
നിറംകെട്ടൊരു മഴവില്ലിനെ
പിടിയിലൊതുക്കുന്നു.
രണ്ടറ്റവും തമ്മിൽ
അദൃശ്യമാമൊരു നൂലിനാൽ
ബന്ധിക്കുന്നു….
ലക്ഷ്യത്തിലേക്ക് തൊടുക്കുവാൻ
ഇനിയും തുരുമ്പിക്കാത്തൊരു
ശരമന്ത്രമേതെന്ന് പരിഭ്രമിക്കുന്നു.
കാഴ്ചയിലൊരു വന്മരം;
ഇലയനക്കങ്ങൾക്കിടയിലിരുന്ന്
കൊതിപ്പിക്കുന്നുണ്ടിപ്പോഴും
അദൃശ്യമായൊരു പക്ഷി !!!
പ്രണയമെന്നും
കവിതയെന്നുമൊക്കെ
നിങ്ങൾക്കതിനെ ദർശിയ്ക്കാം…
വേണമെങ്കിൽ ഉന്നത്തിലേക്ക്
ദൃഷ്ടി പിഴച്ചുപോയൊരുവൻ
ജീവിതമെന്നും.
