
ശക്തിയാര്‍ക്കെന്നറിയാതെ
കീരിയും പാമ്പുമായി
പരസ്പരം കീഴടക്കാനുള്ള യജ്ഞം
ഞങ്ങള്‍ തുടര്‍ന്നു.
ചിലപ്പോള്‍ അവള്‍ കീരിയായി.
ഞാന്‍ പാമ്പും.
പലപ്പോഴും ഞാന്‍ കീരിയായി
അവള്‍ പാമ്പും.
ആര്‍ ആരെയാവും
ആദ്യം ആക്രമിക്കുകയെന്ന്
നേരിടാനുദ്യമിച്ച്
ഞങ്ങളൊരേ വീട്ടില്‍
ഒരേ മുറിയിലും കഴിഞ്ഞു.
സ്നേഹമേറുമ്പോഴാവും
അവള്‍ പാമ്പാവുക.
ഇഴഞ്ഞു വന്ന്
എന്നില്പിണഞ്ഞ്
പത്തിയുയര്‍ത്തി
എന്‍റെ ചുണ്ടിലും നെഞ്ചിലും കൊത്തി
വിഷമേറ്റി മയക്കി
എന്‍റെയുടലാകെ നീലനിലാവാക്കി.
എന്തൊരു ലാസ്യമാണത്.
കീരിയാവുകയധികവും ഞാനാവും.
ദേഷ്യം കൊണ്ട് ചീറി
മുഖവുമുടലും കോക്രിച്ച്
എന്തൊരു പ്രകടനമാവും.
പാമ്പായവളപ്പോള്‍ അടുക്കള മാളത്തിലാവും.
അവള്‍ കീരിയാവുമ്പോഴോ
അസാധാരണമെങ്കിലും
ഞാന്‍ വെറും കീടമാകും.
ഞാനും പാമ്പാവുന്നതാണവള്‍ക്ക്
ഏറെയിഷ്ടം,
എന്നെപ്പോലെത്തന്നെ.
കൊത്തിയും പിണഞ്ഞും
പരസ്പരം മറക്കാന്‍
അങ്ങനെയല്ലേയാവൂ ആര്‍ക്കും.
വെറുതെ മനുഷ്യരായിരിക്കുന്നതിനോളം
സങ്കടം മറ്റെന്തുണ്ട്?
ആ സങ്കടത്തിലാണിപ്പോള്‍
ഞങ്ങളുടെ ജീവിതം,
കീരിയോ പാമ്പോ ആകാനാവാതെ.








