“പ്രകാശ്… “
ഇന്നലെ,തൃപ്പുണിത്തുറയിൽ ബസ് കാത്തുനില്ക്കവെ ശരീരത്തിൽ സ്പർശിച്ച്, ഒരാൾ പേരെടുത്തുവിളിച്ചു.
തിരിഞ്ഞുനോക്കി.
ഒരു സാധുസ്ത്രീ. കറുത്ത് മെലിഞ്ഞ് ഒരു വൃദ്ധയെപ്പോലെ. ഓർമ്മയിൽ ഒരു പരിചിതമുഖം തെളിയുന്നില്ല.
ആളുതെറ്റിയതാകുമോ,ഞാൻ ശങ്കിച്ചു.
നിശബ്ദം നിന്നതുകൊണ്ടാകാം, അവൾ മെല്ലെ തെല്ലൊരു നീരസത്തോടെ പറഞ്ഞു.
“എനിക്കറിയാം,മനുഷ്യന് നല്ലകാലം വരുമ്പോൾ പഴയതെല്ലാം മറക്കും. ഞാൻ,ചേർത്തലയിൽ സഹകരണ കോഴസിന് ഒപ്പമുണ്ടായിരുന്ന സീന ആണ്. കാഴ്ചയിൽ ഒരു ഭ്രാന്തിയെപ്പോലുണ്ട്,ല്ലേ?… “
സ്തബ്ധനായിപ്പോയി!!.
ക്ഷണം ഒരു ചിരി. സൗഹൃദഭാവം അവൾ പ്രതീക്ഷിച്ചിരിക്കണം.
എന്തുകൊണ്ടോ എനിക്കങ്ങനെ പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. എവിടെയെങ്കിലും മാറിനിന്നാലോ,അതായിരുന്നു അപ്പോഴത്തെ ചിന്ത. അവരുടെ രൂപം, ഭാവം, ക്ഷോഭം, എന്നെ അപ്രകാരം ചിന്തിപ്പിക്കുവാൻ പ്രേരിപ്പിച്ചു.
ഓർമ്മിക്കുന്നു…
സീന …., ഒറ്റപ്പെട്ട്,ഏകാകിയായി നടന്ന പെൺകുട്ടി. കറുത്തമുഖവും, വരണ്ട ചർമ്മവും. അതെ, കാഴ്ചയിൽ അനാകർഷയായിരുന്നു അവൾ. ആ അപകർഷത എക്കാലവും അവൾ പെരുമാറ്റത്തിൽ പ്രകടിപ്പിച്ചു.
പക്ഷെ,പഠനത്തിൽ മിടുക്കിയായിരുന്നു.സ്വഭാവത്തിലും.
അന്ന്, ഞങ്ങൾ ഒരേ ബസിൽ ആണ് വന്നുപോയിരുന്നത്. വൈക്കത്തുനിന്ന് ബോട്ടിൽ. തവണക്കടവിൽ നിന്ന് ബസിൽ. വൈക്കം താലൂക്കിൽ എവിടെയോ ആയിരുന്നു അവളുടെ വീട്.
ക്ലാസ്സിൽ ഒരടുപ്പവും സ്നേഹവും എന്നോട് മാത്രമായിരുന്നു. രൂപത്തിലും പെരുമാറ്റത്തിലും ഞങ്ങൾ തമ്മിലുള്ള സാദൃശ്യം ഒരുപക്ഷെ കാരണമായിരിക്കാം.
ഒരിക്കൽ ക്ലാസ്സ് കഴിഞ്ഞ് വൈകുന്നേരം, തവണക്കടവ് ജെട്ടിയിൽ ബോട്ട് കാത്ത് നിൽക്കവെ അവൾ എനിക്കൊരു കത്ത് തന്നു. ബോട്ടിൽ, യാത്രക്കാർക്കിടയിലിരുന്ന്, ഉദ്വേഗത്തോടെ കത്ത് വായിച്ചു. അവളുടെ ഇഷ്ടം, പ്രണയം, വിവാഹം, അതെല്ലാമായിരുന്നു, വാക്കുകളിൽ.
ആർദ്രമായ അത്തരം നിമിഷങ്ങളിൽ ജീവിക്കുവാനുള്ള മനസ്സികാവസ്ഥ എനിക്കപ്പോൾ ഇല്ലായിരുന്നു.
പഠിക്കണം. ജോലി സമ്പാദിക്കണം. കെട്ടുപ്രായമെത്തിയ സഹോദരിമാർ, നിത്യരോഗിയായ അച്ഛൻ, സിസ്സഹായായ അമ്മ. ആ കത്ത്, വേദനയോടെ, വേമ്പനാട്ടുകായലിൽ ഉപേക്ഷിച്ചു.
കാലം. എത്രവേഗം, എത്ര വിചിത്രവേക്ഷമിട്ട് കടന്നുപോയി. ഇപ്പോൾ, അഭിശപ്തമായ ഏതോ നിമിഷത്തിൽ കണ്ടുമുട്ടുകയാണ്… മുന്നിൽ നിൽക്കുന്ന ആ മനുഷ്യരൂപത്തെ, നിസ്സഹായതയോടെ നോക്കിനിന്നു.
കുടുംബം. ജോലി. കുട്ടികൾ… വിശേഷങ്ങൾ അറിയാൻ മനസ്സ് വെമ്പി. പക്ഷെ എന്റെ വാക്കുകൾ സ്പഷ്ടമായില്ല. ചില അവ്യക്തശബ്ദങ്ങളോടെ എന്തൊക്കയോ പറയാൻ ശ്രമിച്ചു.
അത് മനസ്സിലാക്കി അവൾ പതുക്കെപ്പറഞ്ഞു.
“ഞാൻ എങ്ങും എത്തിയില്ല.”
“ജോലി കിട്ടിയില്ല. സൗന്ദര്യമോ, സാമ്പത്തോ, ഇല്ലാതിരുന്നതിനാൽ, കല്യാണവും നടന്നില്ല.”
“ഇപ്പോൾ.. ആങ്ങളയുടെ വീട്ടിൽ ഒരു വേലക്കാരിയെപ്പോലെ….. “
വാക്കുകൾ ഗദ്ഗദം കൊണ്ട് മുറിഞ്ഞു. എങ്കിലും മാത്രകൾക്ക് ശേഷം തുടർന്നു.
“വെറുതെ വിശേഷങ്ങൾ പലരോടും ചോദിച്ചറിയും. ഓഫീസറായി പിരിഞ്ഞു.. ല്ലേ?.. ഉദ്യോഗസ്ഥയായ ഭാര്യ. മകൾ, വീട്, കാർ.. സൗഭാഗ്യങ്ങൾ.. ഉണ്ടാവട്ടെ.. എല്ലാം ഈശ്വരനിശ്ചയം!!..”.
പെട്ടന്ന്, അവളുടെ ബസ് വന്നു. യാത്രക്കാർ തിരക്ക്കൂട്ടി പിൻപേ പാഞ്ഞു. യന്ത്രികമായി, അതിൽ ഒരാളായി തിടുക്കംകൂട്ടുന്നതിനിടയിലും, ഒരൽപ്പം നിന്ന്, എന്നെനോക്കി, നെടുവീർപ്പോടെ പറഞ്ഞു.
“എനിക്കൊരു ജീവിതം തന്നിരുന്നുവെങ്കിൽ…. ” അഭിശപ്തമായ ഒരു വേദന എന്നെ പിന്തുടരുന്നു.
ആരോടെങ്കിലും ഇതെനിക്ക് പറയാതെ വയ്യ. കാലമേ….. മാപ്പ്!.