കാവതിക്കാക്കകൾ : ഭരണകൂടവും നാടകവും

പേരില്ലാത്ത നൂറോളം കഥാപാത്രങ്ങൾ. അഥവാ കാക്കകൾ. അവയിൽ നിന്നും ചിലരെ തെരഞ്ഞുപിടിക്കാനെത്തുന്ന പോലീസ് ഓഫീസറും സംഘവും. അവരെ മുകളിൽ നിന്നു നിയന്ത്രിക്കുന്ന അധികാര-സാമ്പത്തിക ശക്തികൾ, ഇവർക്കെല്ലാമിടയിൽ അരങ്ങേറുന്ന ജീവിതമെന്ന മഹാനാടകരംഗങ്ങൾ. ദൃശ്യ ശ്രാവ്യ സമ്പന്നതയാൽ ഇതപര്യന്തമുള്ള മലയാള സിനിമയുടെ കാഴ്ചാ ശീലങ്ങളെ അട്ടിമറിക്കുകയാണ് രാ.പ്രസാദ് എന്ന ചലച്ചിത്രസംവിധായകൻ.

ഡൽഹിയിൽ ഒരു മഞ്ഞുകാലത്താരംഭിക്കുന്ന കഥയിൽ ഒരു ഫ്ലാഷ് ബാക്കുണ്ട്. ഒരു തെരുവു നാടകത്തിനിടയിൽ സഫ്ദർ ഹഷ്മിയെ ആക്രമിക്കുന്ന ഒരു ഗുണ്ട. അയാൾക്ക് ആ കൊലയിൽ പങ്കില്ലായിരുന്നു. പക്ഷെ, ഹഷ്മിയുടെ ജീവിതത്തെ അടുത്തുകാണുന്ന ഒരു പതിനഞ്ചുകാരൻ പയ്യനെ നാം കാണുന്നു.30 വർഷത്തിനു ശേഷം കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളിലേക്ക് അയാളെ കണക്ട് ചെയ്യുന്ന അത്ഭുതകരമായ ക്ലൈമാക്സിലേക്ക് സിനിമയുടെ കഥ വികസിക്കുന്നു. ഒരു നിമിഷം പോലും കണ്ണു പറിക്കാനാവാതെ തിരശീലയിൽ മുഴുകുന്ന അനുഭവം , ഇത്തരമൊരു പരീക്ഷണചിത്രത്തെ വേറിട്ടതാക്കുന്നു.

സന്തോഷ് കീഴാറ്റൂർ

ഈ സിനിമയിൽ ഇല്ലാത്തതൊന്നുമില്ല. പാട്ടും നൃത്തവും സംഘർഷങ്ങളുമടക്കം സാധാരണ സിനിമയുടെ ചേരുവകൾ ചിത്രത്തിലുണ്ട്. അതുപക്ഷേ, ലേശം സറ്റയറിക്കലായി, എന്നാൽ സ്പൂഫിന്റെ ലെവലിൽ നിന്നു മാറിയുള്ള അതരണം. എങ്ങിനെയും കഥ പറയാനുള്ള കഴിവ് സംവിധായകൻ്റെ മൗലികതയാകുന്നു.

ഒരു കാക്കയുടെ കണ്ണിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. കാക്ക പറന്നു നടക്കുമ്പോൾ ഭൂമിയിൽ പല സംഭവങ്ങളും നടക്കുന്നു. കാക്ക അതു കണ്ടു മടങ്ങുന്നു.ഇവയിൽ ചില സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ട്. ചിലത് അതിന് പുറത്തുമാണ് ഇതൊരു പുതിയ തിയറിയാണ്. ഹോപ്ക്കിൻസിൻ്റെ ബട്ടർഫ്ളൈ എഫക്ടിനോട് സാമ്യമുള്ളത്.

കേരളത്തിൽ നടക്കുന്ന കഥയാണ്.ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യം ഒരു പ്രശ്നമാണോ എന്നൊരു ചോദ്യം വരാം. പക്ഷെ, സിനിമയിൽ അവതരിപ്പിക്കുന്ന നാടകം ,പി.എം. താജിൻ്റെ ‘രാവുണ്ണി’യാണ്. അതിൽ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതയായ ‘കടം’ അരച്ചു ചേർത്തിട്ടുണ്ട്. അതു വിരൽ ചൂണ്ടുന്നത് ഇന്ത്യയിലെ സാമ്പത്തികശക്തികളുടെ നേർക്കാണ്.

സഫ്ദർ ഹഷ്മിയെ തല്ലുന്ന ഗുണ്ടയെ സിനിമയിൽ കാണാം. പക്ഷെ, ഭീകരമായ ആ കൊലപാതകം പിന്നീടാണ് നടന്നതെന്നയാൾ പറയുന്നു. ഹഷ്മിയുടെ ജനനാട്യമഞ്ചുമായി ബന്ധമുള്ള ബംഗാളി ഗായിക സിനിമയിൽ പാടുന്നുണ്ട്. പാട്ടും കളിയും സംഘർഷവുമെല്ലാം തെരുവുനാടകക്കാരുടെ ജീവിതത്തിൽ ഉള്ളതാണല്ലോ.
ഇതെല്ലാം കൊണ്ട് ‘കാവതിക്കാക്ക’യെ ഒരിന്ത്യൻ സിനിമ എന്നു വിളിക്കാൻ ഞാനിഷ്ടപ്പെടുന്നു.

പ്രശസ്തരായ നടീനടൻമാർക്കൊപ്പം, ധാരാളം പുതുമുഖങ്ങൾ സിനിമയിൽ ഉണ്ട്. എല്ലാം വ്യക്തിത്വമുള്ള വേഷങ്ങൾ. സന്തോഷ് കീഴാറ്റൂർ എന്ന നാടക / ചലച്ചിത്ര നടൻ ഇതുവരെ ചെയ്തതിൽ നിന്നു വ്യത്യസ്തമായി അന്വേഷകൻ്റെ റോളിൽ പിരിമുറുക്കം സൃഷ്ടിക്കുന്നു.

ആ കഥാപാത്രത്തിനെ ഡൽഹി നാടകത്തിൻ്റെ പുരാവൃത്തവുമായി കണക്ട് ചെയ്യുന്ന മാജിക്കും ,അവസാന ഷോട്ടുമൊക്കെ അന്യാദൃശമായ അനുഭവമാണ്.

എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ഇർഷാദിൻ്റേതാണ്.താരവും നടനുമായി അദ്ദേഹം തിളങ്ങി. ഒരഭിമുഖം മുഴുവൻ ഒറ്റയടിക്ക് അവതരിപ്പിച്ച് കൈയടി നേടുന്നുണ്ട് ഈ നടൻ. ഇത് സിനിമയിൽ അപൂർവമാണ്. ധർമജൻ്റെ സഹൃദയനായ വില്ലൻ പ്രേക്ഷകരെ രസിപ്പിക്കുന്നു. പ്രസാദ് കണ്ണൻ, വർഷ, ബൈജു ,അജയൻ, പത്മനാഭൻ ,ഐശ്വര്യ, അലക്സ് തുടങ്ങി വൻ താരനിര അഭിനയപ്രകടനത്തിൽ മുമ്പന്തിയിലുണ്ട്.

” പ്രശസ്തരായ അഭിനേതാക്കളുള്ളപ്പോൾ എന്തിനാണ് തൊഴിലാളികളെ വച്ച് നാടകം ചെയ്യുന്നതെ” -ന്ന് സിനിമയിലെ പോലീസ് ഓഫീസർ നാടക സംവിധായകനോട് ചോദിക്കുന്നുണ്ട്. അത് ബ്ലാക്ക് തിയറ്ററിൻ്റെ ഒരു രീതിയാണ്.ചലച്ചിത്ര സംവിധായകൻ്റെ രാഷ്ട്രീയവും.

കാക്കയുടെ കാഴ്ചപ്പാടിലാണ് സിനിമയുടെ കളർ ഗ്രേഡിങ്. കളറോ ബ്ലാക്ക് & വൈറ്റോ അല്ലാത്ത , അമ്പതു ശതമാനത്തിലേറെ നിറം ഒഴിവാക്കുന്ന രീതി. ശരിക്കും കാക്കയുടെ ചാരനിറം. സിനിമയുടെ എല്ലാ വശവും പ്രത്യേകമായ ശ്രദ്ധ പുലർത്തിയിട്ടുണ്ടെന്നർത്ഥം. അപാരമായ വർണ്ണക്കാഴ്ചയാക്കി മാറ്റാൻ സാധ്യതയുണ്ടായിരുന്ന ഫ്രെയിമുകളെ ,അങ്ങിനെയല്ലാതെ തീമിനനനുസരിച്ച് നിറം പകർന്നിരിക്കുന്നു.ഇത് സംവിധായകൻ്റെ നിലപാടാണ്.

രാ പ്രസാദ്

നോൺ ലീനിയർ എഡിറ്റിങ് വിജയകരമായി പരീക്ഷിക്കുന്ന ചിത്രമാണിത്. സിനിമയിൽ തന്നെ പറയും പോലെ, കഥാപാത്രങ്ങൾ മാറിമറിക്കുന്നു, സംഭവങ്ങളുടെ ക്രമം (കണ്ടിന്യൂവിറ്റി) തെറ്റുന്നു. ഇത് സിനിമക്കഥയുടെ സസ്പെൻസിനെ കൂട്ടാൻ സഹായകമാകുന്നു.

കാശിനു വേണ്ടി വേദിയിൽ കളിക്കുന്ന നാടകമല്ല, തെരുവിൽ കളിക്കുന്നത്. അതൊരു പ്രതിഷേധമാണെന്നു പറയാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ ഇടപെടൽ. ഈ സങ്കേതം പോലും സ്പോൺസേഡ് ആയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ നാടകത്തിനെ എങ്ങിനെ ആയുധമാക്കാം എന്ന ചർച്ച ,സിനിമയിലൂടെ സംഭവിക്കുന്നു. സിനിമയുടെ വലിയ പ്രാധാന്യം ആണിത്.

വർഷങ്ങൾക്കു മുമ്പ് രചിക്കപ്പെട്ട ‘രാവുണ്ണി’ എന്ന നാടകം ഇന്നും പ്രസക്തമാണ്. അന്ന് ആ നാടകം അവതരിപ്പിച്ച കെ.വി.പത്മൻ, നാടക സംവിധായകനായിത്തന്നെ സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. നാടകകൃത്തും നടനുമായ അലക്സ് വള്ളിക്കുന്നം നാടക രചയിതാവായി സിനിമയിലെത്തുന്നു.

കഥാപാത്രങ്ങൾ ഓരോരുത്തരും പ്രതിനിധികളാണ്.സമൂഹത്തിലെ ഘടകങ്ങൾ. അതായിരിക്കാം ആർക്കും പേരുകളില്ല.രാ പ്രസാദിൻ്റെ സിനിമകളിൽ അങ്ങിനെയാണ്. ആ പ്രത്യേകത ഇതിലുമുണ്ട്.ഒരു പേരിലെന്തിരിക്കുന്നു എന്ന പഴയ ചോദ്യം ഇർഷാദ് ചോദിക്കുന്നുണ്ട്.

എല്ലാറ്റിനുമുപരി കവി, ചലച്ചിത്രനിരീക്ഷകൻ എന്നീ നിലകളിൽ എന്നെ ആകർഷിച്ച ചില ഘടകങ്ങളുണ്ട്. ജീവിതവും കലയും തമ്മിലുള്ള അതിർവരമ്പുകൾ മായുന്നിടത്ത് അപകടങ്ങൾ തുടങ്ങുന്നു എന്ന് സിനിമ അറിഞ്ഞോ അറിയാതെയോ പറഞ്ഞു വെക്കുന്നു. എന്തെന്നാൽ കലയിലെ ആക്ടിവിസം കലാകാരൻ്റെ വേട്ടയാടപ്പെടലിൽ എത്തിയേക്കാം. അതിന് ഉദാഹരണങ്ങളേറെയുണ്ട്. ‘കാവതിക്കാക്കകൾ’ ഈ വിഷയമായിരിക്കാം ചർച്ചയ്ക്കു വയ്ക്കുന്നത്. ഇതെൻ്റെ കാഴ്ചപ്പാടാണ്. പ്രത്യേകിച്ചും ഏകമുഖമായ ഒരു സിനിമയല്ലല്ലോ ഇത്.

സിനിമയും നാടകവും ജീവിതവുമെല്ലാം അതിർത്തികൾ മായുന്നത് സിനിമയിൽ കാണാം. സിനിമ ചരിത്രം പറയുന്നത് ഇങ്ങനെയൊക്കെയാകാം.