കാഴ്ച

“Miracles are not contrary to nature but only contrary to what we know about nature.” – St. Augustine

മഞ്ഞുള്ളൊരു മങ്ങിയ പുലരിയില്‍, തൂവെള്ള ഡെയ്‌സിപ്പൂക്കള്‍ ഇരുവശവും ഇടതൂര്‍ന്നു പൂത്തുനില്‍ക്കുന്ന ആ ഇടുങ്ങിയ മെറ്റല്‍ നടപ്പാതയിലൂടെ പ്രിയസഖിയുടെ നനുത്ത കൈവിരലുകളില്‍ വിരലുകൾ കോർത്തു കുന്നിൻ മുകളിലേയ്ക്കു കയറുകയാണ് അയാള്‍, പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ അവര്‍ക്കായി കരുതിവച്ച പുതിയ വാസസ്ഥലം ലക്ഷ്യമാക്കിക്കൊണ്ട്.

“അതെന്താണ് ആ ശബ്ദം?” അവള്‍ ആരാഞ്ഞു.

“മുളങ്കാടുകളിലെ കാറ്റിന്റെ ശബ്ദമാണ് നീ കേള്‍ക്കുന്നത്”, അവന്‍ മന്ദഹസിച്ചു.

“ഉം, ശരിയാ.. കുറേ നാളായില്ലേ ഞാന്‍ വീട്ടില്‍നിന്നു പുറത്തിറങ്ങിയിട്ട്” അവള്‍ ചെറുതായി അബദ്ധം പിണഞ്ഞപോലെ ചിരിച്ചു.

“അവയുടെ ഇലകള്‍ കാറ്റത്തുണ്ടാക്കുന്ന മര്‍മ്മരം പോലും ഞാന്‍ മറന്നിരിക്കുന്നു!”

അവന്‍ അവളെ ഒരു നിമിഷം ആര്‍ദ്രതയോടെ നോക്കി, എന്നിട്ടു ചിരിയമര്‍ത്തിക്കൊണ്ടു അവളുടെ കവിളിനെ സ്പര്‍ശിക്കും വിധം മുഖംചേര്‍ത്തു. അവള്‍ ചെറുതായി പുഞ്ചിരിച്ചു. അവള്‍ക്ക് കാഴ്ചയില്ലെങ്കിലും അയാള്‍ അപ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അവള്‍ക്ക് നന്നായി അറിയാം. പാവാട പ്രായത്തില്‍, കോണ്‍വന്‍റ് പഠനത്തിനിടെ, അപ്രതീക്ഷിത അതിഥിയായെത്തിയ ഒരുമാസത്തോളം തങ്ങിനിന്ന ജ്വരം അവളുടെ കാഴ്ചയെയും സന്തോഷത്തെയും ഇല്ലാതാക്കിയിട്ട് 24 വര്‍ഷമായിരിക്കുന്നു.

അവള്‍ തുടര്‍ന്നു, “നിനക്കറിയാമോ, നമ്മള്‍ താമസിച്ച വീടിന്റെ സ്‌റ്റെയര്‍ക്കേസ് വളരെ ഇടുങ്ങിയതായിരുന്നു. ആദ്യം അവിടെ വന്നപ്പോള്‍ അത് പരിചയിക്കാന്‍ അല്പം ബുദ്ധിമുട്ടി. പിന്നെ ഓരോ മുറികളും സാധനങ്ങളും, അവയുടെ സ്ഥാനങ്ങളും എല്ലാം. ഇപ്പോള്‍ അതെല്ലാം പരിചയിച്ചപ്പോഴേക്കും, നീ എന്നോട് പറയുകയാണ്, നമുക്ക് വീണ്ടും പുതിയൊരു വീട്ടിലേക്ക് പോകാമെന്ന്. അന്ധയായ ഒരുത്തിക്ക് അവളുടെ വീടിന്റെ ഓരോ മുക്കും മൂലയും എത്ര നിശ്ചയമാണെന്നോ, കണ്ണുള്ളവരെക്കാള്‍. നിനക്കറിയാമോ, എത്രദിവസത്തെ കഠിനാധ്വാനമാണ് ആ മനഃപാഠം. സ്വന്തം ശരീരത്തെ ഒരുവള്‍ അറിയുംപോലെ. കാഴ്ചയുള്ളവര്‍ക്ക് വീട് ഒരു ജഡവസ്തുവായിരിക്കാം, പക്ഷേ കാഴ്ചയില്ലാത്തവര്‍ക്ക് അത് ജീവനുള്ള ഒന്നാണ്. ഞങ്ങള്‍ക്കതിന്റെ ഓരോ സ്പന്ദം പോലും അറിയാന്‍ കഴിയും.” അല്പം നിർത്തിയശേഷം അവന്‍റെ ഭാഗത്തേക്ക് നോക്കിയിട്ട് ഗൗരവം നടിച്ചു,

“പുതിയ വീട്ടില്‍ ഇനി ഓരോ ചുവരിലും തൂണിലും ചെന്നു എന്റെ തലയിടിക്കണം, അതല്ലേ നിനക്ക് വേണ്ടത്. കിക്കിക്കീന്ന് ചിരിയും കേള്‍ക്കാം.”

അവന്റെ കണ്ണുകള്‍ ചെറുതായി ഈറനണിഞ്ഞു. അതു മനസ്സിലാക്കിയെന്നോണം അവള്‍ തപ്പിതടഞ്ഞു അവന്റെ താടിയിലേക്ക് കൈകള്‍കൊണ്ടുചെന്നു. ഇത്തവണ അവനാണ് ചിരിച്ചത്. അവനറിയാം വെറുതെ തന്നെ ചൊടിപ്പിക്കാന്‍ വേണ്ടിപ്പറഞ്ഞതാണെന്ന്. പുതിയ വീടിന്റെ ഗേറ്റ് എത്തിയപ്പോള്‍ അയാള്‍ അവളെ തോളോടു ചേര്‍ത്തുപിടിച്ചുകൊണ്ട് സാക്ഷ തുറന്നു.

“ഇരുട്ടനുഭവപ്പെടുന്നുണ്ടല്ലോ, ഇവിടെ വലിയ മരങ്ങളും ചെടികളുമൊക്കെ നിറഞ്ഞ സ്ഥലമാണോ, വിമല്‍? വരാന്‍പോകുന്ന മഞ്ഞുകാലത്ത് നല്ല തണുപ്പായിരിക്കും.” അവന്‍ അവളെ സുഖപ്രദമായൊരു പുതപ്പുപോലെ പൊതിഞ്ഞു നെറുകയില്‍ സ്‌നേഹചുംബനം നല്‍കി. അവള്‍ വീണ്ടും ചിരിച്ചു, മൃദുവായി.

“പാശ്ചാത്യശൈലിയില്‍ നിര്‍മ്മിച്ച വീടാണിത്, വിത്ത് ഫര്‍ണീച്ചര്‍. നീണ്ട അഴികളിട്ട വരാന്തയുണ്ട്, വിദൂരതയിലേക്ക് നോക്കിനിന്ന് നിനക്ക് ഇഷ്ടംപോലെ സ്വപ്നം കാണാം. തീര്‍ച്ചയായും നിനക്കിഷ്ടപ്പെടും, വേഗം ഇണങ്ങിപോകുകയും ചെയ്യും” അവളെ സമാധാനിപ്പിക്കാനെന്നോണം അവന്‍ പറഞ്ഞു. അവളൊന്നും മിണ്ടിയില്ല.

മുന്‍വാതില്‍ തള്ളിത്തുറന്നു ഉള്ളിലേക്ക് കാലെടുത്തുവെച്ചപ്പോള്‍, ഏതോ ഒരു കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം മിന്നിയതുപോലെ. അയാള്‍ ഒന്നു പതറി. അവള്‍ക്ക് ഉള്ളിലൂടെ എന്തോ കടന്നുപോയ അനുഭൂതി. ഭയപ്പെടാനില്ലാ എന്നൊരു തോന്നല്‍, അവള്‍ക്കുണ്ടായി, അവനും. അതിനാല്‍ അധികമൊന്നും സംസാരിക്കാതെ ഉള്ളിലേക്ക് കയറി അവര്‍.

“ഹോ, മനോഹരമായിരിക്കുന്നു! ഇത്ര പ്രകാശമോ! ” അവള്‍ക്ക് ആശ്ചര്യം.

ഗാര്‍ഡനിലൂടെ കടന്നുവന്നപ്പോള്‍ തോന്നിയ ഇരുട്ടും തണുപ്പും പക്ഷേ വീടിനുള്ളില്‍ ഇല്ലാത്തതു പോലെ അവൾക്ക് തോന്നി, നിലാവുപോലെ സുഖം തോന്നിപ്പിക്കുന്ന വെള്ളിവെളിച്ചം അനുഭവപ്പെടുന്നു മനസ്സിലാകെ. നല്ല ശകുനം ! അവള്‍ ഓര്‍ത്തു.

മഞ്ഞയും, കുങ്കുമപ്പൂ വര്‍ണ്ണങ്ങളിലുള്ള ചുമരുകള്‍ക്ക് ഒരുതരം പ്രത്യേക ചൈതന്യവും ആകര്‍ഷണവും. അവന്‍ അമ്പരപ്പോടെ നോക്കി. തുറന്നിട്ട ജനാലയിലുടെ വന്ന കാറ്റില്‍ കടുംചുവപ്പ് കര്‍ട്ടണുകള്‍ ഉത്സവമേളകളിലെ ലൈറ്റുകള്‍പോലെ പ്രകാശിക്കുന്നു. അവള്‍ അവന്റെ തോളിലേക്ക് ചാഞ്ഞു, ആ സുഖതെന്നലിലും അവ്യക്തമായ വെളിച്ചങ്ങളുടെ നിഴലാട്ടങ്ങളിലും മയങ്ങി സ്വയംമറന്നു അവള്‍ അങ്ങനെ ഏറെനേരം നിന്നു . ഏതോ ഒരു വണ്ടര്‍ലാണ്ടില്‍ എത്തിപ്പെട്ടതുപോലെ.

“ഇവിടെ സോഫാ, ഇത് ഡൈനിങ് ടേബിള്‍, ഇത് നമുക്ക് വൈകിട്ട് തീകായനുള്ള സ്ഥലം, നീ ഇത് കണ്ടോ വല്യ ഒരു വരാന്ത, ഇവിടെ നമുക്ക് പൂത്തൊട്ടിവെയ്ക്കാം, കഴിഞ്ഞ തവണത്തെപ്പോലെ മറിച്ചിടല്ലേ കേട്ടോ, നാലെണ്ണമാ….” അവന്‍ ഒന്നൊന്നായി കാണിച്ചു കൊടുത്തു അവള്‍ക്ക് ഒരു കണ്ണായി നിന്നുക്കൊണ്ടു.

“അല്ല, മൂന്നു. ” അവള്‍ കുറുമ്പോടെ പറഞ്ഞു.

“നീയിത് നോക്കിക്കേ, ഇവിടെയൊരു പിയാനോ. ” അവളുടെ കൈപിടിച്ചു അവന്‍ അങ്ങോട്ടേക്ക് കൊണ്ടുപോയി. ഫയര്‍പ്ലേസിന് അരികിലായുള്ള ചെറിയ പിയാനയ്ക്കരികില്‍ അവള്‍ ഇരുന്നു. മൃദുവായി കീകളില്‍ തൊട്ടു, എന്തോ ഭയമുളവാക്കുന്ന വിശുദ്ധ വസ്തുവിനെ തൊട്ടതുപോലെ അവൾക്ക് അനുഭവപ്പെട്ടു.

“ഹായ്, ഇത് വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ.” അവള്‍ വളരെ ലളിതമെന്ന് തോന്നുന്ന ഒരു മെലഡി വായിച്ചു. അവളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. പിന്നീട് കുട്ടിയായിരിക്കെ, കാഴ്ചയുള്ള സമയത്ത് അവള്‍ക്ക് കോണ്‍വന്റിലെ ലുക്രീഷ്യ സിസ്റ്റര്‍ പഠിപ്പിച്ചുകൊടുത്ത മാതാവിന്‍റെ സ്തുതിഗീതം പാടി. പതിവില്ലാത്ത വിധം പെട്ടെന്ന് ആ പാട്ടു പാടാനെന്താണ് കാരണം! അവന്‍ ആലോചിച്ചു.

അവന്‍ തനിയെ സ്റ്റഡി റൂമിലേക്ക് പോയി. അവിടെ റോസ്‌വുഡിന്റെ കൊത്തുപണിയുള്ള ഒരു അലമാരി, അരികിലായി ഒരു വട്ടമേശ. പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഇരുന്ന് വായിക്കാന്‍ ഒരു മേശ കണ്ടതിന്‍റെ സന്തോഷം, അവന്‍റെ മനസ്സില്‍. സ്റ്റഡി റൂമിന് അരികിലായി വിശാലമായ ഡബിള്‍ ബെഡ്ഡോടുകൂടിയ കിടപ്പുമുറി. ഇവിടെയും അതേ മഞ്ഞയും കുങ്കുമപ്പൂ വര്‍ണ്ണങ്ങളിലുള്ള ചുമരുകള്‍. അതേ ചൈതന്യവും പ്രകാശവും. അവന്‍ പതുപതുത്ത കട്ടിലിന്റെ മെത്തയിലിരുന്നു കൊണ്ട് കേട്ടു, അവന്റെ പ്രിയതമ ഇതുവരെയില്ലാത്തവിധം സന്തോഷത്തോടുകൂടി ഒരു പാട്ടു പിയാനോയിൽ വായിക്കുന്നത്. ഒപ്പം അറിയാതെ മൂളുകയും ചെയ്യുന്നു. ഇടയ്ക്ക് എപ്പോഴോ നോട്ട്‌സ് വിട്ടുപോയപ്പോള്‍ അവള്‍ ചെറുതായി പുറപ്പെടുവിച്ച പരിഭവചിരി അവനു കേട്ടു – കാഴ്ചയില്ലായ്മയുടെ വേദന. അതവന് മനസ്സിലായി. മുഖം മങ്ങി.

“ഇവിടെ വന്നു നീ ഈ വല്യ ഫോം ബെഡ്ഡു നോക്കിക്കേ. ഈ ഷീറ്റിന് നിന്‍റെ അമ്മ തൈച്ചതുപോലത്തൊരു ക്രോഷറ്റ് ഡിസൈന്‍ ” അവന്‍ അവളുടെ ശ്രദ്ധതിരിച്ചു.

അപ്പോള്‍, അതിശയിപ്പിക്കുന്നതും മനുഷ്യാതീതവുമായ ഒന്നു സംഭവിച്ചു. സത്യമാണ്, പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

അവള്‍ അവൻ്റെ വിളി കേട്ടു ഒരു പരിചയവുമില്ലാത്ത ആ മുറികളിലൂടെയെല്ലാം ഫര്‍ണിച്ചറുകളിലോ മറ്റു ഗൃഹോപകരണങ്ങളിലോ ഒന്നും തട്ടിവീഴാതെ, കാഴ്ചയുള്ളവളെപോലെ നടന്നു ബെഡ്ഡ്‌റൂമിലേക്ക് കയറിവന്നിരിക്കുന്നു. അവനും ആശ്ചര്യമായി, കണ്ണുകള്‍ക്ക് വിശ്വസിക്കാനാവുന്നില്ല. പരസ്പരം നോക്കി നിന്നു അവർ ഏറെ നേരം. അവൾക്കാണെങ്കിൽ, ജീവിതത്തിൽ ആദ്യമായി അവനെ കാണുന്നതിലുള്ള വിസ്മയവും. സന്തോഷാശ്രുകള്‍ പൊഴിച്ചു, ആലിംഗനബദ്ധരായി ഏറെ നേരമിരുന്നു. മുഖത്തോടുമുഖം നോക്കിയിരുന്നു വാക്കുകളില്ലാതെ വാചാലരായി. അവള്‍ അവനെ ചുംബിച്ചു.

പിന്നീടെപ്പോഴോ, അവന്‍റെ നിര്‍ബന്ധത്തിനുവഴങ്ങി അവള്‍ ചൂളമടിച്ചുകൊണ്ട് അവനിഷ്ടമുള്ള പാട്ടുപാടി കേൾപ്പിച്ചു, അല്പം ലജ്ജയോടെ, തൻ്റെ തന്നെ പേരോടുകൂടിയ ആ പാട്ടു, പഴയകാല ഓര്‍മ്മകളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടു –

“അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി
അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി
പൂവേ ഉൻ പാദത്തിൽ പുഷ്പാഞ്ജലി
പൊന്നേയുൻ പെയരുക്ക് പൊന്നാഞ്ജലി
…………………………………..
…………………………………..

സമയംപോലും മറന്നവർ ആ മാന്ത്രിക നിമിഷത്തില്‍ നിശബ്ദരായി, നിമഗ്നരായി നിന്നു.

“വിമല്‍, ഏതാണീ സ്ഥലം, ? ” അവള്‍ ചോദിച്ചു.

“ഉഉംംംം.”

“പറയൂന്നേ, ഇതെവിടെയാ നമ്മള്‍?”

“ഇതെവിടെയായാലും, നിന്റെ പഴയ വീട് പോലവരില്ലല്ലോ, അല്ലേ.” അവന്‍ കളിയാക്കി. പിന്നീടെന്തോ ആലോചിച്ചശേഷം ഗൗരവത്തില്‍ പറഞ്ഞു, “പറുദീസ.”

“എത്ര നന്നായിരിക്കും, ഇതുപോലെ ഏറെ സ്ഥലങ്ങള്‍ ഈ ഭൂമിയിലുണ്ടായിരുന്നെങ്കില്‍.”

“ഉം, ശരിയാ. ” അവന്‍ അവളുടെ കണ്ണുകളിലെ പ്രകാശിത്തിലേക്ക് നോക്കി വാക്കുകള്‍ക്കായി പരതി.

അപ്പോള്‍ അവരുടെ അരികിലേക്ക് ക്ഷണിക്കാതെ വന്നൊരു തെന്നലില്‍, അവരിരുന്ന സിറ്റൗട്ടിലെ പടിക്കെട്ടിനു മുകളിലായി ലാംപ്‌ ഷെഡിനു അരികിലായി, പേരറിയാത്ത പെയിന്‍റ് മങ്ങി ക്ലാവുപിടിച്ച എന്നാലും ദിവ്യത്വമുള്ളൊരു കാവല്‍മാലാഖയുടെ രൂപം, അല്പമൊന്നു ചലിച്ചു.

ചിലപ്പോള്‍, ആ ഒരു ശുഭനിമിഷത്തില്‍, വര്‍ഷങ്ങളായുള്ള ചികിത്സയുടെ ഫലമായി ഗ്രാഡ്യുവലി കാഴ്ച വന്നാതായിരിക്കാം. ഏതുതന്നെയായാലും അവര്‍ ഹാപ്പിയാണ്.