കാണാത്ത മുഖം

പ്രിയപ്പെട്ട  ടാഗോർ,        

അങ്ങയെ ഞാനറിഞ്ഞു. ഒരു കവിയായും കഥാകൃത്തായും നാടകകൃത്തായും. അത് മുൻപ് …  ദേശീയഗാനം ചൊല്ലിത്തുടങ്ങിയത് മുതൽ. എന്നാൽ പിന്നീടെന്നോ ഞാനങ്ങയെ അതിനുമപ്പുറം അറിഞ്ഞു.

എങ്ങനെയാണ് അങ്ങെനിയ്ക്ക് പ്രിയപ്പെട്ടവനായത് എന്നെനിയ്ക്കറിയില്ല. “ജനഗണമന” യോടുള്ള പ്രതിപത്തിയാണോ? ആവാൻ വഴിയില്ല. കാരണം, “വന്ദേമാതരം”  എനിയ്ക്കു വളരെ ഊർജ്ജദായകമാണല്ലോ. എന്നിട്ടും ബങ്കിങ് ചന്ദ്ര ചാറ്റർജിയോട് തോന്നാത്ത ഒരിഷ്ടം അങ്ങയോട് തോന്നാൻ എന്താവാം കാരണം?, അറിയില്ല.

ഒരിയ്ക്കൽ ഞാൻ വായിച്ചു …

‘നിലാവുള്ള രാത്രിയിൽ, ഏകാകിയായി തോണിയിൽ യാത്ര ചെയ്യുക ടാഗോറിന്റെ പതിവായിരുന്നു. ആ യാത്രയിൽ വിളക്ക് കത്തിച്ചു വച്ച് അദ്ദേഹം എഴുതുമായിരുന്നു. അങ്ങനെയൊരു രാത്രിയിൽ, വിളക്ക് കെടുത്തി പുറത്തേക്ക് നോക്കിയ ടാഗോർ, പാൽനുര ചിതറുന്ന നിലാവെളിച്ചം കണ്ട് അതിശയിച്ചു നിന്നു !  അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു, “വെളിച്ചമെന്ന് ഞാൻ കരുതിയത്, യഥാർത്ഥ വെളിച്ചത്തെ തടഞ്ഞു നിർത്തി !” എന്ന്. പിന്നീട് അദ്ദേഹം വിളക്ക് കത്തിയ്ക്കാതെ നിലാവെളിച്ചത്തിലിരുന്ന് എഴുതി ‘…….

ഇത് ഞാൻ വായിച്ചത് ഏതോ ഒരു ആനുകാലിക പ്രസിദ്ധീകരണത്തിലാണ്. ഈ വാക്കുകളെന്നെ എന്തുകൊണ്ടോ വല്ലാതെ ആകർഷിച്ചു. അന്നു മുതലാണ് എന്ന് തോന്നുന്നു, അങ്ങയെ കൂടുതൽ അറിയണമെന്ന് എനിയ്ക്ക് തോന്നിയത്. തത്വചിന്തകനും ബ്രഹ്മസമാജത്തിന്റെ അമരക്കാരനുമായ മഹർഷി ദേബേന്ദ്രനാഥ ടാഗോറിന്റെ മകൻ രബീന്ദ്രനാഥടാഗോർ എന്ന, കാല്പനികനും ദുഃഖിതനുമായ മനുഷ്യനെ ഞാൻ തേടിപ്പിടിച്ചു വായിച്ചു തുടങ്ങിയത് അത്യധികം ആകാംക്ഷയോടെയാണ് .

ഇന്നത്തെ ബംഗ്ലാദേശ് മുതൽ ഒഡിഷ വരെയുള്ള തന്റെ വിശാലമായ എസ്റ്റേറ്റുകൾ നോക്കാൻ ദേബേന്ദ്രനാഥടാഗോർ, മകൻ രബീന്ദ്രനാഥടാഗോറിനെ ഏൽപ്പിച്ചുവെന്നത് സത്യമായും എന്നെ അതിശയിപ്പിച്ചു. ഒരു പക്കാ എഴുത്തുകാരനായ അങ്ങേയ്ക്ക് വാണിജ്യവും കണക്കും അതിന്റെ കുരുക്കുകളുമൊക്കെ വഴങ്ങുമോ എന്ന് ഞാൻ സംശയിച്ചു. കവിതകളും കഥകളുമായി ഭാവനാലോകത്ത് ജീവിച്ചിരുന്ന അങ്ങയെപ്പോലും അച്ഛന്റെ ഈ തീരുമാനം അതിശയിപ്പിച്ചില്ലേ ?

അങ്ങനെ ഭാര്യ മൃണാളിനിദേവിയ്ക്കും കുഞ്ഞുങ്ങൾക്കും ഒപ്പം അങ്ങ്, പുഴകളാൽ ചുറ്റപ്പെട്ട ‘സിയൽദ ‘ എന്ന ആ ഗ്രാമത്തിലെത്തിയത്, കവിയായിട്ടായിരുന്നില്ല, മറിച്ച്, കുടിയാന്മാരുടെ ദൈവമായ സമീന്ദാരായിട്ടായിരുന്നു അല്ലെ? കൽക്കത്ത നഗരത്തിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് വന്ന കവിയ്ക്ക്, സിയൽദ ഗ്രാമം എങ്ങനെ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് ഞാൻ അത്ഭുതപ്പെടായ്കയില്ല.

പക്ഷേ, ‘പദ്‌മ’ എന്ന പുഴയും, അതിൽ ഒഴുകി നീങ്ങുന്ന തോണികളും, പാവപ്പെട്ട ഗ്രാമീണരും, അവരുടെ ജീവിതവും, മിന്നാമിനുങ്ങുകൾ പറക്കുന്ന രാത്രികളും, വസന്തം വിരിയുന്ന വൃക്ഷലതാദികളുമൊക്കെ നിറഞ്ഞ ഗ്രാമം, അങ്ങേയ്ക്ക് കാഴ്ചയുടെയും ശാന്തിയുടെയുമൊക്കെ അക്ഷയപാത്രമായി അനുഭവപ്പെട്ടു എന്നത് എന്നെയും സന്തോഷിപ്പിച്ചു . പദ്‌മ നദിയിലൂടെ, ‘പദ്‌മ’ എന്നുതന്നെ പേരിട്ട തോണിയിൽ, യുവാവായ അങ്ങ്, എസ്റ്റേറ്റ് മേൽനോട്ടത്തിനായി ഒഴുകിയലഞ്ഞപ്പോൾ കണ്ട, മറകളില്ലാത്ത മനുഷ്യ ജീവിതവും കലർപ്പില്ലാത്ത പ്രകൃതിയും അങ്ങയുടെ   എഴുത്തിന് മുതൽക്കൂട്ടായിട്ടുണ്ടാവാം അല്ലെ ?

ആ മനോഹരഗ്രാമത്തിൽ, സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും മദ്ധ്യേ ജീവിച്ച അങ്ങ്, കവിതയെഴുതുന്ന അതേ സൂക്ഷ്മതയോടെ എസ്റ്റേറ്റ് കണക്കുകളെഴുതിയും, കുടിയാന്മാരുടെ പ്രശ്നങ്ങൾക്ക് തീർപ്പ് കൽപ്പിച്ചും വീണ്ടും വീണ്ടും അതിശയങ്ങൾ സൃഷ്ടിച്ചു!. പരമ്പരാഗതമായ ജന്മി – കുടിയാൻ ബന്ധത്തിൽ നിന്നും മാറി നിന്ന്, കുടിയാന്മാരോട് കാണിച്ച മാനുഷിക പരിഗണന അങ്ങയിലെ കാരുണ്യവാനായ മനുഷ്യനെ വെളിപ്പെടുത്തി. എത്ര സന്തോഷം തോന്നിയെന്നോ എനിയ്ക്കതൊക്കെ വായിച്ചറിഞ്ഞപ്പോൾ…!

ഏത് സമയത്തും എഴുത്തിലേക്ക് പ്രവേശിയ്ക്കാനും അവിടുന്ന് പുറത്തുവരാനുമുള്ള കഴിവ് – അത് സിയൽദയിലെ ജീവിത പരിചയം നൽകിയ അപാരശേഷിയാണല്ലേ..? അതെന്നെ ശരിയ്ക്കും കൊതിപ്പിയ്ക്കുന്നുണ്ട്. കൃത്യമായി കണക്കുകൾ എഴുതുക, ഫയലുകൾ പഠിച്ചു ഒപ്പ് വച്ച് കൽക്കത്തയിൽ അച്ഛനയച്ചു കൊടുക്കുക, അതുകഴിഞ്ഞ് എഴുതാനിരിയ്ക്കുക, എഴുതുന്നതിനിടയ്ക്ക് ആരെങ്കിലും എന്തെങ്കിലും പ്രശ്നവുമായി വന്നാൽ എഴുത്ത് നിർത്തി മണിക്കൂറുകളോളം അവരെ ശ്രവിയ്ക്കുക, അത് കഴിഞ്ഞ് വീണ്ടും വന്ന് എഴുത്ത് തുടരുക ..! എങ്ങിനെയാണിത് കഴിഞ്ഞത് പ്രിയ എഴുത്തുകാരാ?  ഞാനും ശ്രവിയ്ക്കുകയാണ് അങ്ങയെ.. പഠിയ്ക്കുകയാണ് അങ്ങയെ

അഞ്ച് ഇന്ദ്രിയങ്ങളുടെയും വാതിലുകൾ തുറന്നിട്ട കവി. കഥകളും കവിതകളും നോവലുകളും പ്രബന്ധങ്ങളുമൊക്കെ എഴുതിക്കഴിഞ്ഞും അങ്ങയുടെ പ്രതിഭ എന്തിനെയാണ് തേടിക്കൊണ്ടിരുന്നത് മഹാനുഭാവാ ?. ഉവ്വ്..  ഇനിയും എന്തൊക്കെയോ പ്രകാശിപ്പിയ്ക്കാൻ ദാഹിച്ചു അങ്ങ്. എഴുത്തുകാരനും ഗായകനുമായ ടാഗോറിനപ്പുറം, ചിത്രകാരനായ ടാഗോർ പിറന്നത് അങ്ങനെയാവാം. അവസാന കാലത്ത് രോഗശയ്യയിൽ കിടക്കവേ, അങ്ങയുടെ ശിൽപം ചെയ്യാൻ എത്തിയ, രാം കിങ്കർ ബെയ്ജ് എന്ന പ്രശസ്ത ശില്പിയോട്, നീണ്ട കൈകൾ നീട്ടി അങ്ങ്  യാചിച്ചു …

“എന്റെ കൈകളിൽ അല്പം കളിമണ്ണ് തരൂ.. എനിയ്ക്ക് എന്തെങ്കിലും സൃഷ്ടിയ്ക്കണം..”

ഈ വാക്കുകൾ സത്യമായും എന്റെ കണ്ണ് നനയിച്ചു. മരണമാണ് അങ്ങയെ  ജീവിതം പഠിപ്പിച്ചത് അല്ലെ?  അപാരതയോട്  സംവദിയ്ക്കാൻ പഠിപ്പിച്ചതും മരണമാവാം അല്ലെ പ്രിയ എഴുത്തുകാരാ?  പ്രിയപ്പെട്ടവരുടെ മരണങ്ങൾ അങ്ങയുടെ മുന്നിലൂടെ മേഞ്ഞു നടക്കുകയായിരുന്നില്ലേ ? ജ്യേഷ്ഠത്തിയായ കാദംബരിയുടെ ആത്മഹത്യ, പത്തൊൻപത് വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ മൃണാളിനീ ദേവി, ഒൻപത് മാസങ്ങൾക്ക് ശേഷം മകൾ രേണുക, നാല് വർഷങ്ങൾക്ക് ശേഷം പതിനൊന്നാം വയസ്സിൽ കോളറ പിടിച്ച് മകൻ സമീന്ദ്രനാഥ്‌, പതിനൊന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു മകളായ ബേല, പതിന്നാല് വർഷങ്ങൾ കഴിഞ്ഞപ്പോൾ മകൾ മീരയുടെ മകൻ നിധീന്ദ്രനാഥ്‌…. അതെ.. മേഞ്ഞു നടന്ന മരണങ്ങൾ.

അപ്പോഴെല്ലാം പുറമെ ശാന്തനായിരുന്ന അങ്ങ്, മകൾ മീരയ്‌ക്കെഴുതിയ കത്തിൽ ഇങ്ങനെ കുറിച്ചിരുന്നു … “നമ്മൾ മനുഷ്യർ ഇവയെല്ലാം സ്വീകരിയ്ക്കാൻ പഠിയ്ക്കണം. അവ ഉള്ളിൽ ത്യാഗത്തിന്റെ നാളങ്ങൾ കൊളുത്തും. ദൈവത്തോട് നമുക്ക് പറയാം, ‘ഈ വേദനയിലൂടെ ഞാൻ എന്നെത്തന്നെ നിനക്ക് സമർപ്പിയ്ക്കുന്നു.. നയിച്ചാലും..’   “

മകൾ റാണി ക്ഷയരോഗബാധിതയായി കിടന്നപ്പോൾ, അവരുടെ മരണം വരെ അടുത്ത് നിന്ന് ശുശ്രൂഷിച്ച അങ്ങ്, അത്ഭുതകരമാം വിധം ശാന്തനായിരുന്നു എന്നുമാത്രമല്ല, എഴുത്തിലൂടെ എല്ലാം അതിജീവിയ്ക്കാൻ അങ്ങ്  ശ്രമിയ്ക്കുകയായിരുന്നു എന്നത് എന്നെ ഇപ്പോൾ എത്രമാത്രമാണ് അതിജീവനഭാഷ പഠിപ്പിയ്ക്കുന്നത്  എന്നറിയുമോ പ്രിയപ്പെട്ട എഴുത്തുകാരാ.. ! റാണിയുടെ രോഗക്കിടക്കയ്ക്കരികിലിരുന്ന് ‘ചോക്കെർ ബാലി”,  ‘കപ്പൽച്ചേതം’ എന്നീ രണ്ട് നോവൽ അങ്ങ് പൂർത്തിയാക്കി… !

മഹാത്മാവേ! അത് മനസ്സിലാകും എനിയ്ക്ക്, ശരിയ്ക്കും മനസ്സിലാകും. എന്റെ അച്ഛന്റെ മരണക്കിടക്കയ്ക്കരികിലിരുന്ന് എഴുതിയ മകളാണ് ഞാൻ. അറിയാമെനിയ്ക്ക്.. അക്ഷരങ്ങളിലൂടെ ജീവിതം കരുപ്പിടിപ്പിയ്ക്കുന്നത് എങ്ങനെയെന്ന് എനിയ്ക്കു ശരിയ്ക്കുമറിയാം .  
മകൾ മീരയുടെ ദാമ്പത്യപരാജയമാണ് അങ്ങയെ തീർത്തും വിഷാദത്തിലേയ്ക്ക്  കൊണ്ടുപോയതെന്നു ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ആ വിഷാദമോ വേദനയോ ഒന്നും തന്നെ സാഹിത്യത്തിലും കർമ്മങ്ങളിലും അങ്ങ് പ്രതിഫലിപ്പിച്ചില്ല എന്നതാണ് എന്നെ ഏറ്റവും അതിശയിപ്പിച്ചത്, സന്തോഷിപ്പിച്ചതും.  

അങ്ങ് ഇങ്ങനെ പറഞ്ഞു …

“എന്റെ ദുഃഖം ഒരു പൊതുകാര്യമാക്കേണ്ടതാണ് എന്നെനിക്ക് തോന്നിയിട്ടില്ല. എന്റെ നഷ്ടങ്ങൾ എന്റേത് മാത്രമാണ്. എന്തിന് മറ്റുള്ളവർ കൂടി അത് സഹിയ്ക്കണം? പൊതുവായ കടമകൾക്ക് മുകളിൽ സ്വകാര്യ ജീവിതം വരുന്നത് അഭിമാനിയായവർക്ക് ചേരുന്നതല്ല…”

തന്റെ മരണം കൊൽക്കത്തയിൽ വച്ചാവരുതെന്നും ശാന്തിനികേതനത്തിന്റെ മണ്ണിലാവണം അന്ത്യനിദ്ര എന്നും അങ്ങ് ആഗ്രഹിച്ചു. എന്നാൽ കൊൽക്കത്തയിലെ വീട്ടിൽ വച്ച് (ജോറാസങ്കോ എന്ന വീട്) അങ്ങ് അന്തരിച്ചു എന്നുതന്നെയല്ല, ആരാധന കൊണ്ട് ഭ്രാന്ത് പിടിച്ച ആളുകൾ അങ്ങയുടെ മൃതശരീരം പട്ടിൽ പൊതിഞ്ഞ്, കൺപുരികങ്ങളിൽ ചന്ദനമെഴുതി, വെളുത്ത പുഷ്പങ്ങൾ കോർത്ത മാല കഴുത്തിലണിയിച്ച് ,   വെൺതാമരപ്പൂ അരികിൽ വച്ച്, മറ്റൊരു താമരപ്പൂവ് കൈയ്യിൽ പിടിപ്പിച്ച് … എത്രത്തോളം വികൃതമായിട്ടാണ് ശ്മാശാനത്തിലേയ്ക്ക് കൊണ്ടുപോയത് !  

അതുകൊണ്ടും തീർന്നോ, ഇല്ല. മൃതശരീരത്തിന്റെ കൈയ്യിലും കാലിലും പിടിച്ചു വലിച്ചും, താടിയും മുടിയും പിടിച്ചു പറിച്ചും അവർ സ്നേഹവും ആരാധനയും പ്രകടിപ്പിച്ചു. ചിലർ ശരീരത്തെ  മൂടിയ വെള്ളത്തുണി തന്നെ വലിച്ചുകൊണ്ടു പൊയ്ക്കളഞ്ഞു !

ആരാധന കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിച്ചാലുള്ള അവസ്ഥ ഭയങ്കരം തന്നെ..! കവിയോടുള്ള ആരാധന മൂലമാണ് ജനം ഇങ്ങനെ തോന്നിയതെല്ലാം ആ ശരീരത്തോട് ചെയ്തത് എങ്കിലും അതിസുന്ദരനായ അങ്ങയുടെ  മൃതശരീരം എന്ത് ആരാധനയുടെ പേരിലായാലും ഇങ്ങനെ വികൃതമാക്കിയതിൽ എനിയ്ക്ക് സങ്കടമുണ്ട്…

നിംതാല ശ്‌മശാനത്തിൽ എത്തിച്ച മൃതദേഹം ചിതയിൽ വച്ച്..  ചിതയ്ക്ക് തിരി കൊളുത്താൻ ആൾത്തിരക്ക് മൂലം മകൻ രതീന്ദ്രനാഥിന് സാധിച്ചില്ല എന്നും,അങ്ങയുടെ സഹോദരൻ – അന്തരിച്ച സുരേന്ദ്രനാഥ ടാഗോറിന്റെ മകൻ സുബരീന്ദ്രനാഥായിരുന്നു ആ കർമ്മം നിർവ്വഹിച്ചതെന്നും മനസ്സിലാക്കിയപ്പോൾ, നമിച്ചുപോയി മഹാത്മാവേ!

എന്നാലും… രബീന്ദ്രനാഥ ടാഗോർ എന്ന കവി, പ്രതിഭാസമ്പന്നനും പ്രശസ്തനുമായിരുന്നു എന്ന് മാത്രമേ ഞാൻ മുൻപൊക്കെ മനസ്സിലാക്കിയിരുന്നുള്ളു. എന്നാൽ ടാഗോർ എന്ന മനുഷ്യൻ അതീവ ദുഖിതനും വലിയൊരു  ദുരന്തനായകനുമായിരുന്നു എന്നറിഞ്ഞപ്പോൾ, പ്രിയ എഴുത്തുകാരാ… ശരിയ്ക്കുമെനിയ്ക്ക് സങ്കടം   തോന്നുന്നുണ്ട്.  

അങ്ങ് ഇപ്പൊ ജീവിച്ചിരുന്നെങ്കിൽ… സത്യമായും ഈ കത്ത് ഞാൻ അങ്ങേയ്ക്ക് അയയ്ക്കുമായിരുന്നു. എവിടെയായാലും അങ്ങയെ വന്നുകണ്ട്‌ ആ പാദം തൊട്ട് ഒന്ന് നമസ്ക്കരിയ്ക്കുമായിരുന്നു.

മഹാത്മാവേ ! അങ്ങേയ്ക്ക് എന്റെ ഹൃദയത്തിൽ കൈ ചേർത്ത് പ്രണാമം.

പെരുമ്പാവൂർ സ്വദേശിനിയാണ് . കഥയും കവിതയും ലേഖനങ്ങളും എഴുതുന്നു. 'മഞ്ഞു പൂത്ത വെയിൽമരം' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. കുടുംബിനി.