ഇരുണ്ട വഴികളിലൂടെ കാലം
വെളിച്ചം തേടി നടക്കുകയാണ്…
എൻറെ ഹൃദയത്തിൻറെ കാൻവാസിൽ
സ്വപ്നങ്ങളുടെ കടുത്ത നിറങ്ങൾകൊണ്ട്
കാലത്തിനൊരു ചിത്രം വരയ്ക്കണം.
മീനവെയിൽപോലെ,
ജീവിതം കത്തിനിന്നിരുന്നപ്പോഴൊന്നും
കാലത്തിനതു തോന്നിയില്ലത്രെ…!
വെന്തെരിഞ്ഞ നീറ്റലുകളിൽനിന്നും
കരിഗന്ധത്തിൻറെ തള്ളിച്ചകളിൽനിന്നും
വരയ്ക്കാൻതക്ക നിറക്കൂട്ടുകൾ
കാണാൻ കഴിഞ്ഞിട്ടില്ലെന്ന്…!
ശരിയാകാം… അന്നുമിന്നും
എനിക്കൊരേ നിറമായിരുന്നല്ലോ?;
പ്രകാശം നഷ്ടമായ ഭൂമിയുടെ നിറം…
ആകാശത്തിനോടു കുറച്ചു നിറങ്ങൾ
കടം ചോദിച്ചിട്ടുണ്ടെന്നു കാലം…
ഇനി, വെളിച്ചമാണു വേണ്ടത്.
കുറ്റാക്കൂരിരുട്ടിൽ കാലത്തിനും
കാഴ്ച്ച പോരെന്ന്..!