
നിളയുടെ
നിത്യ കാമുകൻ.
വഴിയമ്പലങ്ങളിൽ
മൗനം കടഞ്ഞവൻ.
കവിതയായി
മാരി വർഷിച്ചവൻ.
മൂവന്തിയൂറ്റിയ
മുന്തിരിച്ചാറിൻ
ലഹരിനുണഞ്ഞവൻ.
ശ്യാമ വാർക്കൂന്തലിൽ
മുല്ലമാല ചൂടിച്ചവൻ.
മാനത്ത് മോഹ
പുകക്കോട്ടകെട്ടിയോൻ.
വിഹ്വല ചിന്തകൾ
കവിതയായി
കണി വെച്ചവൻ.
വിനിദ്രയാമങ്ങളിൽ
നക്ഷത്രമെണ്ണിയോൻ .
മേഘ രൂപങ്ങൾ
കണ്ടുണർന്നവൻ.
കൈക്കുടന്നയിൽ
കടലളന്നവൻ.
ഹൃദയതടങ്ങളിൽ
പേരാറൊഴുക്കിയോൻ.
പൂമ്പാറ്റയിൽ
വിശ്വസൗന്ദര്യം കണ്ടവൻ.
ഉറങ്ങാതെ രാമഴ
നുകർന്നവൻ.
ഒത്തു കളിക്കുവാൻ
കളിവട്ടങ്ങളിൽ
വഴക്കമില്ലാത്തവൻ.
നിത്യകന്യകാതീരങ്ങൾ
പുല്കുവാൻ
താമരത്തോണി –
തുഴഞ്ഞവൻ.
ഉറുമ്പിനും പ്രാവിനും
പശുകൾക്കും
ഇഷ്ടം കൊടുത്തവൻ.
കിടാങ്ങൾക്ക്
മധുരം പകർന്നവൻ.
യാത്രയിൽ
വീടോർമ്മകൾ കൂടെ-
കൊണ്ടുപോകാത്തവൻ.
നിത്യസഞ്ചാരിയായ്
നിർവൃതി കൊണ്ടവൻ.
ഓരോയിടങ്ങളും
കവിതയായി
കാൽപാട് പതിച്ചവൻ.
മെരുക്കുവാനാവാത്തൊ –
രവധൂതനെപ്പോൽ
കാവ്യ കസ്തൂരി തേടി
അലഞ്ഞവൻ നീ മഹാകവേ.
