ഒറ്റപ്പെട്ടവനൊരു കൂട്ടുവരുമ്പോൾ
ഒരു ഹരിതഗൃഹം കൂടെ അവന്റെ പ്രപഞ്ചത്തിൽ രൂപം കൊള്ളും
ഏറ്റ വെയിലുകൾ നിഴലാകും
വരൾച്ചയുടെ ഹൃദയഭൂമിക
മഴചാറ്റലിൽ കുളിർചൂടും
മണ്ണടിഞ്ഞ സ്വപ്നങ്ങൾ വീണ്ടും തളിർക്കും
പ്രണയസങ്കൽപ്പങ്ങളെല്ലാം
വസന്തം പോലെ
പൂത്തുലയും
ശൂന്യമായ വിരൽ വിടവുകളിൽ
കോർത്തു പിടിച്ചൊരു തുടിപ്പ് വരും
കടൽ എന്ന വാക്ക്
വിരഹമെന്ന
പര്യായം മാനസനിഘണ്ടുവിൽ നിന്നും
മായ്ച്ചു കളയും
നിലാവ് ഗൃഹാതുരത്വം വെടിഞ്ഞ്
ഇന്നുകളിലേക്ക് വെളിച്ചം പകരും
നഷ്ടപ്പെട്ട കരുതലുകളെ
നെറുകയിൽ തലോടി പങ്കു വയ്ക്കും
മാറോട് ചേർക്കുമ്പോൾ,
എനിക്കുമൊരാളുണ്ടെന്ന
നിവൃതിയുടെ നിശ്വാസങ്ങളുയരും
അടുക്കളയിൽ,
അവളോടൊപ്പം
കറിക്കൂട്ടുകളുടെ, പാത്രങ്ങളുടെ
ആദ്യത്തെ കണക്ക് കൂട്ടും
ഉത്തരവാദിത്വങ്ങളുടെ ഒരു അറകൂടെ
മണിപ്പേഴ്സിൽ നീക്കി വയ്ക്കും
അമ്മായമ്മ മരുമകൾ
നൂൽപ്പാലങ്ങളിൽ
പോരില്ലാതെ കരുതലായ്
നിമിഷങ്ങൾ കോർത്തിടും
പരിഭവങ്ങളെല്ലാം,
കൊച്ചുവർത്തമാനങ്ങളിൽ
തലയിണ തുമ്പിൽ
തുന്നി ചേർക്കും
കൂട്ടുവന്ന ഏകാകിയുടെ
ഇരുകൈകളിലും രണ്ട്-
കുടുംബങ്ങളെ മുറുകെ പിടിച്ച്
ഊഷ്മളത ചോരാതെ പുതിയൊരു
യാത്ര തുടങ്ങും
മഴയേറ്റ്, വെയിൽ നനഞ്ഞ്
ഹിമം നുണഞ്ഞങ്ങിനെ
ഋതുക്കൾ കോരിക്കുടിക്കും
അതെ,
ഒറ്റപ്പെട്ടവനൊരു കൂട്ടുവരുമ്പോൾ
ഒരു ഹരിതഗൃഹം കൂടി അവന്റെ പ്രപഞ്ചത്തിൽ രൂപം കൊള്ളും……..!