കവികള്‍ പല തരമുണ്ട്:
മുകളില്‍ കണ്ണുമായി
മുകളില്‍ സഞ്ചരിക്കുന്നവര്‍
താഴെ കണ്ണുമായി
താഴെ സഞ്ചരിക്കുന്നവര്‍
മുകളില്‍ കണ്ണുമായി
താഴെ സഞ്ചരിക്കുന്നവര്‍
താഴെ കണ്ണുമായി
മുകളില്‍ സഞ്ചരിക്കുന്നവര്‍
അവര്‍ക്കിടയില്‍ താഴേയ്ക്കും
മുകളിലേയ്ക്കും മാറി മാറി
നോക്കി സഞ്ചരിക്കുന്നവര്‍.
ഉയരാന്‍ കഴിയാത്ത താഴെയുള്ളവരും
താഴാന്‍ കഴിയാത്ത ഉയരെയുള്ളവരും
ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരും
കൂട്ടം കൂടി സഞ്ചരിക്കുന്നവരുമുണ്ട്.
അവര്‍ക്കിടയിലൊന്നും ഞാനില്ല.
ഞാന്‍ മണ്ണിന്നടിയിലാണ്
ഓര്‍മ്മ വരുമ്പോള്‍ ഞാന്‍ മുളയ്ക്കുന്നു
സ്വപ്നം കാണുമ്പോള്‍ പൂക്കുന്നു
കായ്ച്ചു കൊഴിഞ്ഞുവീണ്
വീണ്ടും മുളയ്ക്കുന്നു,
മറ്റൊരു ചെടിയായി,
മറ്റൊരു ഭാഷയില്‍,
എനിക്കു തന്നെ തിരിച്ചറിയാനാകാതെ.