
കാപ്പിപ്പൊടി നിറത്തിനോടുള്ള പ്രണയത്തിന്
കാപ്പി രുചിയും മണവും അറിയുന്നതിനേക്കാൾ പഴക്കമുണ്ട്
എല്ലാ പള്ളിക്കൂടത്തിലും
അറുബോറൻ നീലപ്പാവാടയും വെള്ള ഷർട്ടും
യൂണിഫോം ആയിരുന്ന സമയം,
കാപ്പി നിറത്തിലുള്ള പ്ലീറ്റഡ് പാവാടയും
കാപ്പി നിറമുള്ള സോക്‌സും ടൈയും കെട്ടി
ആംഗലേയത്തിൽ കലപില പറഞ്ഞു നടക്കുന്ന
അയൽവക്കത്തെ അതിപ്രശസ്ത ആംഗലേയ പള്ളിക്കൂടവും
അവിടത്തെ പിള്ളേരും ആണ്
ഒരു കാപ്പി നിറ പാവാട കിട്ടിയിരുന്നെങ്കിൽ എന്ന മോഹം
ആ കൊച്ചു പെണ്മനസ്സിൽ അങ്കുരിപ്പിച്ചത്
അങ്കുരിച്ചതവിടെ തന്നെ കുരുടിച്ചു നിന്നത്
ആ പള്ളിക്കൂടത്തിൽ പഠിക്കാനായി
കനത്ത കൈമണി കൊടുക്കാൻ
കൈക്കോട്ടുമായി കാലത്തിറങ്ങുന്നവരുടെ കൂരയിൽ
കൈപ്പാങ്ങില്ലെന്ന അറിവാണ്
പിന്നെ കാപ്പി നിറം മറന്നുള്ള ജീവിതത്തിൽ
ഒരു വിഷുക്കാലത്താണ്
കാപ്പി നിറമുള്ള ഒരു പാവാട കിട്ടിയത്
അന്ന് മുതൽ എവിടെ പോകുമ്പോളും
ഒരുക്കം ആ പാവാട കൂടാതെ കഴിയില്ല
എന്ന മട്ടായിരിക്കുമ്പോളാണ്
ഒരു ദിവസം;
പുതിയതായി വന്ന അയൽക്കാര്
ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചത്
അങ്ങനെയാണ്
ആദ്യമായി ഒരു “ഫിൽറ്റർ” കാപ്പി കുടിച്ചത്.
കുടിച്ചപ്പോൾ
വെറും പാലുംവെള്ളക്കാരിക്ക്
കാപ്പിയോളം രുചി
പാനീയത്തിന് പോലും ഇല്ലെന്ന മട്ടായി
അങ്ങനെ ഈ ലോകത്ത്
ഏറ്റവും രുചിയുള്ള പാനീയം
“പാനീയം” ആണെന്ന പക്ഷക്കാരിക്ക്
കാപ്പിയിലേയ്ക്ക് ഒരു ചായ്‌വായി
അങ്ങനെ ഇരിക്കെ
അതിവിദൂര സ്ഥലത്തിലെ
കലാലയ ജീവിതത്തിന്
തുടക്കം കുറിച്ചപ്പോളാണ്
ഫിൽറ്റർ കാപ്പി അല്ലാതെ
“നെസ്കഫേ” എന്നൊരു കാപ്പി കൂടി ഉണ്ടെന്ന്
ആ പെണ്മണി അറിഞ്ഞതും
രാവിലെയും വൈകിട്ടും “നെസ്കഫേ”
ശീലമാക്കിയതും
അങ്ങനെ ഒരു ദിനം
വൈകുന്നേരം കാപ്പിക്കടയിലിരുന്ന്
കാപ്പി മൊത്തിക്കൊണ്ടിരിക്കുമ്പോൾ
കാപ്പിപ്പൊടി നിറമുള്ളൊരുവൻ
കാപ്പിക്കടയിലേയ്ക്ക്, അല്ല
അവളിലേയ്ക്ക് കയറി വന്നത്
അവൾ കണ്ടമാത്രയിൽ,
അയാൾ കാണാത്ത മാത്രയിൽ, ആണ്
കാപ്പി നിറത്തിലൊരു അനുരാഗം
തുളുമ്പാതെ തീവ്രമായത്
പിന്നീടെപ്പോഴൊക്കെ
കാപ്പിക്കപ്പുമായി മെസ്സിലേയ്ക്ക് പോകുമ്പോൾ
കെറ്റിലിൽ നിന്നും കപ്പിലേയ്ക്ക്
കാപ്പി പകരുമ്പോളും
അവളുടെ കപ്പ് നിറയെ “അയാൾ!!”
കാപ്പിയും അയാളും തമ്മിൽ
വേർതിരിച്ചറിയാനാകാത്ത ആ നിമിഷങ്ങളിൽ
കാപ്പി കുടിക്കാനാകാതെ അവൾ!!
ഇതൊരു പതിവായതോടെയാണ്
അവൾക്ക് കാപ്പിയോടുള്ള
പ്രണയം കാപ്പിയിൽ നിന്നും
കാപ്പിപ്പൊടി നിറമുള്ളവനിലേയ്ക്കായിരിക്കുന്നു
എന്ന് മനസ്സിലായത്.
അയാൾ ഇതൊന്നുമറിയാതെ
കാപ്പിക്കടയിൽ വരുന്നു
കാപ്പി കുടിക്കുന്നു പോകുന്നു
അവളുടെ കാപ്പി;
കപ്പിലേക്കൊഴുകാതെ
അയാളിൽ അലിഞ്ഞു ചേരുന്നു
അവൾ കാപ്പി കുടിക്കാതെ, കുടിക്കാനാകാതെ
തൻ്റെ പ്രണയം പേറി നിൽക്കുന്ന അയാളെ
അയാളറിയാതെ നോക്കി നിൽക്കുന്നു.
