കുട്ടി പടനിലം വരയ്ക്കുമ്പോൾ

ചിത്രപ്പുരയിൽ
തിരക്കിലാണ് പെൺകുട്ടി

കൊച്ചു ക്യാൻവാസിൽ
രണ്ടു രാജ്യാതിർത്തികൾ..
ഇരുപുറവും
തോക്കേന്തിയ രാജ്യഭടൻമാർ

പീരങ്കികൾ
പടക്കപ്പലുകൾ..
ഇടയ്ക്കുവെച്ചിട തെറ്റുന്ന
യുദ്ധനീതികൾ !

പടനിലത്തിനു നടുക്കായൊരു
ചുവന്ന വൃത്തം വരച്ചതേയുള്ളൂ അവൾ…
ഒഴുകിപ്പരന്ന് അതൊരു
ചെന്തടാകമായി !

മനുഷ്യരും മുതലകളുമതിൽ
മുങ്ങിമരിച്ചു..
ചിത്രത്താളിൽ നിന്നും
പടിയിറങ്ങിപ്പോയ പട്ടാളക്കാർ
വെടിയൊച്ചകൾക്കു പിന്നിൽ
മറഞ്ഞിരിക്കുകയാവും

കടൽ വറ്റുമ്പോൾ
ചില ഞരക്കങ്ങളെ
കൊത്തിയടർത്തുന്ന
കഴുകടിയൊച്ചകൾ ..

കരയിൽ,
മുറിവുണക്കുന്നവരുടെ
വിഷാദപ്പാടുകൾ
ഇടറിയ നെടുവീർപ്പുകൾ…

പക നിറഞ്ഞ
മനസ്സുകൾ
ചിത്രപ്പെടുത്തുന്ന
അന്ധകാരത്തിന്നിടനാഴികൾ

സ്വർണ്ണമുടി
കൊഴിഞ്ഞുപോയ
കളിപ്പാവകൾ..
നുറുങ്ങിക്കിടക്കുന്ന
ഊന്നുവടികൾ

ചിതറിയ
നട്ടെല്ലിൻ കരുത്തുകൾ…
ഭ്രാന്തിൻ രണജല്പനങ്ങൾ !
അഗ്നിതാണ്ഡവങ്ങൾ..

മനുഷ്യനും ജീവനും
നടുവിൽ
സൃഷ്ടിയുടെ
ക്രോമസോം ഏണികൾ…

ആ സമയം,
എങ്ങുനിന്നെങ്കിലുമൊരു
വെള്ളരിപ്രാവ്
കളത്തിലേക്കു പറന്നിറങ്ങണമെന്നാണ്
അവൾ ആശിച്ചത്..

പടംവര പകുതിയാകുമ്പോൾ
ചിത്രക്കടലാസിൽ
അവ്യക്തനിഴലുകൾ പോലെ
പലായന നിരകൾ..

വിഭ്രമമിഴികളോടെ
ആരെയോ പരതുന്ന ഒരുവൾ
പെൺകുട്ടിയുടെ
അമ്മയായിരിക്കാം…

ചായപ്പെൻസിലുകൾ നിലത്തിട്ട്
സ്കൂൾബാഗ് തോളിലിട്ട്
അമ്മയ്ക്കൊപ്പമെത്തുവാൻ
അവൾ ചിത്രത്തിലേക്കിറങ്ങിയോടി!

തൃശൂർ ജില്ലയിെലെ ചേലക്കരയിൽ താമസം. കൃഷ്ണവിഹാരം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്