കോറിയിട്ട വരകൾ

കോറിയിട്ട അക്ഷരങ്ങൾ കൊണ്ട്
സ്വാതന്ത്ര്യം നേടാം,
ചുവപ്പ് നിറമുള്ള വാക്കുകൾ കൊണ്ട്
സഖാക്കളെയും.

ഹൃദയലിപികൾ കൊണ്ട്
പ്രണയത്തെ നേടാം.
വാക്കുകൾ കൊണ്ട്
നിയമത്തെ കശാപ്പു ചെയ്യാം.

അക്ഷരങ്ങൾ
ചിലർക്ക് പുതുജീവൻ നൽകി…
വേദനിച്ചവർക്കത് വിപ്ലവമായി…
പെണ്ണിനത് സ്വാതന്ത്ര്യമായി …
അനീതിക്ക് നേരെ
സ്വരവും വ്യഞ്ജനവും പടവാളേന്തി …
മതത്തിനും ഭ്രാന്തിനും
കറുത്ത കവിതകൾ മറുപടിയായി.

അപ്പോഴും
‘മുത്ത്’ അവിടെ പണിപ്പെടുകയാണ്,
പുസ്തകത്തിൽ നിന്ന്,
അക്ഷരങ്ങൾ നുള്ളിപ്പെറുക്കാൻ….

‘ക’ കഴിഞ്ഞുള്ള ദീർഘം ഉച്ചരിക്കാൻ
പ്രയാസം തന്നെ.
നാട്ടകം ജ്വലിക്കുന്നത് അവളറിയുന്നില്ല
പരീക്ഷയായില്ലേ
അപ്പോഴാ…
നീട്ടിയും തിരിച്ചും
പെൻസിൽ കൊണ്ട് കോറി വരയ്ക്കുന്നു.

ആ നോട്ട് ബുക്ക്‌ വൃത്തികേടാക്കി.

കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശിനി. എൻ. എസ്. എസ് കോളേജ് നിലമേൽ രണ്ടാം വർഷം എം. എ മലയാളം വിദ്യാർത്ഥിനിയാണ്. നവമാധ്യമങ്ങളിൽ കവിതകൾ എഴുതുന്നു.