കോളറ കാലത്തെ ഗന്ധവിസ്മയങ്ങൾ

ജീവനെ പുതുക്കികൊണ്ടിരിക്കുന്നത് മരണമെന്ന ഉറയൂരലാണ്‌. മരണം ജീവന്റെ പൂർണ്ണ വിരാമമാണെന്ന ഭയമാണ് ഒരുപക്ഷെ മനുഷ്യന്റെ എല്ലാ ചെയ്തികളുടെയും അടിസ്ഥാന സ്വഭാവമെന്നു പറയാം.

വിശ്വ വിഖ്യാതമായ കോളറ കാലത്തെ പ്രണയം ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ മികച്ച പ്രണയ നോവലായും രാഷ്ട്രീയ നോവലായും മാത്രമല്ല വൈദ്യശാസ്ത്രത്തെ സൂഷ്മമായി വിശകലനം ചെയ്യുന്ന കൃതി എന്ന നിലയിലും വ്യാഖയാനപ്പെട്ടിട്ടുണ്ട്. മാനുഷ്യാവസ്ഥയുടെ വ്യത്യസ്ത മേഖലകളെ അതിസൂഷ്മമായി വിചിന്തനം ചെയ്യുന്നതിനോടൊപ്പം മനുഷ്യന്റെ ആദിചോതനകളിൽ നിറഞ്ഞു നിൽക്കുന്ന ഗന്ധ വിന്യാസങ്ങൾ എങ്ങനെ വൈയക്തിക ജീവിതങ്ങളെ പതിയിരുന്നു സ്വാധീനിക്കുന്നു എന്ന് മൈക്രോ വിശകലനത്തിലൂടെ കണ്ടെത്തുക കൂടി ചെയുന്നുണ്ട് പ്രണയത്തിന്റെ കോളറ കാലം.

വിപ്ലവ ചിന്താഗതികളിൽ നിന്നും മോഹവിമുക്തി നേടി റാഡിക്കലായി നിലകൊള്ളുന്ന കരീബിയൻ അഭയാർത്ഥികൾക്കിടയിലെ ഏറ്റവും മാന്യനും ഊർജസ്വലനുമായ വ്യക്തിയാണ് ഡോ. ജുവനാൽ ആർബിനോയുടെ പ്രിയ സുഹൃത്തു ജെറിമെ ഡി.സെന്റ് അമോർ. ചതുരംഗക്കളിയിൽ ഡോക്ടറുടെ ഏറ്റവും ഉദാരവാനായ പ്രതിയോഗിയും, വികലാംഗനായ തീർന്ന യുദ്ധവീരനും കുട്ടികളുടെ ഛായാഗ്രാഹകനുമൊക്കെ ആയിരുന്ന ജെറിമെ ഡി. അമോർ കാലത്തിന്റെ അതിക്രമങ്ങളെ നിശ്ചയ ദാർഢ്യത്തോടെ നേരിടാനായി ‘ഞാൻ ഒരിക്കലും വൃദ്ധനാകില്ല’ എന്ന തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നു. ‘ആ ഇരുട്ടു നിറഞ്ഞു കിടക്കുന്ന വീട്ടിലേക്ക്’ കയറിപ്പോകാൻ ഡോക്ടർക്ക് ഇടയായത് ആ തീരുമാനമായിരുന്നു.

വാർദ്ധക്യത്തിന്റെ ഗന്ധം, ചീയുന്ന ദേഹത്തിന്റെതാണെന്ന തിരിച്ചറിയൽ തന്റെ മെഡിക്കൽ അനുഭവങ്ങളിലൂടെ, ഗവേഷണ ചതുരതയോടെ ഡോ.ആർബിനോ കണ്ടെത്തുമ്പോൾ, ജന്മ വാസനകളുടെ അതിശക്തമായ സഹജാവബോധം കൊണ്ട് ഘ്രാണശക്തിയുടെ അതീന്ദ്രിയ സാന്നിധ്യം ഫെർമിനായിൽ നേരത്തെ തന്നെ പ്രകടമാകുന്നുണ്ട്. ഒരു വേള നോവലിന്റെ ഗതിവിഗതികളെ മാറ്റിമറിക്കുന്നതിൽ ഗന്ധം വിവേചിച്ചറിയുവാനുള്ള മനുഷ്യന്റെ സഹജാവബോധം സമർഥമായി ഉപയോഗിക്കുന്നുണ്ട്, കഥയുടെ ആകാശ ചിത്രങ്ങൾ മഴവിൽ കാഴ്ചകളായി ഇന്ദ്രജാല വിന്യാസം കൊണ്ട് കാട്ടിത്തരുന്ന മാർക്കേസ്. കൃതിയുടെ തുടക്കത്തിൽ തന്നെ അതേക്കുറിച്ചുള്ള സൂചനയുണ്ട്. ‘ജനാലയിലൂടെ വീശുന്ന ശുദ്ധവായു അന്തരീക്ഷം വിമലീകരിച്ചെങ്കിൽ പോലും ബദാംഗന്ധത്തിലെവിടെയോ ഭയഹീനമായ പ്രണയത്തിന്റെ എരിഞ്ഞൊടുങ്ങുന്ന കനലുകൾ തിരിച്ചറിയുന്ന ഒരുവനുവേണ്ടി ആ മണം ഇനിയും അവശേഷിച്ചിരിക്കുന്നു. തിരികെ കിട്ടാത്ത പ്രേമത്തിന്റെ വിധിയാണ് അദ്ദേഹത്തിന്റെ കയ്പുള്ള ബദാം കൈകളുടെ മണം ഓർമ്മയുണർത്തിയത്. ഓർമ്മയുടെ പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടുപോകുവാൻ ജെറിമെ അമോറിനെ സഹായിച്ച സ്വർണ്ണ സയനൈഡിന്റെ തീക്ഷണഗന്ധം.

മാതൃകാ ജീവിതം നയിച്ചിരുന്ന ഡോക്ടറുടെയും ഫെർമിനയുടെയും ജീവിതത്തിലുണ്ടാകുന്ന കയ്പ്പേറിയ രണ്ടു വർഷങ്ങൾക്ക് കാരണം താനല്ലെന്നും മറിച്ചു തന്റെ ഭാര്യയാണെന്നും ഡോ. ആർബിനോ പറയുന്നുണ്ട്. ‘കുടുംബാങ്ങങ്ങൾ ആരെങ്കിലും തുണിയൂരിയാലോ അവൾ തന്നെ വസ്ത്രമഴിച്ചിട്ടാലോ ഉടനെത്തന്നെ അവയെടുത്തു മണപ്പിച്ചു നോക്കുന്ന സ്വഭാവക്കാരിയായതുകൊണ്ട്, ആ ചീത്തസ്വഭാവത്തെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് ഒരുദോഷൈകദൃക് ഭാവത്തോടെ അവൾ പറയുന്നുണ്ട്. ഫെർമിനയെ സംബന്ധിച്ചിടത്തോളം ഇതു തികച്ചും സ്വാഭാവികമായ ഒരു കാര്യം മാത്രാമാണെന്നും അഭിപ്രായം പറയാൻ മാത്രം പ്രാധാന്യമൊന്നും അതിനു കൊടുക്കേണ്ടെന്നും അവൾ തീരുമാനിക്കുന്നുണ്ട്, ഡോക്ടർ ആ കാര്യം ശ്രദ്ധിക്കുന്നതുവരെ. കണ്ണിൽ കാണുന്നതെടുത്തു മണപ്പിച്ചു നോക്കുന്ന സ്വഭാവം അനുചിതവും അനാരോഗ്യവുമാണെന്നു അയാൾക്ക് അഭിപ്രായമുണ്ടെങ്കിലും ചർച്ചചെയ്യാൻ കൂട്ടാക്കാത്ത കാര്യങ്ങളിൽ ഫെർമിന അതുൾപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഏകാന്തതയെ എങ്ങനെ പ്രണയിക്കാം, വാർദ്ധക്യത്തെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ ആസ്വദിക്കാം എന്ന് കാണിച്ചു തരുന്ന കഥാമാന്ത്രികൻ കണ്ടെത്തുന്നത്, ജീവിതത്തിന്റെ അതി ഭീകരാവസ്ഥയിലും പ്രണയം അതിജീവനത്തിനുള്ള മരുന്നായി എത്തുന്നു എന്നതാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും തിരയടുക്കുകൾക്കിടയിൽ ജീവന്റെ പാൽപ്പാത വന്നലച്ചു പോകുന്ന തീരത്തു നിന്നു ഏകാന്തതയുടെ എൺപത്തി ഏഴ് വർഷങ്ങൾ, നൂറ്റാണ്ടുകളാക്കി വിസ്മയിപ്പിച്ചു കൊണ്ടു കടന്നു പോകുമ്പോൾ മരണമില്ലാത്ത മനസിനെ നവമായി നിലനിർത്താൻ മാനസിക നിയന്ത്രണം കൊണ്ട് കഴിയുമെന്ന് മാർക്കേസ് വരച്ചുകാട്ടിത്തരുന്നുണ്ട്.

അസ്ഥിയും മജ്ജയും മാംസവും തൊലികൊണ്ട് പൊതിഞ്ഞു കെട്ടിവച്ച ഒരു രൂപത്തെ കാലം കാൽപ്പന്തു തട്ടി മരണതാഴ്വരയിലേക്കു താഴ്ത്തി എറിയുമ്പോൾ ഉയർത്തെഴുന്നേൽപ്പിന്റെ ശിൽപ്പ ഗീതവുമായി ജീവൻ പുതുപാത്രം തേടുന്നു. കാലം കൃത്യമായി വരയ്ക്കുന്നുണ്ട് ചിത്രങ്ങൾ; തൊലിയിലും ദേഹമെന്നു വിളിക്കുന്ന ക്യാൻവാസിലുമൊക്കെ. വർഷങ്ങൾ പഴകുമ്പോൾ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന നാറ്റം, ജീർണ്ണിക്കുന്ന ദേഹത്തിന്റെ മണം ഒരോ ആളിലും വ്യത്യസ്തമായിരിക്കും. ഡോ. തന്റെ എത്രയോ കാലത്തെ നിരീക്ഷണത്തിനു ശേഷം രോഗികളിൽ നിന്ന് വാർധക്യാവസ്ഥ അനുഭവിക്കുന്നവരിൽ നിന്നും മനസിലാക്കിയ ഈ കണ്ടെത്തൽ ഫെർമിനാ ഡാസ വളരെ സ്വാഭാവിക രീതിയിൽ കണ്ടെത്തുന്നു. അവളുടെ കണ്ടെത്തലുകൾ തികച്ചും വ്യത്യസ്തവും ആയിരുന്നു.

ജൈവ ശ്രേണിയിൽ ഗന്ധ വിവേചന ഗ്രഹണത്തിൽ മനുഷ്യർ ഒഴികെയുള്ള മൃഗ സഞ്ചയങ്ങൾ ജനിതകമായിത്തന്നെ മുൻപന്തിയിൽ നിക്കുന്നവയായാണ്. കിലോമീറ്ററുകൾക്ക് അപ്പുറമുള്ള ഗന്ധ സിഗ്നലുകൾ ആവാഹിച്ചു ഇര തേടുന്നവയും ചലന ദിശയെ കൃത്യമായി തിരിച്ചറിയുകയും സംശയ ലേശമന്യേ തങ്ങളുടേതായ ജൈവ കർമ്മങ്ങൾ അനസ്യൂതം തുടരുന്നവയുമാണ് മറ്റു ജന്തുജാലങ്ങൾ. മനുഷ്യൻ തന്റെ ആത്മ രുചികളോടും രാസനാ രുചിഭേദങ്ങൾ ഉയർത്തുന്ന ഭക്ഷ്യവസ്തക്കളോടും കാണിക്കുന്ന തീവ്രഭാവങ്ങൾ അവന്റെ ഗന്ധ പരിസരങ്ങളോട് പൊതുവെ കാണിക്കാറുണ്ടെന്നു തോന്നുന്നില്ല. ജൈവാവബോധത്തിന്റെ നാനാ തലങ്ങളിൽ ഒന്നായി അതു സ്വാഭാവിക പരിണാമത്തിൽ ഒതുങ്ങുക മാത്രമാണ് ചെയുന്നത്.

എന്നാൽ ‘കാണാതായ കുഞ്ഞുങ്ങളെ കണ്ടെത്താൻ ഗന്ധമുപയോഗിക്കുന്ന സന്ദർഭത്തിലൂടെ’ ജീവിതത്തിന്റെ ദിശാ സൂചകമായി വർത്തിക്കുന്ന നാസികകളുടെ ഏകാഗ്രതയെ കുറിച്ച് ഫെർമിന ഡാസയിലൂടെ മാർക്കേസ് രേഖപ്പെടുത്തിവയ്ക്കുന്നുണ്ട്. ചുറുചുറുക്കുള്ള ഓറിയോൾ പക്ഷിയുടെ ചുണ്ടു പോലുള്ള നാസിക ദൈവം തന്റെ മുഖത്ത് വച്ചതു വെറും ഒരു അലങ്കാര വസ്തു ആയിട്ടല്ലെന്നു അവൾ തെളിയിച്ചത് അവരുടെ മൂന്നു വയസുള്ള മകനെ കാണാതായപ്പോഴാണ്. അത്ഭുത സ്തബ്തനായി ഭർത്താവിനോട് അവൾ പറയുന്നുണ്ട് ‘കൊക്കോയുടെ മണം പിടിച്ചാണ് താനത് കണ്ടെത്തിയതെന്ന്.’ അതും ആരും പ്രതീക്ഷിക്കാത്ത ഒരു ആയുധമുറിയിൽ നിന്ന്. എന്നാൽ അവളുടെ ഘ്രാണശക്തി, കാണാതായ കുട്ടികളെ കണ്ടുപിടിക്കാനോ മുഷിഞ്ഞവസ്ത്രങ്ങൾ തിരിച്ചറിയാനോ മാത്രമല്ലന്നുള്ള സത്യം ഡോക്ടർ ആദ്യം തന്നെ മനസിലാക്കിയിരുന്നു.  ഒരുപക്ഷേ അവളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും ദിശാ സൂചകമായി വർത്തിച്ച ഇന്ദ്രിയം എന്നതിനുപരി അവജ്ഞ കാട്ടുന്ന ലോകത്തിനു മീതേ തന്റെതായ ഒരു വഴി കണ്ടെത്താൻ ഉപയുക്തമാക്കിയ ഏറ്റവും നല്ല ഉപകാരണമായിരുന്നു അത്.

എന്നാൽ തന്റെ ആ സവിശേഷമായ അനുഗ്രഹം അതിന്റെ ദുർവിധി നേരിട്ടപ്പോഴാണ് അവരുടെ ദാമ്പത്യ ജീവിതത്തെ തന്നെ മാറ്റിമറിച്ച ആസംഭവം നടന്നത്. ‘തലേദിവസം വൈകുന്നേരം തന്റെ ഭർത്താവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ വെറും ശീലം കൊണ്ട് മാത്രം മണത്തു നോക്കിയ ഡാസയ്ക്ക് വേറൊനാലുമായി കിടക്ക പങ്കിട്ടതുപോലുള്ള അസ്വസ്ഥ ജനകമായ വിക്ഷോഭമാണ് അപ്പോൾ അനുഭവപ്പെടുത്തിയതത്രെ. അവരൊന്നിച്ചു ജീവിച്ച വർഷങ്ങളിൽ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത ഒരു ഗന്ധം അവളുടെ ഭർത്താവിന്റെ വസ്ത്രങ്ങളിലും ദൈനന്ദിനം അയാൾ ഉപയോഗിക്കുന്ന ഓരോ വസ്തുവിലും കണ്ടെത്തിയപ്പോൾ മനുഷ്യ പ്രകൃതിക്കു മാത്രമുണ്ടാവാൻ സാധ്യതയുള്ള ആ ഗന്ധത്തെക്കുറിച്ചുള്ള അവളുടെ കണ്ടെത്തൽ, കേവലം മുഷിഞ്ഞ വസ്ത്രങ്ങളെ അന്വേഷിച്ചിട്ടുള്ളതായിരുന്നില്ല, കഥാകൃത്തിന്റെ ഭാഷയിൽ ‘അത് അവളുടെ അഗാധ സ്വത്വത്തെതന്നെ കാർന്നു തിന്നിരുന്ന അസഹ്യമായ ഒരു ഉൽക്കണ്ഠ മൂലമായിരുന്നു. സ്ത്രൈണ സഹജാവബോധത്തിന്റെ  വ്യത്യസ്ത തലത്തിൽ നിന്നു കൊണ്ട് കഥാപാത്രത്തിന്റെ കാഴ്ചയിലൂടെ കഥാഗതി നിയന്ത്രിക്കുന്ന രീതി ഒരു ഡിറ്റക്ടീവിന്റെ അതി സാമർഥ്യത്തോടെ അവനവനെ തന്നെ കണ്ടെത്താൻ സഹായിക്കുന്നുണ്ട്, ‘ബംഗാളി ഭൂതക്കണ്ണാടി ഉപയോഗിച്ച് ഒരു അപാഹനത്തിൽ ഭർത്താവിന്റെ ഓഫീസ് മുറിയിൽ അവൾ അവളെ തന്നെ കണ്ടെത്തി’ എന്ന് രേഖപ്പെടുത്തുമ്പോൾ.

അര നൂറ്റാണ്ടുകാലം മാതൃകാ ജീവിതം നയിച്ച ഡോ. അർബിനോ ദൈവത്തിന് പ്രിയപ്പെട്ടവനായി ശേഷം ഏറെക്കാലം കഴിഞ്ഞും അവളുടെ ചർമ്മത്തിൽ അയാളുടെ ഗന്ധം നിറഞ്ഞിരിപ്പുണ്ടെന്നു ഫെർമിന ഡാസയ്ക്ക് തോന്നുന്നുണ്ട്. അംഗഛേദം ചെയ്യപ്പെട്ടിട്ടുള്ളവർ അവരുടെ ഇല്ലാത്ത കാലിനു വേദനയും കോച്ചിപ്പിടുത്തവും ചൊറിച്ചിലും അനുഭവിക്കുന്നതു പോലെ ഇനി വരാത്ത വണ്ണം അയാൾ ഇല്ലാതായി കഴിഞ്ഞിട്ടും ഗന്ധ വിസ്മയത്തിലൂടെ അയാൾ ബാക്കി നിൽക്കുന്നു.

കൊച്ചുപെൺകുട്ടി ആയിരിക്കുമ്പോൾ ഫെർമിനയുടെ പിതാവിന്റെ ഭവനത്തിൽ സുഗന്ധ കാക്കകളെ വളർത്തിയിരുന്നതിനാൽ വിവാഹിത ആയ ശേഷവും അവയെ വളർത്താൻ അവൾ ഇഷ്ട്ടപ്പെട്ടു. എന്നാൽ തുടർച്ചയായ ചിറകടി മൂലം വീട് മുഴുവൻ നിറഞ്ഞ ‘ശവറീത്തുകളുടെ നാറ്റം അവിടെ ആരും സഹിച്ചില്ല. ഡോ. ആർബിനോയുടെ അഭിപ്രായത്തിൽ വാർദ്ധക്യത്തിലുള്ളതു പോലെ സ്പഷ്ടമായ മണം വേറൊന്നിനും ഇല്ലെന്നും മരണകാരിയായി മാറുന്ന മിക്കവാറും എല്ലാ രോഗങ്ങൾക്കും അവയുടേതായ പ്രതേക ഗന്ധമുണ്ടത്രെ. തന്റെ തന്നെ വിയർപ്പു പിടിച്ച വസ്ത്രങ്ങളിൽ നിന്നും സുഹാലസ്യത്തിൽ ഉറങ്ങുന്ന ഭാര്യയുടെ നിശ്വാസ വായുവിൽ നിന്നും വാർദ്ധക്യത്തിന്റെ മണം അയാൾ അറിയാൻ തുടങ്ങിയപ്പോഴും ‘ഏല്ലാം ചൂടുള്ള നീരിനാൽ ശുദ്ധമാക്കപ്പെട്ട തന്റെ മൂത്രത്തെ ഒരു രഹസ്യ പൂന്തോപ്പ് മാണക്കുന്നതിന്റെ തൽക്ഷണ നിർവൃതി ഡോ. സ്വയം ആസ്വദിച്ചിരുന്നു. അതുകൊണ്ടു ശതാവരിയുടെ കാലമല്ലെങ്കിൽ കൂടി കൂടിതൽ വിലകൊടുത്തു വാങ്ങി സ്വന്തം മൂത്രത്തിൽ അതിന്റെ സുഗന്ധം ആസ്വദിക്കാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

അൻപത്തിമൂന്നു വർഷങ്ങളും ഏഴുമാസങ്ങളും പതിനൊന്നു ദിനരാത്രങ്ങളുമായി ഫ്ളോറെന്റീന അരിസ ഫെർമിന ഡാസയ്ക്കായി തയ്യാറാക്കി വച്ച മറുപടിക്കു ‘ഏതോ തീച്ചട്ടികളിൽ കത്തുന്ന ചെസ്നട്ടു മരത്തിന്റെ ഗന്ധവും കടലിലെ പുഷ്പ്പഗന്ധവും’ കൂടിച്ചേർന്നിരുന്നു. ഡോ. ജുവനാൽ ആർബിനോ മരിക്കുന്നതുവരെ തന്റെ പ്രണയം അതിതീവ്രമായി സൂക്ഷിച്ചുവച്ചു ഫെർമിന ഡാസ എന്ന ഡോക്ടറുടെ ഭാര്യയുമായി ജീവിതം പുനരാരംഭിക്കുന്നതു വരെയുള്ള പ്രണയാനുഭവങ്ങളുടെ ഭിന്നാവസ്ഥകളുടെ അതിമോഹന ശൈലിയിലുള്ള വശ്യമായ ആവിഷ്ക്കാരമാണ് പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ കോളറ കാലത്തെ പ്രണയം എന്ന മാർക്കേസിന്റെ അവസാന നോവലുകളിൽ ഒന്നിൽ ആവിഷ്‌കരിച്ചിരിക്കുന്നത്.

‘ഈ നോവൽ ഓർമ്മയുടെ തിരിച്ചെടുക്കലും ഗന്ധവിസ്മയങ്ങളുടെ വീണ്ടെടുക്കലുമാണ്. മനുഷ്യൻ്റെ മനോവ്യാപാരങ്ങളെ സ്വാധീനിക്കുവാൻ മണം പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നു ചെന്ന് രാസത്വരകമായി പ്രവർത്തിക്കുന്നതെങ്ങനെ എന്ന സൂക്ഷ്മമായ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് എഴുത്തുകാരൻ എല്ലാ ജീവിതവും അറിഞ്ഞു ജീവിക്കുന്നവനാണ് എന്നതിലേക്കാണ്. സാധാരണക്കാരൻ ഒരു ജീവിതം നയിക്കുമ്പോൾ എഴുത്തുകാരൻ മനോവ്യാപാരത്തിലൂടെ കാലങ്ങൾക്കപ്പുറത്തേക്കു പോകുന്നു.

ഗബ്രിയേൽ ഗാർസിയ മാർക്കേസ്, നിരവധി ബാലസാഹിത്യ കൃതികൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭീമ ബാലസാഹിത്യ അവാർഡ്, എസി.ബി.ടി ബാലസാഹിത്യ അവാർഡ്, ദേവകി വാര്യർ സ്മാരക ബാലസാഹിത്യ അവാർഡ്, അധ്യാപക കലാസാഹിത്യ സമതി പ്രതിഭ പുരസ്ക്കാരം, റസാഖ് കുറ്റിപ്പുറം സ്മാരക ചെറുകഥ അവാർഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.