കീളാപ്പൊറം

കീളാപ്പൊറത്ത് ചെമ്പരത്തി പൂക്കുമോ
ചെമ്പോത്തിന്‍റെ കൂടിനെ തിരഞ്ഞുകിട്ടുമോ?

കീളാപ്പൊറത്തെ വിലാപ്പുറങ്ങളില്‍
നീര്‍കിട്ടാതെ വലഞ്ഞ പൊന്മാന്‍കൂട്ടമുണ്ട്
ഒറ്റയ്ക്കു ദിശതെറ്റി ചത്ത മൈനക്കാലുകളുണ്ട്
സമയഭാരങ്ങളൊഴിഞ്ഞ
ചമയങ്ങളില്ലാത്ത മണ്ണിന്നഴകുകളുണ്ട്.

കീളാപ്പൊറത്തെ സ്ലേറ്റില്‍
വമ്പന്‍ നെടുവയുടെ ചങ്കടം
വലവലിച്ച്, പകുത്തുതിന്ന്,
പെറ്റുകൂട്ടി, കാണുന്ന ചിഹ്നത്തില്‍ കണ്ണടച്ച് കുത്തി
പരിക്കേറ്റു ഞരങ്ങി
അക്കരെ ഇക്കരെ എതുക്കരെ
സൊര്‍ക്കരാച്യത്തിന്‍റെ കരതേടുന്ന
വെട്ടുക്കിളികളെ കാത്തിരിക്കുന്നവര്‍.

കടലിന്‍റെ ഉച്ചിയില്‍ നിന്നും
പച്ചമണ്ണെടുത്ത് പല്ലുതീട്ടുന്നവര്‍
നൂറിന്‍റെ കിഴങ്ങില്‍ കുഴങ്ങിയൊരുകവിള്‍
മദ്യത്തിരുവത്താഴത്തിന് നോമ്പുജപിക്കുന്നവര്‍

ചാരുത കമഴ്ത്തിവച്ച വര്‍ണവള്ളങ്ങളില്‍
ദൂതുമായി പറക്കും ചെറുമീനിന്‍റെ പരുവില്‍
ഞണ്ടുകളുടെ വരിതെറ്റിച്ചുള്ള കുഴിയെടുപ്പില്‍
കണ്ണീരുവാണ ഞങ്ങടെ തോണിയെ
തിരമാലകളാഞ്ഞടിച്ച് പലവഴിക്ക് കടത്തുന്നു
കുഞ്ഞുങ്ങള്‍ കടലില്‍ നിശ്ചലദൃശ്യത്തിന്‍റെ
പായ വിരിക്കുമ്പോള്‍
അക്കമാര്‍ എക്കിയും ഉക്കിയും
തലച്ചുമടുമായി മേലാപ്പുറത്ത്
കാല്‍നടത്തം തുടരുന്നു.

*ഒരു സ്ഥലത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാറുണ്ട്, മേലാപ്പുറവും കീളാപ്പുറവും. തീരദേശങ്ങളിലെ പല ഭാഗങ്ങളിലും ഇങ്ങനെ വിളിക്കാറുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കടലോര പ്രദേശമായ കൊച്ചു തുറ ജനനം,തെക്കൻ തീരത്ത് കടലോര ഭാഷയിൽ ആദ്യമായി കവിത എഴുതി. 'ഇന്നീ മഴയത്ത്, ഉള്ളിൽ, കണ്ടില്ലെന്ന് നടിക്കരുത്, ദാരിദ്ര്യരേഖയ്ക്ക് താഴെ, മരിക്കാൻ പോലും കഴിയാതെ, നിൽപ്പ് എന്ന കാൽ പ്രയോഗത്തിനും ചുംബനം എന്ന ചുണ്ട് പ്രയോഗത്തിനും മധ്യേ ഞാൻ നിങ്ങളെ പോസ്റ്റ് ചെയ്യുന്നു, എന്റെ അമ്മയുടെ 1980കളിലെ ഫോട്ടോ, മുള്ള് ചുമക്കുന്ന ഉറുമ്പുകൾ, മുറ്റം തൂക്കുന്ന ആൺകുട്ടി' എന്നീ സമാഹാരങ്ങൾ. ഇപ്പോൾ ബുക്ക്‌ കഫെ പബ്ലിക്കേഷൻ എഡിറ്റർ.