ഷെമി
ആത്മകഥാപരമായ നടവഴിയിലെ നേരുകൾ എന്ന ആദ്യ പുസ്തകത്തിലൂടെ മലയാള വായനയിൽ പുതുചരിത്രം എഴുതി. കണ്ണൂർ സ്വദേശി. കണ്ണൂർ സെന്റ് ആന്റണീസ് യു പി സ്കൂൾ, ഗവ ഗേൾസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പഠനം. കോഴിക്കോട്ടും കോട്ടയത്തുമായി തുടർ വിദ്യാഭ്യാസം. ആരോഗ്യവകുപ്പിൽ അഞ്ചുവർഷം സേവനം അനുഷ്ഠിച്ചു. ഇപ്പോൾ കുടുംബമൊത്തു ദുബായിൽ താമസിക്കുന്നു. സി എച്ച് സാഹിത്യ പുരസ്‌കാരം, ചിരന്തന അവാർഡ്, ചേതന പുരസ്ക്കാരം, പന്തിരുകുലം സാഹിത്യ അക്കാദമി അവാർഡ്, സ്വരുമ അക്ഷരമുദ്ര പുരസ്ക്കാരം, യുവ എഴുത്തുകാർക്കുള്ള നൂറനാട് ഹനീഫ് അവാർഡ്, പ്രവാസി ബുക്ക് ട്രസ്റ്റ് സർഗ്ഗ സമീക്ഷ അവാർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ നേടി.
അറുന്നൂറ്റി മുപ്പത്തിയൊൻപതു താളുകളിൽ ഉള്ളടക്കം ചെയ്ത ‘കൊടുംവേദനയുടെ പുസ്തകം’ എന്നതിൽ കുറഞ്ഞൊരു വിശേഷണവും ഷെമിയുടെ “നടവഴിയിലെ നേരുകൾ”ക്കു നൽകാനാവില്ല. അല്പം ഭാവന കലർന്നിട്ടുണ്ടെന്ന് പറയുമ്പോഴും യാഥാർത്ഥ്യത്തെ മറികടക്കുന്ന ഒരു കാല്പനികതയും ഈ പുസ്തകം അടിച്ചേൽപ്പിക്കുന്നില്ല.
വാക്കുകൾ കൊണ്ട് ഹൃദയത്തിൽ കോറിവരയ്ക്കും പോലുള്ള നീറ്റൽ. യാഥാര്‍ത്ഥ്യത്തിന്‍റെ തീപ്പൊള്ളല്‍ കൊണ്ട് അകം വേവുന്ന അസ്വസ്ഥത. ലോകത്തെ മുഴുവനായും എക്കാലത്തും ഭീതിയിലാഴ്ത്തിയിട്ടുള്ള വിശപ്പ് എന്ന ഭീകരാവസ്ഥ. ഓരോ താളിലുമെന്നോണം അതിന്‍റെ അടയാളം ഊട്ടിയുറപ്പിക്കുന്നു ഷെമി തന്റെ നടവഴികളിൽ.
കയറിക്കിടക്കാൻ ഒരു മേൽക്കൂരയില്ലാതെ, ദേഹം ചൊറിഞ്ഞു പൊട്ടാതിരിയ്ക്കാന്‍ വല്ലപ്പോഴുമെങ്കിലും കുളിയ്ക്കാൻ ഒരിറ്റു വെള്ളമില്ലാതെ, കുളിച്ചുമാറാന്‍ ഒരു വസ്ത്രമില്ലാതെ, മണ്ണിലമർന്നിരുന്നല്ലാതെ ആർത്തവ രക്തം താഴെയിറ്റാതെ തടയാൻ ഒരു പഴന്തുണിക്കഷ്ണമെങ്കിലുമില്ലാതെ, വേദനയെന്ന വാക്ക് ഒരായിരം ദംഷ്ട്രങ്ങളോടെ, അക്ഷരാര്‍ത്ഥത്തില്‍ ആര്‍ത്തട്ടഹസിച്ചു ഭയപ്പെടുത്തുക തന്നെ ചെയ്യുന്നു ഈ പുസ്തകത്തിൽ.
തീയിൽ കുരുത്ത്ഒരു ചെടിയോ മരമോ ആവാനായുള്ള ശ്രമത്തിലൂടെ തോൽവിയെ അകലേ ക്ക് ആട്ടിപ്പായിച്ച് അതിജീവനത്തിന്റെ അതിമഹത്തായ മാതൃകയാവലിലൂടെ പഠനത്തിൽ അത്രയേറെ മിടുക്കിയായിരുന്നിട്ടും അതിനുള്ള അവസരങ്ങള്‍ നിഷേധിയ്ക്കപ്പെട്ടതിലൂടെ ഈ തെരുവിന്റെ കുട്ടി, എഴുത്തുകാരി, ഷെമി നമ്മെ അനിർവചനീയമായ ഒരവസ്ഥയിലേക്ക് തള്ളിയിട്ട് നീറ്റുന്നു.
ഉപ്പയും ഉമ്മയും പതിമൂന്ന് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തില്‍ എന്നും കൂട്ടിനുണ്ടായിരുന്നത് പട്ടിണിയും പീഢനവും മോഹഭംഗങ്ങളും മാത്രം! തെക്കന്‍ കേരളത്തിന്‍റെ തനതായ ഗ്രാമീണ ഭാഷയില്‍ വരച്ചിട്ട മലബാറിലെ മുസ്ലീം കുടുംബജീവിതങ്ങളുടെ തുറന്ന കാഴ്ചയാണ്
കനലണയാത്ത അടുപ്പിലേയ്ക്ക് തലയിട്ടൂതുന്ന ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുമ്പോള്‍ പുകയേറ്റു നീറിയിട്ടല്ല മറിച്ച് ആഗ്രഹങ്ങളെ ആട്ടിയോടിച്ച കുഞ്ഞാമിയെന്ന സ്വന്തം ഉമ്മയുടെ അനാഥത്വത്തിന്‍റെ മായാത്ത ഓര്‍മയില്‍ നിന്നുമുതിരുന്ന കണ്ണുനീര്‍ തുള്ളികളാണ് അതെന്ന്‍ കൊച്ചുകഥാകാരി മനസ്സിലാക്കുന്നു. അഭിമാനം വെടിഞ്ഞ് വീടുവീടാന്തരം കയറി ഇരന്നും അവകാശപ്പെട്ട സക്കാത്ത് ചോദിച്ചു വാങ്ങിയും മക്കള്‍ക്കായി അന്നമെത്തിയ്ക്കുന്ന ഉമ്മയും ക്ഷയ രോഗിയായ ഉപ്പയും സഹോദരികളെ പിഴിഞ്ഞൂറ്റി ജീവിക്കുന്ന നാല് സഹോദരന്മാരും വായനക്കാരുടെ മനസ്സിലേയ്ക്ക് നിസ്സഹായതയായും വെറുപ്പായും നിഷ്പ്രയാസം കുടിയേറുന്നുണ്ട്.
ഉപ്പയുടെയും ഉമ്മയുടെയും മരണാനന്തരം പതിമൂന്നാം വയസ്സില്‍ സഹോദരങ്ങള്‍ക്കൊപ്പം തെരുവിലേയ്ക്കും അവിടെനിന്നും അനാഥാലയത്തിന്‍റെ അഴുകിയ ഉള്ളറയിലേയ്ക്കും ഗതികേടിനാല്‍ തളച്ചിടപ്പെടുന്ന കഥാകാരി വഴിവിട്ട ബന്ധങ്ങളുടെയും അവിഹിതഗര്‍ഭങ്ങളുടെയും ഇരുണ്ട വഴികള്‍ കണ്ട് പകച്ച് രക്ഷപ്പെടാനുള്ള പഴുതുകള്‍ നിരന്തരം തേടുമ്പോള്‍ സഹായിക്കാനാവുന്നില്ലല്ലോ എന്ന ശ്വാസം മുട്ടൽ നമ്മെ വന്നു മൂടുന്നുണ്ട്.
‘ജീവിതം മുളയിടാന്‍ ഗര്‍ഭപാത്രവും വളര്‍ത്താന്‍ സ്തനയിടവും ഉണ്ടായിപ്പോയതാണ് പെണ്ണിന്റെ ഭാഗ്യഭംഗം അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും’ എന്ന് പുസ്തകത്തിന്‍റെ ആദ്യഭാഗത്ത് കഥാകാരി പറയുമ്പോള്‍ മാതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും കഥാകാരിയെ അങ്ങനെ ചിന്തിപ്പിച്ചതിന്റെ കാരണം തീയിലുരുകിയ ഈ ജീവിതം തന്നെയാണ് എന്ന് മനസ്സിലാക്കാൻ പ്രയാസമില്ല.
അത്രമേല്‍ ദുരിതപൂര്‍ണ്ണമായ ജീവിതത്താല്‍ വലിച്ചിഴയ്ക്കപ്പെട്ടു മുന്നോട്ടുപോകുമ്പോഴും, സഹജീവികളോടും കൂടപ്പിറപ്പുകളോടുമുള്ള കറയില്ലാത്ത സ്നേഹവും കരുണയും കഥാകാരിയുടെ ഹൃദയ വിശാലതയുടെ ആഴമറിയിയ്ക്കുകയാണ്.
പുസ്തകത്തിന്‍റെ പുറംചട്ടയിൽ തട്ടമിട്ട് തലയെടുപ്പോടെ നിൽക്കുന്ന എഴുത്തുകാരിയുടെ ചിത്രം അകത്തെ താളുകളിലൂടെ കുഞ്ഞായും കുമാരിയായും കാമുകിയായും അമ്മയായും ഒത്തൊരു പെണ്ണായും തളർച്ചകളിലും തളരാതെ പതറിയിട്ടും പതറാതെ സഹനത്തിന്റെയും ക്ഷമയുടെയും ഉൾക്കരുത്തിന്റെയും തേജസുറ്റ മുദ്രയായി വായനക്കാരുടെ ഉള്ളിൽ കൊത്തിവയ്ക്കപ്പെടുന്നുണ്ട് .
പാകപ്പിഴകളിലേയ്ക്കും കുറവുകളിലേയ്ക്കും വിരല്‍ ചൂണ്ടാനുള്ള അവസരം ഒരുപാടൊന്നും ഒരുക്കാതെ മനസ്സിലിടം പിടിയ്ക്കുന്ന വേദനയുടെ ഈ പുസ്തകം സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠപുസ്തകം കൂടിയാണ്. അത് വാങ്ങുന്നതിലൂടെ തെരുവിന്റെ മക്കളിലേയ്ക്ക് നീളട്ടെ നാമോരുരത്തരുടേയും സഹായഹസ്തങ്ങള്‍.
ബുദ്ധിമുട്ടുകൾ അനുഭവിച്ചു വളരുന്ന കുട്ടികളിലേക്ക് പകർന്നുകൊടുക്കേണ്ടുന്ന പുസ്തകമെന്നു എഴുത്തുകാരി സാക്ഷ്യപ്പെടുത്തുമ്പോഴും അതിലുമുപരി കഷ്ടപ്പെടുന്നവരും അല്ലാത്തവരുമായ ഓരോ വ്യക്തിയിലേയ്ക്കും “നടവഴികളിലെ നേരുകൾ” എത്തട്ടെ എന്ന് വായനക്കാർ ആശിച്ചുപോകുന്നത് ഷെമിയുടെ വാക്കുകളുടെ നന്മയും നേരും കൊണ്ടാണ്.