെ പൂക്കൾ പോലെ ഇറുത്തെടുക്കാനുമാകും വിധം ഉയരത്തിലുള്ള മൺകൂനയെ ലക്ഷ്യമാക്കി മണലാഴത്തിലേക്ക് കുതിച്ചു. നാനൂറ്റി ഇരുപത് കുതിരശക്തിയിൽ പർവ്വതാരോഹണം അനായസമാക്കി വാഹനം, ആഴക്കടലിലെ കപ്പൽ പോലെ നങ്കൂരമിട്ട് കിടന്നു. പിൻസീറ്റിൽ, ഏതോ രാസപദാർത്ഥമേകിയ ലഹരിക്ക് കീഴ്പ്പെട്ട് വേദ്ബഹാദൂർ മയങ്ങി. വാഹനത്തിന്‍റെ പാർക്കിംഗ് ലൈറ്റ് മാത്രമിട്ട്, എഞ്ചിൻ ഓഫ് ചെയ്ത് താഴെയിറങ്ങിയ അവർ, ഇടതുവശത്തെ ഡോർ തുറന്ന് വേദ്ബഹാദൂറിന്‍റെയടുത്തെത്തി, അയാളോട് ചേർന്നിരുന്നു. മയക്കം വിട്ട അയാൾ തന്‍റെ സമീപത്തൊരു സ്ത്രീയെ കണ്ട് അത്ഭുതം കൂറി. കണ്ണുകളിൽ വിഭ്രാന്തിയുടെ ഏറ്റം കണ്ട് അവർ അകമേ ആനന്ദിച്ചു. എങ്കിലും, ഒരു സ്ഥിരീകരണം അനിവാര്യമാകയാൽ അവർ ഒരിക്കൽക്കൂടി ആ ചോദ്യം ചോദിച്ചു.

“ക്രമം തെറ്റിയെത്തിയ ആളിന്‍റെ പേരെന്താണ്..?”

തന്‍റെ പേര് ഓർത്തെടുക്കാനുള്ള ശ്രമം കണ്ട് അവർ പൊട്ടിച്ചിരിച്ചു. അയാളെ ചേർന്നിരുന്ന് സ്വകാര്യം പറഞ്ഞു.

“എന്‍റെ അഭിലാഷങ്ങൾ ഇനി മുതൽ ഇയാൾക്കുള്ള ആജ്ഞകളാവും.. എന്നോടൊപ്പം വരൂ.”

അയാളെ കൈപിടിച്ച്, താഴെയിറങ്ങാൻ സഹായിച്ച് വാഹനത്തിന് മുന്നിലേക്ക് മന്ദം നടന്നു. കൊതിപ്പിക്കുന്ന കണ്ണുകളാൽ നോട്ടമെറിഞ്ഞ്, മോഹിപ്പിക്കുന്ന ചുണ്ടുകളാൽ പുഞ്ചിരിച്ച് അയാളെ ക്ഷണിച്ചു. അപ്പോൾ, ആദ്യമായി അവരുടെ അംഗലാവണ്യം കണ്ട് അയാളിൽ ആസക്തിയുടെ മണൽക്കാറ്റ് വീശി. മണൽക്കൂനകളുടെ ആകാരവടിവ് അവരോട് തോൽക്കുമെന്നയാൾക്ക് തോന്നി.

വാഹനത്തിന് മുന്നിൽ ചാരി നിന്ന് അവർ വേദ്ബഹാദൂറിന് നേരെ ഇരുകൈകൾ നീട്ടി. നിശ്വാസങ്ങൾ ഇണചേരും വിധം അയാൾ അവരോട് ചേർന്ന് നിന്നു. വിരലുകൾ അവരുടെ കവിളിൽ മൃദുവായി ചലിപ്പിച്ചു. കണ്ണുകളടച്ച്, മുഖം ഒരു വശം ചെരിഞ്ഞ് അവർ മന്ത്രിച്ചു.

“എന്നെ ചുംബിക്കൂ…”

അധരസ്പർശത്താൽ രോമാഞ്ചിതയായി അവർ അയാളെ തന്നിലേക്ക് ലയിപ്പിച്ചു. ചുംബിക്കാൻ ഇടങ്ങൾ പകുത്ത് നൽകി. അധരങ്ങൾ മാറ്റക്കച്ചവടത്തിൽ മുഴുകവേ, അയാളുടെ കൈകൾ അവരുടെ മൃദുത്വത്തിൽ ഒഴുകി നടന്നു.

“നുകരൂ…” വാഹനത്തിന്മേൽ അലസമായി മലർന്ന്, ഗൗൺ മാറിൽ നിന്നും അയച്ച്, വീഞ്ഞിൻ നിറത്തിലൊളിപ്പിച്ച സ്തനങ്ങൾ അനാവരണം ചെയ്ത് അയാളോട് ആമന്ത്രണം ചെയ്തു.
യന്ത്രമനുഷ്യനെപ്പോലെ അയാൾ അവരുടെ ഇംഗിതങ്ങളോരുന്നും നിറവേറ്റുമ്പോൾ ലജ്ജിച്ചും കോൾമയിർകൊണ്ടും അയാളോട് കലഹിച്ചു. മെല്ലെ, മരുഭൂമിയിലെ സർപ്പം ഖാഫ് മരത്തിലെന്നപോലെ, അവർ വാഹനത്തിൻ മുകളിലേക്ക് ഇഴഞ്ഞു കയറി. നീലാകശത്ത് നക്ഷത്രങ്ങൾക്ക് നേരെ മുഖാമുഖം നിന്നു. നിലാവിൽ സ്വർണ്ണനാരുകൾ പോലെ തിളങ്ങിയ മുടിച്ചുരുൾ അകാശത്തേക്ക് പറത്തിവിട്ടു. തത്സമയം, വിവസ്ത്രനായി അയാൾ അവർക്കൊപ്പം ചേർന്നു. ആജ്ഞാനുവർത്തിയായി അവരുടെ മേലാടയുരിഞ്ഞെറിഞ്ഞു. കാഴ്ചകൾ മറയ്ക്കും വിധം ചന്ദ്രന് നേരെയത് പറന്നുയർന്നു.വാഹനത്തിന്‍റെ മേൽത്തട്ടിൽ അതിശൈത്യത്തിലും രണ്ട് ഉടലുകൾ തിളയ്ച്ചുകൊണ്ടിരുന്നു. അയാൾക്കുള്ള കല്പനകൾ നൽകവേ, മംസാർ തടാകത്തിലെ ഓളങ്ങൾ പോലെ അവൾ പുളഞ്ഞുകൊണ്ടേയിരുന്നു.

“നിന്‍റെ ഡെനാലി ഈ മൺകൂനയെ എന്ന പോൽ എന്നെ കീഴ്പ്പെടുത്തൂ!” അവനോട് കെഞ്ചി.

മൺതരംഗങ്ങളിൽ അനായസമായൊഴുകിയ വാഹനം പോലയാൾ പരമാനന്ദത്തിന്‍റെ ത്രസരേണുക്കളെ വിസ്ഫോടിപ്പിച്ചു.പ്രകാശവേഗമായൊരു ചിന്തയിൽ, അവർ തന്‍റെ വലതുകൈ ഉയർത്തി വാച്ചിൽ നോക്കി , പുതുവത്സരപ്പിറവി പത്തു മിനിറ്റ് മാത്രം ദൈർഘ്യത്തിലാണെന്ന് തിരിച്ചറിഞ്ഞു.

“എന്നെ അനുഭവിച്ച് മതി വന്നില്ലേ..!” എന്ന അവരുടെ ചോദ്യത്തിന്, “ഇല്ല, സൗന്ദര്യമേ” എന്നയാൾ മറുപടി പറഞ്ഞു.

“എങ്കിൽ.. ഇതും ആസ്വദിക്കൂ.” എന്നയാളോട് അവർ രഹസ്യം പറഞ്ഞു.

കരുതലോടെ അയാളെ തന്നിൽ നിന്നും അടർത്തി, പുരുഷാടയാളത്തെ സാവധാനം തന്‍റെ സക്ഥികൾക്കിടയിലേക്ക് സ്വീകരിച്ചു.

“എന്നിലേക്ക് അമരൂ…” എന്ന അജ്ഞ അയാൾ അനുസരിച്ചു. അവർ അയാളെ ഗാഢം പുണർന്ന്, കണ്ണുകളടച്ച്, ദീർഘശ്വാസമെടുത്തു. അവരുടെ സർവ്വശക്തിയും തുടയെല്ലിൽ സമാഹരിക്കപ്പെട്ടു. നിമിഷത്തെ പിളർന്ന നേരം മാത്രം, അഭ്യാസിയെപ്പോലെ അസാധാരണമായൊരനക്കത്തിൽ അവയവം ശിഥിലമാക്കപ്പെട്ടു. ചീറ്റിയൊഴുകിയ രക്തം ചാറൽമഴപോലെ മണലിനെ നനച്ചു. അലറിക്കരഞ്ഞ അയാളുടെ മുഖം തന്‍റെ മാറിലേക്കമർത്തി ശ്വാസം മുട്ടിച്ചു. കരുണയില്ലാതെ അയാളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ, ദ്വന്ദ്വയുദ്ധത്തിലെ വിജയിയെപ്പോലെ അവർ ആമോദിച്ചു. രുധിരമൊഴുകി, പ്രജ്ഞയറ്റപോൽ അയാൾ അവർക്കുമേൽ തളർന്നു കിടന്നു. ഭ്രാന്തമായൊരലർച്ചയോടെ ഇരുകാലുകൾകൊണ്ടുള്ള തൊഴിയേറ്റ് അയാൾ താഴേക്ക് പതിച്ചു. തെറിച്ചും ഉരുണ്ടും അതിവേഗം കുത്തനെയുള്ള മൺകൂനയുടെ അടിവാരത്തിൽ ചെന്ന് പതിച്ചു.

അവർ വാഹനത്തിന്‍റെ അറ്റത്തിരുന്ന്, കാലുകൾ താഴേക്കിട്ട്, അയാളെ നോക്കി ഉന്മാദിനിയായി അമറി. തന്‍റെ വലതുകാൽ ഉയർത്തി, ചെറുവിരനിലറ്റത്ത്, താഴേക്ക് പതിക്കാൻ തയ്യാറായി നിൽക്കുന്ന രക്തത്തിൽ തൊട്ടു. അതൊഴുകിയ ചാലിലൂടെ തന്‍റെ വിരലുകളെ പതിയെ ചലിപ്പിച്ച് തനുവിന്‍ മധ്യത്തിൽ വിശ്രമിപ്പിച്ചു. ശേഷം, പിടയുന്ന മനുഷ്യനെ നോക്കി വിരലുകളാൽ മൈഥുനം ചെയ്തു. ഒരു ജീവൻ അപ്പോഴും പിടഞ്ഞു കൊണ്ടിരുന്നു. പുതുവത്സരത്തിന്‍റെ ആദ്യനിമിഷമൊരു നീർപ്പോളയായി വീണുടഞ്ഞു. ആ കുമിളയിൽ നിന്നും ബഹിർഗ്ഗമിച്ച പ്രാണവായുവിനെ അയാൾ ശ്വാസമായെയെടുത്തു. ഒരു നിശ്വാസം പകരം ലഭിക്കാതെ പ്രകൃതി വഞ്ചിക്കപ്പെട്ടു. തത്സമയം, ഒരു രതിമൂർച്ഛയുടെ സീൽക്കാരത്തിൽ ഭൂമി മരവിച്ച് കിടന്നു.

ഡിസംബർ 31, 1985. 23.45

പുതുവത്സര ആഘോഷങ്ങൾ ലണ്ടൻ നഗരത്തിലെമ്പാടും പാരമ്യതയിലാണ്. ലണ്ടൻ ബ്രിഡ്ജിന് സമീപത്തെ ഡിമിറ്റ്റി & മേഴ്സിയർ എന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ ഉദ്യാനത്തിൽ ക്രിസ്മസ് റോസുകൾ വിരിഞ്ഞുനിന്നു. ഹോട്ടലിൽ നിന്നും വേറിട്ട്, അമ്പത് മീറ്റർ മാത്രം അകലത്തിലാണ് കപ്പൽ മാതൃകയിലുള്ള അവരുടെ ബാങ്ക്വിറ്റ് ഹാൾ. ഡേവ് ക്വീൻട്രെൽ എന്ന അതിസമ്പന്നൻ, തന്‍റെ സുഹൃത്തുക്കൾക്കും ജീവനക്കാർക്കുമായൊരുക്കിയ പുതുവത്സര ആഘോഷം നടന്നുകൊണ്ടിരിക്കുകയാണ്.

പുതുവത്സരപ്പിറവിക്ക് ഏതാനും മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ, സംഗീതവും നൃത്തവും അതിന്‍റെ ഉച്ഛസ്ഥായിലായി. ഒരു ദിവസം മുമ്പ് മാത്രം, ഒമ്പതാം പിറന്നാൾ ആഘോഷിച്ച ഡേവിന്‍റെ മകൾ സേനിയ അവളുടെ കൂട്ടുകാരികൾക്കൊപ്പം കുട്ടികളുടെ ഡാൻസ് ഫ്ലോറിൽ എല്ലാം മറന്ന് നൃത്തം ചെയ്തു കൊണ്ടിരുന്നു. പരസ്പരം കേൾക്കാനാവാത്ത അവസ്ഥയിൽ, അമ്മയോടെന്തോ പറയാനുള്ള തന്‍റെ ശ്രമം ഉപേക്ഷിച്ച് അവൾ തന്‍റെ കൂട്ടുകാരിക്കൊപ്പം ലോബിയിലേക്ക് നടന്നു.

ഹാളിന്‍റെ ഡോറിനടുത്തെത്തിയപ്പോഴേക്കും ആരംഭിച്ച ഗാനം തന്‍റെ പ്രിയപ്പെട്ടതാകയാൽ, ” ഒരു നിമിഷം നിൽക്കൂ, ഞാനിതാ എത്തി” എന്നു പറഞ്ഞ് കൂട്ടുകാരി ഡാൻസ് ഫ്ലോറിലേക്ക് മടങ്ങി. കൂട്ടുകാരിയില്ലാതെ സേനിയ ലോബിയിലെത്തി, എതിർദിശയിൽ ഇരുഭാഗത്തേക്കും തുറക്കാനാവുന്ന വലിയ വാതിലിന് മുന്നിൽ വാഷ്റൂമിന്‍റെ അടയാളം കണ്ട്, അതിൽ പ്രവേശിച്ചു. വാതിൽ തുറന്നാൽ അമ്പത് മീറ്റർ നീളമുള്ള ഇടനാഴിയുടെ മറുഭാഗത്താണ് വാഷ്റൂമുകൾ.

വിജനമായ ഇടനാഴി പ്രകാശമാനമായിരുന്നു. താഴെ കടുംനീല നിറത്തിൽ ഇരുവശത്തും തുളിപ് പൂക്കളുടെ ചിത്രങ്ങളുള്ള കാർപ്പെറ്റ് വിരിച്ചിരുന്നു. അവൾ, ശ്രദ്ധാപൂർവ്വം, ഒരു പൂവിൽ നിന്നും മറ്റൊരു പൂവിലേക്ക് ഒരു പൂമ്പാറ്റയെപ്പോലെ ചാടി നടന്നു. അതവളെ ഏറെ സന്തോഷിപ്പിച്ചു. പൊടുന്നനെ, തനിക്ക് മുന്നിൽ, തന്‍റെ മാർഗ്ഗം തടസ്സപ്പെടുത്തിക്കൊണ്ട് ഒരാളുടെ ബൂട്ട് കാൺകയാൽ അവൾ നിന്നു. അവൾ മുഖമുയർത്തി നോക്കുമ്പോഴേക്കും, അയാൾ തന്‍റെ കാൽമുട്ടിൽ അവൾക്ക് മുഖാമുഖം ഇരുന്നു. തന്‍റെ മുത്തച്ഛന്‍റെ പ്രായമുള്ള അയാൾക്ക് വെളുത്ത നീണ്ട തലമുടിയും മുഖത്ത് വെളുത്ത കുറ്റിരോമങ്ങളുമുണ്ടായിരുന്നു. ഭയന്ന്, വഴി മാറാൻ ശ്രമിച്ച അവളുടെ ഇരു കൈകളിലും പിടിച്ച്, അയാൾ തന്‍റെ മഞ്ഞപ്പല്ലുകൾ കാണിച്ച് ചിരിച്ച് ഇപ്രകാരം പറഞ്ഞു.

“ക്രമം തെറ്റിയെത്തിയ പെൺകുട്ടീ… സ്വാഗതം.”

ശേഷം ഒരു തുളിപ് പൂവിനെപ്പോലെ അവൾ പിഴുതെടുക്കപ്പെട്ടു.

ഇരുപത് വർഷമായി ദുബായിൽ സെയിൽസ്‌ മാനേജർ ആയി ജോലി ചെയ്യുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി.