കഥകള്‍ എഴുതുന്നവര്‍ , അവരുടേതായ ഒരു തലം എപ്പോഴും രൂപപ്പെടുത്താന്‍ ശ്രമിക്കാറുണ്ട് . അങ്ങനെ ശ്രമിക്കുന്ന എഴുത്തുകാരില്‍ നിന്നും മാത്രമാണു കഥകള്‍ എന്ന ലേബലില്‍ വായിക്കപ്പെടാന്‍ സാധ്യതയുള്ള കഥകള്‍ സംഭവിക്കുന്നത് . അനുകരണ ഭ്രമം ഇന്ന് വളരെ ഏറെ അധികരിച്ച ഒരു കാലമാണ് മുന്നിലുള്ളത് . എങ്ങനെയും പത്തുപേര്‍ അറിയണം . ഒരു അവാർഡ് ഒക്കെ കിട്ടണം. പ്രൊഫൈലില്‍ എഴുത്തുകാരന് എന്നൊരു തലക്കുറി എഴുതിചേര്‍ക്കണം . ഇത്രയൊക്കെ ആഗ്രഹിക്കുന്ന ഒരു ശരാശരി പുതുകാല എഴുത്തുകാർ, ആയതിനാല്‍ത്തന്നെ കഥ എഴുതാനല്ല എഴുത്ത് അനുകരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടേയിരിക്കും. ഒരു കാര്യം വാസ്തവമാണ് . ഇന്നോളമുള്ള എഴുത്തുകാര്‍ക്ക് ഇനി എഴുതാന്‍ പുതിയ വിഷയം ഒന്നുമില്ല .എല്ലാം മുന്നേ പറഞ്ഞു കഴിഞ്ഞതാണ് . അപ്പോള്‍ പിന്നെ ഒന്നുകില്‍ ഭാവിയിലേക്ക് നോക്കി സ്വപ്നം കാണാന്‍ ശ്രമിക്കുക . ഇന്നിനെയും ഇന്നലെയെയും ഒക്കെ നാളെയുടെ ഫ്രയിമില്‍ കയറ്റി പുതിയ രൂപം നല്‍കുക . ഒരുപക്ഷേ അതാകും ഇനി എളുപ്പം എന്നു കരുതുന്നു . ടൈപ്പാകുന്ന എഴുത്തുകള്‍ വായിച്ചു മടുക്കുന്നു . എവിടെ നില്‍ക്കണം എന്നറിയാതെ എഴുത്തുകാര്‍ പരക്കം പായുന്നു . എഴുത്തിന്റെ രീതിശാസ്ത്രം എങ്ങനെ ഉപയോഗിക്കണം എന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരാള്‍ സ്വയം തന്റെ കഥ പറയുന്നതും , മറ്റൊരാളുടെ കഥ പറയുന്നതും എഴുതുമ്പോൾ എഴുത്തുകാരന് സ്ഥലകാല ബോധത്തിന്റെ പ്രശ്നം ഉണ്ടാകുന്നു . ഒരേ സമയം അയാളായും അപരനായും ചിന്തിച്ചുപോകുന്ന പാളിച്ചകള്‍ ഉണ്ടാകുന്നു . ലോജിക്കായ് പറയാന്‍ കഴിയാതെ കാലത്തിന്റെ സമയത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു . കാലഹരണപ്പെട്ട ചിന്തകളെ തേച്ച് മിനുക്കാന്‍ കഴിയാതെ അതിനെ പുരോഗമനത്തിന്റെ പുറംചട്ട കൊണ്ട് അലങ്കരിച്ചു എഴുന്നള്ളിക്കാന്‍ ശ്രമിക്കുന്നു . ഇത്തരം പോരായ്മകള്‍ മാത്രമല്ല എഴുത്തുകാര്‍ അനുഭവിക്കുന്ന പ്രശ്നം. ഉപയോഗിക്കുന്ന ഭാഷ , പ്രയോഗിക്കുന്ന ശൈലികള്‍ ഒക്കെയും പ്രശ്നം തന്നെയാണ് . പുതിയ കാല എഴുത്തുകാര്‍ കരുതുന്നത് എഴുത്തില്‍ തെറിവാക്കുകള്‍ ആവോളം ഉപയോഗിക്കുന്നതാണ് തുറന്നെഴുത്ത് എന്നു . ചുരുളി പോലുള്ള മഹാ സംഭവങ്ങളെ അവര്‍ ആവോളം പുകഴ്ത്തുകയും എഴുത്തില്‍ ‘ക’ യും ‘പൂ’ വും ആവോളം തിരുകിക്കയറ്റി ഞാനും ആധുനികനായി എന്നു ഭാവിക്കുകയും ചെയ്യുന്നു . കാസര്‍ഗോഡ് ഉള്ള വ്യക്തി തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്നു . അച്ചടിഭാഷയില്‍ ഓരോ പ്രദേശത്തുമുള്ള കഥാപാത്രങ്ങള്‍ സംസാരിക്കുന്നതു കാണുമ്പോൾ വ്യക്തിയും പ്രദേശവും തനിമയും നഷ്ടമാകുന്നു . എഴുത്തുകാര്‍ക്ക് കഴിയാത്ത കാര്യത്തിന് എന്തിനാകും അവര്‍ ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കുന്നത് ? എല്ലാം സര്‍ഗ സൃഷ്ടിയുടെ ബുദ്ധിമുട്ടാണ് . വായനക്കാരെ ഊട്ടാൻ താന്‍ സദാ സന്നദ്ധനാണെന്ന കേവല ചിന്തയില്‍ നിന്നാണ് എഴുത്തുകാര്‍ ഇത്രയേറെ അലസരും അഹംഭാവികളും ആയി മാറുന്നത് .
“കിമയ” എന്ന കഥ സമാഹാരം ‘മനോജ് കോടിയത്ത്’ എന്ന എഴുത്തുകാരന്റെ ഒമ്പതു കഥകളുടെ വായനയാണ് . ഗള്‍ഫ് മേഖലയും നാടും ഒക്കെ ചേര്‍ന്ന് സമ്മിശ്രണ പ്രദേശങ്ങളുടെ വേദികളില്‍ സംഭവിക്കുന്ന ഒമ്പതു കഥകള്‍ . അയിഷ എന്ന ആദ്യ കഥ പറയുന്നതു ഗള്‍ഫ് മേഖലയില്‍ മനുഷ്യക്കടത്തിന്റെ ഇരയായി എത്തപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതമാണ് . അവളെ രക്ഷപ്പെടുത്തുന്ന ഒരു നായകനും , അയാള്‍ മൂലം അവൾക്ക് കിട്ടുന്ന പുതിയ തൊഴില്‍ സാഹചര്യങ്ങളും അധികം നീട്ടണ്ടല്ലോ രക്ഷകന് ജീവിതയാത്രയുടെ പങ്കാളിയും ആയി മാറുന്നിടത്ത് കഥ അവസാനിക്കുന്നു . എന്തുകൊണ്ടാകും ഇന്നും കഥകളില്‍ രക്ഷകന് ആയി ഇരകളെ സമാശ്വസിപ്പിക്കുന്നവര് ഒക്കെ അവരെ ജീവിത പങ്കാളികള്‍ ആക്കണം എന്നൊരു അലിഖിത നിയമം സമൂഹം കൊണ്ട് നടക്കുന്നത്? രക്ഷപ്പെടുത്തുക എന്നാല്‍ അവിടെ അവര്‍ക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദം അതിനെ പ്രണയം , വിവാഹം എന്നീ തലങ്ങളില്‍ കൊണ്ടുകെട്ടാതെ രണ്ടു സ്വതന്ത്ര ലോകമായി നിലനിര്‍ത്താന്‍ കഴിയാതെ പോകുന്നതെന്താകും എന്നൊരു ചിന്ത പലപ്പോഴും തോന്നിയിട്ടുണ്ട് . സാമൂഹ്യ പ്രതിബദ്ധത എന്നാല്‍ വിധവകളെ ഒക്കെ വിവാഹം കഴിച്ചു മാതൃക കാട്ടുക ആണെന്ന ഒരു കാഴ്ചപ്പാട് സമൂഹത്തില്‍ പകര്‍ത്തുന്നതില്‍ മതം തന്റെ പങ്ക് വഹിച്ചിട്ടുണ്ട് . പക്ഷേ മനുഷ്യര്‍ ആധുനിക കാലത്തും രക്ഷക വേഷത്തിനര്ത്ഥം പങ്കാളി എന്നുതന്നെ കരുതിപ്പോകുന്നതില്‍ നിന്നാകാം ആ ചിന്ത . കഥ ഒരു ആവറേജ് കുടുംബ സദസ്സിന്റെ തലം കൈക്കൊണ്ട് അതിനാല്‍ തന്നെ . അടുത്ത കഥ നാലു തലമുറയുടെ ഒരു സായാഹ്നം ആയിരുന്നു . വളരെ ഹൃദ്യമായ ഒരു കാഴ്ച ആയിരുന്നു ആ കഥയില്‍ വെളിച്ചപ്പെടുന്നത് . മനുഷ്യര്‍ പരസ്പരം അകന്നു പോകുന്ന ഈ ലോകത്തില്‍ വാര്‍ദ്ധക്യത്തെ വീടിന്റെ കോണില്‍ വലിച്ചെറിയുന്ന ലോകത്ത് അവര്‍ ഒരു ബാധ്യതയായി കരുതുന്ന മനുഷ്യര്‍ക്കിടയില്‍ ആ അറബ് വംശജര്‍ തങ്ങളുടെ മുത്തശ്ശനെ കടല്‍ കാട്ടുന്ന രംഗം എത്ര മനോഹരമായിരുന്നു . നല്ല സന്തോഷം തന്ന വായനയായിരുന്നു, അത് അനുഭവിക്കാന്‍ കഴിയുകയും ചെയ്തു. ഒരു കുറ്റാന്വേഷക കഥ പോലെ സഹപാഠിയുടെ അതിനുമപ്പുറം പഴയ പ്രണയത്തിന്റെ കൊലപാതകം തേടിപ്പോകുന്ന കഥ വായിച്ചു മറന്ന , കണ്ടു മറന്ന സിനിമാ , നോവല്‍ സംഭവങ്ങളെ എവിടെയോ ഒക്കെ ഓര്‍മ്മിപ്പിച്ചു . കളഞ്ഞുപോകുന്ന പട്ടിക്കുഞ്ഞിനെ കണ്ടെത്തുന്ന കഥയാകട്ടെ മുകളില്‍ പറഞ്ഞ അറബ് വംശജരുടെ ജീവിത ബന്ധത്തിന്റെ വിപരീത ദിശയുടെ ചിത്രം തന്നതിനാല്ത്തന്നെ ആ ചെറിയ കഥയില്‍ ഒരു വലിയ ലോകം കണ്ടെത്താന്‍ കഴിഞ്ഞു ഒപ്പമതിന് ഉപയോഗിച്ച സങ്കേതങ്ങള്‍ ഇഷ്ടമായ വായന തന്നു . കുഞ്ഞ് കഥകളും വലിയ കഥകളും ഒക്കെയായി മനോജ് കോടിയത്ത് നല്ലൊരു വായന തന്നു ഈ പുസ്തകത്തിലൂടെ . സംഭാഷണശൈലികൾ വളച്ചൊടിക്കാതെ തനതായ ഭാഷയിൽത്തന്നെ വരച്ചിട്ടത് പ്രത്യേകം ശ്രദ്ധിച്ചു. ടൈപ്പാകാതെ സ്വന്തം നിലപാട് തറയില്‍ ഒന്നുറച്ചു നില്‍ക്കുകയും കാഴ്ചകളെ മറ്റൊരു ബാധ്യതകളും സ്വാധീനിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നല്ല നല്ല കഥകള്‍ ഒരുപാട് പറയാനുണ്ട് ഈ എഴുത്തുകാരന് . തിരിച്ചറിയപ്പെടാന്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട് എങ്കിലും അടയാളങ്ങള്‍ ഇപ്പോഴേ വഴിയോരങ്ങളില്‍ ഇട്ടുപോകുന്ന എഴുത്തുകാരന് ആശംസകൾ നേരുന്നു.
കിമയ (കഥകള്‍)
മനോജ് കോടിയത്ത്
ഫാബിയന്‍ ബുക്സ്
വില : ₹150.00