കാഥികൻ

കളവില്ലാക്കരയിൽനിന്നാണ്
അവൻ വന്നത്
കഥകൾ പറയാൻ
എന്നാൽ അവന്റെ കഥ
മറ്റാരോ പറഞ്ഞുകഴിഞ്ഞിരുന്നു
കഥാചോരൻ എന്നു
കേൾവിക്കാർ പരിഹസിച്ചു.

കടമില്ലാക്കടവിൽനിന്നാണ്
അവൻ വന്നത്
കവിത ചൊല്ലാൻ
എന്നാൽ അവന്റെ കവിത
മറ്റാരോ എഴുതിക്കഴിഞ്ഞിരുന്നു
കവിതക്കള്ളൻ എന്നു
വിമർശകർ അട്ടഹസിച്ചു.

കഥയും കവിതയും
കവർന്നെടുക്കപ്പെട്ടവൻ
കഥകെട്ടവനായി
കാലം കടന്നപ്പോൾ
അവനൊരു കടംകഥയായി
പൊരുളില്ലാക്കഥകളിൽ
കടം കവിതയായി
കവിതമൊഴിഞ്ഞ് കേട്ടപാട്ടായി

കടംകേറിമുടിഞ്ഞ്
കടംവീട്ടാൻ കഴിവില്ലാതെ
അവന്റെ
കാലശേഷക്കാരിന്നും
കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ സ്വദേശി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്നു ബിരുദം. നാടകരംഗത്തും ഗ്രന്ഥശാലാ പ്രവർത്തനത്തിലും ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്‌. എസ് പി സി എസ്സ് പ്രസിദ്ധീകരിച്ച ഭീഷ്മരും ശിഖണ്ഡിയും(നോവൽ), തമോഗർത്തം (നാടകങ്ങൾ), ചിത്രശലഭങ്ങളുടെ പൂമരം (ബാലസാഹിത്യം), ചിന്തപബ്ളിഷേഴ്സിന്റെ ഖാണ്ഡവം(നോവൽ) കവിതയിലെ വൃത്തവും താളവും (പഠനം), അടയാളം (കവിതകൾ), കൈരളി ബുക്സിന്റെ ഇര, (ഖണ്ഡകാവ്യം), അകമുറിവുകൾ (കവിത), കുറ്റിക്കോൽ കലാസമിതി പ്രസിദ്ധീകരിച്ച പാര (നാടകം) മെയ്ഫ്ലവറിന്റെ വാരിക്കുഴിയും വാനരസേനയും (ബാലസാഹിത്യം) എന്നിവയാണ് പ്രസിദ്ധീകൃതമായ പ്രധാന കൃതികൾ. സാമൂഹ്യ മാധ്യമങ്ങളിിലും എഴുതാറുണ്ട്.