കൊല

മോഷണം
പിടിക്കപ്പെട്ടാൽ മാത്രമേ
ഒരാൾ കള്ളനാകൂ എങ്കിൽ
ഞാൻ കള്ളനാകുന്നത് എങ്ങനെ?
പലതവണ
ഞാൻ നിന്റെ ആത്മാവിന്റെ
സ്പന്ദനങ്ങൾ അപഹരിച്ചിരുന്നു,
നീയറിയാതെ.

കൊലക്കുറ്റം
പിടിക്കപ്പെട്ടാൽ മാത്രമല്ലേ
ഞാനൊരു
കൊലയാളി ആകുകയുള്ളൂ?
പലതവണ
നിന്റെ സ്വപ്നങ്ങൾക്ക് മീതെ
ഞാൻ പാശമെറിഞ്ഞു,
നീയറിയാതെ.

ഇന്നിവിടെ,
നഗ്നമായ ഈ രാത്രിയിൽ
കുരുക്കുകളിൽ മുറുകി
നീ മൃതിയടഞ്ഞു.

സൂര്യനുദിക്കും,
പ്രഭാതമുണരും
പ്രപഞ്ചസത്യങ്ങൾക്ക് മീതെ
കൊള്ളിമീനിനെപ്പോലെ
ഞാൻ മുങ്ങിത്താഴും.

നിനക്കു
ചിതയൊരുക്കുമ്പോൾ
എന്റെ ഹൃദയവും
കൂട്ടായി നിന്നരികത്തു വയ്ക്കും.

കൊട്ടാരക്കര സ്വദേശിനി. മലയാളം ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു