ഒരാൾ ഒരു സമൂഹജീവിയാണ് എന്നു പറയാൻ കഴിയുന്നത്, ആ വ്യക്തിക്ക് സമൂഹത്തോട് എന്തെങ്കിലും ബാധ്യത ഉണ്ടാകുമ്പോൾ മാത്രമാണ്. സ്വന്തം ജീവിതത്തിനു മാത്രം പ്രാധാന്യം കൊടുക്കുകയും ലോകം മുഴുവൻ അതിനായി പ്രവർത്തിക്കുകയും വേണം എന്നു ചിന്തിക്കുന്ന സമൂഹമായി മാറുന്ന കാലമാണ് ഇന്നത്തേത്. ഓരോ എഴുത്തുകാരൻ്റെയും ധർമ്മം സമൂഹനന്മയാണ് . അതവൻ തൻ്റെ കഴിവു കൊണ്ട് , ഒരു വരി കൊണ്ടോ വാക്കു കൊണ്ടോ അടയാളപ്പെടുത്തുക തന്നെ വേണം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ വളരെയധികമൊന്നും സമൂഹത്തിലില്ല. അതിനാൽത്തന്നെ അധ്യാപികയും എഴുത്തുകാരിയുമായ ലൈലാബീവി മങ്കൊമ്പിനെ ക്കുറിച്ചു പറയാതെ അവരുടെ ഈ നോവലിനെക്കുറിച്ചു പറയുന്നത് ശരിയാകുകയില്ല എന്ന് കരുതുന്നു. ഫേസ്ബുക്ക് മീഡിയത്തിലൂടെ സാമൂഹിക വിഷയങ്ങളിൽ വളരെ സജീവമായി പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് ഈ അധ്യാപിക. ഫേസ്ബുക്കിന് പുറത്ത് അവരുടെ പ്രതിക്ഷേധസ്വരം വ്യാപിക്കുന്നതും കാണാനാകും. സ്ത്രീധന നിരോധനത്തിനെതിരെ ലൈലാബീവിയുടെ പ്രവർത്തനം ഏറെപ്പേർക്കും സുപരിചിതമായിരിക്കും. യാത്രാവേളകളിലും, സ്കൂളിലും , തന്നെത്തേടി വരുന്ന കത്തുകളിലൂടെയും മറ്റും ടീച്ചർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ, തൻ്റേതായ ഭാഷയിൽ ലൈലാബീവി അവതരിപ്പിക്കുകയും ഒപ്പം തന്നെ സ്വന്തം അഭിപ്രായങ്ങൾ മടി കൂടാതെ വിളിച്ചു പറയുകയും ചെയ്യാറുണ്ട്.
ലൈലാബീവിയുടെ ” കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ” എന്ന നോവലിൻ്റെ രണ്ടാം പതിപ്പാണ് ഞാൻ വായനക്കായി തിരഞ്ഞെടുത്തതിന്ന്. വളരെ ചെറിയ ഒരു നോവലാണിത്. വളരെ വേഗം വായിച്ചു തീർക്കാൻ കഴിയുന്ന ഒന്ന്. ലളിതവും, ഒഴുക്കുള്ളതുമായ ഭാഷയിൽ മൂന്നു തലമുറയിലെ സ്ത്രീകളുടെ ജീവിതം വരച്ചിടുകയാണ് ഈ നോവലിൽ. ജാനകിയെന്ന ബ്രാഹ്മണ സ്ത്രീയുടെയും അവരുടെ മകൾ രേവതിയുടെയും ചെറുമകൾ അശ്വതിയുടെയും ജീവിത കഥയാണിത്. ദാരിദ്ര്യവും ഭർതൃവിരഹവും ജീവിതഭാരവും കൊണ്ടു വലഞ്ഞ ജാനകിത്തമ്പുരാട്ടി പാടത്തും പറമ്പിലും പണിയെടുത്ത് ഒറ്റക്ക് മൂന്നു മക്കളെ വളർത്തിയെടുക്കുന്നതും രണ്ടാമത്തെ മകൾ രേവതി പഠിച്ച് സ്കൂൾ അധ്യാപികയാകുന്നതും അവൾടെ മകളെ പഠിപ്പിച്ച് കളക്ടർ ആക്കുന്നതും ആണ് ഈ നോവലിൻ്റെ ഇതിവൃത്തം. പട്ടിണിയും തകർച്ചയും നേരിടുന്ന ബ്രാഹ്മണ്യം , കുടുംബം നയിക്കാൻ ഒറ്റക്ക് നേരിടുന്ന സ്ത്രീശക്തി, വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ, മതേതരത്വം, സഹവർത്തിത്വം , നന്മ , ജീവകാരുണ്യം തുടങ്ങിയ സംഗതികളെ ഒന്നിപ്പിച്ചു നിർത്തി പറയുന്ന ഒരു കുഞ്ഞു നോവൽ.
ഒരുപാടു പറയാനുള്ള ഒരാൾ ഉണ്ടെന്ന് സങ്കല്പിക്കുക. എല്ലാം അയാൾക്ക് പറയണം എന്ന നിർബന്ധം കൂടി ഉണ്ടെങ്കിലോ. തനിക്ക് പറയാനുള്ളത് വാരിവലിച്ചു പറഞ്ഞകലുക എന്നതിനപ്പുറം, ഒരു കഥ പറച്ചിൽ ചട്ടക്കൂടോ പരമ്പരാഗത എഴുത്തു സമ്പ്രദായങ്ങളുടെ പക്വത തേടലോ ലൈലാബീവിയെ അലോസരപ്പെടുത്തുന്നതായി തോന്നിയില്ല വായനയിൽ. കണ്ടതും കേട്ടതും അറിഞ്ഞതും ഒക്കെ വിളിച്ചു പറയാൻ ഒരു മാധ്യമം മാത്രമാണ് ലൈലാബീവിക്ക് ഈ നോവൽ പ്രതലം എന്നു കരുതാം. ഒരു ഡോക്യുമെൻ്ററിയുടെ തിരക്കഥ പോലെ ചിതറിക്കിടക്കുന ചിത്രങ്ങൾ ചേർത്തു പിടിച്ചു വായനക്കാർ സംതൃപ്തരാകുക എന്ന നയമാണ് എഴുത്തുകാരി അനുവർത്തിച്ചിരിക്കുന്നത്. രണ്ടുപേർ ഒരു യാത്രയിലാണെന്ന് കരുതുക. യാത്രക്കിടയിൽ ഒരാൾ മറ്റൊരാളോട് ഒരു കഥ പറയുന്നു എന്നും. തീർച്ചയായും ആ ഒരു ഫീലിൻ്റെ വായനാനുഭവം ലൈലാബീവി ഈ നോവലിലൂടെ പങ്കു വയ്ക്കുന്നു എന്നു കരുതാം.
കാർമേഘം മറയ്ക്കാത്ത വെയിൽനാമ്പുകൾ (നോവൽ)
ലൈലാബീവി മങ്കൊമ്പ്
തുളുനാട് ബുക്സ്
വില: ₹ 60.00