കവിയുടെ ആത്മഹത്യ

ഇന്നൊരു മരണമുണ്ടായിരുന്നു,,
ഒരു കവിയുടെ ആത്മഹത്യ..

എഴുതാൻ വേണ്ടി കാത്തുവെച്ച
താളുകൾ കൊണ്ടാണ്
ആ ദേഹത്തെ
പൊതിഞ്ഞു കിടത്തിയത്..

എഴുതിക്കൂട്ടി
വലിച്ചെറിഞ്ഞ താളുകൾ  
പെറുക്കിയെടുത്താണ്
തീ കൊളുത്തിയത്..

വെളിച്ചം കാണാനാഗ്രഹിച്ച
കുറേയക്ഷരങ്ങൾ
ഞങ്ങളിനിയും ജീവിച്ചു കഴിഞ്ഞില്ലെന്ന്
പിടഞ്ഞുകൊണ്ട്
നിന്ന് കത്തുന്നത് കാണാമായിരുന്നു..

ഒഴിഞ്ഞ മഷിക്കുപ്പികളൊക്കെയും
ഞങ്ങളേയുമിനി മിച്ചം വെക്കരുതേ
എന്ന് കരയുന്നുണ്ടായിരുന്നു..

ദാരിദ്ര്യമായിരുന്നു മരണകാരണമെന്ന് പറഞ്ഞ്
എല്ലാം കണ്ടു നിന്ന തൂലികയും
തേങ്ങുന്നുണ്ടായിരുന്നു..

മഴ തൊട്ട്
മരിച്ചു മണ്ണിലായ
പൂക്കൾ വരെയും
കാണാനെത്തിയിരുന്നു..

താളുകളിൽ പടർന്നത്കൊണ്ട് മാത്രം
ജീവിച്ചിരുന്നതിന് തെളിവവശേഷിച്ച
കുറെ ജീവിതങ്ങളും
അവസാനമായൊരു നോക്ക്
കാണാനെത്തിയിരുന്നു..

ചിതൽ ചിത്രം വരച്ചു തീർത്ത
തടിയലമാരകളിൽ
ഇനിയുമെന്തൊക്കെയോ
മിച്ചം കിടപ്പുണ്ട്..

ഗതികേട് കൊണ്ടുമാത്രം
വേണ്ടെന്ന് വെച്ച പ്രണയം മുതൽ
ഗതിക്കിട്ടാതലയുന്ന ആത്മാക്കൾ വരെയും
കാത്തിരിപ്പുണ്ടിപ്പോൾ..

ഒരു വരിപോലും
വായിച്ചു നോക്കാത്തവരും
മരണത്തിലെ കുറ്റങ്ങൾ
ചികഞ്ഞു നോക്കിയിരുന്നു..

കീറിമുറിച്ചു മരണ കാരണം
അറിയുന്നത്ര കാക്കാൻ
നേരമില്ലാഞ്ഞിട്ടാവണം
നാവ് കൊണ്ട് കീറിമുറിച്ചവർ
കാരണവും കണ്ടു കഴിഞ്ഞിരുന്നു..

അലമുറയിട്ട് കരയാൻ മാത്രം
അവിടങ്ങളിൽ
ആരെയും കണ്ടിരുന്നില്ല..

സങ്കൽപ്പ ലോകങ്ങളെ
ചിന്തകൾ കൊണ്ടെഴുതി
തീർത്തത് കൊണ്ടാവണം
വേണ്ടപ്പെട്ടവരാരൊക്കെയോ
നേരത്തെ മരിച്ചു കഴിഞ്ഞിരുന്നു..

ചിലപ്പോളവർ
അലമുറയിടുന്നതാവണം,,
നാളുകൾക്ക് ശേഷം
വിരുന്നെത്തിയൊരു വേനൽ മഴ
അത്ര തന്നേ പെയ്തു തകർക്കുന്നുണ്ട്..

ആരുമില്ലാതെ പോയൊരു കവിയുടെ
ആത്മഹത്യക്ക്
കുറച്ച് നേരമെങ്കിലും ആളെക്കൂട്ടുവാൻ
ആ മഴ അങ്ങനേ പെയ്യുന്നുണ്ട്..

കാലം തെറ്റി
പെയ്തൊഴിയുന്ന കണ്ണീർ മഴയിലവിടെ
മിച്ചമിനിയും കുറെയക്ഷരങ്ങളുടെ
അനാഥത്വം മാത്രം.

തൊടുപുഴ സ്വദേശിനി. ഓൺലൈനിലും പ്രിന്റഡ് ബുക്ക്‌ കവിതാ സമാഹാരങ്ങളിലും കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്..