കുളിമുറി

കുളിമുറിച്ചുവരുകളിൽ
ഒട്ടിച്ചുവച്ചിരിക്കുന്ന
കറുത്ത പൊട്ടുകളുടെ ഭംഗി
ഇന്നാണു ശരിക്കും കാണുന്നത്‌

ഭിത്തിയരികിൽ ചേർന്നിരിക്കുന്ന
ആ ഒടിഞ്ഞ സോപ്പുക്കഷണത്തിനു
അവളുടെ മണമായിരുന്നു.

കുളിച്ചു തോർത്തുന്ന തോർത്തിലോ
കാച്ചെണ്ണയുടെയും വെള്ളത്തിന്റെയും
അവിഞ്ഞ മണം.

അവളുടെ ശരീരത്തിന്റെ
അഴകളവുകൾ വരച്ചുകാട്ടുന്ന
അലക്കുകൂടയിലെ
ഉടുപ്പുകളിലും അടിവസ്ത്രങ്ങളിലും
അവളുടെ വിയർപ്പുഗന്ധം, ഉന്മാദം.

അവളുടെ ചന്തത്തിൻ കൂട്ടാളികളായ്‌
സിങ്കിനടുത്തായി ചിന്നിച്ചിതറിയ
മുടിനാരിഴകൾ കോർത്ത ചീപ്പും
കുങ്കുമവും ശിങ്കാറിന്റെ കണ്മഷിയും
പാലപ്പൂവിന്റെ മണമുള്ള അത്തറും
മുഖത്തിന്റെയഴക്‌
കാണിച്ചുകൊടുത്തിരുന്ന
നിലക്കണ്ണാടിയും
ആഭരണപ്പെട്ടിയും കുപ്പിവളത്തുണ്ടുകളും
സൗന്ദര്യവർദ്ധകവസ്തുക്കളും.

അവളുടെ സ്പർശത്തെ, ചന്തത്തെ
അവൾ ഒളിപ്പിച്ച നുറുങ്ങ്‌ മോഹങ്ങളെ
അവളുടെ ഗന്ധത്തെ
ഞാൻ അവഗണിച്ചതിൻ
പിണക്കത്തിൽ പരിഭവിച്ച്‌‌
കണ്ണെഴുതി, പൊട്ടുകുത്തി, കുങ്കുമം ചാർത്തി
ഷാൾ കഴുത്തിൽ  മുറുക്കിച്ചുറ്റി
ആടാനും പാടാനും അർമ്മാദിക്കാനും
സ്വതന്ത്ര്യമായ്‌ പറക്കാനും കൊതിച്ച്‌
ഇറങ്ങിപ്പോയവൾ ഉറങ്ങുന്നതും
എന്റെ മനസാക്ഷി മരിച്ചുകിടക്കുന്നതും
ഈ മുറിയിലാണു..!

നൂറനാട്‌ പടനിലം സ്വദേശി.അമേരിക്കയിൽ കുടുംബസമേതം താമസിക്കുന്നു. ഇണനാഗങ്ങൾ( പായൽ ബുക്സ്‌) , യാർഡ്‌ സെയിൽ (പ്രഭാത്‌ ബുക്സ്‌), കാമുകനെ ആവശ്യമുണ്ട്‌ (പ്രഭാത്‌ ബുക്സ്‌) എന്നീ കവിതാസമാഹാരങ്ങളുംപ്രണയവീഞ്ഞ്‌ (പായൽ ബുക്സ്‌) എന്ന പേരിൽ പ്രണയക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.-