കാഴ്ചയില്ലാത്ത കാലം

കണ്ണുണ്ടെന്നാകിലും
കാഴ്ചകൾ കാണുവാൻ
കണ്ണാടിപോലൊരു
മനസ്സുമുണ്ടാവണം

അകക്കണ്ണടച്ചു നീ
കാഴ്ചകൾ മായ്ക്കുകിൽ
പുറംകണ്ണിനെന്തു
പ്രസക്തിയെൻ സോദരാ..

നേട്ടങ്ങൾകൊയ്യുവാൻ
തേർ തെളിച്ചീടുമ്പോൾ
നോക്കുകുത്തിയായ്
മാറുന്നു ലോകവും

നന്മ തിന്മകൾ
കാണാതെ നാടിന്റെ
നട്ടെല്ല് തച്ചു
തകർക്കുന്നു മാനവർ

കണ്ണുകാണാത്ത
ദൈവത്തിൻ മുന്നിലും
കാമത്തിനിരയായി
മാറുന്ന ബാല്യങ്ങൾ

വാഹനത്തിരക്കേറിയ
വഴികളിൽ
ജീവനു വേണ്ടി
പിടയുന്ന ദൈന്യത

മനുജന്റെ കണ്ണും
കരളും ഹൃദയവും
വിലപേശി വിൽക്കുന്ന
ആതുരാലയം

കമ്പോളങ്ങളിൽ മായം
കലർത്തി നാം
വിഷലിപ്തമാക്കുന്നു
ഭക്ഷ്യവർഗ്ഗങ്ങളെ

ഗർഭത്തിലെ
കുഞ്ഞിനക്ഷരം
ചൊല്ലുവാൻ
അഭ്യാസം കാണിക്കും
വിദ്യാഭ്യാസവും

ഒക്കെയും മാറണം
നാടിന്റെ നേരിനായ്
ഒത്തൊരുമിച്ചു നാം
പട നയിച്ചീടുക

കണ്ണ് തുറന്നു നീ
കാണുക സോദരാ
കണ്ണാടി പോലെ
തെളിവാർന്ന
കാഴ്ചകൾ !!!

കോഴിക്കോട് വെസ്റ്റ് ഹില്ലിൽ സ്വദേശിനി. ഇപ്പോൾ കുടുംബത്തോടൊപ്പം ബാംഗളൂരിൽ താമസം. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.