കുഴിയാന

വെളുത്ത കൊമ്പും
നെറ്റിയിലൊരു പട്ടവും
തലയ്ക്കു മീതെ തിടമ്പും
കാലിലൊരു ചങ്ങലയും
കൊമ്പിൽ കോർക്കാനൊരു
പാപ്പാനുമില്ലാഞ്ഞിട്ടും
കുഴി ‘ആന’

താനേ കുഴിച്ച കുഴിയിൽ
പതിയിരിക്കുമ്പോഴും
പറക്കാനുള്ളൊരു സ്വപനം
കുഴിയാന
കാത്തുവയ്ക്കുമായിരുന്നു.
മേളം പെരുകുമ്പോൾ
ആശ്വാസത്തിനായി
ഒരാന കാട് സ്വപനം
കാണുന്നത് പോലെ.

സന്തോഷങ്ങളുടെ
ഇമയനക്കങ്ങൾക്കായി
കുളിച്ചു പൂശാനും
ഒളിച്ചിരിക്കാനും
മണല് വേണം
രണ്ടുപേർക്കും
എന്നതൊഴിച്ചാൽ
നിഗൂഢമായ ഒരു
ഒളിവു ജീവിതത്തെ
തുറസ്സായൊരു
കാട് ജീവിതത്തോട്
കൂട്ടികെട്ടാൻ
ആരാവും
വാരിക്കുഴി കുത്തിയത് ?

ഒന്നോർത്തു നോക്കിയാൽ
ആനയെ വരക്കാൻ പോലും
എന്തെളുപ്പമാണ് ?
‘റ’ യിൽ രണ്ടു വരയിൽ
കൊമ്പ്…
നാല് വരയിൽ
കാല്…
പക്ഷെ,
കുഴിയാനയുടെ
ഒരു
ചിത്രം പോലും കണ്ടിട്ടുണ്ടോ
നിങ്ങൾ ?

പൂമരം എന്ന ബ്ലോഗിൽ കവിതകൾ എഴുതി തുടങ്ങി, നവ മാധ്യമങ്ങളിൽ എഴുതുന്നു. നിരവധി കവിതാ സമാഹാരങ്ങളിൽ കവിതകൾ ഉൾപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ തൊട്ടിൽ പാലം സ്വദേശി. മലേഷ്യയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നു.