കാറ്റുകൾക്ക് പറയാനുള്ളത് ഇലകളും പറയും

കരിയിലകൾ

അടിച്ചുവാരിക്കത്തിക്കുന്നത്

തീരെ ഇഷ്ടമുള്ള പണിയല്ല,

എന്നാലും ചെയ്തിട്ടുണ്ട്.

അവൾ എന്നെക്കൊണ്ട് ചെയ്യിക്കുന്നതാണ്

ഇതെങ്കിലും ചെയ്യ് എന്ന മട്ടിൽ.

പൂട്ടിപ്പോയ അണ്ടിയാപ്പീസിന്റെ

പുകക്കുഴലുപോലെ

മണ്ട പോയ തെങ്ങ്

അതിന്റെ ചോട്ടിലാണ്

അഗ്നിഹോത്രം.

ഇലക്ക് തീ കൊടുക്കും മുൻപ്

ചുണ്ടിലെ സിഗററ്റിനും

കൊടുത്തിരിക്കും.

രണ്ടു പുകകൾക്കിടയിൽ

അന്തമില്ലാതെ ഞാനിരിക്കും

എന്റെ

കാരമരത്തിൽ നിന്നും

നിലയ്ക്കാത്ത ഇല മഴ

പത്തു മുപ്പതു കൊല്ലമായി

എത്ര സൂര്യന്മാരെ

അത് കുടിച്ചു വറ്റിച്ചിട്ടുണ്ട്?

പടരുന്ന തീയിലേക്ക്‌

വഴിതെറ്റി വന്ന

ചില ഇലകൾ വീണു ദഹിച്ചു.

നിലത്തു വീശുന്ന കാറ്റിന്

കൈയിലെടുക്കാൻ

കരിയിലകൾ വേണം.

കാറ്റിന്റെ കഥളിൽ

കരിയിലക്കഥകളിൽ

നോട്ടം തെറ്റി ഞാനിരിക്കുന്നു

മികച്ച കവിക്കുള്ള ബഹ്‌റൈൻ കേരള സമാജം ജാലകം പുരസ്ക്കാരം നേടി. ആനുകാലികങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പതിവായി എഴുതുന്നു. ബഹ്‌റൈൻ വെൽനെസ്സ് ക്ലിനിക്കിൽ ജോലിചെയ്യുന്നു.