കാത്തിരിപ്പ്

അവധിക്കവൾ വന്നു-
പോകുന്നതിന്നിടയിൽ,
മിന്നായമെന്നപോൽ
ഒരുവേള കാൺകിലും,
ഒരു കടും വേനലിൽ
ഇടമഴ പൊഴിച്ചപോൽ,
കുളിരാണു മനസ്സിന്ന്
കാത്തിരുന്നന്നു ഞാൻ,

പിന്നെയും പലതവണ-
യവൾ വന്നുപോയതും,
ഇരുവരും ചേർന്നു പല
വരികളിൽ നിറഞ്ഞതും,
ഇടനെഞ്ചിലിപ്പൊഴും
ഓർമ്മതൻ നീർച്ചാലിൽ,
ഒഴുകുന്നു നനയാത്ത
കടലാസുതോണി പോൽ.

പലവുരു പറഞ്ഞു പല-
രാക്കുഞ്ഞുനാൾ തൊട്ട്,
അവളെന്റെതാകുമതി-
ലേതില്ല സംശയം,
വിടുവാക്കതെങ്കിലും
മനസ്സിന്റെയാഴത്തിൽ,
പിഴുതെടുക്കാവിധം
അടിവേരുറച്ചുപോയ്.

ഒരു ബിരുദമതിനുമേ-
ലൊരു ബിരുദമങ്ങനെ,
പല ബിരുദധാരിയായ്
അവളുയർന്നീടവേ,
മണലിൽ ഞാൻ കോറി-
യിട്ടോരെത്ര വരികളെ,
തിരയാഹരിച്ചുപോയ്
കടലിലതലിഞ്ഞുപോയ്.

കാലമൊരു പേപ്പട്ടി-
പോൽ പാഞ്ഞുപോകവേ,
കാമനകളെല്ലാ-
മൊളിച്ചു നിന്നീടവേ,
നീയെന്റെ ഹൃദയത്തി-
ലാപ്പഴയ വരികളായ്,
തിരികെയെത്തീടുമോ
പ്രണയാദ്ര കവിതയായ്.

പാലക്കാട് ജില്ലയിൽ കോതകുർശ്ശി സ്വദേശി. പ്രവാസി ആയിരുന്നു. ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്