കൊത്തം കല്ല്

കല്ലു പോലെ കരളുറച്ചാൽ
കൊത്തം കല്ലെളുപ്പമാണ്.
മേലെ നിന്നൊരു
കല്ലുവന്നു വീഴുംമുമ്പെ
താഴെയൊന്നിനെ
ഉള്ളംകൈയിലൊതുക്കുന്ന
സാമർത്ഥ്യം.

ഒന്ന് രണ്ടായും
രണ്ടു മൂന്നായും മാറുന്ന
ഗതിവേഗം…

കൊത്തം കല്ലു പഠിച്ചാൽ
അടുക്കള അരമനശാസ്ത്രത്തിൽ
ബിരുദമൊന്നായി
കൈയിൽ വന്നു ചേരുന്നതും
കൈവിട്ടു പോകുന്നതും
കല്ലാണെന്ന് കരുതിയാൽ
കഥ പൂർത്തിയാവും

കൊത്തിപ്പിടിക്കാതെയും
കൊത്തിയൊതുക്കാതെയും
കടന്നു പോകുന്ന
ജീവിതത്തിൻ്റെ കറുത്ത പാഠം.

അധ്യാപികയാണ് - പയ്യന്നൂർ, കുഞ്ഞിമംഗലം പുതിയ പുഴക്കര സ്വദേശിനി. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.