കാവലാൾ

1

കല്ലുമുട്ടി പോലീസ് സ്റ്റേഷനുസമീപം പുതുതായി പണിതുകൊണ്ടിരിക്കുന്ന വ്യാപാരസമുച്ചയത്തിനു മുന്നിൽവെച്ചാണു ഞാനാ മോഡൽ ലോറി വീണ്ടും കാണുന്നത്. നീണ്ട ഏഴു വർഷങ്ങൾക്കുശേഷം.

രാജകീയപ്രതാപത്തിനു കോട്ടംതട്ടാത്ത വിധത്തിൽ റോഡിന്റെ അരികു ചേർന്നു നിർത്തി ഇട്ടിരിക്കുകയാണത്. വീതിയേറിയ ബോണറ്റിൽ കാട്ടുപള്ളകൾ പടർന്നുകയറിയിട്ടുണ്ട്. ബോണറ്റിന്റെ ഇടതുവശത്തുള്ള സ്പ്രിംഗ് കമ്പിയിൽ ഏതോ കാട്ടു ചെടിയുടെ വള്ളികൾ ഒരു സർപ്പത്തെപ്പോലെ ചുറ്റിപ്പിണഞ്ഞിരിക്കുന്നു. നമ്പർപ്ലേറ്റ് ചേറുപറ്റി മങ്ങിയിരുന്നു. സൂക്ഷിച്ചുനോക്കിയാൽ MP16 ൽ തുടങ്ങുന്ന കറുത്തയക്കങ്ങൾ വായിച്ചെടുക്കാം.

പോലീസ് സ്റ്റേഷൻ കഴിഞ്ഞാൽ PWD – യുടെയൊരു ഗസ്റ്റ്ഹൗസാണ്. അതിനുമപ്പുറെ പച്ചനിറത്തിൽ തീപ്പെട്ടിക്കൂടുകൾപോലെ ഫോറസ്റ്റു ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്നു. അവയെ അരഞ്ഞാണമണിയിച്ചതു പോലെയാണു റോഡിന്റെ കിടപ്പ്. പോകുന്ന പോക്കിൽ ബാവലിപ്പുഴയെയൊന്നു തൊട്ടുരുമ്മി ബ്രിട്ടീഷ് നിർമ്മിത തൂക്കുപാലത്തിലൂടെയതു പ്രധാനനഗരിയായ ഇരിട്ടിയെ കണ്ടുമുട്ടും. വണ്ടിയോടിച്ചു പാലത്തിനടുത്തെത്തിയതും റെഡ് സിഗ്നൽ വീണു. ഇതു പതിവുള്ളതാണ്. കേരളത്തെ കർണ്ണാടകയുമായി ബന്ധിക്കുന്ന മാക്കൂട്ടം ചുരത്തിലേക്കുള്ള എൻഡ്രൻസു കൂടിയാണീ ഇരുമ്പു ചട്ടക്കൂടുള്ള പാലം. വീതി വളരെക്കുറവാണ്. എതിർവശത്തുനിന്നും ഹെഡ്ലൈറ്റുകൾ മിന്നിച്ചു കർണ്ണാടകയിലേക്കുള്ള വാഹനങ്ങൾ എനിക്കരികിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. കൈനീട്ടി സ്റ്റീരിയോയിലൊരു സോങ് പ്ലേ ചെയ്തു.

“കൂടാമലേ എൻ മനം പാടലേ..
നീങ്കാതെയാവും യോസനേ..”

എസ് ജാനകിയുടെ മധുരമുള്ള ശബ്ദം കാറിനുള്ളിൽ നിറഞ്ഞു. ഇതൊരുപാടു കാലം പഴക്കമുള്ള പാട്ടാണ്. ഇളയരാജയുടെ സംഗീതം. പതിയെ കണ്ണുകളടച്ചു. തൊണ്ണൂറുകളിലെ തമിഴ്നാട്ടിൻപ്പുറങ്ങളിലേക്കു മനസ്സു പറക്കുകയാണ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ചോളപ്പാടങ്ങൾക്കു നടുവിൽ നടൻ രാജ് കിരണും  ഗായത്രിയും കണ്ടുമുട്ടുകയാണ്. മെറൂൺനിറത്തിലുള്ള ദാവണി ചുറ്റിയ ഗായത്രി. MP 16 TJ.. മനസ്സിന്റെ ശ്രദ്ധ പതറുന്നു. 65.. 6529. യെസ് അതുതന്നെ. പെട്ടെന്നു കണ്ണു തുറന്ന് ഫോണെടുത്തു ഗൂഗിളിൽ പരതി. അത് ആന്ധ്രാ രജിസ്ട്രേഷനിലുള്ള ലോറിയാണ്. എന്റെ കണ്ടെത്തലിൽ എനിക്കു സന്തോഷം തോന്നി.

കുട്ടിക്കാലം മുതലേ എനിക്കു വാഹനങ്ങളോടു വല്ലാത്ത കമ്പമായിരുന്നു. എക്സ്പ്പെക്ഷണലി ലോറികളോട്. ലോറികളിൽ പാണ്ടി ലോറികളോട്. പാണ്ടി ലോറി! ,ശരിക്കുമതിന്റെ പേരെന്തായിരിക്കുമല്ലേ? അറിയില്ല. പക്ഷേയതിന്റെ തിളക്കമുള്ള മഞ്ഞ നിറവും കരുത്തുറ്റ ശരീരവും വലിയ ബോണറ്റും ഉണ്ടക്കണ്ണുകളും എന്നും കണ്ണുകൾക്കു കൗതുകം സമ്മാനിച്ചിരുന്നു. വലിയ ഉരുളൻ തടികൾ വയറ്റിൽ നിറച്ച് ഉണ്ടക്കണ്ണുകളുരുട്ടിയുള്ള വരവ് ഒരു ഒന്നൊന്നര കാഴ്ച തന്നെയാണ്. ചെറുപ്പത്തിലെ എന്റെ ഏറ്റവും വലിയ ആഗ്രഹം വലുതാകുമ്പോൾ പാണ്ടിലോറിയുടെ ഡ്രൈവറാകണമെന്നായിരുന്നു! ഇപ്പോൾ അത്തരം ലോറികളങ്ങനെ കാണാനില്ല.

കോളേജുപഠനകാലത്തൊരിക്കൽ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽപ്പോയി. അവിടെയൊരു ലോറിത്താവളത്തിൽ പഴയ കാലത്തിന്റെ പ്രതാപവുമായി അനേകം പാണ്ടി ലോറികൾ നിരന്നു കിടക്കുന്നതു കണ്ടു വണ്ടറടിച്ചു. അതൊരു ഏഴു വർഷങ്ങൾക്കു മുൻപാണ്. അതിനുശേഷം വളരെ റെയറായിട്ടേ പാണ്ടിലോറികൾ കണ്ടിട്ടുള്ളൂ. ഇല്ല. പിന്നെ കാണുന്നത് ഇന്നാണ്. ഒരുപാടു സന്തോഷം തോന്നി. ഓർമ്മകളിൽ മഞ്ഞു പെയ്യുന്നതു പോലെ. ഓഫീസിലെത്തുന്നതുവരെയും ചെമ്പകം മണക്കുന്ന നാട്ടുവഴിയിലൂടെ മനസ്സൊരു സങ്കൽപ്പ പാണ്ടിലോറിയോടിച്ചു കളിച്ചു. ഊരിപ്പോകുന്ന നിക്കർ വലിച്ചു കയറ്റി പല തവണ ഗിയറുകൾ മാറ്റി. കൈയിൽ ചെറിയൊരു സൈക്കിളിന്റെ ട്യൂബു വട്ടം തിരിഞ്ഞു.

‘കുട്ടാ നിക്കെടാ അവിടെ. ‘
‘ഇല്ല. പോം പോം ‘
ഹോണടിച്ചു കൊണ്ട് അമിത വേഗതയിൽ വളവെടുത്ത വണ്ടി വശത്തെ കോളാമ്പിപ്പൂക്കളെ ചതച്ചരച്ചുകൊണ്ടു നിയന്ത്രണം വിട്ടു മറിഞ്ഞു വീണു.

ഓഫീസിൽ എത്തിയതറിഞ്ഞില്ല. കാറിൽ നിന്നിറങ്ങുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.

“എന്താ സാറേ കാലത്തേയൊരു ചിരിയൊക്കെ.” രജിസ്റ്ററിൽ ഒപ്പുവയ്ക്കുമ്പോൾ രമ്യ  ചോദിച്ചു.
“ഹേയ് നതിംഗ്. ഒരു ലോറി മറിഞ്ഞതിന്റെയാ.”
“ലോറിയോ!”.
ഞാനതിനു മറുപടിയൊന്നും പറയാതെ ചിരിച്ചുകൊണ്ടു ക്യാബിനിലേക്കു കയറി.

രാത്രി വീട്ടിലേക്കു മടങ്ങുമ്പോഴും ആ ലോറി അവിടെയുണ്ടായിരുന്നു. ഇരുട്ടിൽ തന്റെ മഞ്ഞക്കണ്ണുകൾ തുറന്ന് ഇൻഡിക്കേറ്ററുകൾ തെളിയിച്ചു കുട്ടിരാക്ഷസനെപ്പോലെ അതിരമ്പി കൊണ്ടിരുന്നു. പുറപ്പെടുകയായിരിക്കാം. ഞാൻ ഊഹിച്ചു. മനസ്സിൽ നഷ്ട ബോധത്തിന്റെയൊരു മൂടൽ പരക്കുന്നതറിഞ്ഞു. എന്നാൽ പിറ്റേന്നു കാലത്തും വൈകുന്നേരവും അതിന്റെ പിറ്റേന്നുമൊക്കെ ആ ലോറി അവിടെത്തന്നെയുണ്ടായിരുന്നു. രാവിലെ തണുത്ത മഞ്ഞിൽ ഒരു പാവംപിടിച്ച പൂച്ചയെപ്പോലെ തന്റെ ഹെഡ്ലൈറ്റുകളണച്ചത് ഉറങ്ങിക്കിടന്നു. വൈകുന്നേരം ഉറക്കമുണർന്നു ബോണറ്റിലെ കൊമ്പു വിറപ്പിച്ച് ആക്രമണത്തിനു തയ്യാറെടുക്കുന്ന പുലിയെപ്പോലെ  മുരണ്ടു കൊണ്ടുനിൽക്കും. കൃത്യം ആ സമയത്താണു ഞാനതുവഴി കടന്നു പോയിക്കൊണ്ടിരുന്നത്. ഈ ദിവസങ്ങളിലൊക്കെയും വിവേചിച്ചറിയാൻ കഴിയാത്ത ഒരടുപ്പം എനിക്കാ കാഴ്ചയോടു തോന്നിത്തുടങ്ങിയിരുന്നു.

ഒരു ദിവസം രാവിലെ അതുവഴി പോകുമ്പോൾ ലോറിയുടെ മുന്നിലൊരു ആൾക്കൂട്ടം കണ്ട ഞാൻ വണ്ടിയൊതുക്കി. വൃത്താകൃതിയിൽ കൂടിനിൽക്കുന്ന പുരുഷാരത്തിനു നടുവിലൊരാൾ വീണു കിടക്കുന്നു. ഒരു പത്തൻപതു വയസ്സു പ്രായം തോന്നിച്ചു. നീണ്ട താടിയും, കുഴിഞ്ഞ കണ്ണുകളും. മുഷിഞ്ഞയൊരു പൈജാമയാണു വേഷം. നരച്ച പൈജാമയിൽ മണ്ണു പുരണ്ടിരിക്കുന്നു. കുറച്ചുമാറി എനിക്കു പരിചയമുള്ള ഒരു പോലീസുകാരൻ നിൽക്കുന്നതുകണ്ടു.

“സെബാസ്റ്റ്യൻ..” ഞാനയാളെ ഉറക്കെ വിളിച്ചു. എന്നെ കണ്ടതും സെബാസ്റ്റ്യൻ വേഗം അടുത്തേക്കുവന്നു.
“ഓഹ് സാറായിരുന്നോ..”
“എന്താ സെബാസ്റ്റ്യാ കേസ് “?
“ഓ എന്നാ പറയാനാ സാറേ ഓരോ വള്ളിക്കെട്ടു വന്നോളും” അയാൾ ഉറക്കം നഷ്ടപ്പെട്ടതിന്റെ ഈർഷ്യയിൽ വായിക്കോട്ടയിട്ടു.
“കിളവനാ ലോറീൽ വന്നതാ. കുറച്ചു ദിവസമായി ഇവിടെയുണ്ടായിരുന്നു. കൈയിലാണേ പത്തിന്റെ കാശുമില്ല.”
ഒന്നുനിർത്തിയിട്ടു സമീപത്തെ പലചരക്കു കടയിലേക്കു ചൂണ്ടിയിട്ടയാൾ തുടർന്നു.
“അവരാ അയാക്കു വെള്ളോം ബണ്ണുമൊക്കെ കൊടുത്തിരുന്നത്. ഒരുദിവസം പൊട്ടിമുളച്ചപോലെ ലോറിയവിടെ കിടക്കുന്ന കണ്ടതാ പോലും. ഇന്നുരാവിലെ നോക്കുമ്പം ബോധംകെട്ടു കിടക്കുന്നു. തെലുങ്കനോ തമിഴനോ മറ്റോവാണു കക്ഷി. ബോധം വന്നിട്ടു പറയുന്നതൊന്നും മനസ്സിലാകുന്നുമില്ല.”
കുറച്ചുപേർ ചേർന്ന് അയാളെ പോലീസ് ജീലേക്കു കയറ്റുന്നതു കണ്ടു. സെബാസ്റ്റ്യൻ തിടുക്കപ്പെട്ടങ്ങോട്ടു നടന്നു പോയി.

അന്നു വൈകുന്നേരം വിവരങ്ങളറിയാൻ ഞാൻ സെബാസ്റ്റ്യനെ ഫോൺ ചെയ്തു. ഹോസ്പിറ്റലിൽ അയാൾ സുഖം പ്രാപിക്കുന്നതന്നറിഞ്ഞ് എനിക്കു സമാധാനമായി. അയാളുടെ പേരു രങ്കണ്ണയെന്നാണ്. തമിഴ്നാട്  സ്വദേശി. അയാളാ ലോറിയുടെ ക്ലീനറാണ്. രങ്കണ്ണയിൽ നിന്നു മറിഞ്ഞ യാത്രയുടെ കഥ സെബാസ്റ്റ്യൻ എന്നോടു പങ്കുവെച്ചു.

2

ഇതു രങ്കണ്ണയുടെ കഥയാണ്.

തമിഴ്നാട്ടിലെ മേഘമല എന്ന തനിനാടൻ ഗ്രാമമാണു രങ്കണ്ണയുടെ ഊര്. തേനിയിൽനിന്നും അമ്പത്തിനാലു കിലോമീറ്റർ യാത്രചെയ്‌താൽ ചിന്നമണ്ണൂരെന്ന ചെറുപട്ടണത്തിലെത്താം. ചിന്നമണ്ണൂരിനുള്ളിൽ പച്ചയിൽ പൊതിഞ്ഞ് ഒളിപ്പിച്ചു വെച്ചൊരു രഹസ്യം പോലെയാണു മേഘമല. പേരുപോലെ തന്നെ പുലർകാലങ്ങളിൽ  മലകളുടെ മുകളിൽ  മേഘങ്ങളവിടെ പരസ്പരം പുണർന്നു നിന്നു. സായന്തനങ്ങളിലവ തങ്ങളുടെ ചുംബനങ്ങളെ മേഘമലയ്ക്കു ‌സമ്മാനിച്ച് അകലങ്ങളിലേക്കു പറന്നു പോയി.

രങ്കണ്ണയുടെ അപ്പ അപ്പാറാവു മയിൽവാഹനമെന്ന കോടീശ്വരന്റെ പണിക്കാരനായിരുന്നു. അയാളുടെ അപ്പ ധർമ്മരാജ മയിൽവാഹനത്തിന്റെ അപ്പാവുടെ പണിക്കാരനായിരുന്നു. തലമുറകളായവർ മയിൽവാഹനത്തിന്റെയും അയാളുടെ  കുടുംബത്തിന്റെയും പണിക്കാരായി ജീവിച്ചു. പണിക്കാരായിത്തന്നെ മരിച്ചു. ഇപ്പോൾ രങ്കണ്ണയും. രങ്കണ്ണ മുത്തുലച്ച്മിയെ തിരുമണം ചെയ്തു. മുത്തുലച്ച്മിയും മയിൽവാഹനത്തിന്റെ പണിക്കാരിത്തിയാണ്. ഏക്കറു കണക്കിനു പരന്നു കിടക്കുന്ന ജമന്തിത്തോട്ടങ്ങൾക്കു നടുവിലെ ഉച്ചവെയിലായി ഉരുകി വീണതാണവരുടെ പ്രണയം. അവർക്കു കുട്ടികളുണ്ടാകാൻ താമസിച്ചു. ഇരവലങ്കാർ ഭഗവതിയാണവരുടെ കാണപ്പെട്ട ദൈവം. പാരമ്പര്യമായി കൈമാറി കിട്ടുന്ന വിശ്വാസപ്പൊരുൾ.

‘അമ്മേ തായേ കൊളന്തയെ തന്നിട് ‘

അയാളും മുത്തുലച്ച്മിയും സ്ഥിരമായി കുമ്പിട്ടു പ്രാർത്ഥിച്ചു. അവർക്കുവേണ്ടി ജമന്തിപ്പാടങ്ങളിലെ പൂക്കളൊന്നായി പ്രാർത്ഥിച്ചു.

പിന്നെ മഴവന്നു. ഓലപ്പനമ്പുകൾക്കിടയിൽ നിന്നുമൊലിച്ചിറങ്ങിയ മഴവെള്ളം കണ്ണുനീരുപോലെ മൺഭിത്തിയെ നനച്ചു. ഭഗവതി വിളികേട്ടു. വർഷങ്ങൾക്കുശേഷം അവർക്കൊരു മകൾ പിറന്നു. അയാൾ അവൾക്ക് അൻപെന്നു പേരിട്ടു.

അൻപ്. അവളൊരു കിലുക്കാംപ്പെട്ടിയായിരുന്നു.

‘അപ്പാ കഥ സൊല്ല് ‘

സായന്തനത്തിൽ വിയർപ്പിൽമുങ്ങി നിലത്തുവിരിച്ച താഴപ്പായയിൽ തളർന്നു കിടക്കുന്ന രങ്കണ്ണയുടെ എല്ലുന്തിയ ശരീരത്തിൽ കയറിയിരുന്ന് അവൾ കെഞ്ചും. രങ്കണ്ണയ്ക്കാണോ കഥകൾക്കു പഞ്ഞം. അയാളുടെ ജീവിതം തന്നെയൊരു കഥയല്ലേ. മയിൽവാഹനമെന്ന നിധി കാക്കുന്ന ഭൂതത്താന്റെ വിശ്വസ്തനായ അടിമയാണയാൾ. മേഘമലയുടെ പ്രധാന വരുമാന സ്രോതസ് കൃഷിയാണ്. മയിൽവാഹനത്തിന് ആയിരമേക്കർ പൂന്തോട്ടമുണ്ട്. പിന്നെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളും, ക്രഷർയൂണിറ്റും വിവിധതരത്തിലുള്ള ബിസിനസ്സുമൊക്കെയുണ്ട് അയാൾക്ക്. കൂടാതെ ഏതുനിമിഷവും യാത്രയ്ക്കു തയ്യാറായി ഇരമ്പിനിൽക്കുന്ന അൻപതു പാണ്ടിലോറികളും! മയിൽവാഹനം ഒരു രാജാവിനെപ്പോലെ ജീവിച്ചു. അയാൾക്കു രങ്കണ്ണയെപ്പോലെയനേകം ജോലിക്കാരുമുണ്ട്. പ്രജകളുടെ ജീവിതം നെൽപ്പാടങ്ങളിലെ കാറ്റാടിപ്പങ്കകളുടെ തണ്ടുപോലെ മെലിഞ്ഞു ശുഷ്ക്കിച്ചതായിരുന്നു.

മയിൽവാഹനത്തിന്റെ ലോറികൾ പലപ്പോഴും ബിസിനസ് ആവശ്യങ്ങൾക്കായി തമിഴ്നാടുബോർഡറും കടന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോകാറുണ്ട്. അത്തരമൊരു യാത്രയായിരുന്നു ഇതും. അൻപതുകിലോയുടെ അനേകം സിമന്റുചാക്കുകൾ രങ്കണ്ണയും തൊഴിലാളികളും ചേർന്നു ലോറിയിലേക്കു നിറച്ചുകൊണ്ടിരുന്നു. കേരളത്തിലേക്കുള്ളതാണു ലോഡ്. യാത്രയ്ക്ക് എത്രദിവസം പിടിക്കുമെന്നു രങ്കണ്ണയ്ക്കു നിശ്ചയം പോര. പഴകിപ്പറിഞ്ഞ തുകൽസഞ്ചിയിൽ അയാളൊരു നരച്ച പൈജാമകൂടി കരുതി. മുത്തുലച്ച്മിയുടെ മുഖം മേഘമലയ്ക്കു മുകളിൽ കാലവർഷങ്ങളിൽ ഉരുണ്ടുകൂടാറുള്ള കറുത്ത മേഘങ്ങളെപ്പോലെ കാണപ്പെട്ടു.
‘അപ്പാ..’ അൻപ് അയാളുടെ കാലുകളിൽ കെട്ടിപ്പിടിച്ചു. ‘അഴാതെ കണ്ണേ.. തിരുമ്പി വരവേ അപ്പ കഥ ശൊല്ലിത്തരേ.’

ഡ്രൈവർ ഉസിലംപട്ടി പക്കമുള്ള ഒരു തമിഴനായിരുന്നു. അറുമുഖൻ. അയാൾ കുറച്ചുനാളുകൾക്കു മുൻപ് മേഘമലയിൽ പണി തേടി വന്നതാണ്. കരിക്കട്ടയുടെ കറുപ്പാണയാൾക്ക്. പല്ലുകൾക്കിടയിൽ സദാസമയവും പാൻപരാഗ് അരഞ്ഞു കൊണ്ടിരുന്നു.

‘ക്ലീനർ രങ്കണ്ണ താനേ..’
താക്കോൽ കൊടുത്തുകൊണ്ടു മയിൽവാഹനം പറഞ്ഞു. അറുമുഖൻ തന്റെ മഞ്ഞപ്പല്ലുകൾകാട്ടി രാങ്കണ്ണയെനോക്കി ചിരിച്ചു. അതുകണ്ട് അയാൾക്കു വല്ലാത്ത അറപ്പു തോന്നി. മയിൽവാഹനം അഞ്ഞൂറിന്റെയൊരു നോട്ട് അറുമുഖത്തിനും അൻപതിന്റെ മറ്റൊന്നു രങ്കണ്ണയ്‌ക്കും നൽകി.

യാത്രയിൽ രങ്കണ്ണ അധികം സംസാരിച്ചില്ല. ഓറഞ്ചു നിറമുള്ളയൊരു സ്വപ്നംപോലെ ഒഴുകിയകലുന്ന ജമന്തിപ്പൂപാടങ്ങൾ, കണ്ണെത്താദൂരത്തോളം പച്ചപ്പണിഞ്ഞ പാടശേഖരങ്ങൾ, തെങ്ങിൻതോപ്പുകളെ തഴുകി കടന്നെത്തുന്ന തമിഴ്മണമുള്ള കാറ്റ്. അയാൾ പുറംകാഴ്ചകളിൽ ലയിച്ചിരുന്നു. കാട്ടുപാതയിൽ വെച്ച് അറുമുഖൻ സീറ്റിനടിയിൽനിന്നു നെല്ലിക്കച്ചാരായം നിറച്ച ചില്ലു കുപ്പിയെടുത്ത് അടപ്പു കടിച്ചു തുറന്നു.
‘ഉനക്കു വേണമാ തമ്പീ?’ ചാരായം കുപ്പിയേപ്പടി വായിലേക്കു കമത്തുന്നതിനിടയിൽ അയാൾ ചോദിച്ചു. രങ്കണ്ണ അനിഷ്ടത്തോടെ മുഖംതിരിച്ചു.

“തായിരിക്കും കാരണത്താൽ കോവില്ക്കു പോവതില്ലയ്… “
അറുമുഖനിൽ വാറ്റു പ്രവർത്തിച്ചുതുടങ്ങി. അയാൾ ഉറക്കെപ്പാടി.

മൂന്നാം പക്കമവർ കേരളത്തിലെത്തി, ഇരിട്ടിയിലെ ഗോഡൗണിൽ സിമന്റ് ചാക്കുകൾ അൺലോഡു ചെയ്തു. രങ്കണ്ണയുടെ പുറത്തുകൂടി വിയർപ്പു ചാലിട്ടൊഴുകി. അയാളുടെ ഹൃദയം ചങ്കും കൂടു പൊളിച്ചു പുറത്തുവരുമെന്ന മട്ടിൽ ശക്തിയായി മിടിച്ചു. എന്നാൽ ശരിക്കുമുള്ള ഞെട്ടൽ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. കടയുടമ അഞ്ഞൂറിന്റെ രണ്ടുനോട്ടുകളെടുത്തു രങ്കണ്ണയ്ക്കു നീട്ടി. അയാളുടെ കണ്ണുകൾ അത്ഭുതംകൊണ്ടു മിഴിഞ്ഞു പുറത്തുവരുമെന്ന് അറുമുഖത്തിനു തോന്നി.
“എട്ത്തുക്കോ തമ്പീ ഇതു തമിൾനാടല്ലയ് “
അയാൾ രങ്കണ്ണയുടെ തോളിൽ തട്ടി.  അറുമുഖത്തിനും കിട്ടി അഞ്ഞൂറിന്റെയൊന്ന്. അയാളുടെ മുഖം പ്രസാദിച്ചു.
“ആണ്ടവാ..”
രാത്രി ഭക്ഷണവും കഴിച്ചവർ തിരിച്ചു പോകാൻ തുടങ്ങിയതാണ്. അപ്പോഴാണ് അറുമുഖത്തിനൊരു കോൾ വരുന്നത്. പണിനടന്നുകൊണ്ടിരിക്കുന്നയൊരു കെട്ടിടത്തിനുമുന്നിൽ വണ്ടി നിർത്തിയായാൾ ഫോണിൽ സംസാരിച്ചു.
“കടവുളേ..”
മുത്തുലച്ച്മിയുടെ മുഖത്ത് ഉരുണ്ടുകൂടിയ അതേ കാർമേഘങ്ങൾ അറുമുഖനിൽ തമ്പടിക്കുന്നതു രങ്കണ്ണ കണ്ടു. അയാളുടെ ഒരേയൊരു സഹോദരൻ വിഷംതീണ്ടി മരിച്ചു പോയിരിക്കുന്നു. ശീഘ്രം ഊരുക്കു പോക വേണ്ടും. വണ്ടിയും താക്കോലുമയാൾ രങ്കണ്ണയെ ഏല്പിച്ചു. ആയിരംരൂപ കടമായിവാങ്ങി പെട്ടെന്നുതന്നെ മടങ്ങിവരുമെന്ന് രങ്കണ്ണയെ ആശ്വസിപ്പിച്ച് അറുമുഖൻ ഉസിലംപട്ടിക്കുള്ള അടുത്തവണ്ടി പിടിച്ചു.

3

രങ്കണ്ണ കാത്തു.
പിന്നെ മഴ വന്നു, വെയിൽ വന്നു. ദിവസങ്ങൾ പെട്ടെന്നു കൊഴിഞ്ഞു പോയി. പക്ഷേ അറുമുഖൻ മാത്രം തിരിച്ചുവന്നില്ല. രങ്കണ്ണയ്ക്കയാളുടെ നമ്പററിയില്ല.  രങ്കണ്ണയുടെ കൈയിൽ ഫോണുമില്ല. ഒരുദിവസം അയാൾക്കു ഭക്ഷണം നൽകിപ്പോന്നിരുന്ന കടക്കാർ വണ്ടിയുടെ ഗ്ലാസിൽ എഴുതിവെച്ചിരുന്ന ഒരു നമ്പറിൽ വിളിച്ചിരുന്നു. രണ്ടുദിവസത്തിനകം വേറെ ഡ്രൈവറെ വിടാമെന്നു ഫോണെടുത്തയാൾ തമിഴിൽ പറഞ്ഞു( മയിൽവാഹനമായിരിക്കണം). പക്ഷേ അയാളും വന്നില്ല. രണ്ടു നാലായി, നാല് എട്ടായി, എട്ടു പതിനാറായി. പതിനാറുദിവസങ്ങൾ! പതിനാറുദിവസങ്ങളായി രങ്കണ്ണയാ ലോറിയുമായി വഴിയരികിലുണ്ട്. ലോറിക്കു കാവലാളായി.

രങ്കണ്ണയുടെ കഥ കേട്ട എനിക്കമ്പരപ്പു തോന്നി. ലോറിയില്ലാതെ ഊരിലേക്കു മടങ്ങാൻ അയാൾ ഭയക്കുന്നു. അത് ഉയിരുക്കു തന്നെയാപത്താണുപോലും. അയാളുടെ ഭാര്യ മുത്തുലച്ച്മിയും അൻപും ഇപ്പോഴും മേഘമലയിലുണ്ട്. അവർക്കുമുകളിൽ കഴുകൻ കണ്ണുകളുമായി മയിൽവാഹനവും. ലോറിയുപേക്ഷിച്ചു താൻ മടങ്ങുന്നുവെന്നറിഞ്ഞാൽ അയാൾ അവരെ അപായപ്പെടുത്തുമെന്നും രങ്കണ്ണ ഭയക്കുന്നു.

“ഡ്രൈവറല്ലേ സെബാസ്റ്റ്യാ നമുക്കു നോക്കാം.” ഒരുദിവസം പതിവു ഫോൺ സംഭാഷണത്തിനിടയിൽ ഞാൻ പറഞ്ഞു. സെബാസ്റ്റ്യൻ എന്റെയൊരു കുടുംബ സുഹൃത്തു കൂടിയാണ്. ഈ ദിവസങ്ങളിലെപ്പോഴോ  ലോറിയോടുള്ള എന്റെ ഇഷ്ടം രങ്കണ്ണയോടുള്ള സഹതാപമായി മാറിയിരുന്നു. ഡ്രൈവർമാരുടെയൊരു വാട്സാപ്പ്ഗ്രൂപ്പിൽ ഞാൻ രങ്കണ്ണയുടെ കഥ പങ്കുവെച്ചു. എന്നാൽ അതിന്റെയൊന്നും ആവശ്യം വന്നില്ല.

“സാറേ ഒരു സാഡെസ്റ്റു ന്യൂസുണ്ട് ”  പിറ്റേദിവസം ഓഫീസ്ടൈമിൽ ഞാൻ ഹലോ വയ്ക്കുന്നതിനുമുൻപേ ഫോണിലൂടെ സെബാസ്റ്റ്യൻ ഇങ്ങോട്ടു പറഞ്ഞു.

“രങ്കണ്ണ മരിച്ചു.”

ഇത്തവണ കറുത്ത കർക്കിടകമേഘങ്ങൾ ഉരുണ്ടുകൂടിയത് എന്റെ മുഖത്താണ്. “സാറൊന്ന് ഇവിടംവരെ വരാമോ” അയാൾ ചോദിച്ചു. ഞാൻ ഉടനെ തന്നെ അങ്ങോട്ടു പുറപ്പെട്ടു. സുമനസ്സുകളായ ഡ്രൈവർമാർ പെട്ടെന്നു കൈകോർത്തു. ആംബുലൻസിൽ രങ്കണ്ണയുടെ ശരീരം ഊരിലെത്തിക്കുവാൻ തീരുമാനമായി. ആംബുലൻസിനു പുറകെ മയിൽവാഹനത്തിന്റെ ലോറിയും സ്റ്റാർട്ടായി. ഇപ്പോൾ അതിന്റെ മുരൾച്ചയ്ക്കൊരു കരച്ചിലിന്റെ ശബ്ദമാണെന്ന് എനിക്കു തോന്നി. പേടികളെല്ലാം അവസാനിപ്പിച്ചു രങ്കണ്ണ മടങ്ങുകയാണ്. കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന അൻപിന്റെയടുത്തേക്ക്‌,  ജമന്തിപാടങ്ങൾക്കു നടുവിലെ തന്റെ ഗ്രാമത്തിലേക്ക്.

“കൂടാമലേ എൻ മനം പാടലേ.
നീങ്കാതെയാവും യോസനേ..”

ചെവിയിൽ വീണ്ടും ജാനകിയമ്മ പാടുന്നു. മഞ്ഞു നിറഞ്ഞയൊരു സായന്തനത്തിലേക്കു ചുവന്ന പൊട്ടുകൾപോൽ വാഹനങ്ങൾ ഒഴുകിയകന്നു.