രമേശൻ മുല്ലശ്ശേരി
ആദ്യ നോവലാണ് ഇൻജുറി ടൈം. റവന്യൂ വകുപ്പിൽ തഹസിൽദാരായി റിട്ടയർ ചെയ്തു. ശാസ്താം കോട്ട മുതുപിലാക്കാട് സ്വദേശി. പിറവം കളമ്പൂർ മുല്ലശ്ശേരി മഠത്തിൽ താമസിക്കുന്നു.
ഓരോ പുസ്തകവും സൃഷ്ടിക്കുന്ന ഒരു പാതയുണ്ട്. എഴുത്തുകാരനിൽ നിന്ന് വായനക്കാരനിലേക്കു നീളുന്ന ചിന്താപാത. രചയിതാവിന്റെ സംവേദനക്ഷമതയ്ക്കും അനുവാചകന്റെ ആസ്വാദനശീലത്തിനും ആനുപാതികമായി അതിന്റെ നീളവും വീതിയും വ്യത്യാസപ്പെടുന്നു.
ചില രചനകൾ നമ്മെ വിഭ്രമിപ്പിക്കും. ചിലത് വിസ്മയിപ്പിക്കും. സന്തോഷവും സങ്കടവും ബൗദ്ധികമായ ഉത്തേ ജനവുമൊക്കെ വായനയാൽ സാദ്ധ്യമാകുന്നു. എന്നാൽ, ആത്യന്തികമായി ഒരു കൃതി നമ്മെ തൃപ്തിപ്പെടുത്തുന്നുവെങ്കിൽ മാത്രമാണ് എഴുത്തുകാരൻ വിജയം നേടുന്നത്. രമേശൻ മുല്ലശ്ശേരി എന്ന കഥാകാരൻ തന്റെ ആദ്യ നോവലുമായി വന്നെത്തുമ്പോൾ
ഇന്ദുലേഖയിൽ നിന്ന് ഇൻജുറി ടൈമിലേക്കുള്ള നോവൽ സാഹിത്യത്തിന്റെ സഞ്ചാരപഥങ്ങൾ എത്ര മാത്രം മാറിയിരിക്കുന്നു എന്നത് നമുക്കു തിരിച്ചറിയാനാകും.
ചരിത്രവും മിത്തോളജിയും ജീവിതവും ഇടകലർത്തി, വേറിട്ടൊരുപാതയിലൂടെ പായുന്ന ഒരു തുകൽപ്പന്തിന്റെ യാത്രാമൊഴി പോലെ തികച്ചും അനായാസമായ രീതിയിലുള്ള രചനാശൈലിയാണ് ഈ കൃതി അടയാളപ്പെടുത്തുന്നത്.പാരമ്പര്യവഴികളിലൂടെ സഞ്ചരിച്ച് കൃഷ്ണനും മുഹമ്മദുഗസ്നിയും സോമനാഥ ക്ഷേത്രവും കൊച്ചിയും വരെ നീളുന്ന കഥാപശ്ചാത്തലം നമുക്ക് പുതിയൊരനുഭവമായിരിക്കും. ഗോവൻ ടീമിനു വേണ്ടി, കൊച്ചിയിൽ ഐ.എസ്.എൽ ഫുട്ബോൾ കളിക്കാനെത്തുന്ന കഥാനായകനായ കണ്ണൻ,പൊരുതി നിൽക്കുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ രാധ, ഗോളി ചന്ദ്രകാന്ത്, വേദനകളടക്കുന്ന ഉമേടത്തി മുതൽ പേരറിയാത്ത പെൺകുട്ടി വരെ ഓരോ കഥാപാത്രവും വായനയ്ക്കുശേഷം നമ്മുടെ സ്വപ്നങ്ങളിലേക്ക് അനുവാദം ചോദിക്കാതെ നടന്നു കയറും.
ഫുട്ബോളും ചരിത്രവും പുരാണവും വർത്തമാനകാല കുടുംബ ജീവിതവും ഇഴചേർന്ന ഈ നോവലിൽ ഇവയെല്ലാം ഒരു പോലെ നമ്മെ വിഭ്രമിപ്പിക്കുന്നു.
ലാറ്റിനമേരിക്കൻ സാഹിത്യമോ, ഫുട്ബോളോ ഏതാണ് കൂടുതൽ മനോഹരം? മാർകേസും നെരൂദയും പെലെയും മറഡോണയും സുപരിചിതനാമങ്ങളാണ് നമുക്ക്. ലാറ്റിനമേരിക്കയുടെ ഹൃദയമാണ് ഫുട്ബോളും സാഹിത്യവും. ലാറ്റിനമേരിക്കൻ സാഹിത്യം ഇത്രയേറെ സമ്പന്നമായിട്ടും എന്തുകൊണ്ട് ഫുട്ബോളിനെ അധികരിച്ച് പ്രശസ്തമായ ഒരു ക്ളാസിക് കൃതി പോലും ഉണ്ടായില്ല?
ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്.
അത് ഞാൻ ശ്രദ്ധിക്കുന്നത് ഫുട്ബോൾ കൂടി ഇതിവൃത്തമാക്കിയ ഈ നോവൽ വായിച്ചപ്പോഴാണ്. ഫുട്ബോൾ ഇതിവൃത്തമായ വിശ്വ പ്രസിദ്ധ സിനിമകൾ ഏറെയുണ്ട്. എസ്കേപ് ഓഫ് വിക്ടറി, ഗോൾ തുടങ്ങിയവ.
എൻ.എസ്.മാധവന്റെ ‘ഹിഗ്വിറ്റ’ കഴിഞ്ഞാൽ ഫുട്ബോൾ ഇതിവൃത്തമാക്കി മലയാളത്തിൽ കാര്യമായ രചനകളില്ലെന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ കളി എന്തുകൊണ്ട് സാഹിത്യത്തിൽ ഇടം പിടിക്കാതെ പോയി.?
ഈ നോവലിലെ പ്രധാന കഥാപാത്രം ഒരു ഫുട്ബോൾ കളിക്കാരനാണെന്നുള്ള മുൻവിധിയോടെ ഈ കൃതിയെ സമീപിക്കരുത്. ഇതിൽ ഫുട്ബോളുണ്ട്. ദ്വാരകയുടെ കാലം മുതൽ നാളിതുവരെയുള്ള ചരിത്രത്തിന്റെയും പുരാണത്തിന്റേയും വ്യാഖ്യാനമുണ്ട്. പ്രണയവും വിരഹവും പ്രതികാരവും നൊമ്പരവും
ജിജ്ഞാസയുടെ മുൾമുനയിൽ നിറുത്തുന്ന ആഖ്യാനശൈലിയുണ്ട്. കാലം കാൽപ്പന്തു തട്ടിക്കളിക്കുന്ന ഭൂമികകൾ അനാവരണം ചെയ്യുന്ന കഥയുണ്ട്. തത്ത്വചിന്തയും പുരാണവും ചരിത്രവും വർത്തമാനവും ഇടകലർന്നിട്ടുണ്ടെങ്കിലും ബൗദ്ധിക വ്യായാമം കൂടാതെ ലളിതമായി വായിച്ചു പോകാവുന്നതാണ് ഈ നോവൽ.
സാധാരണ നോവൽ ശൈലി വിട്ട് ഒരു പ്രത്യേക ചട്ടക്കൂടിൽ എഴുതിയിട്ടുള്ളതാണ് ഈ കൃതി എന്നു പറയാം. ഫുട്ബോൾ കളി എന്ന മാധ്യമത്തിലൂടെ ആവേശകരമായ ഒരു മൽസരം കാണുന്ന രീതിയിലാണ് കഥാതന്തു വികസിച്ചു വരുന്നത്.
ഒരു ഫുട്ബോൾ മൽസരം കാണുമ്പോൾ പ്രാഥമികമായി ആവശ്യമായത് ആ കളി മുഴുവനായും കാണുക എന്നതാണ്. ആവേശ നിമിഷങ്ങൾ. അവ നാലാം മിനിട്ടിലും നാല്പത്തേഴാം മിനിട്ടിലും സംഭവിക്കാം. ഇടയ്ക്കൽപ്പം ഇഴച്ചിലുണ്ടാകാം. രണ്ടു ഗോളിന് പിന്നിട്ട് നിന്നവർ നാല് ഗോൾ തിരിച്ചടിച്ച് വിജയം നേടാം.
എങ്കിലും പറയാതെ വയ്യ, എഴുത്തിന്റെ രീതിയെക്കുറിച്ച്. നൂറ്റാണ്ടുകൾ നീളുന്ന കഥാതന്തു ഇരുനൂറു പേജിലൊതുക്കാൻ സാധിച്ച കരവിരുതിനെകുറിച്ച്. ഓരോ അധ്യായത്തിനും യോജിച്ച രചനാരീതി തിരഞ്ഞെടുത്തിരിക്കുന്നതും അഭിനന്ദനീയം തന്നെ.
ഒന്നാമധ്യായത്തിലെ ഒരു ഭാഗം ശ്രദ്ധിക്കുക.
”…..ഞാൻ അമ്പരന്നു പോയിരുന്നു. ഒരു മരണം ഇത്ര അനായാസമോ?
അമ്മ പിന്നാലെ വന്ന് എന്നെ കോരിയെടുത്ത് ജാലകവാതിലുകൾ ചേർത്തടയ്ക്കുമ്പോൾ ഞാൻ നിറകണ്ണുകളോടെ പുറത്തേക്ക് ഒരുനിമിഷം പാളിനോക്കി. അവിടെ, അപ്പോഴേക്കും അവശേഷിച്ച നിഴലുകൾക്കു മീതെ നിലാവ് തന്റെ മഞ്ഞ ശവക്കച്ച മുഴുവനായും വിരിച്ചു കഴിഞ്ഞിരുന്നു. ഇന്നും, ബലിദിനങ്ങളിൽ, മഴച്ചാറ്റലിന്റെ കണ്ണുനീരിൽ, അകലെ മങ്ങിക്കാണുന്ന വെള്ളി മേഘമുടികൾക്കു പിന്നിൽ നക്ഷത്രജടാകലാപങ്ങൾക്കിടയിൽ മുഖം പാതിയൊളിപ്പിച്ച്, എന്നെനോക്കി അച്ഛൻ തന്റെ തളിർ വെറ്റിലച്ചിരി ചിരിക്കും. ഓട്ടുരുളിയിലെ എള്ളു വിതറിയ ബലിച്ചോറുപോലെ തെളിഞ്ഞ ചിരി. ഭുജംഗപ്രയാതങ്ങൾ മറന്നു തുടങ്ങിയിരുന്ന ഞാൻ അപ്പോൾ അറിയാതെ വയലാറിന്റെ വരികളോർക്കും.അക്കരെ മരണത്തിന്റെ ഇരുൾ മുറിയിൽ ശരീരത്തിന്റെ അഴുക്കു വസ്ത്രങ്ങൾ മാറി വരുന്ന ആത്മാക്കളെയോർക്കും.
അപ്പോൾ… ചെറുകാറ്റുവന്നു ചെവിയിൽ മൂളും.
ഇന്നിനി നിനക്കുറക്കമുണ്ടാകില്ല.”
ഗദ്യത്തിൽൽ കവിത രചിക്കുന്ന ആഖ്യാനശൈലി മലയാളത്തിൽ കുറവാണ്. എന്നാലിവിടെ ചില ഭാഗങ്ങളിൽ ഗദ്യം കവിതയോളമെത്തുന്നു.
‘മഴക്കണ്ണീരണിഞ്ഞ കാറ്റ്, അന്ത്യചുംബനം നൽകി പന്തിനെ ചാടിയുയർന്ന ഗോൾകീപ്പറുടെ കൈകൾക്ക് മുകളിലൂടെ ഗോൾവലക്കണ്ണികളിലേക്ക് ശുഭ്ര പുഷ്പചക്രം ശവമഞ്ചത്തിലെന്ന പോലെ ഇറക്കി കിടത്തുന്നത്.
കടുത്ത വേദനക്കിടയിലും മുറിച്ചു മാറ്റിയ വിരൽ പോലെ പിടഞ്ഞ് കൈകൾ ഉയർത്തി ആകാശത്തേക്ക് നോക്കി ഞാൻ കണ്ണീരോടെ അലറി വിളിച്ചു.
ദൈവമേ… ദൈവമേ…. ഇത്ര പോലും, ഇത്ര പോലും നിന്നോട് ഞാൻ ചോദിച്ചില്ലല്ലോ? ‘
കഥാകാരൻ കഥയുടെ പുൽമേടുകളിലേക്ക് വായനക്കാരെ കൈ പിടിച്ചു നയിക്കുന്നതും ഇവിടെ ദൃശ്യമാകുന്നു. ഒരു ഫുട്ബോൾ മത്സരം അതിന്റെ സമസ്ത ആവേശത്തോടെയും ദൃശ്യവത്കരിക്കുന്നതു നോക്കുക.
”….ലോങ്ങ് വിസിൽ മുഴങ്ങി. സ്ട്രെച്ചറിൽ പുറത്തേക്കെടുക്കുമ്പോൾ തപ്പുതാളങ്ങൾ നിലച്ചിരുന്നു. ശവംതിന്ന് മടുപ്പേറി മടങ്ങുന്ന കഴുകക്കൂട്ടം പോലെ പുറത്തേക്കിറങ്ങുന്ന കാണികൾ. ചിറകടി ശബ്ദം പോലെ ഒറ്റപ്പെട്ട ഒന്നു രണ്ടു കൈയ്യടികൾ. വടക്കെ ഗോൾ പോസ്റ്റിന്റെ പിന്നിലിരുന്ന് മധ്യവയസ്കനായ ഒരു കാണി പന്തയം നഷ്ടപ്പെട്ട വ്യഥയോർത്താവാം ഉച്ചത്തിൽ ഒന്ന് കൂവി. കബന്ധങ്ങൾക്കിടയിലെ കുറുനരിയെ പോലെ.
പിന്നെ മൈതാനത്തേക്ക് മുഖം പൊത്തി വീണ് ഏങ്ങിയേങ്ങിക്കരഞ്ഞു. സ്ട്രെച്ചറിൽ കിടന്നു കൊണ്ട് ഞാൻ
തിരിഞ്ഞു നോക്കി. കമന്റേറ്റർ പോലും നിശബ്ദനാണ്. എന്നെ നോക്കിയ അയാളുടെ കൺകോണുകളിൽ ആരാധനയുടെ ആകാശമേഘങ്ങൾ മഴക്കൊടി വീശി ഓഫ് സൈഡ് വിളിച്ചു.”
ഇങ്ങനെ എത്രയോ സന്ദർഭങ്ങൾ പറയാനാവും. ചുരുക്കത്തിൽ, ആഖ്യാനചാരുതയാൽ നമ്മെ വിസ്മയിപ്പിക്കുന്ന ഇൻജുറി ടൈം, സമ്മാനിക്കുന്നത് നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങൾ തന്നെയാണെന്നതിൽ സംശയമില്ല.
നോവൽ വായിച്ചു കഴിയുമ്പോൾ ഒരു സംശയം. ഈ നോവലിസ്റ്റ് ഇത്രയും കാലം എവിടെയായിരുന്നു.?
പൂക്കാൻ വൈകിയ പൂമരം കൊണ്ടുവന്നത് ഒരു വസന്തമാണ്.