റഫീഖ് ഇല്ലാത്ത ക്ലാസിലേക്ക്
ഞാനെന്നും നേരത്തെ എത്തി.
അവനുള്ളന്ന്
ഇല്ലാത്ത തിരക്ക് നടിച്ചു
വൈകിയും.
എന്നെ തിരഞ്ഞു വരാറുള്ള അവനെ
ഞാൻ കാണ്ടില്ലെന്ന് നടിച്ചു..
ഞാൻ ഹൃദയം ബോർഡിൽ വരയ്ക്കുമ്പോൾ,
ഇല്ലാത്തതിനെ പറ്റി
എന്തിനു പഠിക്കണം ടീച്ചർ
എന്നവൻ
കരളിന്റെ ചുവപ്പ് നിറത്തെ പറ്റി പറയുമ്പോൾ,
നിങ്ങടെ ചുവന്ന സാരീടത്ര
എന്തായാലും ഇല്ലെന്നും.
എന്റെ നാക്കിൻ്റെ ചാട്ടകൊണ്ടൊന്നും
അവൻ തളർന്നില്ല.
എന്റെ ബയോളജി ക്ലാസുകൾ
അവനിൽ മാത്രം ഒന്നും
മുളപ്പിച്ചുമില്ല.
അവനെയും,
അവന്റെ പേരിനെ തന്നെയും
ഞാൻ ആ ക്ലാസ് മുറിയിൽ തന്നെ
ഉപേക്ഷിച്ചു പോന്നു.
അങ്ങാടിയിലവൻ
പോത്തിനെ വെട്ടുമ്പോൾ
ഒഴുകുന്ന ചോരയിൽ
അവനെന്റെ,
(ഞാനറിയാതെ )
തൊട്ടു നോക്കാറുള്ള
ചുവന്ന സാരിത്തലപ്പു കാണാറുണ്ടെന്നും,
ഞാനിട്ടേച്ചു പോവുന്ന
ചോക്കു കഷണങ്ങൾ
അവനു മഞ്ചാടിമണികൾ ആണെന്നും
അവൻ മരിച്ചു പിറ്റേന്ന്
എനിക്ക് പ്രാക്ടിക്കൽ ചെയ്യാൻ
അവൻ കൊടുത്തയച്ച
കണ്ണുമായി വന്ന കുട്ടി
പറഞ്ഞാണറിഞ്ഞത്.
കണ്ണിനെ പറ്റി പഠിച്ചിട്ടെന്താ
കാണാനുള്ള മാർഗങ്ങൾ പറഞ്ഞുതരീ,
പോത്തിന്റെ കണ്ണ്
ഞാൻ കൊണ്ടോരാംന്നും
പറഞ്ഞ് പോയതാണവൻ.
അന്നവനൊരു
ചുവന്ന ചെമ്പരത്തിയായി വിരിഞ്ഞു.
എനിക്ക് നേരെ പിടിച്ച
ഈ കണ്ണുകളിൽ
ഉത്തരങ്ങൾ എല്ലാം
നിറച്ചുവെച്ച്
ചുവന്ന ചേലയിലുരുമ്മി
റഫീഖ് എന്നെ
ഇന്നും തുറിച്ചു നോക്കുന്നു.