ഹാരിസ് നെൻമേനി
കുഞ്ഞുണ്ണി മാഷ് സാഹിത്യ അവാർഡ്, കലാകൗമുദി ‘കഥ’ പുരസ്ക്കാരം എന്നിവ ഉൾപ്പെടെ 7 ഓളം പുരസ്കാരങ്ങൾ നേടി. ഫോട്ടോ ഷോപ്പ്, ഹെർബേറിയം എന്നീ ചെറു സിനിമകൾക്ക് കഥയെഴുതി.
പൂർണ്ണ – ഉറൂബ് നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട നോവലാണ് മാജി. വയനാട് ജില്ലയിലെ നെൻമേനി സ്വദേശി. റവന്യൂ വകുപ്പിൽ ജീവനക്കാരനാണ്.
പ്രണയം, രതി, മണ്ണ്, പെണ്ണ് തുടങ്ങിയ പരമ്പരാഗത ആവർത്തന വിരസങ്ങളായ പ്രമേയങ്ങളിൽ നിന്നും വ്യതിചലിച്ച് വർത്തമാനത്തിലും ഭാവിയിലും ഭൗമജൈവികതയ്ക്ക് മുഖ്യഭീഷണിയായി മാറുന്ന കുടിനീർ ദൗർലഭ്യവും, അതിനെ തുടന്നുണ്ടാവും കലാപങ്ങളും പ്രധാന പ്രമേയമാക്കി ഹാരിസ് നെൻമേനി രചിച്ചിരിക്കുന്ന നോവലാണ് ‘മാജി’.
ജാതിവർഗദേശങ്ങളേതെന്ന് വായനക്കാരന് തിരിച്ചറിയാനാകാത്ത വിധം ഒരു സങ്കൽപഭൂവിലെ ചുട്ടുപൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്ക് അനുവാചകനെ കൈപിടിച്ചു കൂട്ടാൻ നോവലിസ്റ്റ് നടത്തിയ ശ്രമങ്ങൾ രചനാസങ്കേതത്തിന്റെ ലാളിത്യം കൊണ്ടും സാധാരണ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത അതിശയോക്തിയില്ലാ അനുഭവവിവരണങ്ങൾ കൊണ്ടും പൂർണമായും വിജയിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ.
പ്രാദേശിക ഭാഷയിൽ ജലം എന്ന് തന്നെ അർത്ഥ മുള്ള ‘മാജി’ എന്ന ദേശവും അയൽ ദേശങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി ശുദ്ധജല ദൗർലഭ്യം തന്നെയാണ്. ഭ്രാന്തമായ മതപോരാട്ടങ്ങൾക്കു സമാനമായ രക്തചൊരിച്ചൊലുകളോടുകൂടിയ ശണ്ഠകൾ അവിടെ സാധാരണവും. കാരണം ജലമാണെന്നു മാത്രം. ഒരു ജലവിതരണ കുഴലിനരികിൽ ഒരു പാത്രം വെള്ളത്തിന്റ്റെ പേരിൽ ഇരു സ്ത്രീകൾ തുടങ്ങിവെയ്ക്കുന്നൊരു ശണ്ഠ വേരുകൾ മുളച്ച് ഒരു ഭൂഭാഗത്തെ തന്നെയും രുധിരനദികളിൽ മുക്കുന്നകലാപങ്ങളായി പരിണമിക്കുന്നതും അവിടെ സാധാരണം.
അനിശ്ചിതത്തിനും സംഘട്ടനങ്ങൾക്കുമിടയിൽ നൻമയുടെയും പ്രതീക്ഷയുടേയും ചെറുതിരി വെട്ടം കയ്യിലേന്തി ആ പ്രകാശം ലോകത്തിനാകെ പകരാൻ മോഹിച്ച് ജീവിതാസ്തമയത്തിനു മുമ്പ് തന്നാലാവും വിധമെല്ലാം പരിശ്രമിക്കുന്ന ബാബ എന്ന് മറ്റുള്ളവരാൽ വിളിച്ചാദരിക്കപ്പെടുന്ന ‘എനിറ്റാൻ’ ആണ് നോവലിലെ പ്രധാന കഥാപാത്രം. ഒരു പ്രവിശ്യമുഴുവൻ കുടിനീരിനായ് അലയുമ്പോൾ ബാബയുടെ മുറ്റത്തുള്ള കിണറിൽ മാത്രം ശുദ്ധജലം ലഭ്യമാകുന്നത്.
അദ്ദേഹത്തെ താനാഗ്രഹിക്കാത്തൊരു വിശുദ്ധ പദവിയിലേക്കുയർത്താൻ പല കാരണങ്ങളും നാട്ടുകാരെ പ്രേരിപ്പിക്കുന്നു. നീണ്ട ജീവിതാനുഭങ്ങൾ നൽകിയ അറിവും, പരിമിത ഭൗതിക സമ്പാദ്യവുമുപയോഗിച്ച് പ്രദേശത്ത് ധാരാളമായി ലഭിക്കുന്ന മറ്റുമിശ്രണങ്ങൾ ചേർന്ന ജലം ശുദ്ധീകരിച്ച് പാനയോഗ്യമാക്കുന്നതിന്റെ തപതുല്യമായ പ്രവർത്തിയിലേർപ്പെട്ടിരിക്കുന്ന ബാബയ്ക്കരികിലേക്ക് നിയതി പോലെ കലാപ രൂക്ഷതയുടെ മുറിവുകളും ഒടിവുകളുമായി എത്തുന്ന തായ് വയിൽ ബാബയുടെ കൂട്ടു കഥാപാത്രം സുരക്ഷിതമാവുന്നു.
അത്രയധികം താലോലിക്കപ്പെടേണ്ടതല്ലാത്ത ഭൂതകാലങ്ങൾക്കുടമകളായതിലാവാം ബാബയും തായ്വവയും തമ്മിൽ ഹൃദയപരമായ അടുപ്പം രൂപപ്പെടുന്നു. ബാബയുടെ പരമ്പരാഗത ചികിത്സയിലും പരിചരണത്തിലും ആരോഗ്യം വീണ്ടെടുക്കുന്ന ‘തായ് വ’ ബാബയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി തുടരുന്നു.
സൂര്യ പ്രകാശത്തിന്റെ സഹായത്തോടെ ജലത്തിലെ അനാവശ്യ ഘടകങ്ങൾ ഒഴിവാക്കുന്ന ബാബയുടെ ഉദ്യമത്തിന് തായ് വയുടെ പ്രവർത്തന സന്നദ്ധതയും എന്ജിനീയറിങ്ങ് അറിവും എളുപ്പത്തിൽ നിറം പകരുന്നു. വാർദ്ധക്യത്തിന്റ്റെ അനുഭവ സമ്പത്തും യുവത്വത്തിന്റെ ചടുലതയും ചേർന്ന് ജലശുദ്ധീകരണ യന്ത്രമെന്ന ബാബയുടെ സ്വപ്നം യാഥാർത്ഥ്യമാവുന്നതും ഇന്നിന്റെ കപടമുഖം വ്യക്തമായി വെളിപ്പെടുന്ന വിധത്തിൽ ഭരണകൂടത്തിൽ നിന്നും, സ്വകാര്യ കുത്തക ഭീമൻമാരിൽ നിന്നും ബാബയും, തായ്വവയും നേരിടേണ്ടി വരുന്ന വെല്ലുവിളികളും ചതി പ്രയോഗങ്ങളും അനുവാചകനെ ഞെട്ടിപ്പിക്കുന്നു.
പൊതുവെ പ്രണയം, സൗന്ദര്യം, ശാലിനത, നൻമ തുടങ്ങിയ മൃദുതലങ്ങളുടെ ബിംബങ്ങളായെത്താറുള്ള സ്ത്രീ കഥാപാത്രങ്ങൾക്കു പകരം ആധുനിക സമൂഹത്തിനാവശ്യമായ ആണിനൊപ്പം പ്രവത്തനോൻമുഖരായ സ്ത്രീത്വത്തെ നോവലിലെ പരിമിതമായ സ്ത്രീ പാത്ര സൃഷ്ടിയിൽ ഭദ്രമാക്കിയിരിക്കുന്നു ഹാരിസ്.
നോവലിലെ മുഖ്യ പെൺകഥാപാത്രമായ ‘സിബാന്ത’ വായനക്കാരന്റെ മനസിൽ കുടികൊള്ളാൻ പോകുന്നത് സൗന്ദര്യത്തിന്റെ പേരിലോ പ്രണയാതുരതയുടെ പേരിലോ അല്ല മറിച്ച്. വാക്ചാതുരിയും പ്രവർത്തന മികവും കൊണ്ട് ഒരു ബഹു സ്ഥാപനത്തിന്റെ ചുക്കാൻ പിടിക്കുന്നവൾ എന്ന പേരിൽ തന്നെയാരിരിക്കും. സിബാന്തയും, തായ് വയും തമ്മിൽ രൂപപ്പെടുമെന്ന് വായനക്കാരൻ ആശിച്ചു പോകുന്ന ഒരു പ്രണയ സന്ദർഭം ശ്രദ്ധാപൂർവ്വം ഒഴിവാക്കി പ്രമേയത്തിന്റെ കാതലിൽ മാത്രം ശ്രദ്ധിച്ച് മുന്നോട്ടു പോകുന്ന കഥാകൃത്ത്. മനുഷ്യമനസിറ്റെ ചപലതകൾക്കു നേരെ നിശബ്ദമായി വാളോങ്ങുന്നു. ലോകത്തെവിടേയും കാണാവുന്ന ചാരകണ്ണുകളുള്ള സ്ത്രീകളുടെ പട്ടികയിലേക്ക് കടന്നു കൂടുന്നവളാണ് സ്വന്തം പേര് വെളിപ്പെടുത്താൻ പോലും കഴിവില്ലാതെ ഊമയായി നടിച്ച് യന്ത്രനിർമാണ രഹസ്യങ്ങൾ ചോർത്തി മറയുന്ന ‘റീസെ.’ അവളിലൂടെയും ശക്തമായ സ്ത്രീപാത്ര സൃഷ്ടി തന്നെ നടന്നിരിക്കുന്നു. നോവലിന്റെ ഒഴുക്കിലുടനീളം താബോ നദി പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. പ്രതാപിയാം യൗവനകാലമായി, വരണ്ടില്ലാതായ തത് കാലമായി. ഊഷരതയുടേയും വരൾച്ചയുടേയും വിഹ്വലതകൾക്കിടയിലും ജൈവവൈവിദ്ധ്യത്തിന്റെ സൂചനകളായി ശബലാൻ പക്ഷിയും.
മുഖ്യപ്രമേയം കുടിനീർയുദ്ധങ്ങളെങ്കിലും കഥകളിലൂടെ ഉപകഥ കളിലൂടെ സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പോരാട്ടങ്ങളുമെല്ലാം തന്മയത്വചോർച്ചയില്ലാതെ തന്നെ നോവലിസ്റ്റ് മുഖ്യപ്രമേയവുമായി ഇണക്കിചേർത്തിരിക്കുന്നു.
സാധാരണ കഠിനവിഷയകൃതികൾ വായിക്കുമ്പോൾ നേരിടേണ്ടി വരുന്ന ആയാസത തന്റെ രചനാവൈഭവം കൊണ്ട് മനോഹരമായി മറികടന്നിരിക്കുന്നു ഹാരിസ്. അക്ഷരസ്നേഹികളായ കേവല അക്ഷരജ്ഞാനിക്കും ബുദ്ധി ജീവികൾക്കും ഒരേ മനോനിലയോടെ വായിച്ചു പോകാവുന്ന രചനാ തന്ത്രം എഴുത്തുകാരൻ ഭാവിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിവു തരുന്നു. ഇന്നത്തെ സമൂഹം നേരിടുന്ന അനാഥമൃഗ പ്രശ്നം തീവ്രവാദ വഴിയിലേക്കാനയിക്കപ്പെടുന്ന ഊർജ്ജിത യൗവ്വനങ്ങൾ തുടങ്ങി ഒട്ടു മിക്ക മേഘലകളിലും കൺതുറക്കു വിധം ഓരോ ഉപകഥകളേയും പരുവപ്പെടുത്തിയിരിക്കുന്നു നോവലിസ്റ്റ്.
ജീവിതനിരാശ ബാധിച്ചവന്റെ മുൻപിൽ പ്രതീക്ഷയുടെ ഉയിർത്തെഴുന്നേൽപ്പിനുതകുന്ന ഒരു പിടി ദൃഷ്ടാന്ത കഥകൾ. കഥാപശ്ചാത്തലമായ് ഒരു സാങ്കൽപിക ദേശവും കഥാപാത്രങ്ങളായി സാങ്കൽപിക നാമധാരികളേയും തെരഞ്ഞെടുക്കുക വഴി ബുദ്ധിപൂർവ്വ മായ നീക്കം തന്നെയാണ് എഴുത്തുകാരൻ നടത്തിയിരിക്കുന്നത്. തന്റെ കഥ ഒരു ദേശത്തിലോ വർഗത്തിലോ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും സ്ഥലനാമങ്ങളും ജനനാമങ്ങളും മാറ്റുക വഴിഏതൊരു ദേശത്തും സംഭവിക്കാവുന്ന ചിലയിടങ്ങളിലെങ്കിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സാർവലൗകിക പ്രശ്നമെന്ന് കഥാകൃത്ത് പറയാതെ പറയുന്നു. ഏറെ പ്രവചന സ്വഭാവവുമുണ്ട് ഈ കൃതിക്ക് . ഭീതിദമാം വിധത്തിൽ വരൾച്ചയും കാലാവസ്ഥാ വ്യതിയാനവും വളരുമ്പോൾ കാലിക പ്രസക്തിയേറിയ വ്യത്യസ്ത പ്രമേയം കയ്യിലെടുത്ത് ഒതുക്കത്തിലെഴുതിയിരിക്കുന്നു ഹാരിസ് നെൻമേനി.