കൈ കുമ്പിളിൽ ഒരു അമ്പിളി

കല്ല്യാണം കഴിഞ്ഞിട്ട് ഇതെത്ര നാളായി മോളേ.. നിനക്ക് ഒരു പെൺ കൊച്ച് മാത്രല്ലിയുള്ളു… അവൾക്ക് കൂട്ടായെങ്കിലും നിനക്ക് ഒരാള് കൂടി വേണ്ടേ.! അയൽവാസി ഫളീലത്തുമ്മാടെ മുറുക്കാൻ തുപ്പി തുപ്പി വാക പൂവ് പോലെ ചുമന്ന് തുടുത്ത ചുണ്ടുകളിൽ തട്ടി പുറത്തേക്ക് വീണ തുപ്പൽ കണികകളിൽ ചിലത് മാനത്ത് പൂക്കുന്ന നക്ഷത്ര കുഞ്ഞുങ്ങളെ പോലെയാണ് നിലത്തേക്ക് ഉതിർന്ന് വീണത്.

ഓഹ്, ഇവളെ തന്നെ നോക്കാൻ അവിടെ ഒട്ടും നേരമില്ല. ഇനി പുതിയ ഒരാളുടെ കുറവും കൂടേ.. ഉള്ളു.
ഇത്താത്ത ശെരിക്കും എന്താണ് ഉദ്ദേശിച്ചതെന്ന് ആലോചിച്ചങ്ങനെ വാതിലും ചാരി നിൽക്കുമ്പോഴാണ് ഫളീലത്തുമ്മ അത് പറഞ്ഞത്; മോളേ.. നീയിത് എന്തോന്നാണീ പറയുന്നത്. ഹാനി മോൾക്ക്‌ എന്തെങ്കിലുമൊക്കെ സംഭവിച്ചാലോ.!

പടച്ചോൻ അങ്ങനെ ആക്കാതിരിക്കട്ട്, ആമീൻ.. എന്നാലും അങ്ങനെ വല്ലതും ഉണ്ടായാൽ നിങ്ങളെന്തോന്ന് ചെയ്യും. ഇന്നത്തെ കാലത്ത് വയസായാൽ വേറെയാരെങ്കിലും നോക്കാൻ വരോ..അത് കേട്ടിട്ട് ഒരു നീണ്ട കൊള്ളിയാനേറ്റ പോലൊരു നിൽപ്പായിരുന്നു എന്റെ ഇത്താത്ത. രണ്ട് മൂന്ന് വർഷത്തിനിടയിൽ എപ്പോഴെങ്കിലുമാണ് ഇത്താത്ത ഇവിടെ വരാറുള്ളത്. അതും ഇത്താത്താടെ വരവും കാത്തിരിക്കുന്ന കുന്നോളം ചോദ്യങ്ങൾക്ക് വാനോളം വാ തോരാതെയുള്ള മറുപടിയും കാണാ പാഠം പടിച്ചിട്ടാണ് ഇങ്ങോട്ടേക്ക് എഴുന്നള്ളുക. ഇത്തവണ വന്നതോ.. സർവ്വ സങ്കടങ്ങളും പരാതി പരിഭവങ്ങളും മറന്ന് സന്തോഷമെന്ന സ്വപ്ന വിഹായസ്സിൽ ചേക്കേറാനായി മാത്രം. കാത്തിരുന്ന് കിട്ടിയ വലിയ പെരുന്നാളിന്. ഒരാഴ്ച്ച കഴിഞ്ഞ് തിരിച്ച് പോവുകയും ചെയ്യും.

ഞാൻ പറഞ്ഞത് ശെരിയല്ലേ.? നീയെന്താണ് ഒന്നും പറയാത്തത് മോളേ..

ശെരിയാണ്, ആകെയൊരു മകളേ ഇത്താത്താക്ക് ഉള്ളു. ഫളീലത്തുമ്മാക്കുള്ളത് പോലെ ഏഴെട്ട് മക്കളൊക്കെ വേണം., അതൊക്കെ എന്ത് രസമായിരിക്കും.. ഓഹ്, അല്ലേലും ഇപ്പോഴിങ്ങനെയാ.. ഒന്നാണ് ട്രെൻഡ്. കൂടുതലുണ്ടെങ്കിൽ പഴഞ്ചൻ തള്ളയെന്ന വിളിപ്പേരും വീണന്നിരിക്കും.

നീ എന്താണ് ഒന്നും പറയാത്തത് മോളേ.. ഫളീലത്തുമ്മാടെ ആവർത്തിച്ചുള്ള ചോദ്യത്തിലൊട്ടും വിരസത തോന്നാതെ ഇടിവെട്ടിയവളെ പാമ്പ്‌ കടിച്ചെന്ന് ആരെങ്ങാണ്ട് പറഞ്ഞത് പോലെ എന്തോ.. ഒരങ്കലാപ്പിലാണ് ഇത്താത്ത. ഫളീലത്തുമ്മ പറഞ്ഞ ചില വാക്കുകൾ തിരമാലകൾ പോലെ ഇത്താത്താക്ക് ചുറ്റും അലയടിക്കുന്നുണ്ടാകും.

‘എന്റെ മോൾക്ക് ഒന്നും സംഭവിക്കൂല! ‘

ഞാനൊന്ന് ആഞ്ഞു കുലുക്കിയപ്പോൾ കാറ്റത്ത് താഴേക്ക് വീഴുന്ന തേങ്ങയുടെ വേഗത്തിലാണ് ഇത്താത്ത പറഞ്ഞത്. പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ഞാനും ഉമ്മായും ഫളീലത്തുമ്മായും ഞെട്ടി തരിച്ചു പോയി. അതിനിപ്പോൾ ഇത്താത്താടെ ഹാനി മോൾക്ക്‌ എന്താണ് സംഭവിച്ചത്.!

വീട്ടിലുണ്ടായിരുന്ന മൂൺലൈറ്റ് എന്ന പുസ്തകത്തിന്റെ പുറം ചട്ടയിൽ തിളങ്ങുന്ന മരച്ചില്ലകൾക്കിടയിലൂടെ കണ്ട പുഞ്ചിരി തൂകുന്ന ചന്ദ്രനെ അവൾക്കിപ്പോൾ നേരിട്ട് കാണണമെന്ന് വല്ലാത്തൊരു പൂതി. ഉള്ളിൽ നാമ്പിട്ട പുതുപുത്തൻ ആഗ്രഹം പിന്നീടൊരു നിമിഷത്തേക്ക് നീട്ടി വെക്കാതെ അവൾ പുറത്തേക്കോടി.

ഹാനി മോളേ.. എങ്ങോട്ടാണെന്റെ ചുന്ദരി കുട്ടി നിലാവും പരത്തി പാഞ്ഞ് പോകുന്നത്..

പെട്ടന്ന് മുന്നിൽ പ്രത്യക്ഷപ്പെട്ട ഉപ്പാടെ പഞ്ചുള്ള ചോദ്യത്തിന് കൊഞ്ചി കുഴഞ്ഞു കൊണ്ടവൾ തഞ്ചത്തിലൊരു മറുപടി പറഞ്ഞു.

അത് പിന്നേ.. ഹാനി മോളെ പോലെ ചുന്ദരിയായൊരു മൂണിനെ കാണാൻ..

ആഹാ.. ഈ നട്ടുച്ച നേരത്ത് പുറത്തിറങ്ങി നോക്കിയാൽ മൂണിനെ കാണാന്ന് മോളോട് ആരാ പറഞ്ഞേ.! അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് അവളെ വാരിയെടുത്തു. അന്തരീക്ഷമൊന്നാകെ രണ്ട് മൂന്ന് വട്ടം ചുഴറ്റി പൊക്കീം താത്തും ഒടുവിൽ നെഞ്ചിലേക്ക് ചേർത്ത് വെച്ച് ഒരു പഞ്ചാര മുത്തം നൽകി. തൽക്കാലം മൂണിന് പകരം ഇപ്പോൾ ഡാഡി സണ്ണിനെ കാണിച്ച് തരാം കേട്ടോ..

ഉം.. ഒരു മൂളലും തലയാട്ടലും മാത്രം. അവൾക്കെന്തോ, പെട്ടെന്നൊരു സങ്കടം തികട്ടി വന്നു. ജനാല വിരികൾക്കിടയിലൂടെ അയാൾ കാണിച്ച് കൊടുത്ത ജ്വലിക്കുന്ന സൂര്യന്റെ സ്വർണ്ണ കിരണങ്ങൾ അവളുടെ കണ്ണുകളിൽ നിരാശയായി നിറഞ്ഞ് തൂവി. കുറച്ച് കഴിഞ്ഞ് ഉപ്പ പോയപ്പോൾ അവൾ മെല്ലെ മെല്ലെ ബാൽക്കണിയിലേക്ക് നടന്നു. ഒരു നിമിഷം പുറത്തെ കാഴ്ച്ചകൾ കണ്ട് അവൾ അന്തം വിട്ടു. സൂര്യനെ വിഴുങ്ങി കൊണ്ടിരിക്കുന്നൊരു ഭീമൻ കൂരിരുൾ.. വിരിയാൻ വെമ്പി നിൽക്കുന്ന കാക്ക തൊള്ളായിരം നക്ഷത്ര മൊട്ടുകൾ.. ഇനിയടുത്തത് മൂണിന്റെ വരവായിരിക്കും., അവൾക്ക് ആകാംഷയായി. മന്ദം മന്ദം അവൾ മുന്നോട്ട് നടന്നു. ഇപ്പോൾ എല്ലാം നന്നായി കാണാം. അവളുടെ മുഖത്ത് പൂർണ്ണേന്തുവിന്റെ പൂനിലാവ് പെയ്തിറങ്ങി. ഇരു കൈകളും വാനിലേക്ക് നീട്ടി അവൾ ഉറക്കെ വിളിച്ച് പറഞ്ഞു;

വാ.. നീ താഴേക്ക് വാ.. ഞാനൊന്ന് പിടിച്ചോട്ടെ. സുന്ദരമായ ആ ക്ഷണം കേട്ട് പുഞ്ചിരി തൂകിയ പൂർണ്ണ ചന്ദ്രൻ കുറച്ചൊന്ന് ആലോചിച്ച് നിന്നിട്ട് പയ്യെ പയ്യെ അവളുടെ അരുകിലേക്ക് ഒഴുകിയ്യെത്തി. കൈയ്യെത്തി പിടിക്കുവാനോളം തൊട്ടടുത്തെത്തിയപ്പോൾ സന്തോഷം സഹിക്കവയ്യാതെ ചാടിയൊരൊറ്റ പിടിത്തമായിരുന്നു. പാവം ഹാനി മോൾ.. ബാൽക്കണിയിൽ നിന്നും കാല് വഴുതി താഴേക്ക് വീഴുമ്പോൾ വീണ്ടുമൊരുപാട് ദൂരത്ത് നിന്നാ ചന്ദ്രൻ അവളെയും നോക്കി പൊട്ടിച്ചിരിച്ചു. പത്താം നിലയിൽ നിന്നാണ് താഴേക്ക് വീണത്. നിലത്തേക്ക് പതിച്ചതും അവൾ ഞെട്ടിയുണർന്നു. കിടക്കയിൽ നിന്നും തറയിലേക്കുള്ള ദൂരം വളരെ കുറവായിരുന്നത് കൊണ്ടാവും തലയിലൊരു ചെറിയ മുഴയിലാ വീഴ്ച്ച ഒതുങ്ങി തീർന്നത്. എങ്കിലും അവിടെ കിടന്നവൾ ഉറക്കെ നിലവിളിച്ചു. ഉറക്കച്ചടവിലും നേരിയ വേദന നൽകിയ പരമാനന്ദം അവളുടെ കണ്ണുകളിൽ നിന്നും പെരുമഴയായി പെയ്തിറങ്ങി.

ഹാനി മോളുടെ കരച്ചിലും കേട്ട് ഇത്താത്ത അകത്തേക്ക് ഓടി. കണ്ണും തിരുമ്മി മൂക്കളയൊഴുക്കി കീത്തുവായും ഒലിപ്പിച് നീളത്തിലങ്ങനെ കരയുകയാണവൾ.. അല്ലാഹ് എന്റെ മോൾക്കെന്താ പറ്റിയെ! നിറ കണ്ണുകളുമായി ഇത്താത്ത അവളെ അടിമുടി പരിശോധിച്ചു. ഇടയ്ക്കിടെ ഫളീലത്തുമ്മാടെ മുഖത്തേക്ക് കാളിയുടെ നോട്ടവും നോക്കി. സുലൈഖാ.. കൊച്ചിന് കൊഴപ്പമൊന്നുമില്ലല്ലോ..പടച്ചോൻ കാത്തു. എന്നാ ഞാൻ പോണേ..

നിക്ക് ഫളീലാ.., കൊറച്ച് കഴിഞ്ഞ് പോകാം..

ഹേയ്.. പോട്ടെ, ചോറ് ഇറക്കാനായിട്ടുണ്ടാകും.

പാവം ഫളീലത്തുമ്മ, ഇത്താത്തയോട് കാര്യമായിട്ട് പറഞ്ഞതാണ്. പക്ഷെ പറഞ്ഞ് കുടുങ്ങി.

ഫളീലത്തുമ്മായെ കൊണ്ട് അങ്ങനയൊക്കെ പറയിപ്പിച്ചതിന് പിന്നിലൊരു സൂത്രക്കാരിയുണ്ട്, എന്റെയുമ്മ സുലൈഖ. ഉമ്മാടെ കാതും കണ്ണുമായ ഫളീലത്തുമ്മയോട് ഈ വിഷയത്തിൽ നീണ്ട ഗൂഢാലോചന നടത്തിയതിന് ഞാനും മ്യാവുവും സാക്ഷികളാണ്. കള്ളവും കളവും വേർതിരിച്ചറിയാത്ത എന്റെ വീട്ടിലെ പാവം മ്യാവുവിനോട് ചോദിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. മ്യാവു മച്ചി ആയത് കൊണ്ട് ഉമ്മരത്ത് വരെ കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യം ഉമ്മ കൊടുത്തിട്ടുണ്ട്. ഇനിയെങ്ങാനും അടുക്കളയിൽ കയറിയാൽ പൂമുഖത്ത് കൂടി കോലായിലേക്ക് ഇറങ്ങി ഓടാനുള്ള സുവർണ്ണാവസരവും അവൾക്കുണ്ട്. അവളങ്ങനെ കട്ടെടുക്കത്തൊന്നുമില്ല. പാവം പൂച്ചയാണ്. വരുന്നവരോടൊക്കെ മ്യാവുവിനെ ഇങ്ങനെ പുകഴ്ത്തി പറയുന്നത് കൊണ്ടാവും ആര് വന്നാലും ഉമ്മര പടിയിൽ കിടന്ന് അവർ പറയുന്നതെല്ലാം ശ്രദ്ധിച്ചു കേൾക്കുന്നത്. വല്ലതും ചോദിച്ചാൽ മ്യാവൂന്ന് മൂളുക മാത്രം ചെയ്യും. ഇത്താത്താടെ ഭർത്താവ് ഖബീറിന് ഉച്ചമയക്കത്തിനു പോലും നേരമില്ലാന്നും പറഞ്ഞ് ഒരു ദിവസം ദുബായിൽ നിന്നും ഇത്താത്ത വിളിച്ചിരുന്നു. ഫളീലത്തുമ്മയോട് അതും പറഞ്ഞ് ഉമ്മ വലിയ സങ്കടം ബോധിപ്പിച്ചു. എന്റെ മോൾക്ക് അവിടെ ഒരു സമാധാനവും ഇല്ല ഫളീലാ.. അവളുടെ കെട്ടിയോൻ ഏതു നേരവും പൈസ ഉണ്ടാക്കാനങ്ങനെ നടക്കും. പാവം എന്റെ കൊച്ചിനാണെങ്കിൽ മൂന്ന് നാല് മക്കളൊക്കെ വേണമെന്നാണ് ആഗ്രഹം. ഇപ്പോളൊന്നല്ലേയുള്ളു.. വർഷം ഇതിപ്പോൾ എത്രയായി.! അതെങ്ങനാ.. അതിനൊക്കെ അവനിക്കെവിടന്നാ നേരം. കൊറേ.. പൈസ ഉണ്ട്., എന്നാലും മനുഷ്യമ്മാർക്ക് ഇങ്ങനെയും ആർത്തി പാടുണ്ടോ.! അവിടെ നിന്ന് മടുത്തെന്ന് വിളിക്കുമ്പോഴെല്ലാം അവൾ പറയാറുണ്ട്.

ഇതൊക്കെ കേട്ട് മനസ്സ് നീറിയ ഫളീലത്തുമ്മായുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ ഈ പ്രായത്തിൽ എനിക്ക് മക്കൾ നാലാണ്. പിന്നീടങ്ങോട്ട് ഗൂഡാലോചനകളുടെ ദിനങ്ങൾ പലതും കൊഴിഞ്ഞു. ഒടുവിലിതാ വല്യ പെരുന്നാളിന് ഇത്താത്തായും ഹാനി മോളും അളിയനും കൂടി നാട്ടിലേക്ക് പറന്നിറങ്ങി. കിട്ടിയ തക്കം മുൻകൂട്ടി തീരുമാനിച്ചത് പോലെ ഭംഗിയായി അവതരിപ്പിച്ച ഫളീലത്തുമ്മായോ ഉമ്മായോ ഇങ്ങനയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇത്താത്താക്കും കൂടി തോന്നീട്ട് വേണ്ടേ മൂന്നും നാലും മക്കളൊക്കെ. ഫളീലത്തുമ്മാടെ ചീറ്റി പോയ പടക്കത്തിന് വീണ്ടും തിരി കൊളുത്താൻ ശ്രമിക്കുന്ന ഉമ്മാടെ ബദ്ധപ്പാട് കണ്ട് ഉള്ളിൽ നിന്നും പൊട്ടിമുളച്ച ചിരി വളർന്ന് പന്തലിക്കും മുന്നേ ഞാൻ ഹാനി മോളെയുമെടുത്ത് വെളിയിലേക്ക് ഇറങ്ങി.

അങ്കിൾ..
എന്താണ് ഹാനികുട്ടീ..
തല വേദനയെടുക്കുന്നു..
എവിടെ നോക്കട്ടെ.!
ഒട്ടകപൂഞ്ഞ് പോലെ ഉച്ചിക്ക് താഴെ നന്നായി മുഴച്ചിട്ടുണ്ട്.. വീണപ്പോൾ തന്നെ തടവി ശെരിയാക്കിയിരുന്നെങ്കിൽ ഇത്രയും മുഴക്കില്ലായിരുന്നു. അവളെയും തോളിലേറ്റി ഞാൻ നേരെ പാടത്തേക്കിറങ്ങി. നീലാകാശത്തിന് ചുവട്ടിലുള്ള പച്ചപ്പിനിടയിൽ എല്ലാ വേദനകൾക്കും പരിഹാരമുണ്ടെന്ന് ഒരിക്കൽ ഉപ്പ പറഞ്ഞ് കേട്ടിട്ടുണ്ട്. വരമ്പത്തൂടെ നടക്കണമെന്നും പറഞ്ഞവൾ വാശി പിടിച്ചപ്പോൾ താഴെയിറക്കിയതാണ്, ഉച്ച വെയിലിൽ നിലത്ത് പതിഞ്ഞ എന്റെ കുഞ്ഞ് നിഴലിൽ ചാടി ചവിട്ടി രസിക്കുവാനുള്ള അടവായിരുന്നത്. തലയാണ് ലക്ഷ്യം. ചിലതെല്ലാം ചുവട് മാറി എന്റെ നെഞ്ചിലും കൊണ്ടു. ഹൃദയം വേദനിക്കുന്ന പോലെ ഞാൻ അഭിനയിച്ചപ്പോൾ അവൾക്ക് സങ്കടമായി. അവളെന്റെ നിഴലിൽ കുഞ്ഞികൈകൾ കൊണ്ട് മെല്ലെ തടവി. അങ്കിളിന് വേദനിച്ചോ.!

ഉംം.. പിന്നല്ലാതെ.
ഞാൻ അവളുടെ പഞ്ഞി കവിളിൽ ഒരു പിച്ച് വെച്ച് കൊടുത്തു. ഉറക്കെച്ചിരിച്ചോണ്ട് അവൾ തെളിനീരൊഴുകുന്ന ചെറിയ അരുവിയിലേക്കിറങ്ങി എന്റെ നേരെ വെള്ളം തെറിപ്പിച്ചു.

മതി മതി ഇനി നമുക്ക് വീട്ടിൽ പോകാം, കയറി വാ..

കഷ്ട്ടം കിട്ടും അങ്കിൾ.. കുറച്ച് കൂടി കളിക്കട്ടെ..

ഞാൻ എത്ര വട്ടം പറഞ്ഞതാ, എന്നെ ഇങ്ങനെ അങ്കിൾ അങ്കിൾ എന്ന് വിളിക്കല്ലേന്ന്. ഇനി അങ്ങനെ വിളിച്ചാൽ ഹാനിമോളോട് മാമൻ ഇനി ഒരിക്കലും കൂട്ടില്ല. അവൾ ചിരിച്ചോണ്ട് ഇല്ല എന്ന് തലയാട്ടി. അത് കണ്ടപ്പോൾ അവളിലേക്ക് തഴുകി പോകുന്നൊരു ഇളം തെന്നലിന്റെ കൈയ്യിൽ എന്റെ ചക്കര മുത്തം കൊടുത്ത് വിട്ടു. അതിനെ ചാടി പിടിച്ചവൾ ഒറ്റയടിക്ക് വായിലിട്ട് ചവക്കാതെ വിഴുങ്ങി.

ഉറങ്ങി എണീറ്റപ്പോൾ എന്റെ ഹാനി മോൾക്കിന്ന് എന്താ പറ്റിയത്. അത് കേട്ട് അവളുടെ മുഖം കറുത്തിരുണ്ടു. കുറച്ച് നേരം മൗനം ഭുജിച്ച് എന്നെയും നോക്കി അവളങ്ങനെ നിന്നു. എനിക്കൊരു മൂണിനെ പിടിച്ച് തരുമോ മാമാ.?

ഓഹ്, അതിനെന്താ.. എന്റെ മോൾക്ക്‌ എത്ര മൂണിനെ വേണമെങ്കിലും മാമൻ പിടിച്ച് തരും.

മാമനേ ആകാശത്ത് ചൂണ്ടയിടലല്ലേ ജോലി. എന്റെ കളിയാക്കിച്ചിരി കണ്ടിട്ടാവും അവളൊന്ന് ചിണുങ്ങി. ഈ അങ്കിളിന് ഹാനി മോളോട് ഒരു സ്നേഹോമില്ല. പെയ്യാൻ വിതുമ്പി നിൽക്കുന്ന അവളുടെ കണ്ണ് നീരുകൾ തുടച്ച് കൊണ്ട് ഞാൻ ചോദിച്ചു. ഹാനിമോൾക്ക് മൂണിനെ എന്തിനാണെന്ന് പറയ്.. എന്നാൽ മാമൻ പിടിച്ച് തരാം. അപ്പോൾ മാത്രമാണ് നോവുന്ന മുഴക്ക് പിന്നിലെ ചന്ദ്രന്റെ ക്രൂരതയെ പറ്റി ഞാനറിയുന്നത്. അവൾ പറഞ്ഞത് കേട്ടപ്പോൾ എന്തെന്നില്ലാത്തൊരു സങ്കടം തോന്നി. എന്റെ ഹാനി മോളെ തള്ളിയിട്ട അമ്പിളി മാമനെ ഈ മാമൻ പിടിച്ച് തരും കേട്ടോ..

അമ്പിളി മാമനോ.!

അവളാദ്യമായി കേൾക്കുന്ന അമ്പിളിമാമൻ എന്റെ പ്രിയപ്പെട്ട ആരോ ആണെന്ന് തെറ്റിദ്ധരിച്ചത് പോലെ തോന്നി. നീ പറയുന്ന മൂണിനെ ഇവിടുത്തെ കൂട്ടുകാർ അങ്ങനെയാ വിളിക്കുന്നത്. അത് കെട്ടവൾ സുന്ദരമായൊരു ചിരി ചിരിച്ചു.

ശെരി, അമ്പിളി മാമനെ പിടിച്ച് തന്നാൽ മോളതിനെ എന്ത് ചെയ്യും.?

ഈർഷ്യ ഭാവത്തോടെ രണ്ട് കൈയ്യും ചുരുട്ടി പിടിച്ചവൾ പല്ലിറുമ്പി പറഞ്ഞു; ഇങ്ങനെ ചുരുട്ടി കൂട്ടി തറയിലേക്ക് ഒറ്റ ഏറ് വെച്ച് കൊടുക്കും.

പടച്ചോനെ, അത് വേണോ.!

അതിനെന്താ കുഴപ്പമെന്ന മട്ടിൽ അവളെന്നെ തുറിച്ച് നോക്കി.

ഏയ്‌.. ഒരു പ്രശ്നവുമില്ല, ഹാനി മോൾക്ക്‌ അമ്പിളി മാമനെ ചുരുട്ടി കൂട്ടേ., തല്ലി കൊല്ലേ., ഉമ്മ വെക്കേ.. എന്തും ചെയ്യാം. ഞാനങ്ങനെ പറഞ്ഞതും പെട്ടെന്ന് അവൾ എന്നെ മുറുക്കെ കെട്ടി പിടിച്ചു.

അതിലെല്ലാമുണ്ടായിരുന്നു. ചന്ദ്രനെ പിടിച്ച് കൊടുത്തില്ലെങ്കിൽ ഉണ്ടാകുന്ന സങ്കടങ്ങളെ കുറിച്ചൊരു താക്കീതിനോട് ഒപ്പമുള്ള സ്നേഹ സീലാണ് അവളെന്നിൽ പതിപ്പിച്ചത്. വെറും കുട്ടിത്തമായിട്ടേ ആദ്യം തോന്നിയോളു. അത്കൊണ്ട് മാത്രമാണ് അത്രമേൽ ഉറപ്പ് കൊട്ത്ത് അവളെ സന്തോഷിപ്പിക്കാൻ നോക്കിയതും. ഹൃദയത്തിൽ എന്നെയും വഹിച്ച് പാടവരമ്പത്തൂടെ തിരിച്ച് വീട്ടിലേക്ക് നടന്ന് പോകുന്ന അവളെയും നോക്കിയങ്ങനെ മിഴിച്ച് നിൽക്കുവാനായിരുന്നു അപ്പോളെന്റെ വിധി. ഇനി ഞാനെന്ത് ചെയ്യും.!

പടിഞ്ഞാറുള്ള വീട്ടിലേക്ക് പമ്മി പമ്മി പോകുന്ന സൂര്യൻ പെട്ടെന്നടുത്ത് കണ്ടൊരു മേഘ കുടിലിൽ കയറി ഒളിച്ചു.. കളകള കുളുകുളു പാട്ടുംപാടി കല്ലിലും പുല്ലിലും തട്ടി ഒഴുകുന്ന അരുവി മാനത്തണ്ണികളോട്* എന്തൊക്കെയോ സ്വകാര്യം പറഞ്ഞു. ഹാനി മോളുടെ വീറും വാശിയും സങ്കടവും മനസ്സിൽ തെളിഞ്ഞ് വരും തോറും ഹൃദയ മിടിപ്പും താളം തെറ്റി കൊട്ടാൻ തുടങ്ങി.

ഇത്താത്ത വരുന്നുണ്ടന്നറിഞ്ഞപ്പോൾ ഹാനി മോളെ കാണാനായിരുന്നു തിടുക്കം. പലപ്പോഴും ആ കുഞ്ഞു മനസ്സിൽ ഈ മാമാക്കുള്ള സ്ഥാനം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ഒരു ദിവസം ഇത്താത്ത പറഞ്ഞു ; ഹാനി മോൾക്ക് അവളുടെ ഡാഡിയെക്കാളിഷട്ടം എന്നോടാണെന്ന്. അതെന്തേ.. അങ്ങനെ? എന്ന് ചോദിച്ചപ്പോൾ പറഞ്ഞത് ഞാൻ അവൾ പറയുന്നതെല്ലാം വാങ്ങി കൊടുക്കാറുണ്ട്, ഹാനി മോളെ പിണക്കാറില്ല, എന്നൊക്കെയാണ്.

അവളെ താഴെ തള്ളിയിട്ട ചന്ദ്രനെ എങ്ങനെ പിടിച്ച് കൊടുക്കും.. ആകാശത്തിലെ മുക്കുവൻ ആവാനുള്ളൊരു വരം പടച്ചോൻ തന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നെ തലോടി കടന്ന് പോയൊരു മന്ദാര കാറ്റ് കാതിലൊരു തന്ത്രം പറഞ്ഞ് തന്നു. ഒന്നും മനസിലായില്ല. സങ്കടത്തോടെ വീട്ടിലേക്ക് തിരികെ പോകാൻ നേരം വെറുതേ ഒന്ന് മുഖം കഴുകാൻ അരുവിയിലേക്കിറങ്ങി. അപ്പോഴാണ് സ്വർണ്ണ നിറമുള്ള ഓളങ്ങൾ തത്തി കളിക്കുന്നത് ശ്രദ്ധയിൽ പെട്ടത് . ഇത് കൊള്ളാല്ലോ.. കുറച്ച് നേരം കരയിലേക്ക് മാറി അരുവിയിൽ പ്രകൃതി വിരിച്ച വലകളൊന്ന് കെട്ടടങ്ങാൻ കാത്ത് നിന്നു. ഒരു നിമിഷത്തേക്ക്, മേലെ വാനിലെ തിളയ്ക്കുന്ന സൂര്യൻ കുളിര് തേടി ആ വെള്ളത്തിൽ പ്രത്യക്ഷപെട്ടു. സ്വർണ്ണ കോടാലി തിരികെ കിട്ടിയ പഞ്ച വർണ്ണ കഥയിലെ മരംവെട്ട് കാരനെക്കാൾ എനിക്ക് സന്തോഷം തോന്നി. തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയേ… കുട്ടിക്കാലത്ത് ഉമ്മ പറഞ്ഞു തന്നൊരു കഥയായിരുന്നു. കിണറ്റിൽ വീണ അമ്പിളി മാമനെ കരയിലേക്ക് വലിച്ചു കയറ്റുന്ന മുല്ലാ നസ്റുദ്ധീൻ സാഹിബിന്റെ കഥ. ഇഴഞ്ഞു നീങ്ങുന്ന സൂര്യനെ ആട്ടി പായിക്കുവാൻ ആശിച്ചു പോയി. ഒരു കയറും തൊട്ടിയും പിടിച്ച് സായം സന്ധ്യ തൊട്ട് കിണറ്റിൻ കരയിൽ ഹാനി മോളെയും കൂട്ടി ഞാൻ അവളെ പ്രതീക്ഷയോടെ കാത്തിരുന്നു.

മാമാ….

ഉം….

എന്താ ഹാനി കുട്ടീ…

ഞാൻ അമ്പിളി മാമനെ ചുരുട്ടി കൂട്ടൂല, ഉമ്മ വെക്കത്തേയുള്ളു..

നിലവിൽ വളാഞ്ചേരി മർക്കസ് വാഫി കോളേജിൽ ഇസ്ലാമിക ചരിത്രത്തിൽ പിജി വിദ്യാർത്ഥിയാണ്. തിരുവനന്തപുരം ജില്ലയിലെ കാട്ടുപുതുശ്ശേരിയാണ് സ്വദേശം. വിവിധ മാസികകളിൽ കഥകൾ, കവിതകൾ പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്.