ഭാഗം ഒന്ന് :
പാണ്ടികശാല മുക്ക് .
അബൂബക്കറുടെ പലചരക്ക് കട, പകൽ സമയങ്ങളിൽ ചായക്കടയും നേരമിത്തിരിയിരുട്ടിയാൽ ചാരായഷാപ്പുമായി മാറുന്ന… പായ കൊണ്ട് വശങ്ങൾ മറച്ച ദാക്ഷായണിയുടെ കട, അന്ത്രുമാന്റെ മീൻ കട, പണിക്കരുടെ റേഷൻ ഷോപ്പ്, ഒരു ബസ്സ് സ്റ്റോപ്പ്, തറ പൊളിഞ്ഞ ഒരു ആൽമരം, മരച്ചില്ലകൾ കാഴ്ച മറച്ചിട്ടും അതിനും മേലെ ഉയർന്ന് നിൽക്കുന്ന മത്തായിയുടെ ഇരുനില വീട് . ഇത്രയുമായാൽ, ഗ്രാമത്തിലെ പ്രധാന കവലയുടെ സമ്പൂർണ വിവരണമായി.
ഈ കഥയെ രണ്ട് ഭാഗങ്ങളായി പകുത്ത്, കഥാകാരനും ഒപ്പം കഥയിലെ മുഖ്യപാത്രവും ആയ ഞാൻ, കർഫ്യു നിലവിലുള്ള ബുധനാഴ്ച്ച രാവിലെ ഒൻപത് മുത്തപ്പത്തിരണ്ടിന്, കവലയുടെ വടക്കേക്കോണിൽ, റോഡിനിടത് വശം ചേർന്ന്, ദാക്ഷായണിയുടെ കടയ്ക്കരികിൽ, സ്ഥലകാലബന്ധമെന്യേ, ആകാശത്തിൽ നിന്നും ഇറങ്ങി വന്നത് പോലെ, പ്രത്യക്ഷനായതെങ്ങനെയെന്ന്, കഥയുടെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കണമെന്നുള്ള വികാരം പ്രകടിപ്പിക്കുകയാണ്.
പലായനം ചെയ്യാനൊരുങ്ങുന്ന അതിഥിതൊഴിലാളികളെയോ, പ്രവാസം കഴിഞ്ഞു നാടണയുന്ന ജീവിതമോഹികളുടെയോ പോലെ വലിയ ഭാണ്ഡക്കെട്ടുകളോ, ഇരുമ്പു പെട്ടികളുടെ അകമ്പടിയോ കൂടാതെ, പാലക്കാടൻ ചുരം കഴിഞ്ഞെത്തുന്ന മേയ് മാസത്തെ ചൂടുകാറ്റിൽ വിയർത്ത്.. പാണ്ടികശാല മുക്ക് എന്ന ആ കവലയിൽ നിൽക്കുന്ന നേരം,
“പുറത്ത് ഇറങ്ങാൻ പാടില്ല എന്നറിയില്ലേ?”
എന്ന, പോലീസുകാരുടെ പതിവ് ആക്രോശങ്ങളിൽ നിന്നും അല്പം കുറഞ്ഞ ത്രീവ്രതയോടെ, അടുത്തേക്ക് വന്ന പോലീസുകാരിൽ ഒരാൾ ചോദിച്ചു.
മുഖത്തെ മാസ്ക് മാറ്റിയപ്പോൾ, അയാളുടെ മുഖത്തെ കൊമ്പൻ മീശ പഴയ കാല സിനിമയിലെ പേരറിയാത്ത ഏതോ ഒരു വില്ലൻന്റേതെന്ന പോലെ തോന്നുകയും, ഇത് ഒരു സൗഹൃദ സംഭാഷണമായിരുന്നെങ്കിൽ, ത്രികോണാകൃതിയിലെ അയാളുടെ മുഖത്തിന് ആ വളഞ്ഞ മീശ ഒട്ടും ചേരുന്നില്ലെന്ന് പറയാമെന്ന് തോന്നുകയും ചെയ്തു.
‘അത് ..ത് ..ഒന്ന് മൂത്രമൊഴിക്കാൻ’
പറയേണ്ടതെന്തെന്ന് മുൻകൂട്ടി ഉറപ്പിച്ച് വെച്ചിട്ടില്ലാത്തതിനാൽ, തത്സമയം ഉചിതമെന്ന് തോന്നിയത് വായിൽ നിന്നും പുറത്ത് വന്നു . കൊമ്പൻ മീശക്കാരനായ പോലീസുകാരന്റെ മുഖം ഭീകരമായി കൂടുതൽ ത്രികോണാകൃതി പൂണ്ട്,
‘പ് ഫ ! പന്ന കഴുവേറി, മൂത്രമൊഴിക്കാൻ പൊതു നിരത്ത് തന്നെ വേണം’ എന്ന് അലറി, തന്നോടടുത്തു .
പൊതുവെ സുമുഖനും, കട്ടി മീശക്കാരനുമായ” എന്ന് പറഞ്ഞ് മുന്നിൽ വന്ന് നിന്നു.
ആ കവലയിൽ നഗ്നനായി നിർത്തി മൂത്രമൊഴിപ്പിക്കുമെന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.
“വേണ്ട സാർ, ഞാൻ ഏത്തമിട്ടോളം”.
“എവിടെയാ തന്റെ വീട് ?’
പോലീസുകാരൻ ചോദിച്ചു .
പൊളിഞ്ഞ ആൽമരത്തറയ്ക്ക് സമീപത്ത് കൂടെ താഴോട്ടിറങ്ങി പോകുന്ന കോണിപ്പടികൾക്കപ്പുറത്ത് വരണ്ട വയലിന്റെ കാഴ്ചയ്ക്കപ്പുറം കൈകൾ ചൂണ്ടി ഞാൻ പറഞ്ഞു.
“അവിടെ , നിറയെ നെല്ലിയും ആഞ്ഞിലിയും പിന്നെ ഒരു പാട് ചന്ദനങ്ങളും നിറഞ്ഞ.. ആ പറമ്പിൽ”
ഓർമയിലെ വീട്ടുമുറ്റവും തൊടികളും എന്നും ഹരിതാഭമായിരുന്നു . ഓർമകൾക്ക് ചന്ദനഗന്ധവും .
“പേരില്ലെടോ തന്റെ വീട്ടിന് ?” പോലീസുകാരന്റെ വരണ്ട ശബ്ദത്തിലുള്ള ചോദ്യം വീണ്ടും.
‘കിഴക്കേ മഠം’
“കിഴക്കേ മഠത്തിലെ ..,,സഖാവ് പദ്മനാഭന്റെ ?”
“മകൻ “
“ഓ..മൂത്ത മകൻ …അമേരിക്കയിലുള്ള …..”
സഖാവ് പദ്മനാഭന് ഒറ്റ മകനേയുള്ളൂ. അച്ഛൻ മരിച്ചിട്ട് പതിനഞ്ചു വർഷങ്ങൾ കൂടി കഴിഞ്ഞു. എങ്കിൽ പോലും, പോലീസുകാരന്റെ ചോദ്യത്തിൽ പരിഹാസത്തിന്റെ ഗന്ധം. വന്യമൃഗങ്ങളുമായി തുല്യതപ്പെടുത്താമായിരുന്നു അച്ഛനെയും അമ്മയെയും. രാത്രിയും പകലുമെന്നില്ലാതെ വഴക്കിട്ട്, തമ്മിൽ കടിച്ച് കീറി. കമ്മ്യൂണിസമെന്നാൽ അമ്മയുടെ ഭാഷയിൽ, നാടകക്കാരി വാസന്തി മാത്രമായിരുന്നു. പഠനക്‌ളാസ്സുകളും പാർട്ടി പദയാത്രകളും കഴിഞ്ഞു വൈകിയ വേളയിൽ വീട് കാണാറുള്ള അച്ഛനിൽ നാടകക്കാരി വാസന്തിയെ മണത്ത അമ്മ.
“അപ്പുവേട്ടന് പാണ്ടികശാലയോടെന്താ ഇത്ര ഇഷ്ടം .?” മുറപ്പെണ്ണ് ഷെഫാലി ചോദിക്കാറുണ്ട് .
അച്ഛനോട് വഴക്കിട്ട്, അമ്മ താമസിക്കുന്ന നെന്മാറയിലെ വീട്ടിൽ താമസിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. കിഴക്കേ മഠത്തിലെ സർപ്പക്കാവിലെ ഇടതൂർന്ന മരക്കൂട്ടങ്ങൾ, എന്റെ ലോകം .
കഥകളും കവിതകളുമായി.
“എന്റെ പേര് അപ്പുവെന്നല്ല . ശ്രീകുമാർ ….. , ‘ശ്രീകുമാർ കിഴക്കേ മഠം”
ഷെഫാലിയോടായി ഞാൻ പറഞ്ഞു.
“അത് വാരികകളിൽ കഥകളെഴുതുമ്പോഴുള്ള പേരല്ലേ… എനിക്ക് അപ്പുവേട്ടനെന്ന് വിളിക്കണം. കേട്ടിട്ടില്ലേ, നാലുകെട്ടുകളിൽ തളിർക്കുന്ന പ്രണയ കഥകളിലെ നായകൻ. ! എന്നെ രാധയെന്നോ , ദേവിയെന്നോ വിളിച്ചാ മതി” ഷെഫാലി പറഞ്ഞു .
“എനിക്ക് മോഡേൺ പേരിട്ടത് അച്ഛനാ . എന്നാലും എനിക്ക് കുട്ടേട്ടന്റെ രാധ ആയാൽ മതി”; അവൾ തുടർന്നു.
“അതിന് എനിക്ക് നിന്നോട് പ്രണയം ഒന്നുമില്ല ” ഞാൻ തറപ്പിച്ച് പറഞ്ഞു.
“വല്യമ്മാമയ്ക്ക് രണ്ട് പെണ്കുട്ടികളായിപ്പോയി . അല്ലെങ്കിൽ അപ്പുവേട്ടനെ ക്യൂവിൽ നിർത്തിയേനെ ഞാൻ”
പതിനേഴുകാരി മുറപ്പെണ്ണ് കെറുവിച്ചു. ഷെഫാലി, നീളൻ മുടിയിൽ താളി തേച്ച് സുഗന്ധം പരത്തിയിരുന്നു.
നാട്ടിലെ രാഷ്ട്രീയപ്രവർത്തനം ദേശീയ തലത്തിലേക്ക് നീണ്ടപ്പോൾ, അച്ഛൻ ന്യൂ ദില്ലിയിലേക്ക് തീവണ്ടി കയറി . മഞ്ഞും മഴയും രോഗിയാക്കിയപ്പോൾ, മരിക്കാൻ അഞ്ചു ദിനം മാത്രം ബാക്കി നിൽക്കെ, അരികെ വിളിച്ച്, പറഞ്ഞു.
“വാസന്തിയുടെ മകളെ നിന്റെ അനിയത്തിയായി കൂട്ടണം”
നാടകക്കളരികൾ കുടുംബ ബന്ധങ്ങളായി മാറിയത് അമ്മയുടെ സംശയ രോഗം തീർത്ത ജീവിതവ്യർത്ഥതയിൽ നിന്നെന്ന അച്ഛന്റെ വാദം എനിക്ക് യുക്‌തിയുക്തമായി തോന്നിയില്ലെന്ന് മരിക്കാൻ പോകുന്ന കണ്ണുകളിൽ നോക്കിപറഞ്ഞു. ശവമടക്കിന്, കിഴക്കേ മഠത്തിന്റെ ഗേറ്റിനപ്പുറം, നിറഞ്ഞ കണ്ണുകളോടെ എത്തി നോക്കിയ പാവടക്കാരിയുടെ പേര് ചോദിയ്ക്കാൻ മറന്ന് പോയിരുന്നു.
കിഴക്കേ മഠത്തിലെ ശവദാഹങ്ങളെല്ലാം ചന്ദന മരക്കട്ടികൾ പാകിയ ശവമഞ്ചലിൽ. മുത്തശ്ശൻ , രാമൻകുട്ടി , വലിയച്ഛൻ ….പിന്നെ അച്ഛനും. പഴകിയ വിപ്ലവഗാനങ്ങൾക്കൊപ്പം, ചന്ദനത്തിരികൾ കത്തിയണഞ്ഞു.
തറവാട്ടിലെ സർപ്പക്കാവിനപ്പുറം, സുഗന്ധം ചൊരിഞ്ഞ്, തഴച്ച് വളർന്ന ചന്ദനമരങ്ങൾ. കിളികൾ പ്രണയിച്ച്, ഇണ ചേർന്ന് ജീവിതം തളിർത്ത മരക്കൂട്ടങ്ങൾ. കവിത കേൾക്കാൻ കൂടെ എത്താറുള്ള ഷെഫാലി,
ചന്ദനമരങ്ങളുടെ ചില്ലിയിലകൾ തീർത്ത തണലിന്റെ നേർത്ത ശീതിളിമയിൽ,നേർത്ത കാറ്റിന്റെ ഈണത്തിനൊപ്പം പതുക്കെ ചോദിച്ചു.
“ചിങ്ങം കഴിഞ്ഞാൽ , അപ്പുവേട്ടന്റെ കവിതകൾ കേൾക്കാൻ ആരുണ്ടാകും ?”
ചന്ദനമരങ്ങൾക്കിടയിൽ ഊർന്ന് വീഴുന്ന വെയിലിൽ അവളുടെ നീളൻ മുടികൾക്ക് സ്വർണ്ണ വർണ്ണം.
“നിനക്ക് എല്ലാ നന്മകളും വരും”
അസ്തമന സൂര്യനെ നോക്കിയിരുന്നതിനാൽ അവളുടെ കണ്ണുകൾ കാണാൻ കഴിഞ്ഞില്ല.
‘ഞാനിവിടെ, ഈ ചന്ദനച്ചെടികൾക്കിടയിൽ… കാട്ടുചെമ്പകത്തിനരികിൽ…. പാരിജാതപ്പൂക്കളിൽ …..
വരികൾ തേടി , അക്ഷരങ്ങൾ കുറിച്ച്…. ജീവിച്ച് കൊണ്ടിരിക്കും .. കഥകളെഴുതി… കവിതകൾ ചൊല്ലി …
സായന്തനങ്ങൾ കൊഴിഞ്ഞ് ..ഒടുവിൽ…. മുത്തശ്ശനെ പോലെ, രാമൻ കുട്ടിയെ, വലിയച്ഛനെ പോലെ ..
തൊടിയിലെ ചന്ദനത്തടികൾ തീർക്കുന്ന ശവമഞ്ചത്തിൽ പുകഞ്ഞ് തീരും’
ഉത്തരം മനസ്സിലോർത്തു.
പ്രണയം തീണ്ടാത്ത കവിതകളെ പാതിവായനയിൽ നിർത്തി, കർക്കിടകം താണ്ടി ചിങ്ങം പുലർന്ന വെയിൽ ദിനങ്ങളിലൊന്നിൽ, താലി കെട്ടിയ പുരുഷനൊപ്പം ഏതോ നഗരത്തിലേക്ക് ഷെഫാലി കുടിയേറി. ചന്ദനമണം തെക്കേമഠത്തിലെ പുരുഷന്മാരുടെ ആത്മാക്കളിൽ പരന്നൊഴുകിയപ്പോൾ…. മുത്തശ്ശിയും ഓപ്പോളും,പിന്നെ ചിറ്റമ്മയുമെല്ലാം കിഴക്കേ മഠത്തിലെ പാഴ്ത്തടികളിൽ വെണ്ണീറായി.
എന്തിന്, ഷെഫാലി എന്ന ആധുനികനാമം ധരിച്ച ,രാധയായി ജീവിക്കാൻ കൊതിച്ച ഇരുപത്തൊന്നുകാരി പോലും…
ഒരു പക്ഷെ പട്ടണത്തിലെ ഫ്ലാറ്റിൽ, വാതകത്തീയിൽ വെന്ത് മരിക്കുമ്പോൾ, കിഴക്കേ മഠത്തിലെ ആറടി നീളത്തിൽ പാഴ്ത്തടികൾ ഒരുക്കുന്ന മരണശയ്യയെ പുൽകാൻ അവശേഷിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ലായിരിക്കാം. ആൾക്കാരൊഴിഞ്ഞ വായനയിൽ, സ്വയം കവിയായി, നവോത്ഥാനവാക്കുകൾ പേനത്തുമ്പിൽ പോലും നിറക്കാനാവാതെ ഞാൻ. മരക്കൂട്ടങ്ങളും, ചെടിച്ചാർത്തുകളും കടന്ന്, കാലത്തിന്റെ ചംക്രമണത്തിൽ പലായനത്തിന്റെയോ പ്രവാസത്തിന്റെയോ നീരാഴികൾ തുഴഞ്ഞുനീന്താൻ, ഭൂഖണ്ഡങ്ങൾ താണ്ടി ജീവിതം പടുക്കാൻ, ജീവിതം എന്ന തുറന്ന പുസ്തകം സാക്ഷി !!! എങ്കിലും, ആഢ്യത്തിന്റെ ഉൾവേരുകൾ പറിച്ചു മാറ്റാനാവാത്ത മനസ്സാക്ഷിയുടെ മൂന്നാം നിലയിൽ, തീർത്തും പ്രൗഢമായ സ്വപ്നം ഞാൻ
കരുതി വെക്കുന്നു. എന്തെന്നാൽ…..,
“അവസാന ശ്വാസം നിലയ്ക്കുമ്പോൾ , കാൽക്കൽ നിന്ന് അരിയിടാൻ, പുഷ്പവൃഷ്ടികൾ നടത്താൻ, നാമോച്ഛാരണം ചൊല്ലാൻ ആരുമില്ലെങ്കിൽ പോലും .. കിഴക്കേ മഠത്തിലെ തൊടിയിൽ കിളിച്ച ഏതെങ്കിലും ചന്ദനമരത്തിന്റെ, അവസാന ചില്ലയെങ്കിലും വെട്ടിയെടുത്ത് വേണം എനിക്കൊരു ശവമഞ്ചം തീർക്കാൻ.
ഒരു ഒസ്യത്തിന്റെ ഔപചാകാരികത പോലും കൂടാതെ, എന്റെ എഴുത്തിലെ വായനകളിൽ ഇറങ്ങിപ്പോയ അഞ്ജാത സുഹൃത്തെങ്കിലും വേണം ഒരു നെരിപ്പോട് തീർത്ത് തീ കൊളുത്താൻ’
.
കർഫ്യു ദിനത്തിൽ, അടച്ചിട്ട ദാക്ഷണിയുടെ ചായക്കടക്ക് മുന്നിൽ, കടുപ്പത്തിൽ ഒരു ചായ പോലും കുടിക്കാനാവാതെ ക്ഷീണിച്ചിരുന്ന പോലീസുകാരൻ, സിഗരറ്റ് എടുത്ത് കൊളുത്തി, ആൾക്കാരില്ലാത്ത കവലയെ വെറുതെ ഒന്ന് വീക്ഷിച്ച്, കമ്മ്യൂണിസ്റ്റ്കാരൻ സഖാവ് പദ്മനാഭനെ പഴകിയ ഓർമയിൽ നിർത്തി
കൊണ്ടെന്നോണം അല്പം വിനയാന്വിതനായി എന്നോട് പറഞ്ഞു .
“ഏതായാലും.. വെറുതെ ചുറ്റിക്കറങ്ങാതെ വീട്ടിലോട്ട് ചെന്നാട്ടെ” പരോളിൽ വിട്ട കുറ്റവാളിയെയെന്നോണം, രണ്ടാമത്തെ പോലീസുകാരൻ അപ്പോഴും എന്നെ ചൂഴ്ന്ന് നോക്കിക്കൊണ്ടിരുന്നു. കല്പടവുകളിറങ്ങി പാടത്തിലൂടെ ഞാൻ നടന്ന് തുടങ്ങി. ആളൊഴിഞ്ഞ, കൊയ്ത്തിറക്കാത്ത പാടത്ത് എവിടെയോ ഒരു വിഷുപ്പക്ഷി നീട്ടിമൂളുന്നു. ഉടമസ്ഥരില്ലാതെ, ചില കാവാലിപ്പശുക്കകൾ ദാഹിച്ച് കരയുന്നു.
ഇപ്പോൾ ഞാൻ ഓടുകയാണ്. ഓട്ടത്തിന്റെ കിതപ്പിൽ ശ്വാസവേഗം ത്വരിതവും താളാത്മകവുമായി ഉയർന്ന് കേൾക്കാം. പടിപ്പുര കഴിഞ്ഞ്, മുറ്റത്തേക്ക് കടന്നപ്പോൾ, അടിച്ച് വാരി മാറ്റാത്ത കരിയിലകളിൽ കാലുകൾ പൂണ്ടു. കർഫ്യുവിൽ മരവിച്ച ഗ്രാമത്തിനൊപ്പം, ഒഴിഞ്ഞ വീട്ടിലെ തിണ്ണയിൽ ജീർണിച്ച ചാരുകസേരകൾ.
അസ്ഥിത്തറയും, സർപ്പക്കാവും കടന്ന്.. ചന്ദനമരങ്ങളുടെ തണൽ പുൽകുന്ന പറമ്പിന്റെ വടക്കേ കോണിലേക്ക്. കിഴക്കേ മഠത്തിലെ മരച്ചാർത്തുകളിൽ ഉണങ്ങി മുറിവേറ്റ മരക്കൂട്ടങ്ങളിൽ ഞാൻ ഒരു ചന്ദനവൃക്ഷം തിരയുകയാണ്. വേരടക്കം പിഴുതെടുത്ത്, വെട്ടി നുറുക്കി അവയെല്ലാം ആരെങ്കിലും കൊണ്ട്
പോയിരിക്കാം. പെയ്യാതെ, കാർമേഘം നിറഞ്ഞ മീനമാസവും ഉരുകിയൊലിച്ച സൂര്യതാപവും. ഇപ്പോൾ ഞാൻ കരയാൻ തുടങ്ങുകയാണ്.
കാലങ്ങൾ എനിക്ക് നീട്ടി വെച്ച സ്വപ്‌നങ്ങൾ…
ഊഷരഭൂമിയിൽ ഒരു തളിർ കിളിർക്കാതെ ഭൂമിയുടെ അടിവാരം പുൽകുന്ന ബീജങ്ങൾ.
കാഠിന്യമൊട്ടും കുറയാതെ എന്നിലേക്കിറങ്ങിവരുന്ന സൂര്യരശ്മികളിൽ തളർന്ന് പോകെ, മധുരമല്ലെങ്കിലും, കൂട്ടിനുണ്ടെന്ന സ്വരം നിറച്ച് ഒരു വേഴാമ്പൽ, തൊടിയുടെ തെക്കേ അറ്റത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന ചന്ദനമരത്തിൽ ചേക്കേറി നീട്ടിപ്പാടുമ്പോൾ, സ്വപ്നമല്ലെന്ന് ഉറപ്പ് വരുത്തി, ആ അവസാനമരം വെട്ടിയെടുക്കാൻ ഞാൻ അങ്ങോട്ട് തിരിയുകയാണ്.
മരത്തിൽ ആഞ്ഞു വലിഞ്ഞ് കയറുകയാണ് ഞാനിപ്പോൾ.
വടക്കും തെക്കുമായി മാത്രം വളർന്ന രണ്ട് ശിഖരങ്ങളിൽ, തെക്കോട്ട് ചായ്ഞ്ഞ മരക്കൊമ്പ് നോക്കി ഞാൻ പതുക്കെ നീങ്ങെ,… ഒരു മനുഷ്യായുസ്സിന്റെ ഭാരം ഏൽപ്പിച്ച പോറലിൽ ഒറ്റക്ക് തിരിഞ്ഞു നിന്ന മരശിഖരം ,
“..ർ ർ ർ …”എന്ന ശബ്ദത്തോടെ തടിയിൽ നിന്നടർത്തപ്പെടുകയും ദേ.., ഇവിടെ ഈ നിമിഷത്തിൽ , നിലകളില്ലാത്ത കയത്തിലേക്കെന്നോണം താഴോട്ടേയ്ക്ക് പതിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഭാഗം രണ്ട്:
മാലാഖമാർ ശുഭ്രവസ്ത്രധാരിണികളത്രെ.
നിലം തൊടാതെ, കൈകൾ വാനിലുയർത്തി, കൺകളിൽ സ്നേഹം ചൊരിഞ്ഞ് അവർ മുന്നിലെത്തുമത്രേ…
പാണ്ടികശാലമുക്കിൽ നിന്നും കിഴക്കേ മഠത്തിലെത്തി, ഓർമകളിലെ ചന്ദനമരങ്ങളിൽ പിടി തെറ്റി, നിലമില്ലാക്കയത്തിൽ വീഴുമ്പോൾ, ആകാശനീലിമയിൽ നിന്നെന്നോണം അരികിലെത്തി, കൈകളിൽ
കോരിയെടുത്തവർ….
കണ്മുന്നിലെ മാലാഖമാർ സത്യമോ എന്ന് സ്വയം തിരിച്ചറിയാനാവാത്ത ഞാൻ സ്വന്തം കൈവെള്ളയിൽ നുള്ളി നോക്കി. വേദനയറിയാം!
കയ്യിലെ ഫയലിൽ നിന്നും മഞ്ഞിച്ച കടലാസ്സ് തുറന്ന്, മാലാഖമാരിൽ ഒരാൾ
എന്നോട് പറഞ്ഞു.
“യു ആർ നെഗറ്റീവ് നൗ “
ഒരാൾ ഡോക്ടറും മറ്റെയാൾ നേഴ്‌സും ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നത് സാമാന്യബോധത്തിന്റെ തിരിച്ച് വരവാണെന്ന് ഞാൻ മനസ്സിലാക്കി.
മുഖത്തെ മാസ്ക് മാറ്റാത്തതിനാൽ അവരുടെ മുഖം മനസ്സിലെ ഇഷ്ടവർണങ്ങളിൽ വരച്ചിട്ടു.
ജനാലയ്ക്കപ്പുറം ആളുകളൊഴിഞ്ഞ ന്യൂയോർക് നഗരത്തിന്റെ തിളക്കമാർന്ന രാത്രി വെളിച്ചം.
എഴുതി വെച്ച ഒന്നാം ഭാഗത്തിലെ കഥയിൽ നിന്നും രണ്ടാം ഭാഗത്തിലെത്തുമ്പോൾ,
ഇനിയും പറയാത്ത ഒരു പാട് കഥകൾ മനസ്സിലോർത്ത്, ജീവിതമെന്ന ഉന്മാദത്തെ പുൽകിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോൾ !