സുദീർഘമായി നീണ്ടു കിടക്കുന്ന ഹൈവേ -66 ലൂടെ ആ പൊടി പിടിച്ച ഫോർഡ് കാർ അതിവേഗം കാലിഫോർണിയയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. മിസ്സിസിപ്പി മുതൽ ബേക്കേഴ്സ് ഫീൽഡ് വരെ ഉയർന്നും താഴ്ന്നും കിടക്കുന്ന ഹൈവേ -66, ചാരനിറമാർന്ന പരിസര ങ്ങളിലൂടെ ഇഴഞ്ഞു നീങ്ങി, മരുഭൂവിലൂടെ കടന്നു പർവ്വതങ്ങളും സമപ്രദേശങ്ങളും കയറിയിറങ്ങി കാലിഫോർണിയയുടെ തെരുവിലേക്ക് ഇറങ്ങുന്നു.
ടെക്സാസിൽ നിന്നും ഒകലഹോമയിൽ നിന്നുമൊക്കെ വരുന്ന യാത്രക്കാർ ചുവന്ന മണ്ണ് നിറഞ്ഞ പ്രദേശങ്ങളിലൂടെ അവിരാമം സഞ്ചരിച്ച് ഹൈവേ -66 ൽ കയറി കാലിഫോർണിയയിലേക്ക് കുതിക്കുന്നു.
ആവേശത്തോടെ, പ്രസന്നഭാവവുമായി ഇരിക്കുന്ന അന്നയെ നോക്കിയപ്പോൾ സ്റ്റീവിന്റെ ഹൃദയത്തിൽ വിഷാദം ഹിമമഴയായി പൊഴിഞ്ഞു കൊണ്ടിരുന്നു. അഗാധമായ നൈരാശ്യവും, മടുപ്പിക്കുന്ന വേദനയാലും അയാൾ മൗനത്തിന്റെ മഞ്ഞുമലയിൽ അടിഞ്ഞു വീണ് അലസമായി ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു. ചിലപ്പോൾ വാഹനങ്ങൾ ഹൈവേ -62 വിലൂടെ ക്ലർക്ക് സ്വീൽ, ഒസാക്ക്, ഹോർട്ട് സ്മിത്ത് നഗരങ്ങൾ പിന്നിട്ട ശേഷം അർക്കാൻസാസ് അതിർത്തി കഴിഞ്ഞ് ടെക്സാസിന്റെ അതിർത്തി കടക്കുന്നു. ശേഷം ടുക്കുംകാരിയും സാന്റാറോസായും കടന്നു മെക്സിക്കൻ പർവ്വതങ്ങളിലേക്ക് കയറിയിറങ്ങി ആൽബക്വർത്തിലെത്തുന്നു. അവിടുന്ന് റയോഗ്രാന്റ് നദിയിടുക്കിലൂടെ ലോസ്ലൂണയിലേക്ക് കയറി പടിഞ്ഞാറോട്ട് നീങ്ങിയാൽ ഗല്ലിപ്പിയിൽ എത്താം. അവിടെ മേക്സിക്കോ അവസാനിക്കുന്നു. പിന്നങ്ങോട്ട് ഉയർന്ന പർവ്വതനിരകളാണ്. അന്നയുടെ പ്രസാദവും ആനന്ദവും നിറഞ്ഞ മുഖത്തേക്ക് അയാൾ ഇടക്കിടെ കണ്ണെറിഞ്ഞു. പൊടി പറത്തിക്കൊണ്ട് കാർ, സമുദ്രം പോലെ നീണ്ടു കിടക്കുന്ന പീഠഭൂമിയിലൂടെ ആഷ്ഫോക്കിലേക്കും അവിടുന്ന് കിങ്ങ്സ്മാനിലെ പാറക്കെട്ടുകൾ നിറഞ്ഞ പർവതപ്രദേശങ്ങളിലൂടെ യാത്ര തുടർന്നു കൊണ്ടിരുന്നു.
“നമ്മൾ കാലിഫോർണിയയിൽ എത്തുന്ന സമയം കെല്ലി അവിടെ കാണുമോ?” തുറന്ന കാറിന്റെ അകത്തേക്ക് ചുവന്ന പൊടി അടിച്ചു കയറുന്നതിനിടെ അന്ന സ്റ്റീവിനോട് ചോദിച്ചു. അപ്പോഴേക്കും വണ്ടി കൊളറെടൊ നദി കടന്നിരുന്നു.
“നീ അത് കണ്ടോ. അതാണ് നീഡിൽസ്. കാലിഫോർണിയയിലെ നദീതീരത്തുള്ള ഏറ്റവും മനോഹരമായ പ്രദേശം. ഇനി ഒരു കുന്ന് കയറിയാൽ കിട്ടുന്ന മരുഭൂമിയിൽ കഴിഞ്ഞാൽ ബാർസ്റ്റോയിലെത്തും. പിന്നെ ചെറിയൊരു മരുഭൂമിയും മലയിടുക്കും മാത്രം. അതിനു താഴെയാണ് ഏറ്റവും സമ്പന്നമായ താഴ്‌വര. പഴത്തോട്ടങ്ങൾ, മുന്തിരി വള്ളികൾ.. അതിനപ്പുറം സ്വപ്‌നങ്ങൾ പൂക്കുന്ന കാലിഫോർണിയ നഗരം..”
അവളുടെ മടുപ്പിക്കുന്ന ചോദ്യങ്ങൾ അവഗണിച്ചു സ്റ്റീവ് കൈകൾ സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ചു. പൊടി പിടിച്ച വലിയ ട്രക്കുകളും ആഡംബരപൂർണ്ണമായ കാറുകളും അവരെ കടന്നു പോയി.
ദിവസങ്ങളായുള്ള യാത്രയിൽ അവർ വല്ലാതെ തളർന്നിരുന്നു. ഇടക്ക് വഴി ദുർഘടമാവുമ്പോൾ അവർ കോഫിയോ മെയ്റ്റയോ കുടിക്കും. ഒകലഹോമയിൽ നിന്നും പുറപ്പെട്ടതിന്റെ പിറ്റേ ദിവസം ഹൈവേ- 62 വിലുള്ള ബഫെ ലഞ്ചിൽ നിന്നും സാൻഡ് വിച്ചും കോഫിയും കുടിച്ചതിനു ശേഷം ഒഴിഞ്ഞ മരുഭൂമിയിൽ ടെന്റ് കെട്ടി താമസിക്കുകയായിരുന്നു.
“ഒ.. അന്നാ, നിന്നെ കെല്ലിയെ ഏല്പിക്കുന്നതോട് കൂടി എന്റെ ദൗത്യം അവസാനിക്കുന്നു. പിന്നെ ഞാൻ തനിച്ച് ഇത്രയും ദൂരം തിരിച്ചു വരുന്നത് ഓർക്കുമ്പോൾ..” സ്റ്റീവ് പൂർത്തിയാക്കാതെ നിർത്തി. അപ്പോഴേക്കും ഇരു ഭാഗത്തും മനോഹരമായ മുന്തിരിത്തോട്ടങ്ങൾ തെളിഞ്ഞു കൊണ്ടിരുന്നു.
“കാലിഫോർണിയ മധുരത്തിന്റെ നഗരമാണ്.” അന്ന പറഞ്ഞു. സ്റ്റീവിന്റെ നിരാശ നിറഞ്ഞ മുഖത്തേക്ക് അവൾ നോക്കിയില്ല.
“തനിച്ചുള്ള യാത്ര മടുപ്പിക്കും അന്നാ. നീയില്ലാത്ത യാത്രകളെ പറ്റി ഓർക്കുമ്പോൾ ഭയം തോന്നുന്നു.”
അമിതമായ വേഗത്തിൽ വണ്ടി ഓറഞ്ച് മരങ്ങൾ നിറഞ്ഞ കാലിഫോർണിയ തെരുവിലൂടെ മുന്നോട്ട് കുതിക്കുമ്പോൾ സ്റ്റീവിന്റെ ചിന്തകൾ പിന്നിലേക്ക് പോയി, അന്നയുമായുള്ള വിവാഹത്തിന് ശേഷമുള്ള ആനന്ദഭരിതമായ സംഭവങ്ങളിലും, അന്നയുടെ ഓർമ്മകൾ കോളേജ് കാലം മുതലുള്ള കെല്ലിയുമായുള്ള ബന്ധത്തിലുമായിരുന്നു.
കാലിഫോർണിയയിലെ വസന്തം അതിമനോഹരവും ദീപ്തവുമായിരുന്നു. ഫലവൃക്ഷങ്ങൾ പുഷ്പിച്ചു നിൽക്കുന്ന ഭംഗിയുള്ള താഴ് വരകൾ, മുന്തിരിവള്ളികളിൽ കൂമ്പി വരുന്ന മൊട്ടുകൾ, വെളുത്ത പ്രതലത്തിലുള്ള സാഗരദൃശ്യം, കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ലെറ്റൂസ് ചെടികളുടെയും കോളിഫ്ലവർ ചെടികളുടെയും പർവ്വത നിരകളുടെയും പച്ചപ്പ്, മനോഹരമായ ആർട്ടിച്ചോക്ക് ചെടികൾ, ചുവന്ന തുടുത്ത ചെറിപ്പഴങ്ങൾ, ആപ്പിൾ മരങ്ങൾ, പീച്ച് പഴങ്ങൾ..
“കെല്ലിയില്ലാതെ എനിക്കാവില്ല സ്റ്റീവ്. ഐ ആം സോറി..” സ്റ്റീവ് നിശബ്ദമായി ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു.
ഇരുഭാഗത്തും തെളിഞ്ഞു കൊണ്ടിരിക്കുന്ന മുന്തിരിതോപ്പുകളും ചെറിപ്പഴങ്ങളും നിറഞ്ഞ വീഥിയെ പിന്നിട്ട് കാർ വേഗത്തിൽ സഞ്ചരിച്ചു.
തെളിഞ്ഞ തടാകം പോലെയുള്ള ഗ്ലാസ് ചുവരുകളാൽ പൊതിഞ്ഞ ഹോട്ടൽ ‘കാലിഫോർണിയ നൈറ്റി’ ൽ വണ്ടി പാർക്ക് ചെയ്യുമ്പോൾ കെല്ലി പുറത്തെ പുൽത്തകിടിയിൽ ഇരുന്ന് നക്ഷത്രങ്ങളെ നോക്കുകയായിരുന്നു. പാറിപ്പറക്കുന്ന ചെമ്പിച്ച മുടിയും ജീൻസും ഇറുകിയ ടോപ്പും അവളെ മാദകത്വത്തിന്റെ കൊടുമുടി കയറ്റിയിരുന്നു.
അന്നയെ കണ്ടതോടെ അവൾ ഓടി വന്നു അവളെ പുണർന്നു. കെല്ലിയുടെ ചുവന്ന ചുണ്ടുകൾ അന്നയുടെ കഴുത്തിലും കവിളിലും സഞ്ചരിച്ച് അവസാനം അവളുടെ ചെറിപ്പഴം പോലെയുള്ള അധരങ്ങളിൽ കോർത്തു. നിമിഷങ്ങൾ കടന്നു പോയതോടെ സ്റ്റീവ് അസ്വസ്ഥനായി.
ഒന്നും മിണ്ടാതെ വണ്ടി സ്റ്റാർട്ട് ചെയ്ത് ഒകലോഹമയിലേക്കുള്ള വീഥിയിലേക്ക് കയറുമ്പോൾ അയാൾക്ക് കെല്ലിയെ കൊല്ലാനുള്ള ദേഷ്യം വന്നു.