കൊലയറയിലെ ആഭാസം

ക്രൂരതയുടെ ആക്രോശങ്ങൾ,
അടിച്ചമർത്തിയ നിലവിളികൾ.
കരുണയില്ലാ കൈകളാൽ
കുരുതി രചിച്ച് കഴുകർ..

ആൾക്കൂട്ട വിചാരണ,
തൊണ്ട വരൾച്ചയിൽ യാചന.
വിശന്ന വയറിൻ കരിഞ്ഞ വേവിൽ ,
മരിക്കുവോളം തീർത്ത കൈക്കരുത്ത്.

അക്ഷരമഴ പെയ്ത അന്തരീക്ഷത്തിൽ
ബെൽറ്റുകളുടെ ദയയില്ലാ  പുളച്ചിൽ.
കുന്നിൻ മുകളിൽ കൊലയറയിൽ
ക്രൂരതയുടെ കാഹളം.

നാലു ചുമരുകൾക്കുള്ളിൽ
ഒടുങ്ങിയ തേങ്ങലിൻ ശീലുകൾ
ചോരത്തുള്ളികൾക്കൊപ്പം ക്യാമ്പസ്
ഹൃദയത്തിൽ കണ്ണീരുപ്പ് ചാർത്തുന്നു.

കൊലവെട്ടും ലാഘവത്തിൽ
തല വെട്ടുന്നവർ അടക്കി വാഴുമ്പോൾ
അക്ഷരമുറ്റം ആഭാസകളരിയായ് മാറുന്നു.

വിപ്ലവം അധര വ്യായാമങ്ങൾക്കുള്ള
അക്ഷര ശ്ലോകങ്ങളാകുമ്പോൾ,
അവരുടെ അടിയൊച്ചയിൽ
അവന്റെ തോരാവിലാപങ്ങൾ
അലിഞ്ഞില്ലാതാകുന്നു.

മരുഭൂവേനൽ മകനുവേണ്ടി മാത്രം
മോന്തിയ ഒരുവൻ
വ്യാർത്ഥമാം ആകാശങ്ങളിൽ
മുറിഞ്ഞു വീഴുന്നു,
അവനെന്ന ആധി സദാ
ചുമന്നിരുന്നവൾ ശൂന്യതയുടെ കടൽ
വീഥികളിൽ വെയിലുതിന്നുന്നു.

വയനാട് ജില്ലയിലെ വെള്ളമുണ്ട സ്വദേശിനി. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതസമാഹാരം 'തൂബ'