കാവ്യദംശനം

ഇരുട്ടും വിഷാദവും
കലിതുള്ളി പെയ്യുമ്പോഴാണ്
നെഞ്ചിടിപ്പിന്റെ കാട്ടുതീയിൽ
ഒരു കവിത പൊള്ളിയടർന്നത്

ചിരിമറന്ന മിഴികൾ
വാക്കുകളെ
മൗനത്തിലേക്ക്
പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്നു…

ജീവിതവും മരണവും
കുഴഞ്ഞുമറിഞ്ഞൊരുവളവിൽ
സഹനശൈലങ്ങളുടെ
വേരിറക്കങ്ങൾ

മുറിവുണക്കാനെത്തിയ
ഭ്രാന്തൻകാറ്റ്
ഇടവഴിയിലെ
അടക്കം പറച്ചിലുകാരോട്
വല്ലാതെ കലഹിക്കുന്നുണ്ട്

ആരൊക്കെയോ
ചവിട്ടിമെതിച്ച നക്ഷത്രങ്ങൾ
കറുത്തുമെലിഞ്ഞ ആകാശത്ത്
ഇഴപൊട്ടിയ സ്വപ്‌നങ്ങളെ
ചേർത്തുകെട്ടുന്നുമുണ്ട്

ഓർമകൾക്ക് മരണമില്ലെന്ന നുണ
വർത്തമാനത്തിന്റെ ശവപ്പറമ്പിൽ
എഴുതിവെച്ചത് അവനായിരുന്നു

എന്നിട്ടും,
ചോരകീറിപ്പുതച്ച വിധുരശിലകളിൽ
എന്റെമാത്രം പേര് കോറിയിട്ടതെന്തിനാണ് .?

ആത്മരതിയുടെ പുറമ്പോക്കിൽ
ആവർത്തനങ്ങളുടെ
ശവഘോഷയാത്ര…

ഇപ്പോൾ എനിക്ക് കാണാം
മരണപ്പെട്ടവരുടെ കൂട്ടത്തിൽ
കാവ്യദംശനമേറ്റു നീലിച്ച
എന്റെ ജഡം

കണ്ണൂർ ജില്ലയിലെ മയ്യിൽ താമസം. തവറൂൽ എ എൽ പി സ്കൂളിൽ പ്രധാനാധ്യാപികയാണ്. 'മഴച്ചില്ലകൾ കത്തുമ്പോൾ' എന്ന കവിതാസമാഹാരം ഇറക്കിയിട്ടുണ്ട്..