കവിതക്കഥ

കവിയശ:പ്രാര്‍ത്ഥിയായ ഒരാള്‍ 
ഒരിക്കല്‍ 
കടല്‍ തീരത്തു ചെന്നിരുന്നു.
കവിതയുടെ ദൈവം 
തിരപ്പുറത്തേറി 
തീരത്തേക്കു വരാറുണ്ടെന്ന് 
ചിലർ പറഞ്ഞ് 
അയാളറിഞ്ഞിരുന്നു…
 
അപ്പുറത്തും ഇപ്പുറത്തും 
പിന്നാമ്പുറത്തും- 
കുറേയേറെപ്പേര്‍ ഇതുപോലെ 
ദൈവത്തെക്കാത്ത് –
ചിതറിയിരുന്നിരുന്നു അവിടെ…
 
ആരും പരസ്പരം നോക്കിയില്ല 
സ്വന്തം മൗനത്തില്‍ –
മുങ്ങാംങ്കുഴിയിട്ട് 
പറയാനും ചോദിക്കാനുമുള്ളതെല്ലാം 
അവര്‍ പഠിച്ചുറപ്പിക്കുകയായിരുന്നു…
 
പെട്ടെന്ന്, കാറ്റിൻ കുതിരപ്പുറത്ത് 
കരിങ്കോട്ടിട്ടൊരു 
മഴക്കാറ് വന്നു.
മിന്നലിന്‍റെ നീള്‍വല വീശി 
എല്ലാവരെയും തൂത്തെടുത്തു മടങ്ങി…
 
പിന്നെ..
കടല്‍ കാണാന്‍ വന്നൊരു കുട്ടി കണ്ടു, 
നിലത്തു വീണിഴയുന്ന 
നാവറ്റവാക്കുകളെ…
തൊണ്ടക്കുഴി വരെയെത്തി –
മരിച്ചമര്‍ന്ന തലകെട്ടുകളെ… 
മുറിവേറ്റു ചിതറിപ്പോയ 
ക്ലീഷേ ബിംബങ്ങളെ…
 
വക്കിൽപ്പുരണ്ടണ്‍ ചോരയും, 
തൂവല്‍ച്ചൂരുമായി –
ഉടഞ്ഞു ചിതറിയ 
പ്രാണസങ്കടങ്ങളെ…
 
ഒക്കെയും തന്‍റെ കളിസഞ്ചിയിലാക്കി
മടങ്ങാനൊരുങ്ങുമ്പോഴാണ് 
തിരപ്പുറത്തേറി വന്ന 
കവിതയുടെ ദൈവം – 
അവനെ വാരിയെടുത്തത്…
അയാളോടൊപ്പം അലഞ്ഞലഞ്ഞു
നടന്നാണ്-
 
ഒടുവില്‍ അവനും കവിയായത്.
 
 

ഹരിപ്പാട്ട് ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനാന്തര ബിരുദം. കോളേജ് കാലം മുതല്‍ കവിതകള്‍ എഴുതുന്നു. കുഞ്ചുപിള്ള അവാര്‍ഡ് (2001), വി.ഡി കുമാരന്‍ പുരസ്കാരം (2002) അങ്കണത്തിന്‍റെ ഗീതാഹിരണ്യന്‍ സ്മാരക പുരസ്കാരം (2003) ദുര്‍ഗ്ഗാദത്ത പുരസ്കാരം (2009), മുതുകുളം പര്‍വ്വതിയമ്മ പുരസ്കാരം (2011), കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം(2012) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഇംഗ്ലീഷ് അദ്ധ്യാപിക.