കാഴ്ച

ഒറ്റയ്ക്ക് പൂത്തൊരു പൂമരമേ
നിന്റെ ഇത്തിരി തണലെനിക്കുള്ളതോ
കാറ്റൊന്ന് വീശിയാൽ പൂമാരി
പൂമെത്തയിലോ പൂനിലാവ്

ഒറ്റയ്ക്ക് പൂത്തൊരു പൂമരമേ
നിന്റെ ഗന്ധത്തിനെന്തൊരു മാദകത്വം
പെണ്ണിന്നരികിലെ ഗന്ധം പോലെ
എന്നെയും നിന്നിലോ ചേർത്തു നിർത്തും

രാവേറെയാകുമ്പോൾ ഗന്ധർവനും
വന്നണയുന്നുവോ നിന്നരികിൽ
ചൊല്ലു നീയെന്നോട് മന്ത്രണമായ്
പൂമെത്തയാർക്കായി ഒരുക്കുന്നു നീ

ഒറ്റയ്ക്ക് പൂത്തൊരു പൂമരമേ
പക്ഷികളേറെയോ നിൻ കൊമ്പിലും
തേൻ നുകരുവാനായ് വിരുന്നു വരും  
കരി-വണ്ടിന്റെ മൂളലും പ്രണയമല്ലേ  

ചിറകിലഴകേറും ചിത്രങ്ങളായ്
ചുറ്റും പറക്കുന്ന ശലഭങ്ങളും
തേനുണ്ട് മണ്ടുന്ന തേനീച്ചയും
മൂളിപ്പറഞ്ഞതോ പ്രണയമല്ലേ

ഒറ്റയ്ക്ക് പൂത്തൊരു പൂമരമേ
നിന്റെ ഇത്തിരി തണലെനിക്കുള്ളതോ
സൗരഭ്യമേറിടും നിൻ തണലിൽ
ഇത്തിരി നേരം മയങ്ങിടട്ടെ 

ഇരിങ്ങാലക്കുട സ്വദേശിനി. ഇപ്പോൾ സകുടുംബം വിദേശത്ത്.. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവം