കാട്ടുമാക്കാൻ കുന്നിലേക്കു,
കൂട്ടുപോയ കാറ്റുവന്നേ..
കേട്ടപാതിപ്പാട്ടിലാകെ,
കൂട്ടമോടെ കാറ്റു വന്നേ..
തേൻവരിക്ക പ്ലാവിലേക്കു,
നീർവരമ്പു തീർത്തിരുന്നേ,
നേർത്ത മൂളൽ കോർത്തിരുന്ന,
കൂർത്ത കൊമ്പിൽ പാത്തിരുന്നേ..
മാറ്റൊലികൾ ഞാത്തിയിട്ടു,
കൂട്ടൊഴിഞ്ഞ ഞാറ്റടിയിൽ,
തേക്കുപാട്ടിൻ ഈണമിട്ടു,
ഊക്കുകാട്ടാൻ കാറ്റുവന്നേ..
ഓട്ടയിട്ട ചേറ്റുകണ്ടം,
കാട്ടുവാനായ് നോട്ടമേറിൽ,
ചൂട്ടുകറ്റ ചൂടഴിക്കാൻ,
പാട്ടുപാടി കാറ്റുവന്നേ..
വേലകാട്ടി വേർപ്പൊഴുക്കി,
കൂലിതേടി പോകുവോരെ,
വീശുപാള വീശി, വീശി,
വാശിയോടെ കാറ്റു വന്നേ..
പാലപൂത്ത തോട്ടുവക്കിൽ,
മാല കോർത്ത കാവിനുള്ളിൽ,
ശീലമോടെ ചോടുവെച്ചു,
ശേലുകാട്ടാൻ കാറ്റുവന്നേ..
നാട്ടുമാവിൻ ശാഖതേടി,
കൂടൊഴിഞ്ഞ കാട്ടുപക്ഷി,
കാത്തിരുന്ന കാറ്റിനൊപ്പം,
പാട്ടു നിർത്തി പാഞ്ഞുവന്നേ..
നാക്കുനീട്ടി നോക്കിനിന്ന,
നാൽക്കവല കൂടിനുള്ളിൽ,
നീർക്കുമിള നാട്ടിവെച്ചു,
ചീറ്റലോടെ കാറ്റുനിന്നേ..