ആകാശമാകാനല്ല
കെട്ടഴിച്ചുവിട്ട
കാറ്റോടിനടക്കുന്ന
വയലേലകൾക്കുമീതേ
പറന്നുനടക്കാനാണ്
മഞ്ഞുതുള്ളികൾ
നൃത്തംവയ്ക്കുന്ന,
ഇളംവെയിലുമ്മവയ്ക്കുന്ന
പുൽത്തകിടിയിലൂടെ
കുഞ്ഞുപാദങ്ങളാൽ
മുയൽക്കുഞ്ഞുങ്ങളായ്
ഓടിക്കളിക്കാനാണ്
നീലാകാശച്ചോട്ടിൽ
ചിറകുകളാൽ മാടിവിളിച്ച്
തുഴഞ്ഞുപോകാനാണ്
പരൽമീനായി
ആഴിയാഴങ്ങളിൽ
രാത്രിയിൽ വീണുപോയ
നക്ഷത്രങ്ങൾ
പെറുക്കാനാണ്
കുഞ്ഞായിരിക്കുകയെന്നാൽ
മുലകുടിക്കുകയെന്നുമാത്രമല്ല
ഉമ്മയുടെ കണ്ണിലെ
കടലുകൾക്ക്
കൂട്ടിരിക്കുകയെന്നുമാത്രമല്ല
അമ്പിളിമാമൻ
മാമുണ്ണാൻ
താഴെയിറങ്ങിവരുമെന്നു
പ്രതീക്ഷിക്കുകമാത്രമല്ല
ചതുരക്കളത്തിലെ
കാർട്ടൂണുകളുടെ
ലോകത്തേക്കിറങ്ങിനടക്കുകമാത്രമല്ല
കുഞ്ഞായിരിക്കുകയെന്നാൽ
കുന്നോളം പ്രതീക്ഷകളെ
ജീവിക്കാൻവിടുകയെന്നുകൂടെയാണ്!
വലുതായാൽപ്പിന്നെ
കുഞ്ഞാകാനാകില്ലതന്നെ!
കുഞ്ഞുങ്ങൾക്ക്
പിന്നെയും
സ്വപ്നങ്ങളോളം
വളരാനാകും
നിലാവിനൊപ്പവും!
ആകാശമാകാനല്ല
നിറഭേദങ്ങളുടെ
ഉടുപ്പണിയുന്ന
ആകാശത്തിന്
ഋതുഭേദങ്ങളുടെ
കുടയില്ലാതെ
കാവൽനിൽക്കാനാണ്
കുഞ്ഞായിരിക്കുന്നത്.
വളരാനറിയാഞ്ഞിട്ടല്ല
വളരുന്തോറും
കവിതകളസ്തമിച്ചുപോകുന്നതാണ്
ഭയപ്പെടുത്തുന്നത്!
കാട്ടുപൂക്കളും
കുളിരും
കടലും
കാറ്റും
തോണിയും
പൂമ്പാറ്റയുമെല്ലാം
ജീവനില്ലാത്ത വെറുംവാക്കുകളാകുമെന്ന
പേടിയാണെനിക്ക്!
ആകാശമാകാനല്ല
കിനാവിന്റെ
ഉറവയാകാനാണ്
നിലാവിനൊപ്പം
വേനലവധിയെടുക്കാനാണ്
കുഞ്ഞായിരിക്കുന്നത്.
ഋതുഭേദങ്ങൾ
മിണ്ടാതിരുന്നാൽ
കുഞ്ഞായിരിക്കാൻ
എന്തെളുപ്പമാണല്ലേ!