കാലപ്പഴക്കം

അടുക്കളയിലെ കരിഞ്ഞ മണം
ഇപ്പോഴും ഉള്ളുപൊള്ളിയൊഴുകാറുണ്ട്,
എവിടെ നിന്ന് തുടങ്ങി
എവിടെ അവസാനിക്കണമെന്നറിയാതെ
അകത്തളങ്ങളിൽ കുടുങ്ങി ശ്വാസംമുട്ടാറുണ്ട്.

പുറത്തേയ്ക്ക് കടക്കുമ്പോൾ സൂക്ഷിക്കണം
വെന്ത മാംസത്തിൽ
കൈപൊള്ളി ഞരങ്ങിയൊരമ്മ
വീണുകിടപ്പുണ്ട്.

ഉറങ്ങാതൊരുക്കിയ
സ്വർണ്ണതൽപ്പത്തിലൊരച്ഛൻ
കുമ്പിട്ടാർക്കുന്നുണ്ട്.

എണ്ണിയാൽ തീരാത്ത
നരബലികളെക്കാത്ത്
കാക്ക വാവിട്ടലറുന്നുണ്ട്.

കൊട്ടിവിളിക്കാനാളില്ലാത്തൊരുളച്ചോറിൽ
കഴുകന്മാരാർത്തു വലിക്കുന്നുണ്ട്.

ഉണ്ട്…..
കരിഞ്ഞ മണം വലവിരിച്ചലയുന്നുണ്ട്.
വെട്ടിയൊതുക്കിയ നഖങ്ങൾ
കുഴിമറന്നൊരുങ്ങുന്നുണ്ട്.