കുടുംബം മലയാളനോവലിൽ ( ഡോ.അമ്പിളി എം വി ) – പുസ്തക പരിചയം

കുടുംബം മലയാളനോവലിൽ എന്ന ഡോ.അമ്പിളി എം വി യുടെ പുസ്തകം കുടുംബഘടനയുടെ വികാസ പരിണാമങ്ങളെയും മലയാള നോവലിലെ കുടുംബ ബന്ധങ്ങളെയും അന്വേഷണ വിധേയമാക്കുന്നു. സമൂഹത്തിന്റെ പ്രാഥമിക ഘടകമാണ് കുടുംബം. ജീവിതത്തിന്റെ ആവിഷ്കാരമായ സാഹിത്യത്തിലും ഏറ്റവും കൂടുതൽ പ്രമേയമായി വരുന്നത് കുടുംബം തന്നെയാണ്. സമകാല മലയാള നോവലിലെ കുടുംബബന്ധങ്ങളെക്കുറിച്ചുള്ള പഠനമാണ് ഡോ. അമ്പിളി എം വി യുടെ ‘കുടുംബം സമകാല മലയാള നോവലിൽ’ എന്ന ഗ്രന്ഥം. സമകാല മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയമായ സുഭാഷ് ചന്ദ്രന്റെ ‘സമുദ്ര ശില’, ആർ രാജശ്രീയുടെ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്നീ കൃതികളിലെ കുടുംബ ബന്ധങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

“നിങ്ങളിൽനിന്ന് പിരിഞ്ഞ് താമസിക്കാനുള്ള സ്വാതന്ത്ര്യം തന്നെയാണ് എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ നഷ്ടപരിഹാരം. അവൾ അയാളുടെ കണ്ണിൽ നോക്കിപ്പറഞ്ഞു. അവനുവേണ്ടി നിങ്ങളുടെ യാതൊന്നും പിന്നെ എനിക്കു വച്ചുനീട്ടരുത്. നിങ്ങളുടെ കുഞ്ഞ് പട്ടിണിയില്ലാതെ കഴിയുന്നു എന്നാശ്വസിക്കാൻ നിങ്ങൾക്ക് അവസരമുണ്ടാകരുത” (സുഭാഷ് ചന്ദ്രൻ 2020:168) ഇത് ഒരു പ്രതിഷേധമോ പ്രതിരോധമോ എന്നതിനപ്പുറം കുടുംബത്തിന്റെ അധികാരം പുരുഷനാകുകയും അയാൾ സാമ്പത്തിക ഭദ്രതയുള്ളവനാകുകയും ചെയ്യുമ്പോൾ എന്തിനും വിലപറയാമെന്ന ധാരണയുണ്ടാകും. ആ ധാരണയെയാണ് അംബ ഇവിടെ ചോദ്യം ചെയ്യുന്നത്. ഇതുതന്നെയാണ് സമകാലഘട്ടത്തിലെ കുടുംബകോടതികളിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും. സ്വയം പര്യാപ്തകളും വിദ്യാസമ്പന്നകളും ഉദ്യോഗം ഭരിക്കുന്നവരുമായ പല പെൺകുട്ടികളും വിവാഹമെന്ന ഉടമ്പടിയിലേക്ക് കടക്കുന്നതോടെ ആശ്രിതയെന്ന നിലയിലേക്ക് സ്വയം ഒതുങ്ങുകയോ ഒതുക്കപ്പെടുകയോ ചെയ്യുന്നു. ഇത്തരം വിധേയപ്പെടലുകൾ ഇന്നും സ്ത്രീക്ക് അലങ്കാരമെന്ന നിലയിൽ വിലയിരുത്തപ്പെടുന്നു. ഇത്തരം വിലയിരുത്തപ്പെടലുകളാണ് വിമർശിക്കേണ്ടത്.

കുടുംബം സ്ത്രീയും പുരുഷനും ചേർന്നിരുന്നാൽ മാത്രം പൂരിപ്പിക്കപ്പെടുന്നതോ പൂർണ്ണമാകുന്നതോ ആണെന്ന ധാരണയ്ക്ക് സമകാലഘട്ടത്തിൽ ഇളക്കം തട്ടുന്നുണ്ട്. “ട്രാൻസ് ജെൻഡർ കുടുംബം,’ ‘ലിവിംഗ് ടുഗെതർ’ എന്ന സഹജീവനം തുടങ്ങിയ പുതു കുടുംബരൂപങ്ങൾ സമൂഹത്തിൽ ഇപ്പോൾ വ്യാപക മാകുകയാണ്. ഭരണകൂടസംവിധാനങ്ങളും നിയമങ്ങളും ഇത്തരം കുടുംബരൂപങ്ങളെ അനുകൂലിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആധുനികതയുടെ സൃഷ്ടിയായ ന്യൂക്ലിയർ കുടുംബം ഏകദാമ്പത്യകുടുംബം എന്ന സങ്കല്പനം തന്നെ സമകാലഘട്ടത്തിൽ മാറിമറിയുന്നു.

“എന്റെ കുടുംബം, എന്റെ കുടുംബം, ഞാനും നീയും നമ്മുടെ മക്കളും മാത്രമുള്ള കുടുംബം എന്നയാൾ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നത്രെ. ആ കുടുംബത്തിൽ ദാക്ഷായണിയുടെ ദേശത്തുനിന്ന് ദാക്ഷായണി മാത്രമേ ഉണ്ടാകുകയുള്ളൂ. അല്ലാത്തതിനൊന്നും അവിടെ പ്രവേശനമില്ല. ദാക്ഷായണിയുടെ ബന്ധങ്ങൾക്കും പശുവിനും പൂരത്തിനും വിഷുവിനും കളിയാട്ടത്തിനും പ്രവേശനമില്ല. അയാളുടെ കുടുംബമുണ്ടാക്കാൻ ദാക്ഷായണി വാലുമുറിച്ചിട്ട പല്ലിയാകണം. കുടുംബം എന്ന വാക്ക് അയാൾ ഉച്ചരിക്കുന്നത് ദാക്ഷായണിയെ അക്കാലങ്ങളിൽ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നത്രെ” (ആർ രാജശ്രീ: 2020: 64)

എന്റെ ഭാര്യ, എന്റെ മക്കൾ എന്നി കുടുംബസങ്കല്പങ്ങളൊന്നും ദാക്ഷായണിക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. സ്വന്തം ദേശം, വീട്, നാട് എന്നിവയെല്ലാം സ്വന്തമാക്കലിന്റെയും അന്യമാക്കലിന്റെയും ഹേതുവായി നോവലിൽ മാറുന്നത്. വിവാഹമെന്ന ഉടമ്പടിയോടെ സ്ത്രീകളിൽ ഇത്തരം അവസ്ഥാവിശേഷങ്ങൾ എത്രമാത്രം രൂക്ഷമാണെന്നതിന് തെളിവാണ് കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതാവസ്ഥകൾ. വിവാഹാനന്തരം സ്വന്തം ഇടം ഇല്ലാതാകുന്നുവെന്ന ബോധം ദാക്ഷായണിയെ അസ്വസ്ഥയാക്കുന്നുണ്ട്. തന്റെ സ്വാതന്ത്യങ്ങളിലും വ്യക്തിബോധങ്ങളിലും അധികാരിയായ പുരുഷന്റെ കടന്നുകയറ്റവും അവൾക്ക് അസഹനീയമാകുന്നുണ്ട്. അതോടെ സ്വന്തമായി ഒരു പശുവിനെ വാങ്ങിക്കൊണ്ട് ഞാനും ഒരു സ്വതന്ത്രവ്യക്തിയാണെന്നും സ്വന്തം താല്പര്യ ങ്ങളുണ്ടെന്നും അവൾ തുറന്നു പ്രഖ്യാപിക്കുകയാണ്. ഭർത്തഗൃഹത്തിലെ യാതൊന്നും തനിക്ക് സ്വന്തമല്ലെന്നും അവൾ തിരിച്ചറിയുന്നു. അവിടെനിന്ന് ദാക്ഷായണി സ്വന്തം ഇടത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയാണ്.

രാജേഷ് എം ആർ

വ്യവസ്ഥാപിത സാമൂഹികനിയമങ്ങൾ, അധികാരപരിധികൾ, പരിമിതികൾ എന്നിവ പ്രശ്നവത്കരിക്കുന്നതിലൂടെയും ചോദ്യം ചെയ്യുന്നതിലൂടെയും സമകാല സ്ത്രീചിന്തകളെയും കാഴ്ചപ്പാടുകളെയും സമുദ്രശില എന്ന നോവൽ വിഷയവത്കരിക്കുന്നു. സമുദ്രശിലയിലെ അംബ എന്ന കഥാപാത്രത്തെ വിശകലനം ചെയ്തതിൽ നിന്നും പ്രശ്നസങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് സ്ത്രീ അവളിൽ അന്തർലീനമായികിടക്കുന്ന ശക്തിയെ തിരിച്ചറിയുന്നതും പ്രയോഗവത്കരിക്കുന്നതുമെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ട്.

വിവാഹമെന്ന ഉടമ്പടി സ്ത്രീജീവിതത്തെ പുനർനിർമ്മിക്കുന്നതിന്റെയും സ്വന്തം ഇച്ഛാശക്തിയാൽ ജീവിതം തിരിച്ചുപിടി ക്കുന്നതിന്റെയും സുവ്യക്തചിത്രമാണ് കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടുസ്ത്രീകളുടെ കത എന്ന നോവൽ. സ്ത്രീ അവളുടെ സ്വന്തം വ്യക്തിത്വം ആരിൽനിന്നും നേടിയെടുക്കേണ്ട ഒന്നല്ല, അത് അവളിൽ തന്നെയുണ്ടെന്നുള്ളത് അവൾ തിരിച്ചറിയുന്നിടത്താണ് സ്ത്രീയുടെ വ്യക്തിയെന്നനിലയിലുള്ള പൂർണ്ണത എന്ന് നോവൽ വായനയിലൂടെ ഈ പഠനം മുന്നോട്ടുവയ്ക്കുന്നു.

കുടുംബബന്ധങ്ങളിൽ വലിയ അഴിച്ചുപണികൾ നടക്കുന്ന വർത്തമാനകാലത്ത് മേൽപറഞ്ഞ കൃതികളെ മുൻനിർത്തി കുടുംബ ബന്ധങ്ങളെ സൂക്ഷ്മമായി പഠന വിധേയമാക്കിയ ‘കുടുംബം സമകാല മലയാളനോവലിൽ’ എന്ന ഡോ.അമ്പിളി എം വി യുടെ ഈ ചെറിയ പഠനഗ്രന്ഥത്തിന് വളരെയേറെ പ്രസക്തിയുണ്ട്.

കുടുംബം മലയാളനോവലിൽ (പഠനം)
ഡോ.അമ്പിളി എം വി
മൺസൂൺ ബുക്ക്സ്
വില : 100 രൂപ

എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശി. തൃശൂർ ശ്രീ കേരളവര്‍മ്മ കോളേജിൽ മലയാള വിഭാഗം മലയാള വിഭാഗം പ്രൊഫസര്‍.