പതിമൂന്നു കഥകളും ഒരു നോവലെറ്റും അടങ്ങിയ കാലമേ സാക്ഷി എന്ന പുസ്തകം ദീപ മംഗലം ഡാം എന്ന കലാകാരിയുടെ സംഭാവനയാണ് . ഗാനരചയിതാവ് , കവി , എഴുത്തുകാരി , സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ ബഹുമുഖ പ്രതിഭയുള്ള ദീപ മംഗലം ഡാം നോവല്‍ , കഥ കവിത, ഷോര്‍ട്ട് ഫിലിം, ഗാനങ്ങള്‍ എന്നിവയിലൂടെ സോഷ്യല്‍ മീഡിയയിലും സാഹിത്യരംഗത്തും അറിയപ്പെട്ടു വരുന്ന ഒരാള്‍ ആണ് .
“ഇതെന്റെ മനസ്സാണ്
ഒരു ചെറുകനവിതിലുണ്ട്
ഒരു നോവിന് ഗദ്ഗദവും”
എന്നു തുടങ്ങുന്ന ഈ പുസ്തകത്തിലെ, കഥകള്‍ എല്ലാം സമൂഹത്തിലെ വിവിധ വിഷയങ്ങളെ തൊട്ട് തലോടി കടന്നു പോകുന്നവയാണ് . ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ , പരാജയപ്പെട്ടു പോകുന്ന മനുഷ്യര്‍ എന്നിവരുടെ മൗനഭാഷ്യം കഥകളില്‍ കൊണ്ടുവരാന്‍ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട് . ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളില്‍ ഒരു പുനര്‍ ചിന്ത ആവശ്യമെന്ന് പറയാന്‍ ശ്രമിക്കുന്ന കഥാപാത്രങ്ങള്‍ , സ്ത്രീധനം, രോഗാവസ്ഥ, വാര്‍ധക്യം, ഒറ്റപ്പെടല്‍ തുടങ്ങിയ മാനുഷികാവസ്ഥകളുടെ വിലയിരുത്തലുകള്‍ ആയി കഥകളെ സമീപിക്കാവുന്നതാണ്. എഴുതിത്തുടങ്ങുന്ന ഒരാള്‍ എന്ന നിലയ്ക്കുള്ള ചില പോരായ്മകള്‍ കഥകളുടെ ഫ്രെയിം വര്‍ക്കുകളില്‍ കാണാം. പൊതുവേ എഴുത്തുകാരില്‍ ഇന്ന് കണ്ടു വരുന്ന ഒരു പ്രശ്നം കഥയോ കവിതയോ കൈയ്യിലുണ്ട് പക്ഷേ അത് പറഞ്ഞു പിടിപ്പിക്കാനുള്ള കഴിവ് ഉണ്ടാകാറില്ല എന്നതാണു. അതുമൂലം വായനക്കാര്‍ക്ക് കഥകള്‍ വായിക്കുമ്പോള്‍ അതൊരാള് പറഞ്ഞു തരുന്ന ഫീല്‍ ആണ് തോന്നുക. പലപ്പോഴും കഥാപാത്രങ്ങളെ കാണിച്ചു തരികയും ഇടയ്ക്കവര്‍ തന്നെ സംസാരിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോള്‍ ഒരു വിവരണക്കുറിപ്പ് വായിക്കുന്ന പ്രതീതി ജനിച്ചുപോകും. ഇവിടെ ദീപ മംഗലം ഡാമിന്റെ കഥകളിലും നോവലെറ്റിലും ഇതേ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഒക്കെ തോന്നിപ്പിക്കുന്നുണ്ട് .
നീന എന്ന കഥയില്‍ പ്രണയ വഞ്ചനയുടെയും പ്രണയ ദുരന്തത്തിന്റെയും രണ്ടു കാലങ്ങളെയാണ് അവതരിപ്പിക്കുന്നത് . സംഭവിക്കുമായിരുന്ന ഒരു വിഷമതയെ പക്ഷേ കൈകാര്യം ചെയ്ത രീതി ഭീരുത്വം നിറഞ്ഞ ഒന്നായി തോന്നി . മകളില്ലാ വീട് എന്ന കഥ എടുത്തുവളര്‍ത്തിയ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരുന്ന ദമ്പതികളുടെ മനോവ്യഥ പ്രമേയമായിരുന്നു . വലിയ പരിക്കുകള്‍ ഇല്ലാതെ അക്കഥ പറഞ്ഞുപോയി . സെക്സ് ടോയ് എന്ന കഥ ദാരിദ്ര്യത്തിന്റെ പരകോടിയില്‍ ശരീര വില്പന തുടങ്ങേണ്ടി വന്ന ഒരു ബ്രാഹ്മണയുവതിയുടെ പ്രണയ സാഫല്യത്തിന്റെ കഥ പറയുന്നു . ഏറെ നാടകീയതകള്‍ കഥയെ ചൂഴ്ന്നു പോകുന്നുണ്ട് . മുറിവുകള്‍ എന്ന കഥയാകട്ടെ പീഡന ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ പരാതി പറയാനായി ചെന്ന് അവിടെ നിന്നും മുറിവേറ്റ മനസ്സുമായി ഇറങ്ങിപ്പോകേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു . പ്രമേയം നന്നായിട്ടുണ്ട് . പക്ഷേ പതിനായിരത്തില്‍ ഒന്നോ രണ്ടോ സംഭവിക്കുന്ന സംഭവങ്ങളെ കഥയാക്കുന്നതിലും നല്ലത് പോസിറ്റീവ് ആയുള്ള ഒരു ഊര്‍ജ്ജം സമൂഹത്തിനു നല്കുന്നതല്ലേ എന്നൊരു ആശങ്ക വായനയുടെ ഒടുവില്‍ തോന്നി . കാലമേ സാക്ഷി എന്ന കഥയും ഇപ്രകാരമാണ് തോന്നിച്ചത് . ഒരു സീരിയല്‍ കഥയ്ക്ക് അനുയോജ്യമായ വകകള്‍ അടങ്ങിയ കഥ ആയിരുന്നു അത് . ലഹരി എന്ന കഥ മദ്യപാനത്തിന്റെ ദോഷങ്ങള്‍ കാണിക്കുന്ന, പറഞ്ഞു പഴകിയ ഒരു വിഷയമായി തോന്നി . അച്ഛന് എന്ന കഥയും ഒരു സീരിയല്‍ ടൈപ്പ് കഥയായി തോന്നി . കാരണം മറ്റൊന്നുമല്ല നാടകീയത , കഥയെ പെട്ടെന്നു പറഞ്ഞു തീര്‍ക്കലിനുള്ള ആവേശം . എല്ലാം കുറച്ചു വാക്കില്‍ ഒതുക്കി നിര്‍ത്തണം എന്ന കരുതല്‍ ഒക്കെക്കൂടി വ്യത്യസ്ഥത ഉള്ള ആ വിഷയത്തെ ആഴത്തില്‍ പതിപ്പിക്കാന്‍ കഴിയാത്ത പോലെ ആക്കിയതായി അനുഭവപ്പെട്ടു . ഓട്ടോക്കാരന് എന്ന കഥ നല്ല കഥ ആയിരുന്നു .ഇന്നത്തെ കാലത്ത് മനുഷ്യര്‍ക്ക് നഷ്ടമാകുന്ന മാനവികതയും കലര്‍പ്പില്ലാത്ത വികാര വിക്ഷോഭങ്ങളുടെ ആവിഷ്കാരവും കഥയെ നല്ല വായനാനുഭവം നല്കിച്ചു . മണല്‍ക്കാട്ടിലെ പഞ്ചവര്‍ണക്കിളികള്‍ സമൂഹത്തിലെ ഗുപ്തമായ ഒരു വൃദ്ധ സദന സംവിധാനത്തിന്റെ തുറന്നു കാട്ടലായിരുന്നു . വാര്‍ദ്ധക്യം, ഒറ്റപ്പെടല്‍ ഇവയെ പക്ഷേ ശരിക്കും അനുഭവവേദ്യമാക്കാന്‍ കഴിഞ്ഞോ എന്നത് സംശയമാണ് . ഓര്‍മ്മപ്പൂക്കളിലെ മഞ്ഞു തുള്ളികള്‍ എന്ന നോവലെറ്റ് പ്രമേയത്തില്‍ വ്യത്യസ്ഥത ഉണ്ടായിരുന്നു എങ്കിലും കണ്ണികള്‍ വിട്ടുപോയ തുടക്കവും നാടകീയത കൊണ്ടുവരാനുള്ള ശ്രമത്തില്‍ പെട്ട് സീരിയലൈസ് ചെയ്യപ്പെടുകയും ചെയ്ത ഒരു വര്‍ക്കായിരുന്നു എന്നു അനുഭവപ്പെട്ടു . നോവലെറ്റ് എന്ന തലത്തില്‍ നിന്നും അകന്ന് ഇതൊരു കഥയായി പറഞ്ഞു പോകാമായിരുന്നു . അല്ലെങ്കില്‍ കുറച്ചു കൂടി വികസിപ്പിച്ചു ഒരു നോവല്‍ ആക്കാമായിരുന്നു . പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുമില്ല എന്നാല്‍ പറയുമ്പോള്‍ അവയില്‍ ലുബ്ധ് കാണിക്കുകയും ചെയ്ത പോലെ വായന തോന്നിപ്പിച്ചു .
ദീപ മംഗലം ഡാം എന്ന എഴുത്തുകാരിയുടെ കവിതകള്‍ , ഗാനങ്ങള്‍ ഒക്കെ മിക്കതും വായിച്ചിട്ടുണ്ട് . കഥയും ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്നത് വായിച്ചിട്ടുണ്ട് . പുസ്തകരൂപത്തില്‍ വായിക്കുന്നത് ഇപ്പോഴാണ് . നല്ല കഴിവുള്ള ഒരു എഴുത്തുകാരിയാണ്. ഭാഷ കൈയ്യിലുണ്ട്. അതിനെ ഒന്നു തേച്ച് മിനുക്കി , സമയക്കുറവുകള്‍ പരിഹരിച്ച് മനസ്സ് നൂറു ശതമാനം കൊടുത്തു ചെയ്യുകയാണെങ്കില്‍ ഇതിലും മികച്ച വര്‍ക്കുകള്‍ ഈ എഴുത്തുകാരിക്ക് നല്കാന് കഴിയും എന്നൊരു തോന്നല്‍ അടയാളമിടുന്നവയാണ് വായിച്ചവയൊക്കെ .
കാലമേ സാക്ഷി (കഥകള്‍ )
ദീപ മംഗലം ഡാം
ഗ്രാമീണ പബ്ലിക്കേഷന്‍സ്
വില : ₹ 160