എനിക്കുറക്കം വരണു കണ്ണേ
ഞാനുറങ്ങാൻ പോണ് !
ഇതിനു മാത്രമെന്തു പൊന്നേ
എഴുതിവക്കാനെന്നും!
സ്ക്കൂളിലെന്തു മാഷുമ്മാർക്കു
വേലയൊന്നും വയ്യേ ?
രാത്രിമുഴുവൻ കുട്ടികളെ
ഒറക്കെളച്ചിരുത്താൻ !’
‘പകർത്തെഴുതീ, സയൻസുബുക്കിൽ
പടംവരച്ചു വച്ചു
മാത്ത്സുബുക്കിലിനിയൊരൊറ്റ
വഴിക്കണക്കു ബാക്കി!’
‘കാലത്തിത്ര നേർത്തെയേറ്റു
വഴിക്കണക്കു ചെയ്യാം,
ഇന്നിനീയൊറക്കെളച്ചു
നീരെളക്കം വേണ്ട.’
ബാഗടച്ചു ലൈറ്റണച്ചൂ
കട്ടിലേറിയുണ്ണി.
വഴിക്കണക്കൊരെണ്ണം മാത്രം
വെളിയിലായി നിന്നു !
അയലുവക്കത്തൊറ്റയാ –
യൊരമ്മയാണതെന്നും
അന്തിക്കവൻ കൂട്ടിനായി
പ്പോരുന്നതാണെന്നും,
അവിടെയാരും ചൊല്ലുകില്ല
ഇരുവരെയും കണ്ടാൽ !
പെറ്റുവച്ചാലൊക്കുകില്ല
അത്രമേലുണ്ടിഷ്ടം!
തലമണത്തു, താളമിട്ടു
കഥപറയുമമ്മ !
കാലുയർത്തി മേലെവച്ചു
മൂളിക്കേട്ടിട്ടുണ്ണി !
കടലിലുണ്ടു രാജ്ഞിയുടെ
ഏഴുനിലക്കോട്ട
അവിടെപ്പോയ കുട്ടികൾടെ
കഥ മതിയെന്നുണ്ണി,
നൂറുവട്ടം കേട്ടുകേട്ടു
പഴകിയതെന്നാലും
കടലുമോഹിയായവന്നു
കഥയതാണു പഥ്യം !
അന്നുരാത്രി കനവിലൂടെ
കടലുകേറി വന്നു.
പുഴയെ വിട്ട് കടലവനെ
കൂട്ടുവാനായ് വന്നു!
കോട്ടയിലെയത്ഭുതങ്ങൾ
കാട്ടിത്തരാനല്ലേ,
ഇനിയവിടെ താമസിക്കാ-
മിങ്ങുപോരു കുഞ്ഞേ!
ഇരുളൊഴുകീ,യിരുവഴിയെ
ഇരുവരും പിരിഞ്ഞു !
മലയൊഴുകും വഴിയിലൂടെ
യുണ്ണിയെത്തിരഞ്ഞു
ഒഴുകിയൊഴുകി ഉടലുപോയ
ഉയിരുമായിട്ടമ്മ
വഴിയറിയാപ്പുഴയിലൂടെ
കടലിന്നാഴമെത്തി
തെറ്റിപ്പോയ വഴിയുമായി
വഴിക്കണക്കുമപ്പോൾ
ചിതറിവീണ നിധികളിലെ
കനവുകൾ തിരഞ്ഞു
മായ്ക്കുറബ്ബർ, കുഞ്ഞു പെൻസിൽ
നീലനിറച്ചോക്ക്!
കുപ്പിപൊട്ടി, യുള്ളിലിട്ട
ശംഖെവിടെപ്പോയി?!
കോട്ടകാക്കാൻ നിന്നിരുന്ന
കാവലാൾ പറഞ്ഞു
ഉള്ളിലാണു പുഴയെടുത്ത
നൂറുനൂറു മക്കൾ
വേഗമങ്ങു ചെന്നുനോക്കി
പോരുവാൻ വിളിക്കൂ,
പോരുമെങ്കിൽ കൊണ്ടുപോകൂ
ഞാൻ തടയാനില്ല!
കോട്ടവാതിൽ കേറിയതേ
പുത്തനൊരു ലോകം !
രാത്രിയല്ല പകലുമല്ല
വെയിലതില്ല, ചൂടും !
വീടുമില്ല സ്കൂളുമില്ല
കടലുപോലെ പൂക്കൾ
കൈയകലത്തെന്നപോലെ
താരകങ്ങൾ മേലെ!
പുഞ്ചിരിക്കും കുട്ടികളിൽ
ഉണ്ണിമുഖം തേടി
‘എന്തുമായ ‘ മേവരെയും
കാൺകിലൊന്നുപോലെ!
ആണുമില്ല പെണ്ണുമില്ല
പ്രായവുമറിയില്ല
കുട്ടികളെന്നൊറ്റ വർഗ്ഗം
കളിചിരിയാൽ ദീപ്തം !
പടംവരയ്ക്കും നിറം കൊടുക്കും
പാട്ടുപാടിയാടും
ഉണ്ണിയില്ല, പിന്നെയുള്ള
കുട്ടികളോടെല്ലാം
മാറിമാറിച്ചോദിച്ചതാ –
ണെൻ്റെ കൂടെപ്പോരാൻ ,
ഉത്തരമായൊറ്റ ശബ്ദം,
ഭൂമിയിലേക്കാണോ
തിരികെ ഞങ്ങളില്ലിനിയും
വളരുകയും വേണ്ട !
ഇവിടെയില്ല ചൂഷണവും
കപടതയും കൊല്ലലും
ഭൂമിയിലെ കൂടുകളിൽ
വേറെയെന്തങ്ങുള്ളു?
പലതവണ മരണമെന്തി, –
ന്നൊരുതവണ, പോരേ?